Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഎസിനെ ചൊല്ലി ഇടതുമുന്നണിയിൽ മുറുമുറുപ്പ് തുടരുന്നു; സ്ഥാനാർത്ഥിയെ ചൊല്ലി യുഡിഎഫിലും; രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ ഇരു മുന്നണികളും; അരുവിക്കര ചൂടുപിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വി എസ് അച്യുതാനന്ദനെ മാറ്റി നിർത്തില്ല. ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര നേതൃത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. വി എസ് അച്യുതാനന്ദനോടും കേന്ദ്ര നേതാക്കൾ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രചരണ യോഗങ്ങളിലേക്ക് പാർട്ടിനേതൃത്വം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ. ഇക്കാര്യം അദ്ദേഹം എൽ.ഡി.എഫ്. കൺവീനർ വൈക്കം വിശ്വനെ അറിയിച്ചതായാണ് സൂചന. എന്നാൽ വിഎസിനെ സജീവമാക്കുന്നതിനോട് പിണറായി വിജയന് താൽപ്പര്യമില്ല. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യമില്ലെങ്കിലും അരുവിക്കരയിൽ വിജയകുമാർ ജയിക്കുമെന്ന് തന്നെയാണ് പിണറായിയുടെ പക്ഷം.

അതിനിടെ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ യുഡിഎഫിൽ തുടരുകയാണ്. അരുവിക്കര മണ്ഡലത്തിലെ പല കോൺഗ്രസ് നേതാക്കളും പ്രചരണത്തിൽ സജീവമല്ല. ഈ സാഹചര്യത്തിൽ ശബരിനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഇടപെടൽ നടത്തി. എല്ലാ പ്രാദേശീക നേതാക്കളേയും അദ്ദേഹം വ്യക്തിപരമായി ബന്ധപ്പെടുന്നുണ്ട്. ഐ ഗ്രൂപ്പിന്റെ നിസ്സഹകരണം ഉണ്ടാകുമോ എന്ന ഭയവുമുണ്ട്. ശനിയാഴ്ച യുഡിഎഫ് മണ്ഡലം കൺവെൻഷൻ എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. ആന്റണിയും വിഷയത്തിൽ ഇടപെടും. ഗ്രൂപ്പ് പ്രശ്‌നങ്ങൾ അതോടെ മാറുമെന്നാണ് വിലയിരുത്തൽ. ബിജെപി സ്ഥാനാർത്ഥിയായി ഒ രാജഗോപാൽ എത്തുന്നതിന്റ നേട്ടം ഒരുമിച്ച് നിന്നാൽ ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ജൂൺ 3ന് നടക്കുന്ന ഇടതുമുന്നണിയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് തന്നെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം നൽകിയ വിശദീകരണം വിഎസിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. പാർട്ടി സെക്രട്ടറിമാർ എന്ന പദവി നോക്കിയാണ് കൺവെൻഷനിലേക്ക് ആളുകളെ ക്ഷണിച്ചതെന്നായിരുന്നു അത്. ഇതിനൊപ്പം പിണറായി വിജയനും വിഎസുമാകും മുഖ്യ പ്രചാരകരെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഇതോടെയാണ് വി എസ് അനുകൂല നിലപാടിലേക്ക് വന്നത്. അരുവിക്കരയിൽ തന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് അദ്ദേഹവും അറിയിച്ചു. പക്ഷേ പോസ്റ്ററിൽ വിഎസിന്റെ ചിത്രം പതിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്. വിഎസിന്റെ ചിത്രം വയ്ക്കണമെന്നതാണ് സ്ഥാനാർത്ഥി വിജയകുമാറിന്റെ നിലപാട്. എന്നാൽ അത് അനുവദിക്കില്ലെന്ന് സംസ്ഥാന നേതൃത്വവും. കേന്ദ്ര നേതൃത്വം ഈ വിഷയത്തിലും ഇടപടെൽ നടത്തുമെന്നാണ് സൂചന.

ഞായറാഴ്ച നടന്ന എൽ.ഡി.എഫ്. യോഗത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടകനെ തീരുമാനിച്ചിരുന്നില്ലെങ്കിലും വി എസ്. ഉദ്ഘാടനം ചെയ്യണമെന്ന അഭിപ്രായം പൊതുവെ ഉണ്ടായിരുന്നു. എന്നാൽ, ഞായറാഴ്ച വൈകീട്ട് ചേർന്ന എൽ.ഡി.എഫ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി, കൺവെൻഷന്റെ ഉദ്ഘാടകനായി സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിശ്ചയിക്കുകയായിരുന്നു. പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദനേയും െപാളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനേയും ഉദ്ഘാടനച്ചടങ്ങിലെ പ്രാസംഗികരുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. വിവാദം ഒഴിവാക്കി അരുവിക്കരയിൽ ജയിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പാർട്ടിയും എൽ.ഡി.എഫും നിശ്ചയിക്കുന്ന പരിപാടികളിലെല്ലാം താൻ സജീവമായി പങ്കെടുക്കുമെന്നും പാർട്ടി നേതാക്കളുമായി സംസാരിച്ച് തീരുമാനം തന്നെ അറിയിക്കണമെന്നും വി എസ്. വൈക്കം വിശ്വനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വി എസ്സിനെ ഒഴിവാക്കിയത് അപ്രതീക്ഷിത വിവാദത്തിന് തിരികൊളുത്തിയ പശ്ചാത്തലത്തിൽ വി എസ്സിനെ പങ്കെടുപ്പിച്ച് അരുവിക്കര മണ്ഡലത്തിൽ പൊതുയോഗങ്ങൾ നടത്താൻ എൽ.ഡി.എഫ്. തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. അരുവിക്കര മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലികളിലും പൊതുയോഗങ്ങളിലും വി എസ്സും പിണറായിയും പങ്കെടുക്കുമെന്ന് സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്. രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തെ ഇടതുപക്ഷവും പ്രതീക്ഷയോടെയാണ് കാണുന്നത്. സഹതാപ വോട്ടുകൾ രാജഗോപാലിന്റെ വരവോട് ഇല്ലാതായെന്നാണ് വിലയിരുത്തൽ. കോൺഗ്രസിലെ വിമത പക്ഷവും രാജഗോപാലിന് വോട്ട് ചെയ്യുമെന്നും കണക്ക് കൂട്ടൂന്നു. അതുകൊണ്ട് തന്നെ ജയിക്കാമെന്ന പ്രതീക്ഷ ഇരട്ടിച്ചെന്നാണ് വിജയകുമാർ പറയുന്നത്.

മറുഭാഗത്ത് കോൺഗ്രസും ആത്മവിശ്വാസത്തിലാണ്. രാജഗോപാൽ സ്ഥാനാർത്ഥിയാകുമ്പോൾ ഭരണ വിരുദ്ധ വോട്ടുകൾ സിപിഎമ്മിന് മാത്രമായി കിട്ടില്ല. അത് രാജഗോപാലും നേടും. ഇതിലൂടെ സഹതാപത്തിന്റെ കരുത്തിൽ ശബരീനാഥന് ജയിക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഇതിന് ഒരുമയോടെ പ്രവർത്തിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകുന്ന നിർദ്ദേശം.

ബിജെപിയും പ്രതീക്ഷയിലാണ്. രാജഗോപാലിന്റെ കരുത്തിൽ ജയിക്കുമെന്നാണ് അവകാശ വാദം. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണം അരുവിക്കരയിൽ വോട്ടായി മാറും. ഇതിനൊപ്പം രാജഗോപാലിനെ സ്ഥിരമായി തോൽപ്പിക്കുന്നതിലുള്ള സഹതാപവും വോട്ടർമാരിൽ ഉണ്ടാക്കും. ഇതിലൂടെ വിജയമാർക്ക് നേടുമെന്നും ചരിത്രം കുറിക്കുമെന്നും തന്നെയാണ് ബിജെപിയുടേയും പക്ഷം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP