Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാൽ ഒളിച്ചോടിയെങ്കിലും ഉറ്റചങ്ങാതി സുരേഷ് കുമാറും തൃശ്ശൂരിന്റെ സിനിമാ മുഖമായ ബിജു മേനോനും വോട്ടു ചോദിച്ചെത്തി; സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ; തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാർ; താരത്തിന് വേണ്ടി സിനിമാ സുഹൃത്തുക്കളും കളത്തിലിറങ്ങിയത് പ്രതീക്ഷയെന്ന് ബിജെപി; ലാസ്റ്റ് ലാപ്പിൽ ഭാര്യയെയും മക്കളെയും പ്രചരണത്തിൽ ഒപ്പം കൂട്ടി ആക്ഷൻ ഹീറോ; സുരേഷ് ഗോപി ശക്തന്റെ നാട്ടിലെ 'ജയിന്റ് കില്ലർ' ആകുമോ?

മോഹൻലാൽ ഒളിച്ചോടിയെങ്കിലും ഉറ്റചങ്ങാതി സുരേഷ് കുമാറും തൃശ്ശൂരിന്റെ സിനിമാ മുഖമായ ബിജു മേനോനും വോട്ടു ചോദിച്ചെത്തി;  സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ; തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാർ; താരത്തിന് വേണ്ടി സിനിമാ സുഹൃത്തുക്കളും കളത്തിലിറങ്ങിയത് പ്രതീക്ഷയെന്ന് ബിജെപി; ലാസ്റ്റ് ലാപ്പിൽ ഭാര്യയെയും മക്കളെയും പ്രചരണത്തിൽ ഒപ്പം കൂട്ടി ആക്ഷൻ ഹീറോ; സുരേഷ് ഗോപി ശക്തന്റെ നാട്ടിലെ 'ജയിന്റ് കില്ലർ' ആകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തെ ഇളക്കി മറിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം വലിയ ആൾക്കൂട്ടമാണുള്ളത്. ഈ ആൾക്കൂട്ടം വോട്ടായി മാറിയാൽ തൃശ്ശൂരിൽ താമര വിരിയും എന്നു തന്നെയാണ് പാർട്ടി ഉറച്ചു വിശ്വസിക്കുന്നത്. മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയത് വൈകിയാണെങ്കിലും എത്തിയ നാൾ മുതൽ സജീവമായി പ്രവർത്തനം നയിച്ചു അദ്ദേഹം. സ്ത്രീകളും യുവാക്കളും ആവേശപൂർവ്വം താരസ്ഥാനാർത്ഥിയെ കണ്ട് ഒാടിയടുക്കുന്നു.

സുരേഷ് ഗോപി സ്ഥാനാർത്ഥിയായതോടെ ബിജെപി കേന്ദ്രങ്ങളും ഉണർന്നു പ്രവർത്തിച്ചു തുടങ്ങിയിരുന്നു. പുതിയ പ്രചരണ തന്ത്രങ്ങളുമായി മുന്നോട്ടു പോയ സുരേഷ് ഗോപി അതിവേഗമാണ് മണ്ഡലത്തിൽ നടക്കുന്നത് ത്രികോണ മത്സരമാണെന്ന് പ്രതീതി സൃഷ്ടിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന സർവേകളും പുറത്തുവന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ താരങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ചു കൊണ്ടാണ് അദ്ദേഹം മേൽക്കൈ നേടിയത്.

മോഹൻലാലിനെ പ്രചരണത്തിന് എത്തിക്കാൻ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും അത് വേണ്ടവിധത്തിൽ വിജയിച്ചില്ല. മോഹൻലാൽ ലൂസിഫറിന്റെ വിജയം ആഘോഷിക്കാൻ അമേരിക്കൻ യാത്രക്കാണ് പുറപ്പെട്ടത്. നാളെ മാത്രമേ അദ്ദേഹം തിരികെ എത്തുകയുള്ളൂ. സുരേഷ് ഗോപിയുടെ പ്രചരണത്തിന് അദ്ദേഹം പോകുന്നുമില്ല. എന്നാൽ, മോഹൻലാൽ പ്രചരണ രംഗത്തു നിന്നും വിട്ടു നിന്നെങ്കിലും സിനിമാക്കാർ അദ്ദേഹത്തിന് പിന്തുണുമായി രംഗത്തെത്തി. സുരേഷ് ഗോപിക്ക് വോട്ടു ചോദിച്ച് പരസ്യമായി രംഗത്തെത്തിയത് നടൻ ബിജു മേനോനായിരുന്നു. സുരേഷ് ഗോപിയുടെ സഹപ്രവർത്തകരും അദ്ദേഹത്തിന് വോട്ടു ചോദിച്ചു രംഗത്തുവന്നു. പ്രിയ പ്രകാശ് വാര്യർ, നിർമ്മാതാവ് ജി.സുരേഷ് കുമാർ, നടൻ സന്തോഷ്, യദു കൃഷ്ണൻ, ഗായകൻ അനൂപ് ശങ്കർ എന്നിവരാണ് താരത്തിന് വോട്ടു തേടി പൊതുവേദിയിലെത്തിയത്.

തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് സിനിമാ രംഗത്തെ നിരവധി പേർ സഹപ്രവർത്തകന് വിജയാശംസകൾ നേരാനെത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് തൃശൂരിലെ വോട്ടർ കൂടിയായ ബിജു മേനോൻ പറഞ്ഞു. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്റെ ജനപ്രതിനിധിയായാൽ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താൻ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നായിരുന്നു നിർമ്മാതാവ് സുരേഷ് കുമാറിന്റെ അഭിപ്രായം. തിരുവനന്തപുരത്തെ ഒരുപാട് മനുഷ്യരെ സഹായിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്നും സുരേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പത്‌നി രാധിക എന്നിവരടക്കമുള്ള എല്ലാ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ഇവരും തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ എംപി എന്ന നിലയിലും വ്യക്തിപരമായും അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ ഓർത്തെടുത്തു.

സെവൻ ആർട്‌സ് വിജയകുമാർ, വിദ്യാധരൻ മാസ്റ്റർ, സന്തോഷ്, നന്ദകിഷോർ, സുധീർ, പ്രിയ വാര്യർ, സി.കെ. സുരേഷ്, സുന്ദർ മേനോൻ, ടി.സി. സേതുമാധവൻ, അനൂപ് ശങ്കർ, ടി.എസ്. അനന്തരാമൻ, വി.പി. നന്ദകുമാർ, ടി.ആർ. വിജയകുമാർ, കെ.വി. സദാനന്ദൻ, ഡോ. ടി.കെ.വി. ജയരാഘവൻ, ഡോ. രാംദാസ് ചേലൂർ, ശശി അയ്യഞ്ചിറ, കിരൺ രാജ്, ഡോ. പി.കെ.ആർ. പിള്ള, തുടങ്ങിയവർ പങ്കെടുത്തിരുന്നു. പരിപാടയിൽ പങ്കെടുത്തവരോട് സുരേഷ് ഗോപി അഭ്യർത്ഥിച്ചത് തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നായിരുന്നു. തൃശ്ശൂർ മണ്ഡലത്തിൽ തേനും പാലും ഒഴുക്കുമെന്ന വാഗ്ദാനം താൻ നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് തൃശ്ശൂരിന്റെ ഏറ്റവും മികച്ച എംപിയെന്ന പേരെടുക്കുമെന്നാണ് സുരേഷ് ഗോപി നൽകിയ വാഗ്ദാനം.

സിനിമാ രംഗത്തുള്ളവർ വരും ദിവസങ്ങളിലും വോട്ടുപിടിക്കാൻ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തീരദേശ മേഖലയെ ആവേശത്തിലാഴ്‌ത്തി സുരേഷ്ഗോപിയുടെ കൂറ്റൻ റോഡ് ഷോ നടന്നിരുന്നു. ഗുരുവായൂർ കടിക്കാട് ക്ഷേത്ര പരിസരത്തു നിന്നാണ് റോഡ് ഷോ തുടങ്ങിയത്. ഗുരുവായൂർ, നാട്ടിക, മണലൂർ നിയോജക മണ്ഡലങ്ങളിൽ പ്പെടുന്ന തീരദേശ മേഖലകളിൽ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. തീരദ്ദേശമേഖലക്കും മത്സ്യത്തൊഴിലാളികൾക്കും നരേന്ദ്ര മോദി സർക്കാർ ചെയ്തുകൊടുത്ത കാര്യങ്ങൾ വിശദീകരിക്കുമ്പോൾ തടിച്ചുകൂടിയ കടലിന്റെ മക്കൾ നീണ്ട കരഘോഷത്തോടെ സുരേഷ് ഗോപിയുടെ വാക്കുകളെ വരവേറ്റു.

ഏറെ കാലത്തെ ആവശ്യമായിരുന്ന കേന്ദ്ര ഫിഷറീസ് മന്ത്രാലയം എന്ന സ്വപ്നം മോദി സർക്കാർ യഥാർഥ്യമാക്കിയതും സുരേഷ് ഗോപി വിശദീകരിച്ചു. തീരദേശ മേഖലയിൽ കാണുന്ന ആവേശത്തിരയിളക്കം മാറ്റത്തിന്റെ സൂചനയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. വഴി നീളെ നൂറുകണക്കിന് ആളുകളാണ് സുരേഷ് ഗോപിയെ കാണാൻ കാത്തുനിന്നത്. അകലാട്, ചാവക്കാട് ബീച്ച്, പൊക്കുളങ്ങര, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എന്നിവടങ്ങളിലൂടെ നീങ്ങിയ റോഡ് ഷോ എടമുട്ടം പാലപ്പെട്ടി ബീച്ചിൽ സമാപിച്ചു. ഇളക്കി മറിച്ചുള്ള പ്രചരണമാണ് സുരേഷ് ഗോപി എല്ലായിടത്തും നടത്തുന്നത്. ഈ പ്രചരണം തൃശ്ശൂരിൽ അട്ടിമറിക്ക് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP