Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് പാർട്ടി വിരുദ്ധനെന്ന പിണറായിയുടെ പരസ്യ പ്രസ്താവന കടുത്തുപോയെന്ന് പോളിറ്റ്ബ്യൂറോ; സമ്മേളന വേദിയിൽ വിഎസിന് പ്രസംഗ വിലക്കും; സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പടത്തലവനെ ഗൗനിക്കാതെ നേതാക്കളും അണികളും

വി എസ് പാർട്ടി വിരുദ്ധനെന്ന പിണറായിയുടെ പരസ്യ പ്രസ്താവന കടുത്തുപോയെന്ന് പോളിറ്റ്ബ്യൂറോ; സമ്മേളന വേദിയിൽ വിഎസിന് പ്രസംഗ വിലക്കും; സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പടത്തലവനെ ഗൗനിക്കാതെ നേതാക്കളും അണികളും

ആലപ്പുഴ: പോളിറ്റ്ബ്യൂറോയ്ക്ക് അയച്ച കത്ത് മലയാള മനോരമ ദിനപത്രത്തിന് ചോർത്തിക്കൊടുത്തത് വി എസ് അച്യുതാനന്ദനാണെന്ന് പരസ്യമായി പിണറായി വിജയൻ വെളിപ്പെടുത്തിയതിലും വിഎസിനെ പാർട്ടി വിരുദ്ധനെന്ന് വിളിച്ചതിലും സിപിഐ(എം) കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയം സമ്മേളനം തുടങ്ങിയതിന് മുന്നോടിയായി പരസ്യപ്പെടുത്തിയത് സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നാണ് പോളിറ്റ്ബ്യൂറോയുടെ വിലയിരുത്തൽ. പ്രമേയത്തിൽ പാർട്ടി വിരുദ്ധനെന്ന പ്രയോഗം തെറ്റായിപ്പോയെന്ന വിലയിരുത്തലാണ് നേരത്തേ പരസ്യ പ്രസ്താവനയ്ക്ക് അനുമതി നൽകിയ പി.ബി അംഗങ്ങൾക്കടക്കം ഉള്ളതെന്ന് അറിയുന്നു.

പുറത്താക്കലിൽ താഴെയുള്ള അച്ചടക്ക നടപടി സ്വീകരിക്കുന്ന പാർട്ടി അംഗത്തിന് എതിരെ പാർട്ടി വിരുദ്ധനെന്ന വിശേഷണം പാർട്ടി ഉപയോഗിക്കാറില്ല. പാർട്ടി വിരുദ്ധനാണെന്ന് വിലയിരുത്തിയാൽ പിന്നീട് പാർട്ടി അംഗത്വത്തിൽ നില നിറുത്താനും കഴിയില്ല. പാർട്ടി വിരുദ്ധനെന്ന് പാർട്ടി സെക്രട്ടറി തന്നെ വിശേഷിപ്പിച്ച വി.എസിനെയാണ് സംസ്ഥാന സമ്മേളനത്തിൽ പതാക ഉയർത്താൻ സെക്രട്ടറി ക്ഷണിച്ചത്. വി എസ് തന്നെയാണ് പതാക ഉയർത്തിയതും.

വി എസ് പാർട്ടി വിരുദ്ധനാണെന്ന് ആരോപിക്കുന്ന പ്രമേയം പാസാക്കുകയും അത് മാദ്ധ്യമങ്ങളെ അറിയിക്കുകയുമാണ് സെക്രട്ടേറിയറ്റ് ചെയ്തത്. പ്രമേയത്തിന്റെ ഉള്ളടക്കം അറിയിച്ചാൽ കേന്ദ്ര നേതൃത്വത്തിൽ നിന്ന് അത് മയപ്പെടുത്താനുള്ള നിർദ്ദേശം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഉടൻ വാർത്താസമ്മേളനം നടത്തി പ്രമേയം പുറത്തു വിട്ടതെന്നും സൂചനയുണ്ട്. കഴിഞ്ഞ സമ്മേളന റിപ്പോർട്ടിൽ വി.എസിനെതിരായി ഉൾപ്പെടുത്തിയ പല ഭാഗങ്ങളും കേന്ദ്ര കമ്മിറ്റി ഇടപെട്ട് പിന്നീടു തിരുത്തിയിരുന്നു.

പരസ്യ ശാസനയുടെ സ്വഭാവവും കടക്കുന്നതാണ് സെക്രട്ടേറിയറ്റിന്റെ നടപടിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെ ഇത്തരം ഒരു നടപടി സ്വീകരിക്കും മുമ്പ് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. നടപടി എടുത്തതിലെ സംഘടനാ വീഴ്ച ചൂണ്ടിക്കാട്ടി വി എസ് പരാതി ഉന്നയിച്ചാൽ അതിന് കേന്ദ്ര കമ്മിറ്റിയിൽ മറുപടി പറയുക പ്രയാസമാകും. പാർട്ടിയിൽ ഇതിന് മുമ്പ് ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടില്ലാത്തതിനാൽ പരിഹാരത്തിന് കീഴ്‌വഴക്കങ്ങളുമില്ല.

അതേസമയം സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ വിഎസിന് പ്രസംഗ വിലക്ക് ഏർപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം പിണറായിയുടെ രൂക്ഷവിമർശങ്ങൾക്ക് അതേഭാഷയിൽ തിരിച്ചടിനൽകിയ വി എസ്. അച്യുതാനന്ദന് സമ്മേളനത്തിൽ നേതൃത്വം പ്രസംഗവിലക്കേർപ്പെടുത്തിയത്. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണം വി എസ്സിൽനിന്നുണ്ടാവാതിരിക്കാനാണ് അതിനുള്ള അവസരം ഒഴിവാക്കാൻ നേതൃത്വം തീരുമാനിച്ചത്.

സംസ്ഥാന നേതൃത്വവുമായി ഏറ്റുമുട്ടലിനൊരുങ്ങിയ വി എസ്സിന്റെ പ്രസംഗം എന്താകുമെന്ന ആശങ്ക നേതാക്കൾക്കുണ്ടായിരുന്നു. സെക്രട്ടേറിയറ്റ് പ്രമേയം പിണറായി പരസ്യപ്പെടുത്തിയതോടെ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രമാണ് വി എസ്. കഴിഞ്ഞദിവസം നടത്തിയത്. അതിനാൽ, പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ആലോചിച്ചുറപ്പിച്ചാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. ഇതാണ് പതാക ഉയർത്തൽ പ്രസംഗമേ വേണ്ടന്ന നിലപാട് സ്വീകരിക്കാൻ കാരണം.

വി എസ്സിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്നമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താൽപ്പര്യം. എന്നാൽ അത് നടപ്പാകാൻ സാധ്യത തീരെയില്ല. സംസ്ഥാന കമ്മിറ്റിയിൽനിന്ന് പ്രായാധിക്യമുള്ളവരെ ഒഴിവാക്കാനാണ് ഇപ്പോഴുള്ള തീരുമാനം. പ്രായപരിധി വി എസ്സിനെ വെട്ടാനായി ഉപയോഗിക്കരുതെന്ന നിർദ്ദേശം കേന്ദ്രനേതാക്കൾ പാനൽ തയ്യാറാക്കുന്ന ഘട്ടത്തിൽ അറിയിച്ചേക്കും. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതും ഇടത് ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായതിനാലും വി എസ്സിനെ ഒഴിവാക്കുന്നത് ദോഷകരമാകുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. അതിനിടെ സമ്മേളന നഗരിയിൽ തീർത്തും ഒറ്റയാനായാണ് വിഎസിന്റെ നടപ്പ്. അദ്ദേഹത്തിനോട് സംസാരിക്കാൻ പോലും നേതാക്കൾ തയ്യാറാകുന്നില്ല. സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് വി എസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP