Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തർപ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സർവേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകൾ; മായാവതിയും അഖിലേഷും രാഹുലുമായി കൈകോർത്താൽ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തിൽ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് ലഭിക്കുക നാല് സീറ്റുകൾ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദിവസം പുറത്തുവന്ന സർവേ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ

ഉത്തർപ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സർവേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകൾ; മായാവതിയും അഖിലേഷും രാഹുലുമായി കൈകോർത്താൽ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തിൽ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് ലഭിക്കുക നാല് സീറ്റുകൾ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദിവസം പുറത്തുവന്ന സർവേ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്നതാണ് കാലങ്ങായി ദേശീയ രാഷ്ട്രീയത്തിലെ മുദ്രാവാക്യം. നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി ഉയർത്തിയതിൽ കഴിഞ്ഞ തവണ ബിജെപി വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞ തവണ ബിജെപിക്ക് ഉത്തർപ്രദേശ് നൽകിയത് 73 സീറ്റായിരുന്നു. മോദി തരംഗത്തിൽ ഇന്ത്യ പിടിച്ച ബിജെപിയെ ഇത്തവണ ഉത്തർപ്രദേശ് കൈവടുമെന്ന സൂചനയാണ് ദേശീയ രാഷ്ട്രീയത്തിൽ നിന്നും പുറത്തുവരുന്നത്. സമാജ് വാദി പാർട്ടിയും ബിഎസ്‌പിയും തെരഞ്ഞെടുപ്പിൽ കൈകോർത്തപ്പോൾ കോൺഗ്രസിനെ മാറ്റി നിർത്തിയിരുന്നു. ഇത് യുപി രാഷ്ടീയത്തിൽ എന്തുഫലമാണ് ഉണ്ടാക്കുന്നതെന്നറിയാൽ ഇന്ത്യാ ടുഡേ - കാർവിയുമായി ചേർന്നു നടത്തിയ സർവേയിലെ പ്രവചനം ബിജെപി തകർന്നടിയുമെന്നാണ്.

ഈ സഖ്യം 58 സീറ്റുകൾ വരെ ഇപ്പോൾ നേടുമെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്. ബിജെപിക്ക് 18 സീറ്റുകൾ ലഭിക്കുമെന്നു സർവേ പറയുന്നു. മറിച്ച് ബിഎസ്‌പി , എസ്‌പി സഖ്യവുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയാൽ ഉത്തർപ്രദേശിൽ ബിജെപിക്ക് ലഭിക്കുക അഞ്ച് സീറ്റുകൾ മാത്രമെന്നും സർവേ വ്യക്തമാക്കുന്നു. കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ചെയ്തത് വലിയ തെറ്റാണെന്നും ഇന്ത്യാ ടുഡേ സർവ്വേ ഫലം വിശദമാക്കുന്നു. ബിജെപിക്കെതിരായി ബിഎസ്‌പി, എസ്‌പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ബിജെപിക്കെതിരായി ഒന്നിച്ചാൽ മോദിയും കൂട്ടരും നേരിടുക വൻ തിരിച്ചടിയാണെന്നം വ്യക്തമാക്കുന്നു. 

അതേസമയം കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ ലഭിക്കുക വെറും നാല് സീറ്റുകൾ ആകുമെന്നും സർവേയിൽ പറയുന്നു. പ്രിയങ്കയെ രംഗത്തിറക്കി രംഗം കൊഴുപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് മുമ്പാണ് സർവേ നടത്തിയത്. അതുകൊണ്ട് കോൺഗ്രസിന്റെ സാധ്യതകൾ ഇനിയും ബാക്കി നിൽക്കുന്നു എന്നു വേണം കരുതാൻ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമായി വിലയിരുത്തുന്ന മൂഡ് ഓഫ് നേഷന്റേതാണ് സർവ്വേ. 2,478 പേരാണ് സർവേയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ എന്തൊക്കെ ചലനം ഉണ്ടാക്കുമെന്ന കാര്യത്തിലും വ്യക്ത വരേണ്ടതുണ്ട്. ഇത് ബിജെപിയെ തുണയ്ക്കുമോ എന്നും കണ്ടു തന്നെ അറിയണം.

അതേസമയം ബിഎസ്‌പിയും എസ്‌പിയുമായുള്ള സഖ്യസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന സൂചനയാണ് പി ചിദംബരത്തെ പോലുള്ളവർ പറയുന്നത്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേർന്ന് 80 ൽ 73 സീറ്റുകളും നേടിയിരുന്നു. ഇവർചേർന്നുള്ള വോട്ട് ഷെയർ 43.3 ശതമാനമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ 73 സീറ്റ് എന്നത് 5 സീറ്റ് എന്നതിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. അതേസമയം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നാണ് വികാരമെന്നും സർവേയിൽ പറയുന്നുണ്ട്. 69 ശതമാനം പേർ അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.

80 സീറ്റുള്ള യുപിയിൽ രാഹുൽ ഗാന്ധിയുടെയും (അമേഠി), സോണിയാ ഗാന്ധിയുടെയും (റായ്ബറേലി) സീറ്റുകൾ മാത്രം കോൺഗ്രസിനു വിട്ടുനൽകാമെന്ന നിലപാട് സ്വീകരിച്ചാണ് എസ്‌പിയും ബിഎസ്‌പിയും സഖ്യത്തിലായത്. ഇത് അവഹേളനമാണെന്ന് കണ്ടാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതും പ്രിയങ്കയെ രംഗത്തിറക്കിയതും. 37 എണ്ണത്തിൽ വീതം മൽസരിക്കാനാണ് എസ്‌പിയുടെയും ബിഎസ്‌പിയുടെയും നീക്കം. ബാക്കിയുള്ള ആറ് സീറ്റുകൾ ആർഎൽഡിക്കും നിഷാദ് പാർട്ടിക്കും നൽകും. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിച്ച കോൺഗ്രസ് 21 സീറ്റുകളിൽ വിജയിച്ചിരുന്നു.

പ്രിയങ്ക ഗാന്ധി കോൺഗ്രസിലെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദിവസം തന്നെ പുറത്തുവന്ന സർവേ ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നതാണ്. അതേസമയം വരും ദിവസങ്ങളിൽ അയോധ്യ അടക്കമുള്ള വിഷയങ്ങൾ പ്രചരണായുധമാക്കി ബിജെപി രംഗം കൊഴുപ്പിക്കാനും പദ്ധതിയിടുന്നു. അതേസമയം ഉത്തർപ്രദേശിൽ സഖ്യത്തിന് പുറത്തായ കോൺഗ്രസ് ബിഹാറിലും പ്രതിസന്ധി നേരിടുകയാണ്. ബിഹാറിൽ കോൺഗ്രസിന് 12 സീറ്റിൽ കൂടുതലൊരു ധാരണയ്ക്കില്ലെന്ന് കടുംപിടുത്തം പിടിച്ച് ആർജെഡി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നത്. സഖ്യകക്ഷിയായ ആർജെഡിയോട് 16 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ 8 സീറ്റുകൾ മാത്രം നൽകി കോൺഗ്രസിനെ ഒതുക്കാനുള്ള ശ്രമമാണ് ആർജെഡിയുടേതെന്ന് സൂചന. ഈ ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കുമെന്നും ആർജെഡി മുന്നറിയിപ്പു നൽകുന്നു.

40 ലോക്‌സഭാ സീറ്റുകളാണു ബിഹാറിനുള്ളത്. യുപിയിൽ 80, മഹാരാഷ്ട്രയിൽ 48, ബംഗാളിൽ 42 എന്നിങ്ങനെയാണു സീറ്റുകൾ. 2014ൽ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ചത് പടിഞ്ഞാറൻ, വടക്കൻ ഇന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപിയിലെയും ബിഹാറിലെയും പ്രകടനങ്ങളാണ്. ബിഹാറിൽ 22 സീറ്റാണ് ബിജെപി നേടിയത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനു ശക്തമായ ഊർജമാണു നൽകിയിരിക്കുന്നത്. ഇതാണു ബിഹാറിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP