Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു മുഴം മുമ്പേ എറിഞ്ഞ ചന്ദ്രശേഖര റാവുവിന് തെലങ്കാനയിൽ കാലിടറുമോ? വിശാല സഖ്യം ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവാതെ ടിആർഎസ്; പിന്നോക്ക സമുദായ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് സ്ഥിതി പ്രവചനാതീതം

ഒരു മുഴം മുമ്പേ എറിഞ്ഞ ചന്ദ്രശേഖര റാവുവിന് തെലങ്കാനയിൽ കാലിടറുമോ? വിശാല സഖ്യം ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവാതെ ടിആർഎസ്; പിന്നോക്ക സമുദായ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് സ്ഥിതി പ്രവചനാതീതം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: എല്ലാം കൈവിട്ടു പോയ അവസ്ഥയിലാണ് ഇപ്പോൾ തെലങ്കാന. നിലവിലുള്ള നിയമസഭാ കാലാവധി അവസാനിക്കാൻ ഒമ്പതു മാസം കൂടി ഉണ്ടായിരിക്കേയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സഭ പിരിച്ചുവിടുന്നത്. ഏതാനും മാസങ്ങൾ നഷ്ടമായാലെന്താ അടുത്ത അഞ്ചു വർഷത്തേക്ക് മുഖ്യമന്ത്രിക്കസേര ഭദ്രമാക്കാമല്ലോ എന്ന ചിന്തയിൽ തീരുമാനം കൈക്കൊണ്ട റാവുവിന് പക്ഷേ നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടിയാണ്. പ്രതിപക്ഷത്തെ ഞെട്ടിക്കാൻ എടുത്ത തീരുമാനത്തിൽ പക്ഷേ, പെട്ടത് റാവു തന്നെ.

തെലങ്കാന രൂപീകരണ ശേഷമുള്ള ആദ്യത്തെ മുഖ്യമന്ത്രിയായ ചന്ദ്രശേഖരറാവു വീണ്ടും മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ടാണ് ഡിസംബർ ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ കോൺഗ്രസും ടിഡിപിയും സിപിഐയും തെലങ്കാന ജനസമിതിയും ചേർന്ന വിശാല സഖ്യം തെലങ്കാനയുടെ സാരഥ്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇതോടെ തെരഞ്ഞെടുപ്പു ഗോദ ഏറെ കടുപ്പമുള്ളതായി തീരുകയും ചെയ്തു. നിലവിൽ തെരഞ്ഞെടുപ്പു നേരിടുന്ന മറ്റ് നാലു സംസ്ഥാനങ്ങളിലും ആധിപത്യം നേടിയിട്ടുള്ള ബിജെപി ഇവിടെ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഭീഷണി ഉയർത്തി വിശാല സഖ്യം
സംസ്ഥാനരൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഡിസംബർ ഏഴിന് നടക്കുന്നത്. ഒട്ടേറെ ജനപ്രിയപദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയിട്ടുള്ള റാവു രാഷ്ട്രീയഘടകങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന ധാരണയിലാണ് നിയമസഭ പിരിച്ചുവിടുകയെന്ന സാഹസിക നീക്കത്തിന് മുതിർന്നത്. എന്നാൽ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് എതിരു നിന്നിരുന്ന തെലുങ്കു ദേശം തങ്ങളുടെ ബദ്ധശത്രുവായ കോൺഗ്രസുമായി ചേർന്ന് സഖ്യം രൂപീകരിച്ചത് റാവുവിന്റെ തെലങ്കാന രാഷ്ട്രസിമിതി (ടിആർഎസ്) തിരിച്ചടിയായി. സർക്കാരിന് അനുകൂലമായി നിലനിൽക്കുന്ന വികാരം വോട്ടാക്കി മാറ്റാം എന്ന ആത്മവിശ്വാസം വിശാല സഖ്യ രൂപീകരണത്തോടെ റാവുവിന് ഇല്ലാതായി.

കോൺഗ്രസ്- ടിഡിപി സഖ്യത്തിനൊപ്പം സിപിഐയും തെലങ്കാന ജനസമിതിയും കൈകോർത്തതോടെ റാവുവിന്റെ കണക്കുകൂട്ടലുകൾ മൊത്തം തെറ്റി. നിലവിൽ മൊത്തമുള്ള 119 സീറ്റുകളിൽ 63 എണ്ണമാണ് ടിആർസിനുള്ളത്. ടിആർഎസിന്റെ സാധ്യതകളെ ആശങ്കയിലാഴ്‌ത്തിക്കൊണ്ട് മുന്നേറുന്ന വിശാലസഖ്യത്തിന് സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയുമെന്ന വിശ്വാസം നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റം നടത്തിയാൽ അത് തന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് കരുതിയാണ് ചന്ദ്രശേഖര റാവുവിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ച മറ്റൊരു ഘടകം.

പിന്നോക്ക വോട്ടുകൾ
പിന്നോക്ക വിഭാഗക്കാർക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്തെ ജനസംഖ്യയിൽ പകുതിയോളം വരുന്ന പിന്നോക്ക വിഭാഗത്തിന് തെരഞ്ഞെടുപ്പിൽ നിർണായകസ്ഥാനമാണുള്ളത്. ദളിത്, ന്യൂനപക്ഷം തുടങ്ങി വിവിധ സാമൂഹ്യശക്തികളും കമ്യൂണിസ്റ്റുകാരും ബുദ്ധിജീവുകളും ചേർന്ന് അതിവിപുലമായൊരു ബഹുജനമുന്നണി തെലങ്കാനയിൽ രൂപംകൊണ്ടിരുന്നു. ജനങ്ങളുടെ അടിസ്ഥാന സാമ്പത്തിക സാമൂഹ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ബിഎൽഎഫ് ലക്ഷ്യമായി പ്രഖ്യാപിച്ചത്. തെലങ്കാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിലവിൽ വൻ പൊളിച്ചെഴുത്ത് നടത്താൻ ബിഎൽഎഫിന് സ്വാധീനമില്ലെങ്കിലും അധികാരം സ്വപ്‌നം കാണുന്ന ടിആർഎസിനും വിശാലസഖ്യത്തിനും ഇവരുടെ വോട്ടുകൾ നിർണായകമാണ്. തെരഞ്ഞെടുപ്പിൽ ബിഎൽഎഫ് ആർക്കൊപ്പം നിൽക്കുന്നു എന്നതും വിജയസാധ്യതയ്ക്ക് പ്രധാന ഘടകമാണ്.

ഉത്തർപ്രദേശിലെയും ബിഹാറിലെയും ബഹുജൻ രാഷ്ട്രീയം ഉയർത്തിക്കാട്ടി തെലങ്കാനയിൽ രൂപംകൊണ്ട ബഹുജനമുന്നണിക്കും ആയുസ്സില്ലെന്നാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണമെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് ബിഎൽഎഫിനെ പരിഗണിക്കാതിരിക്കാൻ കഴിയില്ല. പിന്നോക്ക സമുദായക്കാർക്കിടയിൽ ഏറെ സ്വാധീമുള്ള എംഎൽഎയാണ് ടിഡിപിയുടെ ആർ കൃഷ്ണയ്യ. അതുകൊണ്ടു തന്നെ ടിഡിപിക്ക് പിന്നോക്ക സമുദായത്തിലെ നല്ലൊരു ശതമാനം ആൾക്കാർക്കിടയിലും മികച്ച സ്വാധീനവും ചെലുത്താൻ സാധിക്കുന്നുണ്ട്. പിന്നോക്ക സമുദായത്തിൽ നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകുകയാണെങ്കിൽ അത് കൃഷ്ണയ്യ ആണെന്നു വരെ പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ രാഘവേന്ദ്ര റെഡ്ഡി പറയുന്നു.

ഭരണവിരുദ്ധ വികാരം
ഏതൊരു ഭരണകക്ഷിയും നേരിടുന്നതു പോലെ ടിആർഎസും നേരിടുന്ന പ്രശ്‌നമാണ് ഭരണവിരുദ്ധ വികാരം. ജനപ്രിയപദ്ധതികൾ നടപ്പിലാക്കാൻ റാവു അതു വോട്ടാക്കി മാറ്റാൻ പറ്റുമെന്ന വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ടിആർഎസ് ബിജെപി അനൗദ്യോഗിക സഖ്യം ഉയർത്തിക്കാട്ടി കോൺഗ്രസ്-ടിഡിപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നതും റാവുവിന് തലവേദന സൃഷ്ടിക്കുന്നു. കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ സഭയിൽ നിന്നുവിട്ടുനിന്നത് ടിആർഎസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ പരാജയമാണെന്നും ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ കാരണമായി.

അധികാരത്തിൽ വന്ന ശേഷം മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചുവെന്നതും റാവു നേരിടുന്ന പ്രധാന ആരോപണമാണ്. മകൻ കെ ടി രാമറാവുവിനെ മന്ത്രിസഭയിലെ രണ്ടാമനാക്കി പ്രഖ്യാപിച്ചതും മകൾ കവിതയെ കേന്ദ്രത്തിലേക്ക് അയച്ചതുമെല്ലാം റാവുവിനെതിരേയുള്ള ആയുധമായി കരുതുന്നവരുണ്ട്. കൂടാതെ അഴിമതി ആരോപണങ്ങളും റാവുവിനു മേലുള്ള കരിനിഴലായി അവശേഷിക്കുന്നു.

കോൺഗ്രസിന്റെ പോരായ്മ എടുത്തുകാട്ടാനില്ലാത്ത നേതൃത്വം
വിശാല സഖ്യം രൂപീകരിച്ച് ടിആർഎസിനെ നേരിടുന്നുണ്ടെങ്കിലും റാവുവിനൊപ്പം നിൽക്കുന്ന ഒരു നേതാവിനെ എടുത്തുകാട്ടാനില്ല എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാനപ്രശ്‌നം. ആദ്യത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനുള്ള വ്യക്തിപ്രഭാവം ഈയവസരത്തിൽ കോൺഗ്രസ്-ടിഡിപി ഉൾപ്പെടുന്ന വിശാലസഖ്യത്തിന് കാണാതിരിക്കാൻ കഴിയില്ല. തെലുങ്കു മണ്ണിൽ ശക്തരായി വിലസിയിരുന്ന കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കാണിക്കാൻ ഇപ്പോഴൊരു നേതാവില്ല എന്ന അവസ്ഥയാണ്. തെലങ്കാന രൂപീകരണത്തിന് മുഖം തിരിച്ചുനിന്ന തെലുങ്കു ദേശം പാർട്ടിയെ ജനം എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നതും കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP