Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ തറപ്പിച്ച് പറഞ്ഞതോടെ മറ്റ് വഴികൾ തേടി തുടങ്ങി; രവീശ തന്ത്രിയോ കെ ശ്രീകാന്തോ മത്സരിക്കാൻ സാധ്യത തെളിഞ്ഞപ്പോൾ ശങ്കർ റേയെ ഇറക്കി ഞെട്ടിച്ച് സിപിഎം; ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാൻ കോൺഗ്രസുകാരൻ സുബ്ബറായെ നോട്ടമിട്ടിട്ടും നടന്നില്ല; വത്സൻ തില്ലങ്കേരിയെ ഇറക്കുന്നതിന് തടസ്സമായത് പ്രാദേശിക വാദം; ബിജെപിയിൽ ഒരു തീരുമാനവുമാകാത്തത് മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ തറപ്പിച്ച് പറഞ്ഞതോടെ മറ്റ് വഴികൾ തേടി തുടങ്ങി; രവീശ തന്ത്രിയോ കെ ശ്രീകാന്തോ മത്സരിക്കാൻ സാധ്യത തെളിഞ്ഞപ്പോൾ ശങ്കർ റേയെ ഇറക്കി ഞെട്ടിച്ച് സിപിഎം; ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാൻ കോൺഗ്രസുകാരൻ സുബ്ബറായെ നോട്ടമിട്ടിട്ടും നടന്നില്ല; വത്സൻ തില്ലങ്കേരിയെ ഇറക്കുന്നതിന് തടസ്സമായത് പ്രാദേശിക വാദം; ബിജെപിയിൽ ഒരു തീരുമാനവുമാകാത്തത് മഞ്ചേശ്വരത്ത്

രഞ്ജിത്ത് ബാബു

കാസർഗോഡ്: കന്നഡ, തുളു ഭൂരിപക്ഷ മേഖലയിലെ വോട്ടർമാരെ സ്വാധീനിക്കാൻ സിപിഎം. എം. ശങ്കറൈയെ നിർത്തി പ്രചാരണം കൊഴുപ്പിച്ചതോടെ ബിജെപി. അങ്കലാപ്പിലായിരിക്കയാണ്. റൈ മാരും റേ മാരും ഭണ്ഡാരിമാരും ഭൂരിപക്ഷമുള്ള ഈ മേഖലയിൽ ശങ്കർ റൈയെ സിപിഎം. നിർത്തിയത് ഇത്തരം വോട്ടിൽ കണ്ണുനട്ടാണ്. കന്നഡ മേഖലയിലെ ഹിന്ദു ഐക്യവേദി നേതാവായ രവീശ തന്ത്രി കുണ്ടാറിനെയാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി. മത്സരിപ്പിച്ചത്. എന്നാൽ അതനുസരിച്ചുള്ള വോട്ടുകൾ ബിജെപി. ക്ക് ലഭിച്ചിരുന്നില്ല. മഞ്ചേശ്വരത്ത് തന്നെ നേതാവായ സതീഷ് ഭണ്ഡാരിയെ ഇറക്കാനാണ് ഈ മേഖലയിലുള്ളവർക്ക് ഏറെ താത്പര്യം. ആർ. എസ്. എസ് നേതാവ് വൽസൻ തില്ലങ്കേരിയെ നിർത്താനുള്ള നിർദേശവും അണിയറയിൽ സജീവമായിരുന്നു.

എന്നാൽ പ്രാദേശിക വാദം ശക്തമായ മഞ്ചേശ്വരത്ത് തദ്ദേശീയരെ തന്നെ മത്സരിപ്പിക്കാനാണ് ആവശ്യമുയരുന്നത്. ആദ്യ ഘട്ടം രംഗത്തുണ്ടായിരുന്ന ബിജെപി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് തന്റെ പേര് പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കപ്പിനും ചുണ്ടിനും ഇടയിലാണ് സീറ്റ് നഷ്ടപ്പെട്ടത്. കേവലം 89 വോട്ടിന്റെ ഭൂരിക്ഷത്തിൽ. അന്ന് ബിജെപി. ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു മഞ്ചേശ്വരത്ത് അടുത്ത തെരഞ്ഞെടുപ്പോടെ ജയിച്ചു കയറാമെന്ന്. എന്നാൽ രവീശ തന്ത്രി കുണ്ടാറിന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല. മാത്രമല്ല 11,000 ലേറെ വോട്ടുകൾക്ക് ബിജെപി. പിറകിലാവുകയും ചെയ്തു.

കന്നഡ വോട്ടുകൾ സിപിഎം. ഉം ബിജെപി. ക്കും പങ്കുവെച്ചു പോയാൽ യു.ഡി.എഫിന് അത് ഗുണകരമാവുകയും ചെയ്യും.
ഇത്തരം കാരണങ്ങളാൽ ശക്തനായ ഒരു സ്ഥാനാർത്ഥിയെ ബിജെപി. കണ്ടെത്തേണ്ടിയിരിക്കുന്നു. മണ്ഡലത്തിൽ രണ്ടാം സ്ഥാനക്കാരായ ബിജെപി. ആരെ സ്ഥാനാർത്ഥിയായി നിർത്തുന്നത് എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പോരാട്ടത്തിന്റെ വീര്യം കുറിക്കുക. ഏറെക്കാലം മുസ്ലിം ലീഗ് കുത്തകയാക്കിവെച്ച ഈ മണ്ഡലത്തിൽ മുന്നണികളേയും പാർട്ടികളേയും മാറിമാറി ജയിപ്പിച്ച പാരമ്പര്യവുമുണ്ട്. 1957 ലെ ആദ്യം തെരഞ്ഞെടുപ്പിൽ കർണ്ണാടക സമിതിയുടെ ഉമേഷ് റാവു എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1960 ലും കർണ്ണാടക സമിതി വിജയം ആവർത്തിച്ചു. കെ. മഹാബല ഭണ്ഡാരിയാണ് ജയിച്ചത്. 1965 ൽ മഹാബല ഭണ്ഡാരി സിപിഎം. ലെ എം. രാമണ്ണറെയെ പരാജയപ്പെടുത്തി. 67 ലും ഇത് ആവർത്തിച്ചു.

1970 ൽ ഐക്യ മുന്നണി സ്ഥാനാർത്ഥി സിപിഐ യുടെ എം. രാമപ്പ തെരഞ്ഞെടുക്കപ്പെട്ടു. കർണ്ണാടക സമിതി സ്ഥാനാർത്ഥി പരാജയപ്പെടുകയായിരുന്നു. 77 ലും രാമപ്പ തന്നെ വിജയം ആവർത്തിച്ചു. 1980 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സിപിഐ യിലെ ഡോ. എ സുബ്ബറാവു തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ചെർക്കളം അബ്ദുള്ളയാണ് പരാജയപ്പെട്ടത്. 82 ലും സുബ്ബറാവു വിജയിച്ചു. അന്ന് ബിജെപി. ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. 87 മുതൽ 2001 വരെ ചെർക്കളം അബ്ദുള്ള വിജയം ആവർത്തിച്ചുകൊണ്ടേയിരുന്നു. ഈ സമയത്തെല്ലാം ബിജെപി. യുടെ സ്ഥാനാർത്ഥികളെയാണ് ചെർക്കളം പരാജയപ്പെടുത്തിയത്. 2006 ൽ ചെർക്കളത്തെ പരാജയപ്പെടുത്തി സിപിഎം. ലെ സി.എച്ച് കുഞ്ഞമ്പു ചരിത്ര വിജയം നേടി. തുടർന്ന് 2011 ലും 2016 ലും മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് തുടർ വിജയം നേടി. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP