Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തവരെല്ലാം ഇക്കുറി ആം ആദ്മിക്ക് വോട്ട് ചെയ്തു; സംഘത്തിന് മീതെ വളരാൻ ശ്രമിച്ചപ്പോൾ ആർഎസ്എസും മോദിക്ക് ക്ലിപ്പിട്ടു; കെജ്രിവാളിനേയും ഞെട്ടിച്ച ഭൂരിപക്ഷം ആപ്പ് നേടിയത് ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തവരെല്ലാം ഇക്കുറി ആം ആദ്മിക്ക് വോട്ട് ചെയ്തു; സംഘത്തിന് മീതെ വളരാൻ ശ്രമിച്ചപ്പോൾ ആർഎസ്എസും മോദിക്ക് ക്ലിപ്പിട്ടു; കെജ്രിവാളിനേയും ഞെട്ടിച്ച ഭൂരിപക്ഷം ആപ്പ് നേടിയത് ഇങ്ങനെ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ കണക്ക് കൂട്ടലുകൾ പോലും ഞെട്ടിച്ച് അധികാരത്തിൽ എത്താൻ അവരെ സഹായിച്ചത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. മോദി വിരുദ്ധ കോൺഗ്രസ് വോട്ടർമാരിൽ ബഹു ഭൂരിഭാഗവും കൈപ്പത്തിയെ മറന്ന് ചൂലിനെ നെഞ്ചോട് ചേർത്തു.

അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് മൊത്തമായി കെജ്രിവാളിനെ പിന്തുണച്ചു. മറുഭാഗത്ത് ബിജെപിയുടെ ശക്തിയായി ഏവരും കരുതുന്ന ആർഎസ്എസും മോദിയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചതോടെ ഡൽഹിയിൽ കെജ്രിവാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമായി. അതായത് മോദി വിരുദ്ധ വോട്ടുകൾ തന്നെയാണ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കുന്നത്. കോൺഗ്രസിന് ബിജെപിയെ വെല്ലുവിളിക്കാനാകില്ലെന്ന സാമാന്യയുക്തിയും ഫലത്തിൽ നിഴലിച്ചു.

2013ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 34 ശതമാനമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട്. 32 ശതമാനത്തോളം വോട്ട് ആംആദ്മിയും നേടി. കോൺഗ്രസിന് 22 ശതമാനത്തോളം വോട്ട് കിട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് 42 ശതമാനമായി. അവിടെ കോൺഗ്രസും ആംആദ്മിയും അപ്രസക്തരുമായി. അവിടെയാണ് ഡൽഹി രാഷ്ട്രീയം തുടങ്ങുന്നത്. ഡൽഹിക്കൊപ്പം ദേശീയ തലത്തിലും കോൺഗ്രസ് തകർന്നടിഞ്ഞു. മോദിക്ക് ബദലാകാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് ആകില്ലെന്ന് രാജ്യം തിരിച്ചറിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭരണത്തെ വിലയിരുത്താൻ കഴിയുന്ന സമയമായില്ലെങ്കിലും ചില ഏകാധിപത്യ പ്രവണതകൾ മോദിയുടെ ഭാഗത്ത് നിഴലിച്ചു. ആസൂത്രണ കമ്മീഷനെ നീതി ആയോഗ് ആക്കിയതും ബരാക് ഒബാമയുടെ ഡൽഹി സന്ദർശനത്തിലെല്ലാം മോദിയെന്ന ഒറ്റമുഖമാണ് ഉയർത്തിക്കാട്ടിയത്.

2013ലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപിയുടെ മുഖം ഹർഷവർദ്ധനെന്ന ഡോക്ടറായിരുന്നു. ഈ അഴിമതി കറപുരളാത്ത രാഷ്ട്രീയക്കാരനെ ഡൽഹിക്കും ഇഷ്ടമായിരുന്നു. അതുകൊണ്ട് കൂടിയാണ് 2013ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയത്. ലോക്‌സഭാ മാജിക്കിന് പിന്നിലും ഹർഷവർദ്ധന്റെ നേതൃഗുണമുണ്ടായിരുന്നു. എംപിയായി പാർലമെന്റിലെത്തിയ ഹർഷവർദ്ധൻ കേന്ദ്ര ആരോഗ്യമന്ത്രിയായി. ഇതിനിടെയിൽ എയിംസുമായി ബന്ധപ്പെട്ട വിവാദത്തിൽ മോദി അനുയായി ആയ ജെപി നദ്ദയുമായി ഹർഷവർദ്ധൻ ഉരസി. ഏകപക്ഷീയമായി ഹർഷവർദ്ധനെ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് മാറ്റി അപ്രദാനമായ ശാസ്ത്ര സാങ്കേതിക വകുപ്പ് ഏൽപ്പിച്ചു. ഇതോടെ ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഹർഷവർദ്ധനെ അവതരിക്കുമെന്നും ഡൽഹി ജനത കരുതി.

പക്ഷേ ജെപി നദ്ദയെ ആരോഗ്യമന്ത്രിയാക്കിയ മോദി ഹർഷവർദ്ധനെ കൂടുതൽ അപമാനിച്ചു. ഡൽഹി പ്രചരണത്തിന്റെ ചുമതല ഹർഷവർദ്ധനെ ഏൽപ്പിച്ചില്ല. ഈ ഘട്ടത്തിലാണ് ഡൽഹിയിൽ ബിജെപിയെ അനുകൂലിച്ചവർ മാറി ചിന്തിച്ചു തുടങ്ങിയത്. അഭിമാന പോരാട്ടമായതിനാൽ ബിജെപി ദേശീയ അധ്യക്ഷൻ കിരൺ ബേദിയെന്ന തുറുപ്പു ചീട്ടിനെ ഇറക്കിയിട്ടും ഡൽഹിയിലെ വോട്ടർമാർ താമര ചിഹ്നത്തെ കൈവിട്ടു. പ്രചരണത്തിൽ ഹർഷവർദ്ധനെ ഇറക്കി നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളും അംഗീകരിച്ചില്ല. ഇതോടെ ബിജെപി ക്യാമ്പിൽ വിള്ളൽ വീണു. വോട്ടുകൾ ചോർന്നു. ആർഎസ്എസും മോദിക്ക് പണി നൽകാൻ പരസ്യമായി ഇറങ്ങി.

പരസ്യ പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആർഎസ്എസ് പ്രവചനവുമായെത്തി. ബിജെപി തോൽക്കുമെന്ന് പരിവാർ പറഞ്ഞതോടെ അവരുടെ വോട്ട് ബാങ്ക് ചിന്തതുടങ്ങി. കടുത്ത ആർഎസ്എസുകാർ ബേദിയെ കൈവിട്ടു. എന്നും സംഘപരിവാറിന്റെ പ്രവർത്തന രീതിയാണ് ഇത്. ആരേയും അവർക്ക് മുകളിലെത്തിക്കാൻ ആർഎസ്എസ് അനുവദിക്കില്ല. ഏകപക്ഷീയ നിലപാടുമായി മോദി ആർഎസ്എസിനെ വിഴുങ്ങുമെന്ന് ചിലരെങ്കിലും കരുതി. ഘർവാപ്പസിയിലും മറ്റും ആർഎസ്എസ് നടത്തിയ നീക്കങ്ങളെ മോദി പിന്തുണച്ചില്ല. ഹിന്ദുത്വ അനുകൂല പരമാർശങ്ങൾ നടത്തിയ സംഘപരിവാർ എംപിമാരെ ശാസിച്ചു. അങ്ങനെ സംഘത്തിന് മുകളിൽ വളർന്ന് ഇന്ത്യയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചാൽ തിരിച്ചടി കിട്ടുമെന്ന് മോദിയെ പഠിപ്പിക്കാൻ ഡൽഹിയെ അവർ വേദിയാക്കി. അതോടെ 1993ന് ശേഷം ഡൽഹിയിൽ ബിജെപിയുടെ ഏറ്റവും വലിയ തകർച്ചയും ഉണ്ടായി.

ഇരുപത് സീറ്റെങ്കിലും കിട്ടുമെന്ന ബിജെപി പ്രതീക്ഷകൾ പോലും തകർത്തത് ആർഎസ്എസിന്റെ നീക്കമാണ്. പല ഘട്ടത്തിലും മൗനം പാലിച്ച് ബിജെപി വോട്ടുകൾ കുറയ്ക്കുന്ന പതിവ് തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞു. ആർഎസ്എസ് നേതാക്കളെ തള്ളി ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കാമെന്ന മോഹം വേണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. അതുകൊണ്ട് തന്നെ ആർഎസ്എസിന്റെ പ്രവർത്തകരെ അണി നിരത്തി മുന്നേറിയില്ലെങ്കിൽ അധികാരത്തിലെ നാളുകൾ ശുഭകരമാകില്ലെന്ന് മോദിയും ഇനി തിരിച്ചറിയും. അത്തരത്തിലൊരു ഭരണ നയമാറ്റം മോദി സർക്കാരിൽ ഉണ്ടാകുമോ എന്നതാണ് നിർണ്ണായകം.

ആർഎസ്എസിന്റെ കാലുമാറ്റത്തിനൊപ്പമാണ് കോൺഗ്രസിന്റെ തകർച്ച. കോൺഗ്രസിന്റെ മൊത്തം വോട്ടുകളും ആംആദ്മിയിലേക്ക് ഒഴുകി. ത്രികോണ മത്സരത്തിന്റെ പ്രതീതി ഇല്ലാതെയായി. അജയ് മാക്കനെന്ന ക്ലീൻ കോൺഗ്രസുകാരനെ പോലും ഡൽഹി ജയിപ്പിച്ചില്ലെന്ന് പറയുമ്പോഴാണ് കോൺഗ്രസിന്റെ തകർച്ച വ്യക്തമാകുന്നത്. ഡൽഹിയിലെ 70 മണ്ഡലങ്ങളിലും പരമ്പരാഗത കോൺഗ്രസുകാർ ആപ്പിന് വോട്ട് കുത്തിയതോടെ കോൺഗ്രസ് തകർന്നു. എങ്കിലും അവർ സന്തുഷ്ടരാണ്. കാരണം മോദിയുടെ അഹങ്കാരത്തെ തടയാൻ കെജ്രിവാളിന്റെ കുതുപ്പിലൂടെ കഴിഞ്ഞു. ഈ മാതൃക തുടർന്നും കോൺഗ്രസ് വോട്ടർമാർ പിന്തുടർന്നാൽ കൈപ്പത്തിയുടെ കഷ്ടകാലം തുടരും. ബിജെപിയും ബിജെപി വിരുദ്ധരുമെന്ന രണ്ട രാഷ്ട്രീയ ചേരിയിലേക്ക് രാജ്യമെത്തുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഡൽഹിയിലെ ആംആദ്മിയുടെ ചരിത്ര വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP