Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേൽ ചാഞ്ഞാൽ വെട്ടണ'മെന്ന് സമ്മേളന പ്രതിനിധിയുടെ വിമർശനം; ഇങ്ങനെ വിമർശനം കേട്ടിരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വി എസ്; പൊതുചർച്ച വിചാരണ ആയപ്പോൾ കാരാട്ടിനെ പ്രതിഷേധം അറിയിച്ച് വി എസ് സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയി

'പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേൽ ചാഞ്ഞാൽ വെട്ടണ'മെന്ന് സമ്മേളന പ്രതിനിധിയുടെ വിമർശനം; ഇങ്ങനെ വിമർശനം കേട്ടിരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വി എസ്; പൊതുചർച്ച വിചാരണ ആയപ്പോൾ കാരാട്ടിനെ പ്രതിഷേധം അറിയിച്ച് വി എസ് സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയി

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയരുന്നതിനിടെ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ സമ്മേളന വേദിയിൽ നിന്നും വിട്ടു. സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനം കടുത്തതോടെയാണ് വി എസ് വേദിവിട്ട് ഇറങ്ങിപോയത്. കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളാണ് വിഎസിനെ വിമർശിച്ചുകൊണ്ട് രംഗത്തിറങ്ങിയത്. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേൽ ചാഞ്ഞാൽ വെട്ടണമെന്ന് ഒരു പ്രതിനിധി ചോദിച്ചതോടയാണ് വി എസ് തന്റെ പ്രതിഷേധം അറിയിച്ച് വേദി വിട്ടത്. ഇങ്ങനെ വിമർശനം കേട്ടിരിക്കാൻ തനിക്ക് ആവില്ലെന്ന് പാർട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനോട് പറഞ്ഞ ശേഷമാണ് വി എസ് വേദിവിട്ട് പോയത്. അതേസമയം വി എസ് ഇറങ്ങിപ്പോയ ശേഷവും അദ്ദേഹത്തിന് എതിരെ കടുത്ത വിമർശനങ്ങൾ സമ്മേളന പ്രതിനിധികൾ തുടർന്നു.

ഇന്നലെ പിണറായി വിജയൻ അവതരിപ്പിച്ച സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ വി എസിനെതിരേ കടുത്ത വിമർശനമാണുണ്ടായത്. വി എസ് പാർട്ടിവിരുദ്ധനെപ്പോലെ പെരുമാറുന്നെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇന്നു രാവിലെ പൊതു ചർച്ചയിലും വിമർശനം തുടർന്നു. പ്രതിനിധികളിൽ ഭൂരിപക്ഷവും വി എസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. പാർട്ടി നിലപാടുകളെ പരസ്യമായി വി എസ് തള്ളിപ്പറഞ്ഞിട്ടും കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് സംരക്ഷിക്കുന്ന നിലപാടാണുണ്ടാകുന്നതെന്ന് പ്രതിനിധികൾ ആക്ഷേപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലെ പ്രതിനിധികളാണ് വിഎസിനെതിരേ കടുത്ത വിമർശനം ഉന്നയിച്ചത്.

അതേസമയം, വിമർശനങ്ങൾ പെരുകുമ്പോഴും പൊതു ചർച്ചയിൽ കേന്ദ്ര നേതൃത്വം തനിക്ക് അനുകൂലമമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലായിരുന്നു വി എസ്. എന്നാൽ കേന്ദ്ര നേതൃത്വവും മൗനം തുറന്നതോടെ വി എസ് വേദി വിട്ട് ഇറങ്ങുകയായിരുന്നു. വേദിവിട്ടിറങ്ങിയ വി എസ് ഇപ്പോൾ പുന്നപ്രയിലെ വീട്ടിലാണുള്ളത്. മാദ്ധ്യമപ്രവർത്തകർ അടക്കമുള്ളവർ വിഎസിന്റെ വീട്ടിന് മുന്നിലെത്തിയിരിക്കുന്നത്.  

അതേസമയം വി എസ് അൽപ്പസമയങ്ങൾക്കകം മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പാർട്ടി വിടില്ലെന്നും മുൻ പി എ സുരേഷ് പ്രതികരിച്ചു. വി എസ് പുറത്തിറങ്ങിയത് വിമർശനങ്ങൾ സഹിക്കാൻ കഴിയാത്തതു കൊണ്ടാണെന്നാണ് സുരേഷ് പറഞ്ഞു. വിഎസിനെ പുതിയ സംഭവവികാസങ്ങൾ സംസ്ഥാനത്തെ സിപിഎമ്മിൽ സ്‌ഫോടനാത്മക സ്ഥിതിവിശേഷമുണ്ടാക്കുന്നതായാണ് റിപ്പോർട്ട്. വി എസ് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ കാണുമ്പോൾ അദ്ദേഹം അറിയിക്കുമെന്നാണ് സൂചന. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന് സമാനമായ സാഹചര്യമുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.  ഇതിനിടെ വി എസ് ഇറങ്ങിപ്പോയ സാഹചര്യത്തിൽ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ചില കേന്ദ്ര നേതാക്കൾ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളാണ് വിഎസിനെ അനുനയ ശ്രമവുമായി രംഗത്തെത്തിയത്.

ഇന്ന് രാവിലെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വി എസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി ഇക്കണക്കിനാണ് മുന്നോട്ടു പോകുന്നതെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കേണ്ടിവരുമെന്നായിരുന്നു വി എസ് കാരാട്ടിനെ അറിയിച്ചത്. അതിനിടെ, ഇന്നലെ റിപ്പോർട്ടിലും കഴിഞ്ഞദിവസത്തെ പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിലും വിയോജിപ്പ് പ്രകടിപ്പിച്ച് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചുരി രംഗത്തുവന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളോട് നേരിട്ടാണ് യെച്ചുരി വിയോജിപ്പ് അറിയിച്ചത്.

സംഘടനാ വിരുദ്ധനാണെങ്കിൽ എന്തുകൊണ്ട് വി.എസിനെ സമ്മേളനത്തിന്റെ ഉദ്ഘാടനം കുറിച്ച് പതാക ഉയർത്താൻ ക്ഷണിച്ചു എന്നും യെച്ചൂരി ചോദിച്ചു. സംസ്ഥാന സമ്മേളനം വി.എസിനെതിരെയുള്ള നീക്കമായി ചുരുങ്ങുന്നു എന്ന പരാതി കേന്ദ്രനേതൃത്വത്തിനുണ്ട്. ഇതിനിടെയാണ് യെച്ചൂരി തന്റെ അഭിപ്രായം സെക്രട്ടേറിയറ്റിനെ അറിയിച്ചത്. വി.എസിനെ രൂക്ഷമായി വിമർശിക്കുന്ന സംഘടനാ റിപ്പോർട്ടിന്മേൽ പൊതു ചർച്ച തുടങ്ങി. 52 അച്ചടക്ക ലംഘനങ്ങളാണ് വി.എസിനെതിരെ റിപ്പോർട്ടിൽ അക്കമിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രനേതൃത്വത്തിനയച്ച കത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയത് താൻ തന്നെയാണ് വി എസ് സമ്മതിച്ചതായി പിണറായി ഇന്നലെ മാദ്ധ്യമങ്ങളിൽ പറഞ്ഞിരുന്നു. തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാനും ശ്രമിക്കുന്നതായി പിണറായി പറഞ്ഞിരുന്നു. ഇതൊന്നും സമ്മേളന പ്രതിനിധികളുടെ മുന്നിൽ പറയേണ്ടെന്ന് കരുതിയതാണ്, എന്നാൽ തനിക്ക് പറയാനുള്ള അവസാന അവസരം എന്ന നിലയിലാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പറയുന്നതെന്നും പിണറായി വിജയൻ പഞ്ഞിരുന്നു.

ലാവ്‌ലിൻ, കൂടങ്കുളം, ടി.പി വധക്കേസ് വിഷയങ്ങളിൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ നിലപാടാണ് വി എസ് സ്വീകരിച്ചത്. ലാവ്‌ലിൻ കേസിൽ പാർട്ടിയെ മറികടന്ന് പിണറായി പ്രതിയാണെന്ന് വി എസ് നിലപാട് എടുത്തത് കടുത്ത അച്ചടക്ക ലംഘനമാണ്. പരസ്യ ശാസന അടക്കമുള്ള അച്ചടക്ക നടപടി ഉണ്ടായതിനെ തുടർന്ന് വി എസ് തെറ്റുകൾ ഏറ്റുപറഞ്ഞു. എന്നാൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വി എസ് വീണ്ടും അച്ചടക്ക ലംഘനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും വി.എസിന് അതിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലം വി എസ് നടത്തിയ അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് പ്രവർത്തന റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP