ഇടതുമുന്നണിക്ക് 11 സീറ്റ് ഉറപ്പെന്ന് സിപിഎം; കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ,ചാലക്കുടി, തൃശൂർ, ആലപ്പുഴ, മാവേലിക്കര, ആറ്റിങ്ങൽ എന്നിവിടങ്ങിൽ വിജയിക്കും; കൊല്ലം, പൊന്നാനി, ഇടുക്കി, പത്തനംതിട്ട എന്നിവടങ്ങളിൽ കടുത്ത മൽസരം; രാഹുൽ പ്രഭാവവും ശബരിമല പ്രചാരണവും തടയാൻ കഴിഞ്ഞു; കാൽലക്ഷം കുടുംബയോഗങ്ങളിലൂടെ 40 ലക്ഷത്തോളം വോട്ടർമാരോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞു; ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അവസാനഘട്ട വിലയിരുത്തൽ ഇങ്ങനെ
April 20, 2019 | 08:04 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് 11 സീറ്റുകൾ ഉറപ്പെന്ന് സിപിഎം വിലയിരുത്തൽ. കേരളത്തിൽ കടുത്ത മൽസരമാണെന്ന് വിലയിരുത്തുന്ന സിപിഎം വിവിധ മാധ്യമങ്ങൾ നടത്തിയ സർവേകൾ തള്ളിക്കളയുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ,ചാലക്കുടി, തൃശൂർ, ആലപ്പുഴ, മാവേലിക്കര, ആറ്റിങ്ങൽ എന്നിവിടങ്ങിൽ വിജയം ഉറപ്പാണെന്നാണ് താഴെതട്ടിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. കൊല്ലം, പൊന്നാനി, ഇടുക്കി, പത്തനംതിട്ട എന്നിവങ്ങളിൽ കടുത്ത മൽസരമാണെന്നും പാർട്ടി വിലയിരുത്തുന്നു. എന്നാൽ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.രാഹുൽ ഗാന്ധി പ്രഭാവം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ അത് മറികടക്കാൻ കഴിഞ്ഞെന്നും, കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിർക്കുക എന്ന ആശയം ജനമനസ്സുകളിൽ ശക്തമായി എത്തിക്കാൻ കഴിഞ്ഞെന്നും സിപിഎം വിലയിരുത്തി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങളുടെ ശക്തമായി എതിർപ്പ് മറികടന്ന് വിജയിക്കാൻ കഴിഞ്ഞത് കുടുംബയോഗങ്ങളുടെ പശ്ചാത്തലത്തിലാണെന്ന സിപിഎം വിലയിരുത്തിയിരുന്നു. ആ രീതിയിൽ നടത്തിയ കുടുംബയോഗങ്ങൾ ഇത്തവണയും ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയുരത്തലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു.സംസ്ഥാന നേതാക്കളടക്കം നേരിട്ട് പങ്കെടുത്ത കാൽലക്ഷത്തോളം വരുന്ന കുടുംബയോഗങ്ങളാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇതിലൂടെ 40 ലക്ഷംപേരോടാണ നേരിട്ട് സംവദിച്ചത്.
ഒരു പ്രവർത്തകൻ കുറഞ്ഞത് 10 വീടെങ്കിലും സന്ദർശിക്കണമെന്ന രീതയും ഗുണം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിനിധികൾ വീടുകളിലെത്തി സ്ത്രീകളെ കണ്ട് വിവരശേഖരണം നടത്തിയിട്ടുണ്ട്. ഈ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ അതതു പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കിയശേഷം അതുസംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണ് ബൂത്ത് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോയിടത്തും യോഗങ്ങൾ നടത്തിയത്. കാൽലക്ഷത്തോളം വരുന്ന ബ്രാഞ്ച് കമ്മറ്റികളിൽ നിന്ന് പതിനായിരം രൂപ വീതം സിപിഎം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പരിച്ചിട്ടുമുണ്ട്.
കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിർക്കുകയും ഇവർ തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്ന ജനങ്ങളെ് ബോധവത്ക്കരിക്കുകയുമാണ് സിപിഎം കുടുംബയോഗങ്ങളിലുടെ ലക്ഷ്യമിട്ടത്. കോൺഗ്രസ് നൽകുന്ന ഓരോവോട്ടും ബിജെപിക്കുള്ളതാണെന്നും, ഇന്നത്തെ കോൺഗ്രസാണ് നാളത്തെ ബിജെപിയെന്നും ഇടതുമുന്നണി നേതാക്കൾ കൃത്യമായി പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബിജെപിയിലേക്ക് കാലുമാറിയ നൂറിലേറെ പ്രമുഖരുടെ ലിസ്റ്റും കുടുംബയോഗങ്ങളിൽ വായിക്കുന്നുണ്ട്. അതുപോലെ തന്നെ സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ യാതൊരു മാറ്റവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രചാരണം വഴി രാഹുൽ തംരഗ്ത്തെ തടയാൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കന്നത്.
സിപിഎമ്മിന്റെ 'ഹൈടെക് മീഡിയാ സെൽ' ന് കീഴിൽ ഐടി മേഖലയിലെ തന്ത്രങ്ങളൊരുക്കാൻ ആയിരത്തിലധികം സന്നദ്ധപ്രവർത്തകരെയാണ് സജ്ജമാക്കിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്റെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വൻ സൈബർ വാർ തന്നെയാണ് ഇവർ നടത്തിയത്. ഓരോ പാർലമെന്റ് മണ്ഡലവും കേന്ദ്രീകരിച്ചാകും ഇവർ പ്രവർത്തനം നടത്തിയത്. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി പത്രാധിപരുമായ പി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു സെൽ ആദ്യം ആസൂത്രണം ചെയ്തിരുന്നതെങ്കിലും. അദ്ദേഹം എറണാകുളത്ത് സ്ഥാനാർത്ഥിയായതോടെയാണ് ശിവദാസന് കീഴിലേക്ക് മാറ്റിയത്.
