Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോരമയ്ക്ക് കത്ത് ചോർത്തി നൽകിയത് വി എസ് സമ്മതിച്ചു; തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി; വിഎസിന്റെ 52 അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തിയ പ്രവർത്തന റിപ്പോർട്ടുമായി ആഞ്ഞടിച്ച് പാർട്ടി സെക്രട്ടറി

മനോരമയ്ക്ക് കത്ത് ചോർത്തി നൽകിയത് വി എസ് സമ്മതിച്ചു; തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി; വിഎസിന്റെ 52 അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തിയ പ്രവർത്തന റിപ്പോർട്ടുമായി ആഞ്ഞടിച്ച് പാർട്ടി സെക്രട്ടറി

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തെ വിവാദത്തിൽ മുക്കിയ കത്ത് മലയാള മനോരമ ദിനപത്രത്തിന് ചോർത്തി നൽകിയത് വി എസ് അച്യുതാനന്ദനാണെന്ന് അദ്ദേഹം സമ്മതിച്ചുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഇക്കാര്യം മാതൃഭൂമി ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തത്. പാർട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്ന വേളയിലാണ് പിണറായി വിജയൻ വിഎസിനെതിരെ ആഞ്ഞടിച്ചുവെന്നും പത്രം റിപ്പോർട്ട് ചെയ്തു. വിഎസിന്റെ 56 അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് പിണറായി വിജയൻ പ്രവർത്തന റിപ്പോർട്ട് സമ്മേളന അവതരിപ്പിച്ചത്. തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാനും ശ്രമിക്കുന്നതായി പിണറായി പറഞ്ഞുവെന്നാണ് മാതൃഭൂമി പുറത്തുവിട്ട വാർത്ത. ഇതൊന്നും സമ്മേളന പ്രതിനിധികളുടെ മുന്നിൽ പറയേണ്ടെന്ന് കരുതിയതാണ്, എന്നാൽ തനിക്ക് പറയാനുള്ള അവസാന അവസരം എന്ന നിലയിലാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പറയുന്നതെന്നും പിണറായി വിജയൻ പഞ്ഞു. വിഎസിനെതിരെ 56 പേജുകളുള്ള റിപ്പോർട്ടിൽ 52 ഇടത്താണ് വിഎസിന്റെ അച്ചടക്കലംഘംനം അക്കമിട്ട് നിരത്തിയത്.

സമ്മേളനത്തിന് മുന്നോടിയായി വി എസ് അയച്ച കത്ത് മലയാള മനോരമയിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന് തനിക്ക് നൽകിയ കത്തിൽ ചെറിയ മാറ്റം മാത്രം വരുത്തിയാണ് വി എസ് ചോർത്തി നൽകിയതെന്നാണ് പരാമർശിക്കുന്നത്. എസ്.എൻ.സി ലാവ്‌ലിൻ കേസിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്‌ലിൻ അഴിമതി കേസിൽ വി എസ് കുടുക്കാൻ ശ്രമിച്ചു എന്നാണ് പ്രധാന വിമർശനം. ഈ ആക്ഷേപം സാധൂകരിക്കുന്ന പി.കരുണാകരൻ കമ്മിഷന്റെ റിപ്പോർട്ട് സഹിതമാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. വി.എസിന്റെ മുൻ െ്രെപവറ്റ് സെക്രട്ടറി രാജേന്ദ്രനാണ് കമ്മിഷന് മുമ്പാകെ ഇത്തരത്തിൽ മൊഴി നൽകിയത്. ഇതാണ് റിപ്പോർട്ടിൽ ഔദ്യോഗികപക്ഷം ആയുധമാക്കിയിരിക്കുന്നത്. റിപ്പോർട്ടിൽ മുപ്പത്തിരണ്ടോളം പേജിലായാണ് വി.എസിനെതിരെയുള്ള വിമർശനങ്ങൾ.

ലാവ്‌ലിൻ, കൂടങ്കുളം, ടി.പി വധക്കേസ് വിഷയങ്ങളിൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ നിലപാടാണ് വി എസ് സ്വീകരിച്ചത്. ലാവ്‌ലിൻ കേസിൽ പാർട്ടിയെ മറികടന്ന് പിണറായി പ്രതിയാണെന്ന് വി എസ് നിലപാട് എടുത്തത് കടുത്ത അച്ചടക്ക ലംഘനമാണ്. പരസ്യ ശാസന അടക്കമുള്ള അച്ചടക്ക നടപടി ഉണ്ടായതിനെ തുടർന്ന് വി എസ് തെറ്റുകൾ ഏറ്റുപറഞ്ഞു. എന്നാൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വി എസ് വീണ്ടും അച്ചടക്ക ലംഘനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും വി.എസിന് അതിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലം വി എസ് നടത്തിയ അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് പ്രവർത്തന റിപ്പോർട്ട്.

പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെയും റിപ്പോർട്ട് വിമർശിക്കുന്നു. കൊല്ലം ലോക്‌സഭാ സീറ്റിൽ തോറ്റതിനെ തുടർന്ന് നിയമസഭയിൽ ഹാജരാവാതിരുന്ന ബേബിയുടെ നടപടി ശരിയായില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പോളിറ്റ്ബ്യൂറോ അംഗമായ ബേബിയിൽ നിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം വി എസ് അച്യുതാനന്ദനെ സംസ്ഥാനകമ്മിറ്റിയിൽ നിലനിർത്തണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പാനൽ തയ്യാറാക്കുമ്പോൾ ഈ അഭിപ്രായം കേന്ദ്രനേതാക്കൾ സംസ്ഥാനത്തെ അറിയിക്കും. പ്രായപരിധി 80 ആയി നിശ്ചയിച്ചാലും വി എസിന് ഇളവ് നൽകണമെന്ന് നിർദ്ദേശിക്കും. ഇപ്പോഴത്തെ പ്രതിസന്ധി കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യും. നടപടി എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി കോൺഗ്രസിന് ശേഷമായിരിക്കും തീരുമാനം. സമ്മേളനത്തലേന്ന് വി.എസിനെതിരെയുള്ള പ്രമേയം പരസ്യപ്പെടുത്തിയതിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. സമ്മേളനത്തിന്റെ പ്രഭ കെടുത്തുന്നതായിരുന്നു ഈ നടപടിയെന്നാണ് വിലയിരുത്തൽ.

ഒരു കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചതിൽ മുൻനിര ദേശീയ നേതാക്കൾക്കും കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കുപോലും അതൃപ്തിയുണ്ട്. പരസ്യ ശാസന എന്ന നിലയിലേക്ക് പിണറായി വിജയന്റെ പത്രസമ്മേളനം അധപതിച്ചു. പ്രമേയം അംഗീകരിച്ചതിനേക്കാൾ ഗുരുതരം പുറത്തുവിട്ടതാണെന്നാണ് വിമർശം.

അതിനിടെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിലെത്തിയ സഖാക്കളെ കാത്ത് വി എസ് അനുകൂല ലഘുലേഖകൾ പ്രത്യക്ഷപ്പെട്ടു. മൂന്ന് വട്ടം കോഴി കൂവും മുമ്പ് ഒറ്റുകാരനെ തിരിച്ചറിയണമെന്ന ആമുഖത്തോടെയാണ് ലഘുലേഖകൾ തുടങ്ങുന്നത്. സിപിഐ(എം) ഔദ്യാഗിക വിഭാഗത്തെിനെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനമുന്നയിക്കുന്ന ലഘുലേകൾ വിഭാഗീയത കേവലം വി എസ്സിന്റെ മനസ്സിൽ മാത്രമാണുള്ളതെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നു.. സിപിഐ(എം) നേതാവ് ജി സുധാകരനെയും ലഘുലേഖയിൽ വിമർശകർ വെറുതെ വിട്ടിട്ടില്ല. അദ്ദേഹത്തിനെതിരെ കനത്ത വിമർശനമാണ് ലഘുലേഖകളിലുള്ളത്.

വിഎസിന് എതിരായ പ്രമേയം നടപടി അല്ലെന്ന് കോടിയേരി

ആലപ്പുഴ: വി എസ് അച്യുതാനന്ദന് എതിരെയുള്ള പ്രമേയം നടപടി അല്ലെന്ന വാദവുമായി പിബി അംഗം കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. വിഎസിന്റെ കത്ത് പത്രം പ്രസിദ്ധീകരിച്ചതുകൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയത്. അണികളെയും പ്രവർത്തകരെയും ബോധ്യപ്പെടുത്താനാണ് പ്രമേയം പരസ്യപ്പെടുത്തിയത്. പ്രമേയം പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വിഎസിന്റെ കത്ത് പിബി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP