Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോഫോഴ്‌സിന് സമാനം റഫാൽ; ബോഫേഴ്‌സ് അഴിമതി രാജീവ്ഗാന്ധി സർക്കാരിന്റെ പതനത്തിനു വഴി തെളിച്ചെങ്കിൽ റഫാൽ യുദ്ധവിമാന ഇടപാട് മോദി സർക്കാരിന്റെ പതനത്തിനു കാരണമാകുമോ? ബിജെപി അന്വേഷണം എതിർക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം; ഇടപാട് അന്വേഷിക്കണമെന്നും മോദി സ്ഥാനമൊഴിയണമെന്നും പ്രവീൺ തൊഗാഡിയ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രശാന്ത് ഭൂഷണും; ഉത്തരമില്ലാതെ ഇരുട്ടിൽ തപ്പി ബിജെപി കേന്ദ്ര നേതൃത്വം

ബോഫോഴ്‌സിന് സമാനം റഫാൽ; ബോഫേഴ്‌സ് അഴിമതി രാജീവ്ഗാന്ധി സർക്കാരിന്റെ പതനത്തിനു വഴി തെളിച്ചെങ്കിൽ റഫാൽ യുദ്ധവിമാന ഇടപാട് മോദി സർക്കാരിന്റെ പതനത്തിനു കാരണമാകുമോ? ബിജെപി അന്വേഷണം എതിർക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം; ഇടപാട് അന്വേഷിക്കണമെന്നും മോദി സ്ഥാനമൊഴിയണമെന്നും പ്രവീൺ തൊഗാഡിയ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രശാന്ത് ഭൂഷണും; ഉത്തരമില്ലാതെ ഇരുട്ടിൽ തപ്പി ബിജെപി കേന്ദ്ര നേതൃത്വം

ഡൽഹി: റാഫേൽ ഇടപാടിന്റെ വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിനിടയിലും അന്വേഷണ കാര്യത്തിൽ ബിജെപി വാ തുറക്കുന്നില്ല. റഫാൽ യുദ്ധവിമാന അഴിമതി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പ്രതിപക്ഷ പ്രചാരണായുധമായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. റഫാൽ യുദ്ധവിമാന ഇടപാട് മുഖ്യ പ്രചാരണ ആയുധമാകുന്നതോടെ ബിജെപിയ്‌ക്കെതിരായ പ്രതിപക്ഷ നീക്കങ്ങൾക്ക് വേറിട്ട മാനം ലഭിക്കുമെന്നും കരുതപ്പെടുന്നു. നോട്ടു നിരോധനം, കാർഷിക പ്രശ്‌നങ്ങൾ ഒക്കെ ആയിരുന്നു ബിജെപിക്കെതിരെയുള്ള പ്രചാരണ ആയുധങ്ങൾ. റഫാൽ യുദ്ധവിമാന അഴിമതി മുഖ്യധാരയിലേക്ക് വരുന്നതോടെ പ്രതിപക്ഷ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടും. ബോഫേഴ്‌സ് അഴിമതി രാജീവ്ഗാന്ധി സർക്കാരിന്റെ പതനത്തിനു വഴി തെളിച്ചെങ്കിൽ റഫാൽ യുദ്ധവിമാന ഇടപാട് മോദി സർക്കാരിന്റെ പതനത്തിനു കാരണമായേക്കാം.

ബോഫോഴ്‌സ് ആയുധ ഇടപാട് കേസിൽ അഴിമതി ആരോപിച്ച് തങ്ങളുടെ 82 എംപിമാരെ ലോക്‌സഭയിൽ നിന്നും ബിജെപി രാജി വെപ്പിച്ചിരുന്നു. തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുകയും ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് പോവുകയും ചെയ്തു. ബോഫോഴ്‌സിന് സമാനമായ ആരോപണം തന്നെയാണ് റഫാൽ ഇടപാടിലും ഉയർന്നിരിക്കുന്നത്. ഇതോടെ ബിജെപിയുടെ കാര്യവും എതാണ്ട് കോൺഗ്രസിന് സമാനമെന്ന് പറയേണ്ടിവരും. പക്ഷെ റഫാൽ ഇടപാട് സംബന്ധിച്ച് ഒരു അന്വേഷണത്തിനു പോലും ബിജെപി തയ്യാറാകുന്നില്ല. രാജ്യത്തിന്റെ സുരക്ഷിതത്വം രഹസ്യമായിരിക്കണമെന്നും പരസ്യമാക്കാൻ പാടില്ലെന്നുമാണ് ബിജെപി നിലപാട്. ഈ രഹസ്യങ്ങളെ ചൂഴ്ന്നു നിൽക്കുന്ന വസ്തുതകളെല്ലാം പാർലമെന്ററി അന്വേഷണത്തിലൂടെ പുറത്തുവരും. ഇതാണ് ബിജെപി അന്വേഷണത്തെ എതിർക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ

റഫാൽ ആയുധ ഇടപാടിലെ മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരണമെന്നു ആവശ്യപ്പെട്ട് രാജ്യവ്യാപകമായ ഒരു പ്രക്ഷോഭ സമരത്തിനു പ്രതിപക്ഷ പാർട്ടികൾ തയ്യാറെടുക്കുകയാണ് റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച് ഒരു വിവരവും പുറത്തുവിടാനോ അന്വേഷണത്തിനോ തയ്യാറാകാത്ത ബിജെപി നിലപാടിനെ പ്രതിപക്ഷം സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയുമായി സഹകരിച്ച് റഫാൽ ആയുധ ഇടപാടിന്റെ വിവരങ്ങൾ പുറത്തുകൊണ്ട് വരാനും പ്രതിപക്ഷം തീരുമാനിച്ചതായും വിവരമുണ്ട്.അതേസമയം റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച ആരോപണങ്ങൾ നിഷേധിച്ച് ഫ്രഞ്ച് യുദ്ധവിമാന നിർമ്മാതാക്കളായ ദാസോൾട്ട് ഏവിയേഷൻ നിഷേധിച്ചിട്ടുണ്ട്. പ്രകടനമികവിന്റെയും ഗുണമേന്മയുടെയും അടിസ്ഥാനത്തിലാണ് റഫാൽ വിമാനങ്ങൾക്ക് വില നിർണയിച്ചിരിക്കുന്നത് കമ്പനി വ്യക്തമാക്കുന്നു.

എന്നാൽ നികത്താനാവാത്ത നഷ്ടം പൊതുഖജനാവിന് വരുത്തിയാണ് മോദി സർക്കാർ റഫാൽ ഇടപാടിനൊരുങ്ങുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടികൾ അനുസരിച്ചുള്ളതിലും വർധിച്ച വിലയ്ക്ക് വിമാനങ്ങൾ വാങ്ങാൻ ധാരണയായതാണ് അഴിമതിക്ക് തെളിവായി കോൺഗ്രസ് വിരൽ ചൂണ്ടുന്നത്.2012ൽ മന്മോഹൻസിങ് ഭരണകാലത്ത് 120 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങാനാണ് ധാരണ വന്നത്. ഇതിൽ മാറ്റം വരുത്തി ഇരട്ടി വിലയ്ക്ക് 36 വിമാനങ്ങൾ വാങ്ങാനാണ് ഇപ്പോൾ മോദിസർക്കാറിന്റെ തീരുമാനം.

റാഫേൽ ഇടപാടിൽ അഴിമതി നടന്നുവെന്ന് ജനം സംശയിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ അദ്ധ്യക്ഷൻ പ്രവീൺ തൊഗാഡിയ.പറഞ്ഞു ഇക്കാര്യത്തിൽ മുൻപ് എൽകെ അദ്വാനി കാട്ടിയ മാതൃക നരരേന്ദ്ര മോദി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.കരാർ ഒപ്പുവയ്ക്കുന്നതിന് ഒരാഴ്ച മുൻപാണ് ആയുധ നിർമ്മാണ കമ്പനി തുടങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഒരു കമ്പനിയുടെ പേര് മാത്രമാണ് ഇന്ത്യ ഗവൺമെന്റ് നൽകിയതെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. ഒരു കോർപ്പറേറ്റ് കമ്പനിക്ക് വേണ്ടിയാണോ ഈ കരാർ ഒപ്പിട്ടതെന്ന് പറയേണ്ടത് മോദിയാണ്. എന്തുകൊണ്ട് കരാർ തുക ഉയർന്നുവെന്നും മോദി പറയണം. ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്,'' തൊഗാഡിയ പറഞ്ഞു.

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് റഫാൽ ഇടപാടെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വിഷയത്തിൽ ഉടൻ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എങ്ങനെയാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് ഫ്രഞ്ച് കമ്പനിയായ ദസോൾട്ടിന്റെ ഇന്ത്യയിലെ പങ്കാളിയാകാൻ സാധിച്ചതെന്ന് അദ്ദേഹം ചോദിച്ചു. റഫാൽ ഇടപാട് ഇന്ത്യകണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി മാത്രമല്ല രാജ്യസുരക്ഷതന്നെ ബലികഴിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

126 യുദ്ധവിമാനങ്ങൾ വേണ്ടിടത്തുനിന്ന് 36 എണ്ണമാക്കി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് വ്യോമസേന ഉദ്യോഗസ്ഥരെ കള്ളംപറയാൻ പ്രേരിപ്പിക്കുകയാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു. നിങ്ങൾ രാജ്യസുരക്ഷ അപകടത്തിലാക്കി, വ്യോമസേനയെ ദുർബലപ്പെടുത്തി, ജനങ്ങളുടെ പണം കൊള്ളയടിച്ചു, പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ അപമാനിച്ചെന്നും കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രശാന്ത്ഭൂഷൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP