Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആ ഒഴിച്ചിട്ട കസേരയിലേക്ക് വി എസ് എത്തിയില്ല; പാർട്ടിക്ക് വിധേയനാകണമെന്ന് അഭ്യർത്ഥിച്ച് പ്രകാശ് കാരാട്ട്; ഗൗരിയമ്മയും എംവി രാഘവനും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ലെന്ന് കോടിയേരി; വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ടെന്ന് പിണറായി; സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി

ആ ഒഴിച്ചിട്ട കസേരയിലേക്ക് വി എസ് എത്തിയില്ല; പാർട്ടിക്ക് വിധേയനാകണമെന്ന് അഭ്യർത്ഥിച്ച് പ്രകാശ് കാരാട്ട്; ഗൗരിയമ്മയും എംവി രാഘവനും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ലെന്ന് കോടിയേരി; വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ടെന്ന് പിണറായി; സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേളയിൽ ഒഴിച്ചിട്ട ആ കസേര ഒഴിഞ്ഞു തന്നെ കിടന്നു... പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പങ്കെടുക്കാതെ ആലപ്പുഴയിൽ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. ജനലക്ഷങ്ങൾ പങ്കെടുത്ത റാലിയുടെ അകമ്പടിയിൽ വിഎസിന്റെ അസാന്നിധ്യം വരുത്തുന്ന വിടവ് നികത്താൻ സിപിഐ(എം) നേതൃത്വത്തിന് സാധിച്ചെങ്കിലും വി എസ് ഏൽപ്പിച്ച ആഘാതത്തിൽ തന്നെയായിരുന്നു സിപിഐ(എം) നേതാക്കളും അണികളും. തെറ്റുതിരുത്തി വി എസ് അച്യുതാനന്ദൻ തിരിച്ചുവരണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടപ്പോൾ വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ടെ കോടിയേരിയും സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പിണറായി വിജയനും അഭിപ്രായപ്പെട്ടു.

ആരും പാർട്ടിക്ക് അതീതരല്ലെന്നും വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ടെന്നും പിണറായി വിജയൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. തന്റെ കാലത്ത് പാർട്ടി ശക്തിപ്പെട്ടെന്നു പറഞ്ഞുകൊണ്ടാണ് പിണറായി പ്രസംഗം തുടങ്ങിയത്. അവസാനിപ്പിച്ചത് വി എസ് അച്യുതാനന്ദന് താക്കീത് നൽകി കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചതും.

ഒരു ദശാബ്ദമായി അനാരോഗ്യമായ പ്രവണതകൾ പാർട്ടിയിൽ നിലനിന്നു. അത് ക്രമാനുഗതമായി അവസാനിപ്പിക്കാൻ സാധിച്ചുവെന്നതാണ് ആലപ്പുഴ സമ്മേളനത്തിന്റെ പ്രത്യേകതയെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ അനാരോഗ്യ പ്രവണത ഉണ്ടായത് പടിപടിയായാണ്. ഇത് ഇല്ലാതാക്കാൻ പാർട്ടിക്ക് ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പാർട്ടി നേതാക്കൾക്കെതിരെ ഹീനമായ ആക്ഷേപങ്ങൾ ഉന്നയിക്കുക മാത്രമല്ല, പാർട്ടി ജനറൽ സെക്രട്ടറിയുടെ കോലം കെത്തിക്കുകയും ചെയ്തിരുന്നു. ഈയൊരു അവസ്ഥ, ഒരുഘട്ടത്തിൽ പാർട്ടി മാനദണ്ഢങ്ങൾ വച്ച് തെറ്റുതിരുത്താൻ സാധിച്ചു. ഇതിന് അഖിലേന്ത്യാ നേതൃത്വത്തിന്റെ പൂർണ്ണമായ പിന്തുണയും സഹകരണവും ലഭിച്ചു. പാർട്ടി ഐക്യമെന്ന പ്രവണതയാണ് ശക്തിപ്പെട്ടത്. ഇത് എല്ലാ കമ്മ്യൂണിസ്റ്റുകാർക്കും ഒരു വികാരമാക്കി മാറ്റാൻ സാധിച്ചു. തെറ്റിന് വിധേയരായി പോയവർ നശിച്ചുപോകും എന്ന സമീപനമല്ല പാർട്ടി സ്വീകരിച്ചത്. തെറ്റുതിരുത്തി കൊണ്ടുവരികയായിരുന്നു- പിണറായി പറഞ്ഞു.

പാർട്ടിയിലെ അനാരോഗ്യപ്രവണത പൂർണ്ണമായും ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലതും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുഘട്ടത്തിൽ ഈ പാർട്ടിയുടെ അടിസ്ഥാന നിലപാടുകളെ പോലും ചോദ്യം ചെയ്യുന്ന പ്രവണത ഉയർന്നു. പാർട്ടിയിൽ ആശയപരമായ ഭിന്നത നിലനിൽക്കുന്നില്ല. കേരളത്തിലെ പാർട്ടി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ ഘടകമാണ്. ആ പാർട്ടിയിൽ വലിയതോതിൽ വലതുപക്ഷ വ്യതിയാനം ബാധിച്ചവരാണെന്ന ആരോപണം ഉയർന്നിരുന്നു. കവിയൂരും കിളിരൂരുമൊക്കെ വിവാദമായിരുന്നു. വലതുപക്ഷ മാദ്ധ്യമങ്ങൾ പാർട്ടിയെ ആക്രമിച്ചു. എന്നാൽ സഖാക്കളും പാർട്ടിയും ബഹുജനങ്ങളും ഒരുമിച്ച് നിന്ന് നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

പി കൃഷ്ണപിള്ള സ്മാരകം തകർക്കൽ കേസിൽ പ്രതികൾ യഥാർത്ഥ ക്രിമിനലുകളാണെന്നും പിണറായി പറഞ്ഞു. ഈ പാർട്ടി അനേകം എതിർപ്പുകളെ നേരിടേണ്ടി വന്ന പാർട്ടിയാണ്. നിരവധി പേർ ജീവൻ വളർത്തിയെടുത്ത പ്രസ്ഥാനമാണ്. അതിനെ ആരായാലും വിലവെക്കണം. നമുക്ക് അതിനപ്പുറത്തേക്ക് ആരും ഒന്നും ചെയ്തിട്ടില്ല. ഏതൊരു വ്യക്തിയായാലും പ്രസ്ഥാനത്തേക്കാൾ വലുതല്ല. പാർട്ടിക്ക് കീഴ്‌പ്പെട്ട് പോകണം, അതിന് ദുരഭിമാനം ആവശ്യമില്ല. ഈ പാർട്ടിയുടെ മുന്നിൽ നാം കീഴടങ്ങിയിട്ടില്ല. വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ട. അതിന് വഴങ്ങുന്നതല്ല, ഈ പാർട്ടി. അത് ഓർക്കേണ്ടവർ ഓർക്കേണ്ടതാണ്. ഓർത്താൽ നല്ലതെന്നും - പിണറായി പറഞ്ഞു.

നേരത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിച്ച പ്രകാശ് കാരാട്ട് വി എസ് അച്യുതാനന്ദൻ ഈ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത് തന്നെ നിരാശപ്പെടുത്തിയെന്ന് പറഞ്ഞു. വി എസ് ഈ പാർട്ടിയുടെ അഭിവാജ്യഘടകമാണ്. തിരിച്ചുവരണമെന്ന് താൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ അതിന് അദ്ദേഹം തയാറായില്ല. എന്നാലും അദ്ദേഹം പാർട്ടിയുടെ അച്ചടക്കത്തിന് വിധേയനായിക്കൊണ്ട് തിരിച്ചുവരുമെന്ന് താൻ പ്രത്യാശിക്കുന്നുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

കോൺഗ്രസ്സും ബിജെപിയും നടപ്പാക്കുന്ന വലതുപക്ഷ നവ ഉദാരവത്കരണം സാധാരണമനുഷ്യരുടെ ജീവിതോപാധികൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരെയാണ് ഇടതുപക്ഷം പടപൊരുതുന്നത്. അതിനായി പുതിയ നയങ്ങൾ ആവിഷ്‌കരിക്കാനാണ് സിപിഐ(എം) സംസ്ഥാനസമ്മേളനം ചേർന്നത്. സാധാരണമനുഷ്യരെ ഇത്തരം നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരത്താനാണ് സിപിഐ(എം) എന്നും ശ്രമിക്കുന്നത്. കേരളത്തിൽ ഉറച്ചവേരുകളുള്ള സിപിഎമ്മിന് ഇന്ത്യയിൽ തന്നെ ഇതിന് മാതൃകയാകാൻ കഴിയും. കേരളത്തിൽ പഴയകാല ഇടതുപക്ഷ സർക്കാരുകളെല്ലാം ചെയ്ത ജനോപകാര പ്രവൃത്തികൾ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ബഹുജനപ്രക്ഷോഭം സിപിഐ(എം) തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. എം വി രാഘവനെയും കെ ആർ ഗൗരിയമ്മയെയും പുറത്താക്കിയ വേളയിൽ നടന്ന സംഭവങ്ങളും ഉദാഹരണങ്ങളായി കോടിയേരി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. എംവിആറിനെ പാർട്ടി പുറത്താക്കുമ്പോൾ മലബാർ പോകുമെന്നായിരുന്നു പ്രചരണം എന്നാൽ യാതൊരുന്നും സംഭവിച്ചില്ല. ഗൗരിയമ്മ പുറത്തുപോയപ്പോൾ തിരുവിതാംകൂർ മുഴുവൻ പോകുമെന്നും പ്രചരണം ഉണ്ടായി. എന്നിട്ടും ഒന്നു സംഭവിച്ചില്ല. ഇതാണ് ഈ പാർട്ടിയുടെ മേന്മ, പാർട്ടി സംഘടനയെ ശിഥിലമാക്കുന്ന യാതൊരു പ്രവണതയും നമ്മൾ വച്ചുപൊറുപ്പിക്കില്ല. വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം. വ്യക്തികേന്ദ്രീകൃതമല്ല ഈ പാർട്ടിയെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഞാൻ പോയാലും ഇവിടെ സിപിഐ(എം) ഉണ്ടാകും. വ്യക്തി വരും പോകും. എന്നാലും പാർട്ടിയുണ്ടാകും. അതാണ് സിപിഎമ്മിന്റെ കരുത്തെന്നും അദ്ദേഹം ഓർമപ്പെടുത്തി. പാർട്ടിയെ ശക്തിപ്പെടുത്താൻ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അഴിമതിയിൽ കുളിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ബഹുജനപ്രക്ഷോഭമാണ് സംഘടിപ്പിക്കാൻ പോകുന്നത്. മന്ത്രിമാർക്ക് നിവേദനം കൊടുക്കാൻ പറ്റില്ല. നിവേദ്യമാണ് കൊടുക്കേണ്ടത്. കോടികളുടെ നിവേദ്യം. എന്നാലെ കാര്യങ്ങൾ നടക്കൂ. ബാർകോഴയും സോളാർ കോഴയും എന്നുവേണ്ട കോൺഗ്രസ്സിൽ സകലരും കോഴ വാങ്ങി തളർന്ന് നിൽക്കുകയാണ്. പിന്നെങ്ങനെ ഭരിക്കാൻ സാധിക്കും? കോടിയേരി ചോദിച്ചു. സംസ്ഥാനസമ്മേളനം തീരുമ്പോഴേക്ക് പാർട്ടി തകരുമെന്ന് പല മാദ്ധ്യമങ്ങളും പറഞ്ഞു. എന്നിട്ടെന്തായി? പാർട്ടി വെല്ലുവിളി നേരിട്ടപ്പോൾ ജനം ഉയിർത്തെഴുന്നേറ്റു. അതാണ് ഇവിടെ ആലപ്പുഴയിൽ ഇപ്പോൾ നമ്മൾ കാണുന്നതെന്നം കോടിയേരി പറഞ്ഞു.

റെഡ് വോളണ്ടിയർ മാർച്ചിന്റെ അകമ്പടിയോടെയാണ് പ്രമുഖനേതാക്കളെല്ലാം സമ്മേളനസ്ഥലമായ ഇ.എം.എസ് നഗറിൽ എത്തിച്ചേർന്നത്. ആയിരക്കണക്കിന് അണികൾ സമ്മേളനത്തിന് എത്തിച്ചേർന്നു. സിപിഎമ്മിന്റെ സ്ഥാപകനേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏകവ്യക്തി വി എസ് അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യപൊതുസമ്മേളനമാണിത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻസെക്രട്ടറി പിണറായി വിജയനും ഒരുമിച്ചാണ് സമ്മേളന വേദിയിലെത്തിയത്.

25,000 ചുവപ്പുസേനാംഗങ്ങൾ സമാപന വേളയിൽ എത്തിയിരുന്നു. കാക്കിപാന്റും ചുവപ്പുഷർട്ടും തൊപ്പിയും ധരിച്ച് പുരുഷ വളന്റിയർമാരും വെള്ള പൈജാമയും ചുവന്ന കുർത്തയും ധരിച്ച വനിതാ വളന്റിയർമാരും നഗരത്തിന്റെ ഹൃദയംകവർന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വളന്റിയർമാർ എത്തിയതോടെ പകൽ 12നുതന്നെ എസ്ഡിവി സ്‌കൂൾഗ്രൗണ്ട് നിറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP