Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം എന്ന ഇട്ടാവട്ടത്തിൽ കിടന്ന് കറങ്ങിയാൽ പോരാ; ഇന്ദ്രപ്രസ്ഥം അറിയുന്ന നേതാവായി വളരണം; രാഹുലിന്റെ വരവോടെ വിഐപി മണ്ഡലമായ വയനാട്ടിൽ 'കുടം' ഉടഞ്ഞാലും വേണ്ടില്ല 'കൈ'യുമായി പഞ്ചഗുസ്തിക്ക് ഉറച്ച് ബോണസ് സ്വന്തമാക്കാൻ തുഷാർ വെള്ളാപ്പള്ളി; തീരുമാനം അമിത് ഷായ്ക്ക് വിട്ടെങ്കിലും മനസിൽ വയനാട്ടങ്കം തന്നെ; ഒഴിവുവരുന്ന തൃശൂരിൽ കണ്ണുവച്ച് സീറ്റ് കിട്ടാത്ത വിഷമത്തിൽ കഴിയുന്ന ശ്രീധരൻ പിള്ളയും

കേരളം എന്ന ഇട്ടാവട്ടത്തിൽ കിടന്ന് കറങ്ങിയാൽ പോരാ; ഇന്ദ്രപ്രസ്ഥം അറിയുന്ന നേതാവായി വളരണം; രാഹുലിന്റെ വരവോടെ വിഐപി മണ്ഡലമായ വയനാട്ടിൽ 'കുടം' ഉടഞ്ഞാലും വേണ്ടില്ല 'കൈ'യുമായി പഞ്ചഗുസ്തിക്ക് ഉറച്ച് ബോണസ് സ്വന്തമാക്കാൻ തുഷാർ വെള്ളാപ്പള്ളി; തീരുമാനം അമിത് ഷായ്ക്ക് വിട്ടെങ്കിലും മനസിൽ വയനാട്ടങ്കം തന്നെ; ഒഴിവുവരുന്ന തൃശൂരിൽ കണ്ണുവച്ച് സീറ്റ് കിട്ടാത്ത വിഷമത്തിൽ കഴിയുന്ന ശ്രീധരൻ പിള്ളയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപരം: കാർമേഘങ്ങളെല്ലാം നീങ്ങി മാനം തെളിഞ്ഞതോടെ, വയനാട് വിഐപി മണ്ഡലമായി മാറി. രാഹുലിന്റെ വരവോടെ എതിരാളികൾക്ക് മറ്റുരാഷ്ട്രീയ സാധ്യതകളും തുറന്നുകിട്ടി. രാഹുൽ വന്നാൽ വയനാട്ടിലെ സ്ഥാനാർത്ഥിയെ മാറ്റുമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമായി പറഞ്ഞിരുന്നതാണ്. പൈലി വാത്യാട്ടിന് പകരം തുഷാർ വയനാട് പിടിക്കാൻ ഇറങ്ങുന്നതോടെ തൃശൂരിൽ ആരു മത്സരിക്കുമെന്ന ചോദ്യം ഉയരുന്നു. തൃശൂരിനായി ബിജെപി നോക്കി വച്ചിരുന്ന കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ പ്രചാരണത്തിരക്കിലാണ്. പത്തനംതിട്ട മോഹിച്ച് നടന്ന പാർട്ടി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള സീറ്റുകിട്ടാത്ത വിഷമത്തിലുമാണ്. ഈ സാഹചര്യമാണ് പുതിയ സാധ്യതകൾ തുറന്നിടുന്നത്.

രാഹുൽ കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് അമിത് ഷാ പറയുന്നത്. ജയിച്ചുകയറാൻ എളുപ്പമെന്ന് യുഡിഎഫ് വിലയിരുത്തുന്ന വയനാട്ടിൽ, പോന്ന സ്ഥാനാർത്ഥിയെ നിർത്താൻ തന്നെയാണ് അമിത് ഷായുടെ തീരുമാനം. ബിഡിജെഎസിന്റെ തലതോട്ടപ്പനായ തുഷാറിനെ തന്നെ വയനാട്ടിൽ ഇറക്കും. തുഷാർ അമിത്ഷായുമായി ഫോണിൽ സംസാരിച്ചുകഴിഞ്ഞു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഇത് ശരിവച്ചു. ബിഡിജെഎസിന് നൽകിയ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന വാർത്തകൾ പരന്നെങ്കിലും, അവർ നിലപാടിൽ ഉറച്ചുനിന്നതോടെ, അമിത് ഷാ തുഷാറിന വയനാട്ടിലേക്ക് മാറ്റാൻ സമ്മതം മൂളുകയായിരുന്നു.

വയനാട്ടിൽ തന്നോട് മത്സരിക്കണമെന്ന് അമിത് ഷാ പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണ്. സീറ്റ് ബിജെപിക്ക് വിട്ടു നൽകാൻ ബിഡിജെഎസ് തയ്യാറാണ്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അമിത് ഷാ ആണ്. അമിത് ഷാ എടുക്കുന്ന എന്ത് തീരുമാനത്തിനും തന്റെയും ബിഡിജെഎസിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും തുഷാർ പറഞ്ഞു.

വയനാട് മണ്ഡലം തിരികെ വാങ്ങുന്ന കാര്യം ബിഡിജെഎസുമായി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും വയനാട്ടിൽ ശക്തമായ മത്സരം എൻഡിഎ കാഴ്ചവെക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. എന്നാൽ, തുഷാറാകും വയനാട്ടിൽ മത്സരിക്കുകയെന്നാണ് സൂചന. ഇതുകൊണ്ട് രണ്ടുണ്ട് ഗുണം. ഒന്ന് രാഹുലിനെതിരെ മത്സരിക്കുന്നതിലൂടെ ബിഡിജെഎസും, തുഷാറും ദേശീയശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പ്. മത്സരിച്ച് തോറ്റാലും ബിഡിജെഎസിന് അത് ബോണസാകുമെന്നാണ് തുഷാർ കണക്കുകൂട്ടുന്നത്. രണ്ടാമതായി തൃശൂരിലെ സീറ്റിൽ വരുന്ന ഒഴിവിൽ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് മത്സരിക്കാം. പിള്ളയ്ക്ക് സീറ്റ് നൽകാൻ കഴിയാതെ വന്നതിൽ ബിജെപി കേന്ദ്രനേതൃത്വത്തിനും വിഷമമമുണ്ട്. തൃശൂരിൽ ബിഡിജെഎസിന്റെ സീറ്റ് ബിജെപി ഏറ്റെടുത്താൽ പിള്ളയ്്ക്ക് തന്നെ നറുക്കുവീഴാനാണ് സാധ്യത. രാഹുൽ വയനാട്ടിൽ വന്നാൽ, സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് തുഷാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും അമിത് ഷായുടേതാണ് ഇക്കാര്യത്തിൽ അവസാനവാക്ക്.

വയനാട്ടിൽ മത്സരിക്കാൻ സുരേഷ് ഗോപി അടക്കമുള്ളവരെ ആലോചിച്ചെങ്കിലും, തുഷാർ തന്നെയാണ് സ്വാധീനത്തിൽ മുമ്പൻ എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സീറ്റ് വിട്ടുകൊടുക്കുന്നതിൽ തടസ്സമില്ലെന്ന് തുഷാർ പറഞ്ഞിട്ടുണ്ടെങ്കിലും, അദ്ദേഹം മത്സരിക്കാൻ സന്നദ്ധനാണ് എന്ന് വ്യക്തം. തുഷാർ മത്സരിക്കേണ്ടതില്ലെന്ന് ആദ്യം നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി നടേശനും രാഹുലിന്റെ മത്സരിക്കാനുള്ള സാധ്യത കണക്കുകൂട്ടിയപ്പോൾ, അത് തുഷാറിന് നേട്ടമാകുമെന്ന് വിലയിരുത്തി, സമ്മതം മൂളി. രാഹുലിനെതിരെ മത്സരിച്ചാൽ, കേരളത്തിന്റെ ഇട്ടാവട്ടത്തിൽ നിന്ന് ദേശീയ തലത്തിലേക്ക് തുഷാർ ഉയരുമെന്നതാണ് വെള്ളാപപള്ളിയെയും സന്തോഷിപ്പിക്കുന്നത്. തുഷാറിനെ വയനാട്ടിലേക്ക് അയച്ചാൽ പി.എസ്.ശ്രീധരൻ പിള്ളയ്ക്കും കോളടിക്കും. തൃശൂരിൽ പിള്ളയ്ക്ക് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്.

തങ്ങൾക്കുകിട്ടിയ സീറ്റ് ബിജെപി.ക്ക് തിരിച്ചുനൽകേണ്ടതില്ലെന്നും തൃശ്ശൂരിനുപകരം തുഷാർ വയനാട്ടിൽ മത്സരിക്കട്ടേയെന്നുമാണ് ബിഡിജെഎസിലെ വികാരം. തുഷാറാണ് വയനാട്ടിലെങ്കിൽ തൃശ്ശൂരിൽ മറ്റാരെയെങ്കിലും കണ്ടെത്തും. തുഷാറിനെ വയനാട്ടിൽ മത്സരിപ്പിക്കാനുള്ള സാധ്യതയെപ്പറ്റി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറികൂടിയായ വെള്ളാപ്പള്ളി നടേശനും അടുപ്പമുള്ളവരോട് ആരാഞ്ഞിട്ടുമുണ്ട്. ജയസാധ്യതയല്ല, ദേശീയശ്രദ്ധ കിട്ടുമെന്നതാണ് തുഷാറിനെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP