Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവരും കൈവിടുമെന്നായപ്പോൾ മനപ്പൂർവ്വം പ്രകോപിപ്പിച്ച് വി എസ്; പാർട്ടി സമ്മേളനത്തിന്റെ ശോഭ കെടുത്തിയതിൽ അണികൾക്കും അമർഷം; പുറത്താക്കി താരമാക്കേണ്ടെന്ന് പാർട്ടി; പുറത്താക്കിയില്ലെങ്കിലും പദവികൾ നിഷേധിച്ച് സ്വയം പുറത്താകും

എല്ലാവരും കൈവിടുമെന്നായപ്പോൾ മനപ്പൂർവ്വം പ്രകോപിപ്പിച്ച് വി എസ്; പാർട്ടി സമ്മേളനത്തിന്റെ ശോഭ കെടുത്തിയതിൽ അണികൾക്കും അമർഷം; പുറത്താക്കി താരമാക്കേണ്ടെന്ന് പാർട്ടി; പുറത്താക്കിയില്ലെങ്കിലും പദവികൾ നിഷേധിച്ച് സ്വയം പുറത്താകും

ആലപ്പുഴ: വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് തലവേദനകൾ ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതുകൊണ്ട് തന്നെ ഈ മുതിർന്ന നേതാവ് പാർട്ടിയുടെ വേലിയിൽ നിന്ന് പുറത്തേക്ക് എന്നു പോകുമെന്ന ചർച്ചകളും പത്ത് വർഷമായി സജീവമാണ്. പക്ഷേ നിർണ്ണായക ഘട്ടങ്ങളിൽ സിപിഐ(എം) കേന്ദ്ര നേതൃത്വങ്ങൾ തന്ത്രപരമായി വിഎസിനെ ഒപ്പം കൂട്ടി. പിണറായി വിജയനെ അനുനയിപ്പിച്ചു. എന്തായാലും ആലപ്പുഴയിലെ സമ്മേളനത്തിൽ അത് നടക്കില്ലെന്നാണ് സൂചന. നിരന്തരം അച്ചടക്കം ലംഘിച്ച് പാർട്ടി വിരുദ്ധ മനോഭാവത്തിലേക്ക് തരംതാണു എന്ന കുറ്റം ചുമത്തിയ വി എസ്. അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കാൻ തന്നെയാണ് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

വിട്ടു കൊടുക്കാൻ മനോഭാവമില്ലാതെ വിഎസും സമ്മേളനത്തിന് എത്തും. സമ്മേളനകാലത്ത് നടപടി പാടില്ലെന്ന സംഘടനാ തത്വം മുറുകെ പിടിച്ച് ഏതു പോരാട്ടത്തിനും തയ്യാറായി വി എസ്. അച്യുതാനന്ദനും നിൽക്കുന്നു. പോളിറ്റ് ബ്യൂറോയുടെ അതിശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വി എസ്. അച്യുതാനന്ദൻ പാർട്ടി സംസ്ഥാന സമിതിയിൽ നിന്ന് ഇത്തവണ പുറത്താവും എന്നത് ഉറപ്പാണ്. പഴയ പോലത്തെ ശക്തിയില്ലാത്ത പി.ബിക്ക് എത്രത്തോളം ഇടപെടാനാവും എന്നതാണ് നിർണ്ണായകം. വി എസ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്. സാധാരണ ഗതിയിൽ കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ സംസ്ഥാന സമിതിക്ക് നടപടി സ്വീകരിക്കാനാവില്ല.

എന്നാൽ ഇവിടെ വി.എസിനെ സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കുകയല്ല ചെയ്യുന്നത്. ഇത്തവണത്തെ സമ്മേളനത്തിനൊടുവിൽ പുതിയ സംസ്ഥാന സമിതി അംഗങ്ങളുടെ പാനൽ തയ്യാറാക്കുമ്പോൾ വി.എസിന്റെ പേര് ഉൾപ്പെടുത്തുന്നില്ല എന്നേയുള്ളൂ. അതിൽ പാർട്ടി ഭരണ ഘടനാപരമായ ലംഘനമൊന്നും ഉത്ഭവിക്കുന്നില്ലെന്നാണ് ഔദ്യോഗിക നേതൃത്വം വിശദീകരിക്കുന്നത്. വി.എസിനെ ഒഴിവാക്കി അവതരിപ്പിക്കുന്ന പാനൽ സമ്മേളനം അംഗീകരിച്ചാൽ അത് തീരുമാനമാവും. അതല്ല വി.എസിനെ ഒഴിവാക്കിയ പാനലിനോട് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ വോട്ടിനിട്ടും അക്കാര്യത്തിൽ തീരുമാനമുണ്ടാക്കാം. ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥിതിക്ക് അനുകൂല തീരുമാനമുണ്ടാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.

ഇതിനെ പ്രതിരോധിക്കാൻ വിഎസിന് ഒപ്പം ആരുമില്ല. പാർട്ടിയുടെ ജനകീയ പ്രതിശ്ചായ തകർക്കാൻ മാത്രമേ വിഎസിന്റെ പുറത്താക്കൽ ഉപകരിക്കൂ എന്ന് ചിലർ വാദിക്കും. പക്ഷേ അതിനപ്പുറത്ത് ആരും വിഎസിനെ പിന്തുണയ്ക്കില്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വിഎസിനെ മാറ്റാനും ചർച്ച വരും. പാർട്ടിക്ക് പ്രധാനം അച്ചടക്കവും സംഘടനാ സംവിധാനവുമാണെന്ന് പിണറായി വിശദീകരിത്തും. അച്ചടക്കം ലംഘിക്കുന്നത് ആരായാലും അനുവദിക്കില്ല. അതും നിരന്തര അച്ചടക്ക ലംഘനം. അതുകൊണ്ട് തന്നെ വിഎസിനെതിരെ നടപടി എടുക്കും. എന്നാൽ അത് പുറത്താക്കൽ വരെ എത്തില്ല. കാരണം പുറത്താക്കിയാൽ വിഎസിന് രക്തസാക്ഷി പരിവേഷം കിട്ടും.

അതുകൊണ്ടാണ് സംസ്ഥാന സമിതിയിൽ നിന്ന് മാറ്റുന്നത്. വേണമെങ്കിൽ കേന്ദ്ര കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിക്കാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ പ്രകോപിപ്പിച്ചാൽ വി എസ് തന്നെ സ്വയം പാർട്ടിക്ക് പുറത്തുപോകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിൽ കയറ്റി രൂക്ഷമായി ആക്രമിച്ചു കൊണ്ട് വി എസ് കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്തിൽ പുതുതായി ഒന്നുമില്ല എന്നതാണ് രസകരമായ കാര്യം. എന്നിട്ടും അലപ്പുഴയിൽ വിഎസിനെ വെട്ടിനിരത്തുകമാത്രം ഉദ്ദേശിച്ചാണ് പിണറായി വിഭാഗം ചർച്ച ഉയർത്തുന്നത് എന്നതാണ് വസ്തുത.

ന്നെ കുറ്റപ്പെടുത്തി സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഈ മറുപുറവും കാണാതെ പോവരുതെന്നാണ് വി എസ് കുറിപ്പിൽ ആവശ്യപ്പെടുന്നത്. നേരത്തേ ചർച്ച ചെയ്തു തീർത്ത കാര്യമെന്ന് പറഞ്ഞു തന്നെയാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആ കുറിപ്പ് തള്ളിയത്. തുടർന്നായിരുന്നു അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് അത് നൽകിയത്. എന്നാൽ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് കുറിപ്പിന്റെ പൂർണരൂപം ഒരു പത്രത്തിൽ വന്നതാണ് പാർട്ടി ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചത്. വി എസ് ആണ് ഇത് ചോർത്തിയതെന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ വി എസ് അല്ല, വി.എസിനെ വെട്ടിലാക്കാൻ മറുപക്ഷമാണ് ചോർത്തിയതെന്ന് എതിർവാദവുമുണ്ട്.

അതെന്തായാലും ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തരമായി ചേർന്ന് പ്രമേയം പാസാക്കുകയും പാർട്ടി സെക്രട്ടറി അത് വിശദീകരിക്കുകയും ചെയ്യുന്നത് അസാധാരണമായ നടപടിയാണ്. വി.എസിന് 'കാപിറ്റൽ പണിഷ്‌മെന്റ് ' നൽകണമെന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ ഒരു യുവ പ്രതിനിധിയുടെ ആവശ്യം അടുത്ത സമ്മേളനകാലത്തും സജീവമാക്കാൻ ഔദ്യോഗിക പക്ഷത്തിനായെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP