Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടു; കുഞ്ഞാലിക്കുട്ടിയുടെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രരും ബിജെപിയും; പത്രിക സ്വീകരിച്ച വരണാധികാരിക്കെതിരെ കോടതിയേയും തിരഞ്ഞെടുപ്പു കമ്മീഷനേയും സമീപിക്കാനൊരുങ്ങി ബിജെപി

ഭാര്യയുടെ സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടു; കുഞ്ഞാലിക്കുട്ടിയുടെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രരും ബിജെപിയും; പത്രിക സ്വീകരിച്ച വരണാധികാരിക്കെതിരെ കോടതിയേയും തിരഞ്ഞെടുപ്പു കമ്മീഷനേയും സമീപിക്കാനൊരുങ്ങി ബിജെപി

മലപ്പുറം: ഇടക്കാല തിരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകിയ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിർദേശ പത്രിക അപൂർണമാണെന്ന് പരാതി. പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രണ്ട് സ്ഥാനാർത്ഥികളും രംഗത്ത്. ഭാര്യയുടെ സ്വത്തിനെ കുറിച്ചുള്ള വിവരങ്ങൾ കുഞ്ഞാലിക്കുട്ടി രേഖപ്പെടുത്തിയില്ല എന്നാണ് പരാതി.

ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് ആക്ഷേപം ഉയർന്നത്. അതേസമയം, നാമനിർദേശ പത്രികയിൽ പിഴവു കണ്ടെത്തിയെങ്കിലും ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പത്രിക വരണാധികാരി കൂടിയായ കലക്ടർ അമിത് മീണ സ്വീകരിച്ചു. ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടതു പത്രിക തള്ളാൻ മതിയായ കാരണമല്ലെന്നു കലക്ടർ പറഞ്ഞു. രണ്ടുപേർ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി നൽകിയിരുന്നു. അവർക്കു കോടതിയെ സമീപിക്കാമെന്നും കലക്ടർ പറഞ്ഞു.

മലപ്പുറത്തെ തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ച് സ്ഥാനാർത്ഥികൾ പ്രചരണം സജീവമാക്കിയിരിക്കെ ഇത്തരമൊരു പരാതി ഉയർന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മലപ്പുറത്തെ യുഡിഎഫ് സ്ഥാനാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അപൂർണ്ണമായ നാമനിർദ്ദേശ പത്രിക സ്വീകരിച്ച വരണാധികാരിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

ഫോം 26ലെ പതിനാലാമത്തെ കോളത്തിൽ ഭാര്യയുടെ സ്വത്തിനെ കുറിച്ചുള്ള വിവരങ്ങൾ കുഞ്ഞാലിക്കുട്ടി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ എ കെ ഷാജിയാണ് പരാതി ഉന്നയിച്ചത്. സൂക്ഷ്മ പരിശോധനാ വേളയിൽ ബിജെപി പ്രതിനികളും ഇക്കാര്യം ഉന്നയിച്ചെങ്കിലും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഇക്കാര്യം അംഗീകരിച്ചില്ല.

എന്നാൽ അപൂർണ്ണമായ നാമനിർദ്ദേശ പത്രിക സമർപ്പിച്ച മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയും ചെയ്തുവെന്ന് ബിജെപി ആരോപിക്കുന്നു. ഇത് റിട്ടേണിംങ് ഓഫീസറും മുസ്ലിം ലീഗും തമ്മിലുള്ള ഒത്തുകളിയാണൊണ് ബിജെപിയുടെ വാദം. വരണാധികാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന-കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കും ഹൈക്കോടതിയിലും പരാതി നൽകുമെന്നും ബിജെപി നേതാക്കൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ സൂക്ഷമ പരിശോധനക്കിടെ അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാൽ ബിജെപി പ്രതിനിധികളും സ്വതന്ത്രസ്ഥാനാർത്ഥികളും ഇത് അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്തു. അപൂർണ്ണ നാമനിർദ്ദേശ പത്രികയാണെങ്കിൽ തള്ളിക്കളയണമെന്ന സുപ്രീംകോടതിയുടെ വിധിയടക്കം റിട്ടേണിങ് ഓഫീസർക്ക് നൽകിയട്ടും അദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയായിരുന്നുവെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.

കുഞ്ഞാലിക്കുട്ടി ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയിട്ടും എൽഡിഎഫ് ഇതിനെതിരെ മൗനം പാലിക്കുകയാണെന്നും അവർ പറയുന്നു. മലപ്പുറത്ത് ഇരുവരും നടത്തുന്ന സൗഹൃദ രാഷ്ട്രീയമാണ് ഈ മൗനത്തിന്റെ പിന്നിലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആർ.എസ്.രാജീവ്, മേഖലാ സെക്രട്ടറി എം.പ്രേമൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.രശ്മിൽനാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇക്കഴിഞ്ഞ 20നാണ് കുഞ്ഞാലിക്കുട്ടി പത്രിക സമർപ്പിച്ചത്. സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ, ആര്യാടൻ മുഹമ്മദ് എന്നിവർക്കൊപ്പം എത്തിയായിരുന്നു പത്രികാ സമർപ്പണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP