Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൊണ്ണൂറിൽ തൊണ്ണൂറ്റിരണ്ടും നേടി ശ്രീരാമകൃഷ്ണൻ സ്പീക്കർ; ബാലറ്റ് പേപ്പർ വാങ്ങി വോട്ട് ചെയ്യാതെ മടക്കി പെട്ടിയിൽ ഇട്ട് അസാധുവാക്കി പിസി ജോർജ്; രാജഗോപാൽ വോട്ട് ചെയ്തത് ഇടത് സ്ഥാനാർത്ഥിക്ക്; പ്രോടൈം സ്പീക്കർ വോട്ട് ചെയ്യാതിരുന്നിട്ടും എൽഡിഎഫിന് രണ്ട് വോട്ട് അധികം; ചതിച്ചവനെ തേടി യുഡിഎഫ്

തൊണ്ണൂറിൽ തൊണ്ണൂറ്റിരണ്ടും നേടി ശ്രീരാമകൃഷ്ണൻ സ്പീക്കർ; ബാലറ്റ് പേപ്പർ വാങ്ങി വോട്ട് ചെയ്യാതെ മടക്കി പെട്ടിയിൽ ഇട്ട് അസാധുവാക്കി പിസി ജോർജ്; രാജഗോപാൽ വോട്ട് ചെയ്തത് ഇടത് സ്ഥാനാർത്ഥിക്ക്; പ്രോടൈം സ്പീക്കർ വോട്ട് ചെയ്യാതിരുന്നിട്ടും എൽഡിഎഫിന് രണ്ട് വോട്ട് അധികം; ചതിച്ചവനെ തേടി യുഡിഎഫ്

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ നാഥനായി പൊന്നാനിയിൽ നിന്ന് ജയിച്ചു വന്ന സിപിഐ(എം) എംഎൽഎ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പ്രോട്ടെം സ്പീക്കർ എസ്.ശർമ്മയുടെ സാന്നിധ്യത്തിൽ നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ 140 അംഗങ്ങളിൽ 92 പേരുടെ പിന്തുണയോടെയാണ് ശ്രീരാമകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് പക്ഷത്ത് നിന്ന് മത്സരിച്ച വി.പി സജീന്ദ്രന് 46 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. യു.ഡി.എഫിന്റെ ഒരു വോട്ട് ചോർന്നു. വോട്ടെടുപ്പിൽ പ്രോട്ടെം സ്പീക്കറായിരുന്ന എസ്.ശർമ്മ വോട്ട് ചെയ്തില്ല.

ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൗണ്ടിങ് ഏജന്റുമാരായ എ പ്രദീപ്കുമാറിന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് വോട്ടുകൾ എണ്ണിയത്. പ്രോട്ടെം സ്പീക്കർ എസ്.ശർമ്മയാണ് ഫലംപ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചേംബറിലേക്ക് ആനയിച്ചു. അതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സ്പീക്കർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. സ്പീക്കർ തിരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച പിരിയുന്ന സഭ ഗവർണറുടെ നയപ്രഖ്യാപനത്തോടെ 24 മുതൽ വീണ്ടും സമ്മേളിക്കും.

സ്പീക്കർ തെരഞ്ഞെടുപ്പിൽ മന്ത്രിമാരാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്. ആദ്യം വോട്ടു ചെയ്തത് പിണറായി വിജയനാണ്. തുടർന്ന് ഇ.പി ജയരാജൻ, ഇ.ചന്ദ്രശേഖരൻ, തോമസ് ഐസക്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരും ക്രമത്തിൽ വോട്ടു ചെയ്തു മടങ്ങി. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 91 അംഗങ്ങളും യുഡിഎഫിന് 47 അംഗങ്ങളുമാണുള്ളത്. മറ്റു രണ്ടു അംഗങ്ങൾ ഒന്ന് പൂഞ്ഞാർ എംഎൽഎ പി.സി ജോർജും ഒന്നു ബിജെപി എംഎൽഎ ഒ.രാജഗോപാലുമാണ്. ഇവർ ആർക്ക് ചെയ്യുമെന്നതായിരുന്നു ഏവരെ ശ്രദ്ധയോടെ നോക്കിയത്. ഇതിൽ പിസി ജോർജ് ബാലറ്റ് പേപ്പർ വാങ്ങി അതേ പോലെ പെട്ടിയിലിട്ടു. ഇതിൽ നിന്ന് ജോർജ് ആർക്കും വോട്ട് ചെയ്തില്ലെന്ന് വ്യക്തമായിരുന്നു.

നേരത്തെ തന്നെ രാജഗോപാൽ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ മനസാക്ഷിക്ക് അനുസരിച്ചാകും വോട്ടെന്നും പറഞ്ഞിരുന്നു. ഇതു പ്രകാരം ബാലറ്റ് വാങ്ങി ബുത്തിനുള്ളിൽ കയറി വോട്ട് ചെയ്ത ശേഷമാണ് ബാലറ്റ് രാജഗോപാൽ പെട്ടിയിലിട്ടത്. ഇതോടെ നിയമസഭയിലെ ബിജെപി അംഗത്തിന്റെ ആദ്യ വോട്ടിടലും നടന്നു. ഇത് ശ്രീരാമകൃഷ്ണനായിരുന്നുവെന്നാണ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതോടെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് 92 ആയി. ശശീന്ദ്രന് 46 വോട്ടും. നേരത്തെ രാജഗോപാലിന്റെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതും ഇടതിന് വോട്ട് ചെയ്യാൻ രാജഗോപാലിനെ നിർബന്ധിതനാക്കി. അങ്ങനെ ശ്രീരാമകൃഷ്ണന് ഒരു വോട്ട് അധികമായി കിട്ടി.

ഇടതിന് 91 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും പ്രോടൈം സ്പീക്കറായിരുന്ന എസ് ശർമ്മ വോട്ട് ചെയ്തില്ല. അതുകൊണ്ട് തന്നെ ശ്രീരാമകൃഷ്ണന് രാജഗോപാലിന്റേതടക്കം 91 വോട്ടുകളാണ് കിട്ടേണ്ടിയിരുന്നത്. എന്നാൽ ഒരു വോട്ട് അധികമായി കിട്ടി. പിസി ജോർജിന്റെ വോട്ട് അസാധുവായതിനാൽ ഈ വോട്ട് യുഡിഎഫിൽ നിന്ന് മാറിയതാണെന്ന് വ്യക്തം. ഈ വോട്ട് ചോർച്ച യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ആരാണ് ഈ വോട്ട് മറിക്കൽ നടത്തിയതെന്ന പരിശോധനയിലേക്ക് യുഡിഎഫ് ഉടൻ കടക്കും.

ശ്രീരാമകൃഷ്ണൻ സിപിഐ(എം) യുവനേതാക്കളിൽ പ്രമുഖനായിരുന്നു. സൗമ്യസ്വഭാവാണ് കൈമുതൽ. 1980ൽ കീഴാറ്റൂർ പഞ്ചായത്തിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സെക്രട്ടറി ആയിരുന്നു. 1981ൽ പട്ടിക്കാട് ഗവൺമെന്റ് ഹൈസ്‌കൂളിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ആയി. 1983 മുതൽ 1988 വരെയുള്ള കാലയളവിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ പഠനത്തിനിടയിൽ എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് എസ്.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായും, എൻ.എസ്.എസ്. കോളേജ് യൂണിയൻ ഭാരവാഹിത്വവും വഹിക്കുകയുണ്ടായി. 1988-89 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനും സെനറ്റ് അംഗവും ആയിരുന്നു. പിന്നീട് 1990ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറായി.

ഇക്കാലയളവിൽത്തന്നെ, അതായത് 1988-1991 കാലയളവിൽ, എസ്.എഫ്.ഐയുടെ പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. 1991 മുതൽ പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതൽ ഡിവൈഎഫ്‌ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറി ആയിട്ടും, 2005ൽ ഡിവൈഎഫ്‌ഐയുടെ കേരള സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചു. 2007ൽ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി പി. ശ്രീരാമകൃഷ്ണൻ. ഇതോടെ സിപിഐ(എം) രാഷ്ട്രീയത്തിലെ പ്രധാനിയായി മാറി. സിപിഐ(എം) സംസ്ഥാന സമിതിയിലും എത്തി.

' യുവധാരാ മാസികയുടെ' മാനേജിങ്ങ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ യൂത്ത് വെൽഫെയർ ബോർഡിന്റെ വൈസ് ചെയർമാനയിരുന്നു. ഇപ്പോൾ പെരിന്തൽമണ്ണയിലെ ഇ.എം.എസ്. ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഡയറക്ടറാണ്. ഏഷ്യാപസഫിക് വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ കോർഡിനേറ്റർ കൂടിയാണ് പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ നിന്ന് രണ്ടാം തവണയാണ് ശ്രീരാമകൃഷ്ണൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ 1967 നവംബർ 14ന് പി. ഗോവിന്ദൻ നായരുടെയും സീതാ ലക്ഷ്മിയുടെയും മകനായിട്ടാണ് പി. രാമകൃഷ്ണൻ ജനിച്ചത്. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എ., ബി.എഡ്. എന്നീ ബിരുദങ്ങളുണ്ട്. അദ്ധ്യാപകനായിട്ടാണ് ജോലി ചെയ്തിരുന്നത്. എം. ദിവ്യയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.

ഇടതുമുന്നണി സ്പീക്കറായി നേരത്തെ തന്നെ പി.ശ്രീരാമകൃഷ്ണന്റെ പേര് നിശ്ചയിച്ചിരുന്നു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ യുഡിഎഫ് ഇന്നലെയാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് ഇന്നലെ യുഡിഎഫ് നേതാക്കൾ യോഗം ചേർന്ന് വി.പി സജീന്ദ്രന്റെ പേര് നിർദ്ദേശിച്ചത്. അങ്ങനെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. സ്പീക്കർ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ സഭ ഇടക്കാലത്തേക്ക് ഇന്നു പിരിയും. സമ്പൂർണ സഭാ സമ്മേളനം ആരംഭിക്കുന്നത് ജൂൺ 24നാണ്. ഗവർണറുടെ നയപ്രഖ്യാപനത്തോടെ അന്നു സമ്പൂർണ സമ്മേളനം ആരംഭിക്കും. ഇന്നലെയാണ് പതിനാലാമത് നിയമസഭയുടെ പ്രഥമ സമ്മേളനം ആരംഭിച്ചത്. ഇന്നലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ മാത്രമായിരുന്നു അജണ്ട. സത്യപ്രതിജ്ഞയ്ക്കു ശേഷം ഇന്നു ചേരാനായി സഭ പിരിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP