Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയെ ചൊല്ലി സഭ കലങ്ങി; ശിവൻകുട്ടിയെ സസ്‌പെന്റ് ചെയ്തു; സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചെത്തിയ ബാക്കി എംഎൽഎമാർക്ക് താക്കീത്; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

മാണിയെ ചൊല്ലി സഭ കലങ്ങി; ശിവൻകുട്ടിയെ സസ്‌പെന്റ് ചെയ്തു; സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചെത്തിയ ബാക്കി എംഎൽഎമാർക്ക് താക്കീത്; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ധനമന്ത്രിമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ സഭയിൽ ഇന്ന് നാടകീയ രംഗങ്ങൾ. പ്രതിഷേധം അതിരുകടന്ന് സ്പീക്കറുടെ ഡയസിലേക്ക് വരെ എത്തിയതോടെ ശിവൻകുട്ടി എംഎൽഎയെ സസ്‌പെന്റ് ചെയ്തു. ഡെപ്യൂട്ടി സ്പീക്കറുടേതാണ് നടപടി. സഭ പിരിയും വരെയാണ് ശിവൻക്കുട്ടിയെ സസ്‌പെന്റ് ചെയ്തത്. ഡയസിലേക്ക് എത്തിയ മറ്റ് എംഎൽഎമാരെ താക്കീത് ചെയ്യാനും ഡെപ്യട്ടി സ്പീക്കർ എൻ ശക്തൻ തീരുമാനിച്ചു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഭരണപക്ഷ നേതാക്കൾ ഉയർന്നതോടെയാണ് ശിവൻകുട്ടിയെ സസ്‌പെന്റ് ചെയ്യുകയും മറ്റ് എംഎൽഎമാർക്ക് താക്കത് ചെയ്യുകയും ചെയ്ത്തത്.

ബാർ കോഴയെ ചൊല്ലി തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം ഉണ്ടായത്. ബാർകോഴയിൽ ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പീക്കറുടെ ഡയസ്സിലേക്ക് പ്രതിപക്ഷം ഇരച്ചു കയറിയത്. ബഹളത്തെ തുടർന്ന് നിയമസഭ താൽക്കാലികമായി നിർത്തി വച്ചു. പിന്നീട് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

ബാർ കോഴ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ അവതരിപ്പിച്ച സബ്മിഷനിടെയാണ് നിയമസഭ ബഹളത്തിൽ മുങ്ങിയത്. ധനമന്ത്രി കെ.എം.മാണിക്കെതിരായ ആരോപണത്തെ കുറിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വി എസ് ആവശ്യപ്പെട്ടു. മാണിയെ സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ മാണിക്കെതിരായ ആരോപണത്തിൽ സത്വര അന്വേഷണം നടത്താൻ താൻ ഉത്തരവിട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. വിജിലൻസ് ഡയറക്ടറാണ് ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടത്. അന്വേഷണത്തിൽ താൻ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. കൃത്യസമയത്ത് തന്നെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായില്ല. മാണിക്കെതിരെ കേസെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകാൻ സ്പീക്കർ റൂളിങ് നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് അതിന് അധികാരമില്ലെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷത്തെ ഒന്പത് എംഎൽഎമാർ ഡെപ്യൂട്ടി സ്പീക്കറുടെ ചെയറിന് സമീപത്തേക്ക് പാഞ്ഞെത്തിയത്. ഇവരെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു.

അതിനിടെ ശേഷിക്കുന്ന പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതോടെ ഭരണപക്ഷ എംഎൽഎമാർ മുഖ്യമന്ത്രിക്ക് ചുറ്റും സംരക്ഷണവലയം തീർത്തു. ബഹളം രൂക്ഷമായതോടെ സഭ നിർത്തിവയ്ക്കുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം മുഴക്കി സഭയ്ക്ക് പുറത്തേക്ക് പോയി. പുറത്തെത്തിയ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളെ കണ്ടു. കെ എം മാണി കോഴ വാങ്ങിയതിനെ തെളിവുകൾ ഉണ്ടായിട്ടും ആഭ്യന്ത്രമന്ത്രിയും ഉമ്മൻ ചാണ്ടിയും സംരക്ഷിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP