Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുവിനായി കരുക്കൾ നീക്കി കടകംപള്ളി; വിജയകുമാറിന് പിന്നിൽ ഉറച്ച് ആനാവൂരും കോലിയക്കോടും ശിവൻകുട്ടിയും പിരപ്പൻകോടും; അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തിരുവനന്തപുരം സിപിഎമ്മിൽ വിഭാഗീയത

മധുവിനായി കരുക്കൾ നീക്കി കടകംപള്ളി; വിജയകുമാറിന് പിന്നിൽ ഉറച്ച് ആനാവൂരും കോലിയക്കോടും ശിവൻകുട്ടിയും പിരപ്പൻകോടും; അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തിരുവനന്തപുരം സിപിഎമ്മിൽ വിഭാഗീയത

ബി രഘുരാജ്

തിരുവനന്തപുരം: സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തിരുവനന്തപുരം സിപിഐ(എം) നേതൃത്വത്തിൽ വിഭാഗിയത രൂക്ഷമാകുന്നു. എം വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ എതിർക്കുകയാണ്. സിഐടിയു നേതാവ് വികെ മധുവിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് കടകംപള്ളിയുടെ നിലപാട്. പുതിയ നേതൃത്വത്തിനെ വളർത്താൻ ഇത് അനിവാര്യമാണെന്നാണ് ആവശ്യം. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള അഞ്ച് സംസ്ഥാന സമിതി അംഗങ്ങളും വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെയാണ് അനുകൂലിക്കുന്നത്.

കടകംപള്ളിയും ആനാവൂർ നാഗപ്പനും ഒരുമിച്ചായിരുന്നു തിരുവനന്തപുരം ജില്ലയിൽ പാർട്ടി കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഈ രണ്ട് നേതാക്കളും തമ്മിൽ തെറ്റി. സംസ്ഥാന സമിതി അംഗമായ ആനാവൂരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചാണ് ജില്ലാ സമ്മേളനത്തിൽ കടകംപള്ളി റിപ്പോർട്ട് അവതരിപ്പിച്ചത്. ആനാവൂരിന്റെ പ്രവർത്തനങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉതകുന്നതല്ലെന്നായിരുന്നു വിമർശനം. ഇതോടെയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ വിള്ളലുണ്ടാകുന്നത്. വി എസ് അച്യുതാനന്ദന്റെ പ്രതാപം പോയതോടെ സംഘടനാകാര്യങ്ങളിൽ മുൻ ജില്ലാ സെക്രട്ടറി കൂടിയായ പിരപ്പൻകോട് മുരളി അഭിപ്രായം പറയുമായിരുന്നില്ല. വിജയകുമാറും മൗനത്തിലായി. എന്നാൽ ആനാവൂരും കടകംപള്ളിയും തെറ്റുന്നതിനൊപ്പം സംസ്ഥാന നേതൃമാറ്റവും കാര്യങ്ങൾ മാറ്റി മറിച്ചു. ഇതാണ് അരുവിക്കര സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഫലിക്കുന്നത്.

അരുവിക്കരയിൽ വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആനാവൂരിന്റേയും പിരപ്പൻകോടിന്റേയും അഭിപ്രായം. ഇതിനെ എംഎൽഎമാരും സംസ്ഥാന സമിതി അംഗങ്ങളുമായി കോലിയക്കോട് കൃഷ്ണൻനായരും വി ശിവൻകുട്ടിയും അനുകൂലിക്കുന്നു. രാഷ്ട്രീയ മത്സരത്തിൽ സിപിഎമ്മിന്റെ സാധ്യത കൂട്ടാൻ വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയും. സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടം ആനന്ദനും ഇതേ പക്ഷക്കാരനാണ്. എന്നാൽ ആർഎസ്‌പി ഇടതു മുന്നണി വിട്ടതോടെ തന്നെ അരുവിക്കരയിൽ വികെ മധുവിനെ സ്ഥാനാർത്ഥിയായി കടകംപള്ളി മനസ്സിൽ കണ്ടിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാതെയായിരുന്നു ഇത്. സ്പീക്കർ ജി കാർത്തികേയന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് എത്തുമ്പോഴും തന്റെ വിശ്വസ്തനായ മധുവിനെ സ്ഥാനാർത്ഥിയാക്കാനാണ് കടകംപള്ളിക്ക് താൽപ്പര്യം. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവർക്ക് കൂടുതൽ പ്രചോദനം നൽകാനാണിതെന്നും പറയുന്നു.

എന്നാൽ ഉപതെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ സംഭവിച്ചത് ഇനിയുണ്ടാകരുതെന്നാണ് മറുപക്ഷത്തിന്റെ വാദം. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിറുത്തണം. പരീക്ഷണങ്ങൾക്ക് മുതിരുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കണം. അരുവിക്കര മണ്ഡലത്തിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്ന നേതാവാണ് വിജയകുമാർ. ഈ സാഹചര്യത്തിൽ മുൻ സ്പീക്കറും മുന്മന്ത്രിയുമൊക്കെയായ വിജയകുമാർ തന്നെയാണ് നല്ലതെന്നാണ് അവരുടെ നിലപാട്. ആനാവൂരും കോലിയക്കോടും ശിവൻകുട്ടിയും പിരപ്പിൻകോടും ഇതേ നിലപാട് എടുക്കുമ്പോൾ സമ്മർദ്ദത്തിലാകുന്നത് കടകംപള്ളി സുരേന്ദ്രനാണ്. ജില്ലാ നേതൃത്വത്തിൽ ഇപ്പോഴും മുൻതൂക്കമുണ്ടെന്ന് തെളിയിക്കാൻ മധുവിനെ തന്നെ സ്ഥാനാർത്ഥിയാക്കുകയാണ് കടകംപള്ളിയുടെ ലക്ഷ്യം.

ഇതിന് സംസ്ഥാന നേതൃത്വത്തിന് വിജയകുമാറിനോടുള്ള അതൃപ്തിയാണ് കടകംപള്ളി സാധ്യതയായി കാണുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ വിജയകുമാറിനെ ഉൾപ്പെടുത്തണമെന്ന് വ്യാപക ആവശ്യം ഉണ്ടായിരുന്നു. എന്നാൽ വി എസ് അച്യുതാനന്ദൻ പക്ഷം ഉയർത്തിയ വിജയകുമാറിനെ വെട്ടിമാറ്റി. മുൻ ജില്ലാ സെക്രട്ടറിമാർക്ക് സെക്രട്ടറിയേറ്റ് പദവിയെന്ന മാർഗ്ഗ രേഖ നടപ്പാക്കി. അപ്പോഴും പത്ത് വർഷം മുമ്പ് ജില്ലാ സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പരിഗണിച്ചില്ല. വി എസ് ഫാക്ടറായിരുന്നു വിനയായത്. ഈ വികാരം പിണറായി വിജയനിൽ ഉയർത്തി വിജയകുമാറിനെ വെട്ടി മധുവിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആരു നിന്നാലും അരുവിക്കരയിൽ ജയിക്കുമെന്നാണ് കടകംപള്ളിയുടെ പക്ഷം. നാട്ടുകാരനും ബന്ധുബലവുമുള്ള മധുവിന് അടിതെറ്റില്ലെന്നും പറയുന്നു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായി വിജയന് മൃഗീയ ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ പേരിന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകളിൽ വെട്ടാമെന്നാണ് പ്രതീക്ഷ, ജില്ലയിലെ തർക്കം ഒഴിവാക്കാൻ മൂന്നു പേരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയകുമാറും മധുവും കാട്ടക്കട ഏര്യാ സെക്രട്ടറി ഐബി സതീഷും പട്ടികയിൽ എത്തുമെന്നാണ് സൂചന. തർക്കം മൂത്താൽ ഐബി സതീഷിന് നറുക്കു വീണോട്ടേ എന്നതാണ് പൊതുവികാരം.

  • മെയ്‌ദിനം പ്രമാണിച്ച് നാളെ (1.5.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP