Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബസവണ്ണയുടെ പുനർജന്മമെന്ന് ലിംഗായത്തുകൾ വിശ്വസിക്കുന്ന ശിവകുമാരസ്വാമിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മോദിയോ ബിജെപി ദേശീയ നേതാക്കളോ എത്തിയില്ല; ബിജെപിയുടെ വോട്ടുബാങ്കായ സമുദായത്തെ ബിജെപി കേന്ദ്രനേതൃത്വം അവഗണിച്ചതിൽ അമർഷം; പ്രത്യേക മതപദവി നൽകി സമുദായത്തെ കയ്യിലെടുത്ത കോൺഗ്രസ് ഈ അവഗണനയും ചർച്ചയാക്കുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടകത്തിൽ ബിജെപി തിരിച്ചടി നേരിടുമോ?

ബസവണ്ണയുടെ പുനർജന്മമെന്ന് ലിംഗായത്തുകൾ വിശ്വസിക്കുന്ന ശിവകുമാരസ്വാമിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മോദിയോ ബിജെപി ദേശീയ നേതാക്കളോ എത്തിയില്ല; ബിജെപിയുടെ വോട്ടുബാങ്കായ സമുദായത്തെ ബിജെപി കേന്ദ്രനേതൃത്വം അവഗണിച്ചതിൽ അമർഷം; പ്രത്യേക മതപദവി നൽകി സമുദായത്തെ കയ്യിലെടുത്ത കോൺഗ്രസ് ഈ അവഗണനയും ചർച്ചയാക്കുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടകത്തിൽ ബിജെപി തിരിച്ചടി നേരിടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക സ്വാധീന ശക്തിയായ ലിംഗായത്ത് സമുദായ പരമാചാര്യൻ ശിവകുമാരസ്വാമിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപിയുടെ മുതിർന്ന ദേശീയ നേതാക്കളോ എത്താത്തതിൽ സംസ്ഥാനത്തിൽ അമർഷം പുകയുന്നു. ബിജെപി അധ്യക്ഷൻ യദിയൂരപ്പ പോലും ഈ സമുദായത്തെ പ്രതിനിധീകരിക്കുന്നയാളാണ്. ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകൾ എല്ലാ കക്ഷികൾക്കും നിർണായകമാണ് എന്നതിനാൽ അവരെ പിണക്കാൻ ഒരു കക്ഷിയും തയ്യാറാകുകയുമില്ല. ഈ സാഹചര്യത്തിലാണ് 111-ാം വയസ്സിൽ അന്തരിച്ച തങ്ങളുടെ സമുദായാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ബിജെപി ദേശീയ നേതാക്കൾ എത്താത്തതിൽ പ്രതിഷേധം ഉയരുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരച്ചടി നേരിട്ടതിൽ ഒരു കാരണം ലിംഗായത്ത് സമുദായത്തിന്റെ പൂർണ പിന്തുണ ഇല്ലാതിരുന്നതാണെന്ന വിലയിരുത്തലുകൾ വന്നിരുന്നു. ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ മതപദവി നൽകി ഉത്തരവിറക്കി.

ഇതിനെതിരെ ആർഎസ്എസ് രംഗത്തുവരികയും ചെയ്തു. തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരത്തിൽ ഒരു നീക്കം നടന്നത് കോൺ്ഗ്രസിന് വലിയ ഗുണംചെയ്തു. ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ജസ്റ്റിസ് എച്ച്.എൻ നാഗമോഹൻദാസ് കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കുകയായിരുന്നു കർണാടകത്തിലെ കോൺഗ്രസ് സർക്കാർ.

12-ാം നൂറ്റാണ്ടിൽ കർണാടകത്തിലെ പ്രമുഖ സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന ബസവണ്ണയുടെ അനുയായികളാണ് ലിംഗായത്തുകാർ. പരമ്പരാഗതമായി ബിജെപിയുടെ വോട്ടുബാങ്കും ഈ സമുദായം തന്നെ. എന്നിട്ടും സമുദായത്തിന്റെ ആവശ്യത്തിനോട് ആർഎസ്എസ് എതിർപ്പുയർത്തിയത് വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടു. ഇത് കോൺഗ്രസിന് ഗുണം ചെയ്യുകയും ചെയ്തു.

കുറച്ചുദിവസമായി ആരോഗ്യ നില വഷളായി തുടരുന്നതിനിടെ അവസാന നാളുകളിൽ ശിവകുമാര സ്വാമിയെ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കൾ സന്ദർശിച്ചിരുന്നു. മഠത്തിൽ തന്നെ വെന്റിലേറ്റർ ഒരുക്കിയാണ് അദ്ദേഹത്തിന് വൈദ്യസഹായം നൽകിയിരുന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. ഇതിന് പിന്നാലെ ലക്ഷങ്ങളാണ് തുംകൂരുവിലെ മഠത്തിലേക്ക് സ്വാമിയെ അവസാനമായി ഒരുനോക്കുകാണാൻ ഒഴുകിയെത്തിയത്.

സംസ്ഥാനത്തെ മിക്ക പ്രധാന നേതാക്കളും എത്തി. ശിവകുമാരസ്വാമിയുടെ വിയോഗത്തെ തുടർന്നു കർണാടകയിലെ രാഷ്ട്രീയപാർട്ടികൾ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കുകയും ചെയ്തു. സർക്കാരിനെതിരായ ബിജെപി നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് ബിഡദിയിലെ റിസോർട്ടിലേക്കു മാറ്റിയ എംഎൽഎമാരോട് തിരികെ പോകാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.

2015ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ശിവകുമാര സ്വാമിയെ, 12-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ബസവേശ്വരന്റെ പുനർജന്മമായാണ് ലിംഗായത്ത് വിശ്വാസികൾ കണക്കാക്കുന്നത്. 125 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീസിദ്ധഗംഗാ എജ്യൂക്കേഷൻ സൊസൈറ്റിയുടെ അധിപൻ കൂടിയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിർണായക സ്വാധീനം ഉള്ള ആചാര്യന്റെ വിയോഗമറിഞ്ഞ് ബിജെപി ദേശീയ നേതാക്കൾ എത്താതിരുന്നത് കോൺഗ്രസും ചർച്ചയാക്കുന്നുണ്ട്. പ്രത്യേകിച്ച് ബിജെപിയുടെ വോട്ടുബാങ്കാണ് ലിങ്കായത്ത് സമുദായം. ഇത് മനസ്സിലാക്കി തന്നെയാണ് കോൺഗ്രസ് സർക്കാർ സമുദായത്തിന് പ്രത്യേക മതപദവി നൽകിയതും.

ഇപ്പോൾ ദേശീയ ബിജെപി നേതാക്കൾ എത്താത്തതിനെ ചൂണ്ടിക്കാട്ടി വിഷയം ചർച്ചയാക്കുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര തന്നെയാണ് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സെലിബ്രിറ്റികളുടെ വിവാഹങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന മോദി സ്വാമിജിയുടെ സംസ്‌കാര ചടങ്ങ് ഒഴിവാക്കിയെന്ന് പരമേശ്വര ട്വീറ്റ് ചെയ്തതോടെ വിഷയം ചർച്ചയായി.

പാവപ്പെട്ടവർക്കും പിന്നാക്കർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ശിവകുമാര സ്വാമിജി. അദ്ദേഹത്തിന് ഭാരതരത്‌ന നൽകണമെന്നും കോൺഗ്രസ് നേതാവായ പരമേശ്വര ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP