Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ് യുവിന്റെ പഴയ തീപ്പൊരി നേതാവിന് ഗ്രൂപ്പുകളോട് എന്നും സമദൂര സിദ്ധാന്തം; ഹൈക്കമാൻഡിന് എന്നും പ്രിയങ്കരൻ; സംശുദ്ധ വ്യക്തിത്വം എന്ന പൊൻതൂവലും; പലപേരുകൾ മിന്നിമറഞ്ഞെങ്കിലും കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് നറുക്കുവീണത് ഇങ്ങനെ; ലോക്‌സഭാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാനിരിക്കെ എ-ഐ ഗ്രൂപ്പുകളെ നുള്ളിനോവിക്കാതെ കെപിസിസി പുനഃസംഘടിപ്പിച്ച് രാഹുൽ നൽകുന്ന സന്ദേശം ഒറ്റക്കെട്ടായില്ലെങ്കിൽ കാൽചോട്ടിലെ മണ്ണ്‌ചോരുമെന്ന് തന്നെ

കെഎസ് യുവിന്റെ പഴയ തീപ്പൊരി നേതാവിന് ഗ്രൂപ്പുകളോട് എന്നും സമദൂര സിദ്ധാന്തം; ഹൈക്കമാൻഡിന് എന്നും പ്രിയങ്കരൻ; സംശുദ്ധ വ്യക്തിത്വം എന്ന പൊൻതൂവലും; പലപേരുകൾ മിന്നിമറഞ്ഞെങ്കിലും കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് നറുക്കുവീണത് ഇങ്ങനെ; ലോക്‌സഭാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാനിരിക്കെ എ-ഐ ഗ്രൂപ്പുകളെ നുള്ളിനോവിക്കാതെ കെപിസിസി പുനഃസംഘടിപ്പിച്ച് രാഹുൽ നൽകുന്ന സന്ദേശം ഒറ്റക്കെട്ടായില്ലെങ്കിൽ കാൽചോട്ടിലെ മണ്ണ്‌ചോരുമെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ പ്രബല ഗ്രൂപ്പുകളോട് ഒരുപോലെ അകലം പാലിക്കുന്ന നേതാവ്. ഹൈക്കമാൻഡിന്റെ വിശ്വസ്തൻ. സംശുദ്ധ വ്യക്തിത്വം എന്ന സ്വീകാര്യത. കെപിസിസി അദ്ധ്യക്ഷനാവാൻ മുല്ലപ്പള്ളി രാമചന്ദ്രന് തുണയായത് ഇതെല്ലാമാണ്. കോഴിക്കോട്ടെ ചോമ്പാലയിൽ ജനനമെങ്കിലും കണ്ണൂരിനോട് അഭേദ്യ ബന്ധമുണ്ട് മുല്ലപ്പള്ളിക്ക്.

ഗ്രൂപ്പ് സമവാക്യവും സാമുദായിക സന്തുലനവും നോക്കിയപ്പോൾ പലപേരുകളും മുന്നിൽ വന്നെങ്കിലും മുല്ലപ്പള്ളിയെ തിരഞ്ഞെടുക്കാൻ കാരണം പരിചയ സമ്പത്തും സ്വീകാര്യതയും തന്നെ. തർക്കങ്ങളിലും പ്രളയദുരന്തത്തിലും പെട്ട് നീണ്ടുപോയ പ്രഖ്യാപനം വന്നപ്പോൾ ഗ്രൂപ്പുകൾക്കും കാര്യമായ പരിക്കേറ്റിട്ടില്ല. കെപിസിസി അദ്ധ്യക്ഷനാവുമെന്ന് പരക്കെ പ്രചരിച്ചിരുന്ന കെ.സുധാകരൻ വീണതും ഗ്രൂപ്പുകൾക്ക് അതീതനായ വൃക്തിത്വമെന്ന മുല്ലപ്പള്ളിയുടെ പ്രതിച്ഛായയുടെ മുമ്പിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ, പാർട്ടിയെ ഒരുക്കിയെടുക്കുക എന്ന വലിയ ദൗത്യമാണ് മുല്ലപ്പള്ളിയെ തേടിയെത്തിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റിനെ സഹായിക്കാൻ എം.ഐ.ഷാനവാസിനെയും കെ.സുധാകരനെയും കൊടിക്കുന്നിൽ സുരേഷിനെയും വർക്കിങ് പ്രസിഡന്റുമാരായി നിയോഗിച്ചിട്ടുണ്ട്. നേരത്തെ അദ്ധ്യക്ഷനും അഞ്ചുവൈസ് പ്രസിഡന്റുമാരുമായിരുന്നു. പുതിയ മാറ്റം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഏതുരീതിയിൽ പ്രതിഫലിക്കും എന്നും കണ്ടറിയേണ്ടതുണ്ട്. എല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി പോവുക എന്ന സന്ദേശം ഹൈക്കാൻഡ് നൽകുമ്പോൾ അതിനണങ്ങുന്ന രീതിയിൽ പോവാൻ വിവിധ തട്ടിലുള്ള നേതാക്കൾ ശ്രമിച്ചില്ലെങ്കിൽ വിപരീത ഫലമാണുണ്ടാക്കുക.

വടകരക്കാരനെങ്കിലും കണ്ണൂരിലെത്തിയാൽ ആളുകളെ പേരുചൊല്ലി വിളിക്കാൻ കഴിയുന്ന നേതാവാണ് മുല്ലപ്പള്ളി. വടകരയിലെ പോലെ കണ്ണൂരിലും ധാരാളം അനുയായികൾ. കണ്ണൂരിൽ നിന്ന് രണ്ടാം വട്ടം പാർലമെന്റിലേക്ക് മൽസരിക്കുമ്പോൾ, കെ.സുധാകരനുമായി അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഇരുവരും ഇരുചേരികളിലായി. എ.പി.അബ്ദുള്ളക്കുട്ടിയോട് മൽസരിച്ചപ്പോൾ പരാജയം രുചിച്ചതിന് കാരണവും സുധാകരനുമായുള്ള ഭിന്നതയാണ്. നാമനിർദ്ദേശ പത്രിക കൊടുക്കുമ്പോൾ പോലും സുധാകരപക്ഷം അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. സുധാകര വിരുദ്ധരുടെ ഏറ്റവും അടുത്ത നേതാവായി മുല്ലപ്പള്ളി മാറുകയും ചെയ്തു. ലോക്‌സഭയിലും, നിയമസഭയിലും, ഏറ്റവുമൊടുവിൽ കണ്ണൂർ കോർപറേഷനിലും യുഡിഎഫിന് തിരിച്ചടിയേറ്റത് സുധാകരന്റെ വീഴ്ചയായി വിരുദ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ അനുമതി ചോദിച്ചപ്പോൾ അതുനിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. കെപിസിസി അദ്ധ്യക്ഷ പദവിയിലേക്കുള്ള ചരടുവലിയിൽ മുല്ലപ്പള്ളിക്കുമുമ്പിൽ സുധാകരന് തോൽവി സമ്മതിക്കേണ്ടി വന്ന ആദ്യ സന്ദർഭം.

1984,1989, 1991, 1996, 1998ലും കണ്ണൂരിൽ നിന്നും തുടർച്ചയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ൽ അട്ടിമറി വിജയത്തിലൂടെ വടകരയിൽ നിന്നും ലോക്‌സഭയിലെത്തി. 2014ൽ വടകരയിൽ നിന്നും വീണ്ടും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ പിവി നരസിംഹറാവു മന്ത്രിസഭയിൽ കാർഷിക സഹമന്ത്രിയായും 2009ൽ ഡോ. മന്മോഹൻ സിങ്ങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചു. കോൺഗ്രസിലെ ഏറ്റവും മുതിർന്ന ലോകസഭ അംഗം കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏഴ് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ പാർലമെന്റ് സമിതികളിലും ബോർഡുകളിലും മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂരിന്റെ നേട്ടങ്ങളിൽ ഗണ്യമായ പങ്ക് എംപിയെന്ന നിലയിൽ മുല്ലപ്പള്ളി വഹിച്ചിട്ടുണ്ട്. കണ്ണൂരിന് ആകാശവാണി എഫ്എം സ്റ്റേഷൻ സ്ഥാപിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിൽ ദേശീയ തലത്തിലുള്ള കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് സ്ഥാപിച്ചു. പാർട്ടിയുടെ താഴേത്തലം മുതൽ പ്രവർത്തനത്തിന് മുല്ലള്ളിയുടേതായ സ്വതസിദ്ധശൈലിയുണ്ട.വടകരയിൽ നിന്ന് ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനമാരംഭിച്ച് ദേശീയതലത്തിലെത്തിയ നേതാവ് എന്ന സവിശേഷതയുമുണ്ട്. ഏതായാലും പുതിയ ദൗത്യം മുല്ലപള്ളിക്ക് കടുത്ത വെല്ലുവിളിയുയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. എഐസിസി പുനഃസംഘടനയിൽ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്റെ റോളിലായിരുന്നു ഈ മുതിർന്ന നേതാവ്.

വർക്കിങ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട എം.ഐ.ഷാനവാസിനും കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനും അംഗീകാരമായതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനും ഹൈക്കമാൻഡ് ശ്രദ്ധപുലർത്തിയെന്ന് പറയാം. ഉമ്മൻ ചാണ്ടിയുടെ അനുയായിയായ ബെന്നി ബെഹനാനെ യു.ഡി.എഫ് കൺവീനറാക്കിയതിലൂടെ എ ഗ്രൂപ്പിന് പരിഗണന നൽകി. സുധാകരന്റെ സ്ഥാനലബ്ധിയിലൂടെ ഐ ഗ്രൂപ്പിനും. യുഡിഎഫ് കൺവീനർ സ്ഥാനം പ്രതീക്ഷിച്ച കെ. മുരളീധരന് പ്രചാരണ സമിതി സ്ഥാനം നൽകി താൽക്കാലികാശ്വാസവും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP