Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാരിനെ നയിക്കുന്നത് ആർഎസ്എസ്: ജനകീയ അടിത്തറ തകർന്നതാണ് ബംഗാളിൽ തിരിച്ചടിക്ക് കാരണമെന്നും പ്രകാശ്കാരാട്ട്; കേരളത്തിലെ വിഭാഗീയത വിഷയമാക്കാതെ പാർട്ടി സമ്മേളനത്തിൽ സിപിഐ(എം) ജനറൽ സെക്രട്ടറി

കേന്ദ്ര സർക്കാരിനെ നയിക്കുന്നത് ആർഎസ്എസ്: ജനകീയ അടിത്തറ തകർന്നതാണ് ബംഗാളിൽ തിരിച്ചടിക്ക് കാരണമെന്നും പ്രകാശ്കാരാട്ട്; കേരളത്തിലെ വിഭാഗീയത വിഷയമാക്കാതെ പാർട്ടി സമ്മേളനത്തിൽ സിപിഐ(എം) ജനറൽ സെക്രട്ടറി

ആലപ്പുഴ: രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആലപ്പുഴയിൽ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പാർട്ടി ഘടകങ്ങളെ പരാമർശിക്കാതെയാണ് പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗം നടത്തിയത്.

ഒരുഭാഗത്ത് തീവ്രവലതുപക്ഷ നയങ്ങളും മറുഭാഗത്ത് ആക്രമണോത്സുക വർഗീയ അജൻഡകളുമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. എല്ലാ മേഖലകളിലും ഹിന്ദുത്വശക്തികൾ കന്നാക്രമണം നടത്തുന്ന കാലമാണിത്. ഘർവാപസിയും ലൗജിഹാദടക്കമുള്ള പ്രചാരണങ്ങളും ബോധപൂർവമായ നീക്കമാണ്. ആർഎസ്എസിെന്റെയും സംഘപരിവാർ ശക്തികളുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് മോദി സർക്കാർ തീവ്രഹിന്ദുത്വ തീവ്ര വലതുപക്ഷ നടപടികൾ നടപ്പാക്കുന്നത്. ആർഎസ്എസും ബിജെപിയും അടങ്ങിയ കോർ കമ്മിറ്റിയാണ് വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലടക്കം നയങ്ങൾ തീരുമാനിക്കുന്നതെന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ന്യൂനപക്ഷങ്ങൾക്കെതിരായി ബോധപൂർവം കടന്നാക്രമണങ്ങൾ നടത്തുന്നു. മോദി സർക്കാർ അധികാരമേറ്റശേഷം ആസുത്രിതമായ വർഗീയ കലാപങ്ങളാണ് രാജസ്ഥാനിലും മറ്റും നടന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലടക്കം ശക്തമായ കടന്നാക്രമണങ്ങളാണ് ഹിന്ദുത്വശക്തികൾ നടത്തുന്നത്. പെരുമാൾ മുരുകന് എഴുത്തുനിർത്തേണ്ടിവന്ന സാഹചര്യം പോലുമുണ്ടായിയെന്നത് ഈ രംഗത്തെ സംഘപരിവാർ ശക്തികളുടെ കടന്നാക്രമണം തെളിയിക്കുന്നു. നാമക്കലിൽ സിപിഐ എം മാത്രമാണ് പൊരുമാൾ മുരുകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്നത് അഭിമാനാർഹമാണ്.

മോദി സർക്കാരിന്റെ ഭരണം സാധാരണ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ജനാധിപത്യ വിരുദ്ധ നിലപാടുകളും സർക്കാരിന്റെ മുഖമുദ്രയാവുകയാണ്. മൂന്ന് ഓർഡിനൻസുകളാണ് സർക്കാർ ഒമ്പത് മാസത്തിനിടെ കൊണ്ടു വന്നത്. ഇൻഷൂറൻസ് മേഖലയിലെ സ്വകാര്യ നിക്ഷേപം, കൽക്കരി ഖനി മേഖലയിൽ ദേശസാൽക്കരണം അവസാനിപ്പിക്കൽ, ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി എന്നിവയാണ് ഓർഡിനൻസുകൾ.

സാധാരണ ജനങ്ങളുടെ അവകാശങ്ങൾ കവരുന്നതിനൊപ്പം വൻകിടകോർപറേറ്റുകൾക്കുവേണ്ടി കൂടിയാണ് ഇത്തരം ഓർഡിനൻസുകളുമായി ജനാധിപത്യ വിരുദ്ധമായ രീതിയിൽ മോദി സർക്കാർ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനിന്നാൽ മോദി സർക്കാരിന്റെ ഇത്തരംനീക്കങ്ങളെ പരാജയപ്പെടുത്താനാകും. രാജ്യസഭയിൽ പാസാക്കാനാവില്ലെന്നതിനാലാണ് ഇത് നിയമമാവാത്തത്. അതേസമയം കള്ളപ്പണം പുറത്തുകൊണ്ടുവരാൻ എന്താണ് മോദി സർക്കാർ ആർജ്ജവം കാട്ടാത്തത്. വൻകിട കോർപറേറ്റുകളാണ് സർക്കാരിനെ നയിക്കുന്നതെന്നതാണ് ഇത് കാണിക്കുന്നത്.

യുപിഎ സർക്കാരിന്റെ നേതൃത്വത്തിൽ അമേരിക്കയുമായി തുടങ്ങിയ സൈനിക സാമ്പത്തിക കരാറുകൾ പൂർവാധികം ശകതിയോടെ മുന്നോട്ടുകൊണ്ടുപോവുകയാണ് മോദി സർക്കാർ. പാർലിമെന്റിനെപ്പോലും അറിയിക്കാതെയാണ് തന്ത്രപ്രധാനമായ സൈനിക കരാറിന് അമേരിക്കയുമായി ഇന്ത്യ മുന്നിട്ടിറങ്ങുന്നത്. ചൈനയടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്കയുടെ അധിനിവേശ നീക്കങ്ങളുടെ പങ്കാളിയാവുകയാണ് ഇന്ത്യയെന്നത് ഗൗരവമായ കാര്യമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടതുപക്ഷം ശക്തമായ ആക്രമണം നേരിടുകയാണ്. ഭരണം നഷ്ടപ്പെട്ടതും ജനകീയ അടിത്തറ തകർന്നതുമാണ് പശ്ചിമ ബംഗാളിൽ പാർട്ടി നേരിടുന്ന തിരിച്ചടിക്ക് കാരണം. ജനകീയ അടിത്തറ വീണ്ടെടുക്കാൻ സമയമെടുക്കും. ഇതിനുള്ള നീക്കത്തിൽ പാർട്ടിയുടെ ഏറ്റവും ശക്തമായ കേരള ഘടകത്തിന്റെ ഇടപെടൽ സുപ്രധാനമാണെന്നും കാരാട്ട് പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെയും കാരാട്ട് വിമർശിച്ചു. അഴിമതിയിലും കുംഭകോണങ്ങളിലും മുങ്ങിയ സർക്കാരാണ് കേരളത്തിലേത്. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന കോൺഗ്രസ് ജാതിമത ശക്തികളുടെ ഏജന്റുമാരായി മാറിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങളെ പ്രീണപ്പിച്ച് കൂടെ നിർത്താനുള്ള കേരളത്തിലെ സർക്കാരിന്റെ ശ്രമം അനുവദിക്കില്ലെന്നും കാരാട്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP