Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ രാഹുലിന്റെ അപരന്മാരും 'കൈനിറയെ' വോട്ടു നേടി; റെക്കോഡ് ഭൂരിപക്ഷവുമായി സാക്ഷാൽ രാഹുൽ ഗാന്ധി മുന്നേറിയപ്പോൾ കെ ഇ രാഹുൽ ഗാന്ധി 2193 വോട്ടും കെ രാഹുൽ ഗാന്ധി 844 വോട്ടും നേടി; ആകെയുണ്ടായിരുന്ന 2282 പോസ്റ്റൽ വോട്ടുകളിൽ 1333 വോട്ടും കോൺഗ്രസ് അധ്യക്ഷന് ലഭിച്ചപ്പോൾ നോട്ട കൊണ്ടുപോയത് 23 പോസ്റ്റൽ വോട്ടുകൾ

വയനാട്ടിൽ രാഹുലിന്റെ അപരന്മാരും 'കൈനിറയെ' വോട്ടു നേടി; റെക്കോഡ് ഭൂരിപക്ഷവുമായി സാക്ഷാൽ രാഹുൽ ഗാന്ധി മുന്നേറിയപ്പോൾ കെ ഇ രാഹുൽ ഗാന്ധി 2193 വോട്ടും കെ രാഹുൽ ഗാന്ധി 844 വോട്ടും നേടി; ആകെയുണ്ടായിരുന്ന 2282 പോസ്റ്റൽ വോട്ടുകളിൽ 1333 വോട്ടും കോൺഗ്രസ് അധ്യക്ഷന് ലഭിച്ചപ്പോൾ നോട്ട കൊണ്ടുപോയത് 23 പോസ്റ്റൽ വോട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: വയനാട്ടിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസ് അധ്യക്ഷൻ മാത്രമല്ല. രാഹുൽ ഗാന്ധിയുടെ അപരന്മാരും നേടി കൈ നിറയെ വോട്ട്. രാഹുൽ ഗാന്ധിയുടെ രണ്ട് അപരന്മാർ ചേർന്ന് നേടിയത് മൂവായിരത്തിലേറെ വോട്ടുകൾ. രാഹുൽ ഗാന്ധിയുടെ അപരന്മാരായി രണ്ട് 'രാഹുൽ ഗാന്ധി'മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇവർ രണ്ടു പേരും ചേർന്നു നേടിയത് 3037 വോട്ടുകൾ. അപരന്മാരായി മത്സരിച്ച കെ.ഇ.രാഹുൽ ഗാന്ധി 2193 വോട്ടും കെ.രാഹുൽ ഗാന്ധി 844 വോട്ടുമാണ് നേടിയത്.

ബാലറ്റിലെ ക്രമ നമ്പറിൽ രാഹുൽ ഗാന്ധിയുടെ പേര് ഒന്നാമതും അപരന്മാർ യഥാക്രമം 8, 16 ക്രമനമ്പറിലുമാണ് ഉണ്ടായിരുന്നത്. അപരന്മാരിൽ ഒരാളായ കെ. രാഹുൽ ഗാന്ധി ബത്തേരി നിയോജക മണ്ഡലത്തിൽ നിന്ന് മാത്രം നേടിയത് 562 വോട്ടുകളാണ്. പേരിന്റെ അവസാനം 'ഗാന്ധി'യുള്ള സ്ഥാനാർത്ഥി കെ.എം.ശിവപ്രസാദ് ഗാന്ധിയും 320 വോട്ടും നേടി.

ആദ്യമെണ്ണുന്ന പോസ്റ്റൽ വോട്ടിലും 'ലീഡ്' നേടി രാഹുൽ ഗാന്ധി. 2282 പോസ്റ്റൽ വോട്ടുകളിൽ 1333 വോട്ടും രാഹുൽ ഗാന്ധിക്കാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പി.പി.സുനീറിന് 626 വോട്ടും എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് 226 വോട്ടും ലഭിച്ചു. പോസ്റ്റൽ വോട്ടുകളിൽ 562 വോട്ടുകൾ അസാധുവാക്കി. ആകെയുള്ള പോസ്റ്റൽ വോട്ടുകളിൽ 23 എണ്ണം 'നോട്ട* നേടിയെന്നതും കൗതുകമായി. സിപിഐ(എംഎൽ) സ്ഥാനാർത്ഥി കെ.ഉഷ, ബിഎസ്‌പി സ്ഥാനാർത്ഥി പി.കെ.മുഹമ്മദ് എന്നിവർ യഥാക്രമം 25, 22 വീതം പോസ്റ്റൽ വോട്ടുകളും നേടി.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് വയനാട്. രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ നടത്തിയ റോഡ് ഷോയിൽ മുസ്ലിംലീഗിന്റെ പതാകയെ പാക്കിസ്ഥാൻ പതാകയെന്ന രീതിയിൽ വിമർശിച്ച അമിത് ഷായുടെ പ്രസ്താവനയുൾപ്പെടെ വിവാദമായിരുന്നു. മണ്ഡലത്തിൽ കോൺഗ്രസിന്റെയും സിപിഐയുടെയും ബിജെപിയുടെയും ദേശീയ നേതാക്കളുൾപ്പെടെ പ്രചാരണത്തിനും എത്തിയിരുന്നു.

വയനാട് മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധി നേടിയത്. തുടർച്ചയായ മൂന്നാം തവണയും മണ്ഡലത്തിലെ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. 2014-ലെ തിരഞ്ഞെടുപ്പിൽ 20870 ആയിരുന്ന ഭൂരിപക്ഷം ഇത്തവണ നാലുലക്ഷം കവിഞ്ഞു. മണ്ഡലത്തിലെ ഏഴ് ലക്ഷത്തിൽപ്പരം വോട്ടുകളാണ് രാഹുലിന്റെ അക്കൗണ്ടിൽ വീണത്.

മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീർ രണ്ടാമതെത്തി. മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതിൽനിന്ന് ഒരുലക്ഷത്തോളം വോട്ടുകൾ കുറഞ്ഞു. ഏഴ് നിയമസഭാമണ്ഡലങ്ങളിൽ ഒരിടത്തുപോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലുൾപ്പടെ യു.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്.

മൂന്നാമതെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വോട്ടിന്റെ എണ്ണത്തിൽ കഴിഞ്ഞ തവണ മത്സരിച്ച രശ്മിൽകുമാറിന് നേടാനായതിൽനിന്ന് ഇത്തവണയും വലിയ വ്യത്യാസമില്ല. ബത്തേരി മണ്ഡലത്തിൽനിന്നാണ് മുന്നണിക്ക് കൂടുതൽ വോട്ട് നേടാനായത്. ലക്ഷത്തിലേറെ വോട്ടുകൾ നേടാമെന്ന എൻ.ഡി.എയുടെ കണക്കുകൂട്ടലുകൾ ഇതോടെ അസ്ഥാനത്താകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP