Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ടയും ആറ്റിങ്ങലും ആലപ്പുഴയും അടക്കം എട്ട് സീറ്റുകൾ ചോദിച്ച് ബിഡിജെഎസ്; ആറിൽ ഒതുക്കാൻ ബിജെപി; ആറ്റിങ്ങലിൽ ഇടത് വാഗ്ദാനം ചൂണ്ടിക്കാട്ടി വിലപേശൽ തുടരുന്നു; ചെറു പാർട്ടികൾക്കും വേണം ഓരോ സീറ്റുകൾ; ഒരിടത്ത് പോലും വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും കേരളത്തിലെ എൻ ഡി എയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; എല്ലാം ഭദ്രമെന്ന് പ്രഖ്യാപിച്ച് ശ്രീധരൻ പിള്ള

പത്തനംതിട്ടയും ആറ്റിങ്ങലും ആലപ്പുഴയും അടക്കം എട്ട് സീറ്റുകൾ ചോദിച്ച് ബിഡിജെഎസ്; ആറിൽ ഒതുക്കാൻ ബിജെപി; ആറ്റിങ്ങലിൽ ഇടത് വാഗ്ദാനം ചൂണ്ടിക്കാട്ടി വിലപേശൽ തുടരുന്നു; ചെറു പാർട്ടികൾക്കും വേണം ഓരോ സീറ്റുകൾ; ഒരിടത്ത് പോലും വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും കേരളത്തിലെ എൻ ഡി എയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; എല്ലാം ഭദ്രമെന്ന് പ്രഖ്യാപിച്ച് ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിക്ക് എന്തെങ്കിലും സാധ്യതയുള്ളത് തിരുവനന്തപുരത്താണ്. എന്നാൽ ശബരിമല പ്രക്ഷോഭങ്ങളുടെ കരുത്തിൽ പാർട്ടിയുടേയും മുന്നണിയുടേയും പ്രതീക്ഷകൾ വാനോളമാണ്. എന്നാൽ വോട്ടു ശതമാനത്തിൽ ഉയർച്ച നേടാമെന്നല്ലാതെ വിജയത്തിലേക്ക് ഇവ എത്തിക്കില്ലെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൻ.ഡി.എ.യിൽ സീറ്റ് വിഭജന ചർച്ചകൾക്കു തുടക്കമാകുന്നത്. കേരളത്തിൽ എട്ട് സീറ്റ് വേണമെന്ന് ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറാകില്ല. ആറ്റിങ്ങലിൽ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം തയ്യാറാണ്. ഈ സാഹചര്യത്തിലാണ് വലിയ വിലപേശലുകൾക്ക് ബിഡിജെഎസ് ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പു കാര്യങ്ങളാലോചിക്കാൻ എൻ.ഡി.എ. യോഗം കൊച്ചിയിൽ ചേരുന്നതിനു തൊട്ടുമുമ്പാണ് ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്, ആലത്തൂർ, തൃശ്ശൂർ, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്താമെന്ന് ബിജെപി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വയനാട്, ആലത്തൂർ, ആലപ്പുഴ, ഇടുക്കി, കൊല്ലം സീറ്റുകൾ ബിഡിജെഎസിന് കൊടുക്കാൻ ബിജെപി തയ്യാറാണ്. ഇതിനൊപ്പം രണ്ട് സീറ്റുകൾ കൂടി വിട്ടു കൊടുക്കും. ചാലക്കുടി നൽകാനും തയ്യാറായേക്കും. മലപ്പുറത്തെ ഒരു സീറ്റും കൊടുക്കും.

എന്നാൽ പത്തനംതിട്ട, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപി വിട്ടു കൊടുക്കാനിടയില്ല. പത്തനംതിട്ടയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മത്സരിക്കുമെന്ന് സൂചനയുണ്ട്. ആറ്റിങ്ങലിൽ ടി പി സെൻകുമാറിനേയും തൃശൂരിൽ കെ സുരേന്ദ്രനേയും മത്സരിപ്പിക്കാനാണ് ബിജെപിക്ക് താൽപ്പര്യം. അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് എൻഡിഎയിലെ ഘടകകക്ഷികളുമായി സംസ്ഥാനത്തു സീറ്റു ധാരണയായെന്നും ഘടകകക്ഷികളുടെ നിർദ്ദേശങ്ങളടക്കം പരിഗണിച്ച് കേന്ദ്രകമ്മിറ്റി ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും എൻഡിഎ സംസ്ഥാന ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.

ബിഡിജെഎസിനെ പോലെ എൻ ഡി എയിയലെ ചെറുപാർട്ടികളും മത്സരിക്കാൻ തയ്യാറാണ്. 20 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ മൽസരിക്കുമെന്ന് ഇന്നലെ ചേർന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. എൻഡിഎക്കു പാകമായ അന്തരീക്ഷമാണ് കേരളത്തിലെന്നു യോഗം വിലയിരുത്തി. ഫെബ്രുവരി 20നകം ലോക്‌സഭാ കൺവൻഷനുകൾ പൂർത്തിയാക്കും. ഇതിൽ പിസി തോമസിന്റെ കേരളാ കോൺഗ്രസും സീറ്റ് കിട്ടിയേ തീരൂവെന്ന നിലപാടിലാണ്. പി സി തോമസ് മുന്നണി വിട്ടു പോകുമെന്ന ആശങ്കയും മുന്നണിയിലുണ്ട്.

പി.എസ്. ശ്രീധരൻപിള്ള, എ.എൻ. രാധാകൃഷ്ണൻ, എം ടി. രമേശ്, പി.കെ. കൃഷ്ണദാസ്, എം. ഗണേശ് (ബിജെപി), തുഷാർ വെള്ളാപ്പള്ളി, സുരേഷ്ബാബു, വി. ഗോപകുമാർ (ബിഡിജെഎസ്), അഹമദ് തോട്ടത്തിൽ, രാജൻ കണ്ണാട് (കേരള കോൺ.), മെഹബൂബ്, ജയ്‌സൺ (എൽജെപി), വി.വി. രാജേന്ദ്രൻ, എംപി. ജോയി (എസ്‌ജെഡി), പി.സി. തോമസ്, കുരുവിള മാത്യൂസ്, എം.എൻ. ഗിരി (നാഷണലിസ്റ്റ് കേരള കോൺ), കെ.കെ. പൊന്നപ്പൻ (പിഎസ്‌പി) എന്നിവരാണ് എൻഡിഎ യോഗത്തിൽ പങ്കെടുത്തത്.

ബി.ഡി.ജെ.എസ്. പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുത്തില്ലെന്ന് തുഷാർ യോഗത്തിൽ വിശദീകരിച്ചു. സർക്കാർപരിപാടി എന്ന നിലയിൽ എസ്.എൻ.ഡി.പി. യോഗം പ്രവർത്തകരാണ് പങ്കെടുത്തത്. പാർട്ടിക്ക് അതുമായി ബന്ധമില്ലെന്ന് അദ്ദേഹം യോഗത്തിലും പുറത്തും വിശദീകരിച്ചു. ശബരിമലവിഷയത്തിൽ സർക്കാരിനെതിരേ സ്വീകരിച്ച ഒരു കോടി ഒപ്പ് 17-ന് മുന്നണിനേതാക്കൾ ഗവർണർക്ക് കൈമാറും. എൻ.ഡി.എ.ക്ക് അനുകൂലമായ സാഹചര്യം കേരളത്തിൽ ഉടലെടുത്തിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് 16-ന് ജില്ലകളിൽ മുന്നണി ഉപവാസ സമരങ്ങൾ സംഘടിപ്പിക്കും. 15-നും 27-നും സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഓരോ യോഗം കഴിയുമ്പോഴും മുന്നണിയിൽനിന്ന് ഘടകകക്ഷികൾ കൊഴിഞ്ഞുപോകുന്നതിലെ ആശങ്ക ചില കക്ഷികൾ യോഗത്തിൽ അറിയിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നും അവർ ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ നിഷ്‌ക്രിയത്വവും എൽഡിഎഫിന്റെ അക്രമരാഷ്ട്രീയവും മടുത്ത ജനങ്ങൾ എൻഡിഎയ്ക്കു പിന്തുണ നൽകുമെന്നാണ് പൊതുവായ വിലയിരുത്തൽ. ബിജെപി കേന്ദ്രനേതൃത്വം നടത്തിയ സർവേകളിലെല്ലാം കേരളത്തിൽ എൻഡിഎയുടെ സാധ്യതകൾ വ്യക്തമായിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇത്രയും അധഃപതിച്ച ഭരണം കേരളത്തിലുണ്ടായിട്ടില്ല. ഇതു കൈമുതലാക്കി എൻഡിഎ മുന്നേറും. സുവർണാവസരം എന്നു പറഞ്ഞാലും തെറ്റില്ലെന്ന്, പഴയ യുവമോർച്ച പ്രസംഗവിവാദം ഓർമിച്ച് ശ്രീധരൻപിള്ള പറഞ്ഞു. സുവർണാവസരം തന്നെയാണ്, അതിലൊരപാകതയുമില്ല. എന്നാലും പദങ്ങൾ സൂക്ഷിച്ചുപയോഗിക്കുകയാണ് - ശ്രീധരൻപിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP