Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരസ്യ പ്രചരണത്തിന് ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കേ കേരളത്തിൽ വിഐപി നേതാക്കളുടെ നിര; പത്തനംതിട്ടയിൽ സുരേന്ദ്രന്റെ വിജയസാധ്യത മുന്നിൽ കണ്ട് റോഡ് ഷോയുമായി ഇന്ന് അമിത് ഷാ; ആലപ്പുഴയിലും ബിജെപി ദേശീയ അധ്യക്ഷന് ഇന്ന് പൊതു യോഗം

പരസ്യ പ്രചരണത്തിന് ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കേ കേരളത്തിൽ വിഐപി നേതാക്കളുടെ നിര; പത്തനംതിട്ടയിൽ സുരേന്ദ്രന്റെ വിജയസാധ്യത മുന്നിൽ കണ്ട് റോഡ് ഷോയുമായി ഇന്ന് അമിത് ഷാ; ആലപ്പുഴയിലും ബിജെപി ദേശീയ അധ്യക്ഷന് ഇന്ന് പൊതു യോഗം

തിരുവനന്തപുരം : പരസ്യ പ്രചരണം മറ്റെന്നാൾ തീരും. അതുകൊണ്ട് തന്നെ പ്രചരണത്തിൽ ആവേശം നിറയ്ക്കാൻ കേന്ദ്ര നേതാക്കളെത്തുകയാണ്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധി കോൺഗ്രസിനായി വോട്ട് ചോദിക്കുമ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് 3ന് പത്തനംതിട്ടയിൽ റോഡ് ഷോ, 4ന് ആലപ്പുഴ പുന്നപ്ര കപ്പക്കട മൈതാനത്തു പൊതുസമ്മേളനം എന്നിവയാണു പരിപാടികൾ. ഉച്ചയ്ക്കു 2നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഹെലികോപ്റ്ററിൽ പത്തനംതിട്ടയ്ക്കു പോകും. പത്തനംതിട്ടയിലെ കെ സുരേന്ദ്രന്റെ വിജയസാധ്യത തിരിച്ചറിഞ്ഞാണ് അമിത് ഷാ പത്തനംതിട്ടയിൽ എത്തുന്നത്.

തിരഞ്ഞെടുപ്പു റോഡ് ഷോ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംക്ഷനിൽ നിന്നു തുടങ്ങി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. പുന്നപ്രയിലെ സമ്മേളനത്തിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുക്കും. പുന്നപ്ര കാർമൽ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന അമിത് ഷാ അവിടെനിന്നു തുറന്ന ജീപ്പിലാണ് വേദിയിലെത്തുക. നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ അമിത് ഷാ സംസാരിക്കും. 50,000 പേർ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടറില്ലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറിൽ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ എത്തും.

വൈകുന്നേരം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം എത്തിയ അമിത് ഷാ 'ശബരിമല' വിഷയം പരാമർശിച്ചിരുന്നു. ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞ അമിത് ഷാ, ശബരിമലയുടെ വിശുദ്ധി തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചെന്നും ആരോപിച്ചു. 'കേരളത്തിലെ സർക്കാർ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തർക്കെതിരെ അക്രമം അഴിച്ചുവിട്ടു. 30000 പേരെയെങ്കിലും ജയിലിൽ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികൾ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാൻ എന്താണ് ഇത്ര തിടുക്കം?', അമിത് ഷാ ചോദിച്ചു. പത്തനംതിട്ടയിലും ശബരിമല വികാരം തന്നെയാകും ആളിക്കത്തിക്കുക.

കലക്ടറേറ്റ്, ജനറൽ ആശുപത്രി, സെൻട്രൽ ജംക്ഷൻ, അബാൻ ജംക്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ പത്തനംതിട്ടയിലെ അമിത് ഷായുടെ റോഡ് ഷോ സമാപിക്കും. ബസ് സ്റ്റാൻഡിലെ ഓപ്പൺ സ്റ്റേജിലാണ് സമ്മേളനം. 50,000 പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഇവിടെ എത്തി റോഡ് ഷോയുടെ ക്രമീകരണങ്ങളും കെ.സുരേന്ദ്രന്റെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും അവലോകനം ചെയ്തു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുന്നപ്ര കപ്പക്കടയിലാണ് അമിത്ഷാ പങ്കെടുക്കുന്ന സമ്മേളനം. പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. മാവേലിക്കര മണ്ഡലത്തിൽ സിപിഐയെ കുരുതി കൊടുക്കാനായി കോൺഗ്രസ് നേതാക്കളുമായി പിന്നാംപുറ ധാരണയിലാണോയെന്ന് സിപിഎം തുറന്ന് പറയണമെന്ന് എൻ.ഡി.എ ആവശ്യപ്പെട്ടു.

സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ആലപ്പുഴയിൽ നടത്തിയ രാഷ്ട്രീയ നാടകത്തിന് പിന്നിലുള്ള രഹസ്യ ധാരണ ഡി.സി.സി നേതൃത്വം വ്യക്തമാക്കണം. ചതയം നാളിലാണ് ആരിഫ് ജനിച്ചത് എന്ന വ്യാജ പ്രചരണത്തിലൂടെ ശ്രീനാരായണ ഗുരുദേവന്റെ സമുദായ അംഗങ്ങളുടെ മനം കവരാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകുമെന്ന് കെ.സോമൻ പറഞ്ഞു. പരാതികൾ പരിശോധിക്കുന്നതിൽ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് വേഗതകുറവാണെന്നും എൻ ഡി എ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP