Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറന്ന് വീണത് അജയ്യനായ മോദിയുടെ ആദ്യത്തെ എതിരാളി; കോൺഗ്രസ് കൂടുതൽ ദുർബലമാകും; തീവ്ര വലത് പക്ഷത്തേക്ക് ചാഞ്ഞ ബിജെപിക്കെതിരെ ഇന്ത്യയിൽ ഇനി ലാറ്റിൻ അമേരിക്കൻ മോഡൽ നവ ഇടത് രാഷ്ട്രീയം കത്തിപ്പടരും

പിറന്ന് വീണത് അജയ്യനായ മോദിയുടെ ആദ്യത്തെ എതിരാളി; കോൺഗ്രസ് കൂടുതൽ ദുർബലമാകും; തീവ്ര വലത് പക്ഷത്തേക്ക് ചാഞ്ഞ ബിജെപിക്കെതിരെ ഇന്ത്യയിൽ ഇനി ലാറ്റിൻ അമേരിക്കൻ മോഡൽ നവ ഇടത് രാഷ്ട്രീയം കത്തിപ്പടരും

ഷാജൻ സ്‌കറിയ

ന്യൂഡൽഹി: ഡൽഹി സമ്പൂർണ്ണ അധികാരമുള്ള ഒരു സംസ്ഥാനമല്ല. അതുകൊണ്ട് തന്നെ ഡൽഹിയിലെ ഭരണമാറ്റം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോളം പോലും പ്രാധാന്യം ഉണ്ടാവേണ്ടതല്ല.

എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ താത്പര്യത്തോടെ ചൂടോടും കൂടിയാണ് രാജ്യം ഈ തെരഞ്ഞെടുപ്പിനെ കാത്ത് നിന്നത്. അതിന് വ്യക്തമായ ഒരു കാരണം മാത്രമേ ഉള്ളൂ. ജാതിയും മതവും ജന്മിത്തവും കുടുംബവാഴ്ചയും നിർണ്ണായക ഘടകമാകുന്ന ഇന്ത്യൻ ജനാധിപത്യ ഭൂമികയിൽ കേവലം രണ്ട് വർഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പാർട്ടിയും അരാജകവാദി എന്നു ഭരണകൂടം അടച്ചാക്ഷേപിക്കുന്ന ഒരു നേതാവും ഉയർന്നു വന്നത് തന്നെ. അരവിന്ദ് കെജ്രിവാൾ എന്ന സാമ്രാജ്യത്വ വിരുദ്ധ അരാജകവാദിയായ മുൻ സർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യയുടെ നക്ഷത്രമായി ഉദിച്ചുയർന്നപ്പോൾ എല്ലാവരും ചോദിച്ചത് ഒരേ ഒരു ചോദ്യം മാത്രം. ഇന്ദിഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് എതിർക്കാൻ തന്റേടമുള്ള ഒരേ ഒരു നേതാവ് ജനിക്കുമോ എന്ന ചോദ്യം.

ഡൽഹിയിലെ അഭൂതപൂർവ്വമായ വിജയം കെജ്രിവാളിനെ ഒരു അരാജകവാദിയായ സമരനേതാവിൽ നിന്നും കരുത്തനായ ഒരു നേതാവിലേക്ക് മാറാൻ നിർബന്ധിതനാക്കും. മോദി എന്ന കരുത്തനായ നേതാവ് കടിഞ്ഞാൺ ഇല്ലാതെ ഓടാതിരിക്കാൻ ഇന്ത്യക്കാർ അറിഞ്ഞ് സമ്മാനിച്ചതാണ് അരവിന്ദ് കെജ്രിവാളിനെ. ശത്രു നിഗ്രഹത്തിൽ അസാധാരണ വൈഭവം കാട്ടി അജയ്യനായി വളർന്ന മോദിയെ ഭരണത്തിൽ ഏറി 100 ദിവസം തികയുമ്പോൾ തന്നെ നിയന്ത്രിക്കാൻ ഇന്ത്യൻ ജനാധിപത്യം കരുത്ത് കാട്ടി. അഴിമതിക്കാരനെന്ന പരാതി മോദിയെക്കുറിച്ച് ആർക്കും ഇല്ലെങ്കിലും അമിതാധികാര കേന്ദ്രീകരണവും കോർപ്പറേറ്റ് പ്രീണനവും മോദിക്ക് ഒരു കടിഞ്ഞാൺ ആവശ്യമാണെന്ന തോന്നൽ ശക്തമാക്കി. അഴിമതിയിൽ ഡോക്ടറേറ്റ് ഉള്ള കോൺഗ്രസിന് പകരം ഒരു നവ രാഷ്ട്രീയം വളർത്തി എടുക്കാൻ കെജ്രിവാളിന് കഴിഞ്ഞപ്പോൾ അവർ ഒപ്പം നിന്നു. മോദിയെ വഴി തെറ്റാതെ നോക്കാനുള്ള ചുമതലയാണ് ഡൽഹിക്കാൽ കെജ്രിവാളിനെ ഏൽപ്പിച്ചത്.

ഇന്ത്യൻ രാഷ്ട്രീയത്തിന് ആം ആദ്മിയുടെ വിജയം പുതിയൊരു ദിശ തന്നെ സൃഷ്ടിച്ചിരിക്കും. ലാറ്റിൻ അമേരിക്കയിൽ പണ്ടേ നിലവിലുള്ള നവഇടത് പക്ഷത്തിലേക്ക് ഈ അടുത്ത കാലത്ത് യൂറോപ്പും നടന്ന് തുടങ്ങിയിരുന്നു. അതേ പാതയിൽ തന്നെയാണ് ഇന്ത്യയും എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം സൂചന നൽകുന്നു. തീവ്ര വലത് പക്ഷ പാർട്ടികൾ സജീവമാകുമ്പോഴാണ് എല്ലായിടത്തും നവ ഇടത് പക്ഷം പിറക്കുന്നത്. മോദി അധികാരത്തിൽ എത്തിയതോടെ നിലപാടുകൾ തീവ്ര വലത് പക്ഷത്തേക്ക് ചെരിഞ്ഞതോടെയാണ് ഇന്ത്യയും അത്തരം ഒരു മാറ്റത്തിന് കളം ഒരുങ്ങിയത്. കോൺഗ്രസിന്റെ വലത് പക്ഷ നിലപാടിനെതിരെ സമരം ആരംഭിച്ച കെജ്രിവാൾ സംഘത്തിന് ബിജെപിയുടെ അധികാര കൈമാറ്റം കാര്യങ്ങൾ എളുപ്പമാക്കുക ആയിരുന്നു. വലത് പക്ഷ രാഷ്ട്രീയത്തിന്റെ കുത്തകാവകാശം ബിജെപി സ്വന്തം ആക്കിയതോടെ നവഇടത്പക്ഷത്തിന് പ്രസക്തി വർദ്ധിക്കുകയും അതിന്റെ പ്രവാചകനായ കെജ്രിവാൾ മാറുകയായിരുന്നു.

കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമല്ല നവ ഇടത് പക്ഷത്തിന്റേത്. പ്രകൃതിയും ഭൂമിയും ആദിവാസികളും സ്ത്രീകളും ദുർബലരും ഒക്കെ ചേർന്ന സമൂഹത്തിന്റെ ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. ഇതാണ് മിക്കയിടങ്ങളിലും കലാപമയും സംഘർഷമായും മാറുന്നത്. പ്രകൃതിക്കും മനുഷ്യനും മുകളിലുള്ള വികസനത്തിൽ ഇവർ വിശ്വസിക്കുന്നില്ല. ലാറ്റിൻ അമേരിക്കയാണ് വാസ്തവത്തിൽ ഈ മോഡലിന് തുടക്കമിട്ടത്. മുതലാളിത്വ വിരുദ്ധ പ്രക്ഷോഭങ്ങളായി ഈ അടുത്ത കാലത്ത് ഇത് യൂറോപ്പിലും ശക്തി പ്രാപിച്ചു. ഈ കലാപകാരികൾ ഗ്രീസിൽ കഴിഞ്ഞ ആഴ്ച അധികാരത്തിൽ എത്തുക കൂടി ചെയ്തു. സ്‌പെയിനിലും തുർക്കിയിലുമൊക്കെ അതിന്റെ കാറ്റ് വീശിത്തുടങ്ങി. അതിനിടയിലാണ് ലോകത്തേറ്റവും സങ്കീർണ്ണമായ രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയുടെ തലസ്ഥാനത്ത് കെജ്രിവാൾ ഈ ദീപം തെളിയിച്ചത്.

ഇവിടെ കോൺഗ്രസ് കൂടുതൽ ദുർബലമാകുകയാണ്. ഇടതോ വലതോ എന്നറിയാതെ നേതൃദാരിദ്ര്യം മൂലം ചക്രശ്വാസം വലിക്കുകയാണ് കോൺഗ്രസ്. മുൻ വർഷത്തേക്കാൾ ശ്രദ്ധയോടെ സ്ഥാനാർത്ഥി നിർണ്ണയവും, പരാതിയുമില്ലാത്ത പ്രചരണവും ഒക്കെ നടത്തിയിട്ടും ജനങ്ങൾ കോൺഗ്രസിനെ തിരിഞ്ഞ് നോക്കിയേ ഇല്ലേ.ഒരു വർഷം മുമ്പ് വരെ ഒന്നര പതിറ്റാണ്ട് ഇന്ത്യ ഭരിച്ച കോൺഗ്രസാണ് ഒരു സീറ്റ് പോലും നേടാനാകാതെ കഥാവശേഷനായത്. ഇന്ത്യ മുഴുവൻ കോൺഗ്രസിനെ കാത്തിരിക്കുന്നത് തത്ക്കാലം ഈ ദുർവിധി തന്നെയാണ്. കാരണം ഇതുവരെ സ്വന്തമായി കരുതിയിരുന്ന വലത് പക്ഷ രാഷ്ട്രീയം ബിജെപി തട്ടിയെടുത്തു. അമേരിക്കയും യൂറോപ്പും അടങ്ങുന്ന മുതളാത്തിത്തത്തിന്റെ വക്താകൾക്ക് എന്തുകൊണ്ടും ഇഷ്ടം മോദിയുടെ വലത് പക്ഷം തന്നെയാണ്. നവ ഇടത് പക്ഷത്തിന് നേതൃത്വം കൊടുക്കാനുള്ള ആശയ സ്ഫുടത ഒട്ടില്ലതാനും.

കെജ്രിവാൾ നേതൃത്വം നൽകുന്ന നവഇടത് പക്ഷമാണ് ഇനി മോദിക്ക് ബദൽ ആകേണ്ടത്. കോൺഗ്രസിന്റെ പിന്തുണയോടെ മാത്രമേ ഈ രാഷ്ട്രീയത്തിന് തത്ക്കാലംവേര് പിടിക്കാൻ കഴിയൂ. ഒന്നോ രണ്ടോ പൊതു തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ ഈ സംവിധാനത്തിലേക്ക് പതിയെ മാറാൻ കോൺഗ്രസും നിർബന്ധിതരാവും. അതിന് മുമ്പ് രാഷ്ട്രീയത്തെ ഒട്ടേറെ പ്രാദേശിക പാർട്ടികൾ കെജ്രിവാളിനെ അംഗീകരിക്കേണ്ട സ്ഥിതിയിലേക്ക് മാറും. അഴിമതിയിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന ഈ പ്രാദേശിക പാർട്ടികൾ ഇപ്പോൾ ബിജെപി കടന്നു കയറ്റത്തിൽ ശ്വാസം മുട്ടുകയാണ്. ബിജെപിയെ പ്രതിരോധിക്കാൻ അവയ്ക്ക് വഴി ആം ആദ്മി ശൈലിയിലേക്ക് മാറുക മാത്രമാണ്. ഡൽഹിയിൽ സിപിഎമ്മും മമതയും ഒരേപോലെ ആപ്പിനെ പിന്തുണച്ചത് ഈ ദിശയിലേക്കുള്ള ആദ്യ ചുവട് വയ്‌പ്പാണ്.

ഇവർക്കൊക്കെ കെജ്രിവാളിനെ അംഗീകരിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. അധികാരത്തിന് വേണ്ടി അവരുടെ ഒന്നും മുമ്പിൽ തലകുനിക്കാതെ സ്വന്തം രാഷ്ട്രീയ നിലപാടിൽ ഉറച്ച് നിന്ന് രണ്ടോ മൂന്നോ വർഷം കൊണ്ട് രാജ്യത്തെമ്പാടും ആം ആദ്മിക്ക് വേരുണ്ടാക്കുകയായിരിക്കും ആദ്യം കെജ്രിവാൾ ചെയ്യുക. ലാലുവും നിധീഷും മമതയും മുതൽ മുലായവും ഇടത് പക്ഷവും വരെയുള്ളവർ പതിയെ പതിയെ ആം ആദ്മിയെ അംഗീകരിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുക. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയിട്ടും കഥയറിയാതെ ആടുന്ന കോൺഗ്രസിന് ഒടുവിൽ ഈ സംവിധാനങ്ങളുടെ ഭാഗമാകേണ്ടി വരും. എന്തായാലും ഇന്ത്യൻ ജനാധിപത്യത്തിനെ വൻ വിജയമായി വേണം ഡൽഹി തെരഞ്ഞെടുപ്പിനെ വിലയിരുത്താൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP