Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എറണാകുളത്ത് ജേക്കബ് തോമസ്; വട്ടിയൂർക്കാവിൽ കുമ്മനമോ സുരേഷ് ഗോപിയോ; കോന്നിയിൽ ശോഭാ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; പാലായിൽ അൽഫോൻസ് കണ്ണന്താനം; അരൂരിൽ തുഷാറും കൂടിയെത്തിയാൽ പൊടിപൊടിക്കും; സ്ഥാനാർത്ഥികളായി പിള്ള മനസ്സിൽ കാണുന്നത് പ്രമുഖരെ തന്നെ; ലക്ഷ്യമിടുന്നത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും വിജയവും മൂന്നിടത്ത് രണ്ടാംസ്ഥാനവും; സ്ഥാനാർത്ഥികളെ നേരിട്ട് നിശ്ചയിക്കാൻ അമിത് ഷായും; ബിജെപി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്

എറണാകുളത്ത് ജേക്കബ് തോമസ്; വട്ടിയൂർക്കാവിൽ കുമ്മനമോ സുരേഷ് ഗോപിയോ; കോന്നിയിൽ ശോഭാ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; പാലായിൽ അൽഫോൻസ് കണ്ണന്താനം; അരൂരിൽ തുഷാറും കൂടിയെത്തിയാൽ പൊടിപൊടിക്കും; സ്ഥാനാർത്ഥികളായി പിള്ള മനസ്സിൽ കാണുന്നത് പ്രമുഖരെ തന്നെ; ലക്ഷ്യമിടുന്നത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും വിജയവും മൂന്നിടത്ത് രണ്ടാംസ്ഥാനവും; സ്ഥാനാർത്ഥികളെ നേരിട്ട് നിശ്ചയിക്കാൻ അമിത് ഷായും; ബിജെപി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവന്ന ആറ് നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ വരെയാകാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി രംഗത്തുവരാൻ കച്ചകൂട്ടുകയാണ് ബിജെപിയും. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി രാജ്യം മുഴുവൻ അധികാരം പിടിച്ച് മുന്നേറുന്ന ഘട്ടമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലും അധികാരത്തിലേക്ക് എത്താൻ പോന്ന സാഹചര്യം അധികം താമസിയാതെ സംജാതമാകുമെന്നാണ് കണക്കുകൂട്ടൽ. ഈ ഘട്ടത്തിൽ കരുത്തരായി സ്ഥാനാർത്ഥികളെ കളത്തിലിറക്കി തന്നെ ഉപതിരഞ്ഞെടുപ്പിൽ മറ്റു മുന്നണികളേക്കാൾ ഒരുമുഴം മുമ്പേ കരുക്കൾ നീക്കാൻ ബിജെപി ശ്രമം തുടങ്ങി. ഇതിനുള്ള പ്രാഥമിക ധാരണയിലേക്ക് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള കടന്നുകഴിഞ്ഞെന്ന വിവരമാണ് ലഭിക്കുന്നത്.

പാലാ, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി, എറണാകുളം, അരൂർ എന്നീ മണ്ഡലങ്ങളാണ് അടുത്ത രാഷ്ട്രീയ ബലപരീക്ഷണത്തിനു വേദിയൊരുക്കുന്നത്. ലോക്‌സഭയിലേക്കു മത്സരിച്ച 9 എംഎൽഎമാരിൽ 4 പേർ ജയിച്ചു. യുഡിഎഫ് രംഗത്തിറക്കിയ കെ. മുരളീധരൻ (വടകര), ഹൈബി ഈഡൻ (എറണാകുളം), അടൂർ പ്രകാശ് (ആറ്റിങ്ങൽ) എന്നീ 3 പേരും ജയിച്ചപ്പോൾ ഇടതുമുന്നണിയുടെ 6 പേരിൽ കടന്നുകൂടിയത് എ.എം. ആരിഫ് (ആലപ്പുഴ) മാത്രവും. കെ.എം. മാണി, പി.ബി. അബ്ദുൽ റസാക്ക് എന്നിവരുടെ നിര്യാണത്തെത്തുടർന്നാണു പാലായിലും മഞ്ചേശ്വരത്തും ഒഴിവു വന്നത്. ആറിടത്തും ഒരുമിച്ചാണെങ്കിൽ ഇത്രയും ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നതും കേരളത്തിൽ ആദ്യമാകും.

അതുകൊണ്ട് തന്നെ ഇതൊരു സെമിഫൈനലിന്റെ ഫീലിംഗാണ് മുന്നണികൾക്ക് നൽകുന്നത്. ഒക്ടോബറോടെ ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ നൽകിയിട്ടുണ്ട്. കേരളത്തിനൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലും ഇക്കാലയളവിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ഉപതിരഞ്ഞെടുപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ ചർച്ചയാവും. എണ്ണ വൈദ്യുതി നിരക്കുവർദ്ധനവും, ശബരിമല വിഷയത്തിൽ കേന്ദ്ര സമീപനവുമെല്ലാം വീണ്ടും ചർച്ചയാകും. കൂടാതെ കാമ്പസ് വിഷയവും അടക്കം ചർച്ചയാകുന്നതോടെ ഭരണപക്ഷമായ സിപിഎം കടുത്ത പ്രതിരോധത്തിലാണ്.

എ എം ആരിഫ് വിജയിച്ച അരൂർ സീറ്റിൽ മാത്രമാണ് സിപിഎമ്മിന് നിർബന്ധമായും വിജയിക്കേണ്ടത്. ഈ സീറ്റ് നിലനിർത്താൻ സിപിഎം പരമാവധി ശ്രമം നടത്തുമെന്നിരിക്കെ തങ്ങൾക്ക് വിജയസാധ്യത കൂടുതലുള്ള രണ്ടിടത്ത് വിജയം ഉറപ്പിക്കാൻ ശക്തിയുക്തം പോരാടാനാണ് ബിജെപി ഒരുങ്ങുന്നത്. മഞ്ചേശ്വരവും വട്ടിയൂർക്കാവുമാണ് ഈ നിയസഭാ മണ്ഡലങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ ശക്തമായ പോരാട്ടം കാഴ്‌ച്ചവെച്ച കോന്നി നിയോജക മണ്ഡലത്തിലും ബിജെപി ഇക്കുറി പ്രതീക്ഷ വെക്കുന്നുണ്ട്.

സ്ഥാനാർത്ഥി നിർണായ ചർച്ചകളിലേക്ക് അനൗദ്യോഗികമായി നടക്കുന്ന ബിജെപിയിലെ ചർച്ചകളിൽ കുമ്മനം രാജശേഖരൻ തന്നെ വട്ടിയൂർക്കാവിൽ മത്സരിക്കാൻ ഇറക്കാനാണ് ബിജെപി ആലോചന. ഇവിടേക്ക് ശക്തമായി പരിഗണിക്കുന്ന മറ്റു പേരുകാരൻ തൃശ്ശൂരിൽ ശക്തമായി പോരാട്ടം കാഴ്‌ച്ചവെച്ച സുരേഷ് ഗോപിയാണ്. കെ മുരളീധരൻ സ്ഥാനാർത്ഥിയായതു കൊണ്ട് മാത്രമാണ് ഇവിടെ കുമ്മനത്തിന് കഴിഞ്ഞ തവണ വിജയിക്കാൻ സാധിക്കാതെ പോയത്. ഇവിടെ പകരം യുഡിഎഫിനായി ഉയർന്നു കേൾക്കുന്ന പേരുകളിൽ മുമ്പിൽ പീതാംബര കുറുപ്പാണ്. പി സി വിഷ്ണുനാഥ്, പ്രയാർ ഗോപാല കൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നു. ഈ ഘട്ടത്തിൽ ബിജെപിയുടെ സാധ്യതകൾ കുമ്മനമോ സുരേഷ് ഗോപിയോ നിന്നാൽ കൂടുമെന്നാണ് നിഗമനം.

വട്ടിയൂർക്കാവ് കഴിഞ്ഞാൽ മഞ്ചേശ്വരമാണ് ബിജെപിയുടെ ശക്തികേന്ദ്രമായ സ്ഥലം. ഇവിടെ കെ സുരേന്ദ്രന്റെ പേരു തന്നെയാണ് ബിജെപി ആദ്യം പരിഗണിക്കുന്നത്. സുരേന്ദ്രൻ മത്സരിക്കാത്ത ഘട്ടത്തിൽ ചിലപ്പോൾ ശ്രീധരൻ പിള്ളയും മത്സരിക്കാൻ എത്തിയേക്കാം. അടൂർ പ്രകാശ് ആറ്റിങ്ങളിൽ വിജയിച്ചതോടെ ഒഴിവുവന്ന കോന്നിയിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചാൽ അത് നേട്ടമാകും എന്ന വിലയിരുത്തൽ ഉണ്ട്. അതുകൊണ്ട തന്നെ ശോഭയുടെ പേരാണ് കോന്നിയിലേക്ക് പരിഗണിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ അരൂർ ബിഡിജെഎസിന് വിട്ടുകൊടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്. പക്ഷേ ഇവിടെ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കണം എന്ന നിബന്ധന ബിജെപി മുന്നിൽ വെച്ചേക്കാം.

ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷക്ക് വകയില്ലാത്ത രണ്ട് സീറ്റുകളാണ് പാലയും എറണാകുളവും. എങ്കിലും ഇവിടെ ശക്തമായ മത്സരം കാഴ്‌ച്ചവെക്കാൻ പോന്ന സ്ഥാനാർത്ഥികളെയാണ് ബിജെപി പരിഗണിക്കുന്നത്. പാലയിൽ അൽഫോൻസ് കണ്ണന്താനത്തെയും എറണാകുളത്ത് ഡിജിപി ജേക്കബ് തോമസിനെയുമാണ് ബിജെപി മനസിൽ കാണുന്നത്. കഴിഞ്ഞ ദിവസം ആർഎസ്എസ് വേദിയിൽ എത്തിയ ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കെന്ന കൃത്യമായ സൂചന നൽകിയിരുന്നു. അതേസമയം സർവീസിൽ നിന്നും വിരമിക്കാനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ നിയമപ്രശ്‌നങ്ങളിൽ കുരുങ്ങി കിടക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം ആയാൽ മാത്രമേ ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവരെ പരിഗണിച്ചേക്കും.

പാല ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലക്ഷ്യമിട്ട് പി സി ജോർജ്ജ് ബിജെപിയെ സമീപിച്ചെങ്കിലും പാർട്ടി നേതൃത്വം ഈ തീരൂമാനത്തോട് അനുകൂലമായല്ല പ്രതികരിച്ചത്. മകൻ ഷോൺ ജോർജ്ജിന് വേണ്ടിയാണ് ജോർജ്ജ് സീറ്റു ചോദിച്ച് എത്തിയത്. എന്നാൽ, ഇവിടെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന നിലയിൽ അൽഫോൻസിനെയാണ് ബിജെപി പരിഗണിക്കുന്നത്. എന്നാൽ, അദ്ദേഹം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതം മൂളുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തിന് ശേഷം ബിജെപി അധ്യക്ഷൻ അമിത്ഷാ പറഞ്ഞത് അടുത്തലക്ഷ്യം കേരളം പിടിക്കലാണ് എന്നതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്തി അധികാരം പിടിക്കാൻ എല്ലാ തന്ത്രവും ഷാ പുറത്തെടുക്കും. അതിന് വേണ്ടി കെൽപ്പുള്ള നേതാക്കളെ അദ്ദേഹം മറുവശത്തേക്ക് ചാടിക്കുന്നുണ്ട്. എ പി അബ്ദുള്ളക്കുട്ടിയെ പോലെ മുതിർന്ന നേതാക്കളെ സിപിഎമ്മിൽ നിന്നും ബിജെപിയിൽ നിന്നും എത്തിക്കാനാണ് ശ്രമം. ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ ഇടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയാൽ അത് നേട്ടമാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ.

മൂന്നിടങ്ങളിൽ എങ്കിലും രണ്ടാം സ്ഥാനം പ്രതീക്ഷിച്ചു തന്നെയാകും ബിജെപി കരൂനീക്കം നടത്തുക. അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം സംസ്ഥാനത്ത് ആവർത്തിക്കാനാവും എന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറിൽ അഞ്ച് സീറ്റും യു.ഡി.എഫ് സിറ്റിങ് സീറ്റായിരുന്നുവെന്നതും അവർക്ക് മുൻകൈ നൽകുന്നുണ്ട്. എന്നാൽ വട്ടിയൂർക്കാവ്,കോന്നി,മഞ്ചേശ്വരം മണ്ഡലങ്ങൾ സ്വന്തമാക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപിയുള്ളത്. ഇതിനായി ഇപ്പോഴെ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.

അടുത്തിടെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ബി എൽ സന്തോഷിനെ നിയമിച്ചിരുന്നു. ആർഎസ്എസും ബിജെപിയും തമ്മിലുള്ള കോഡിനേഷന് വേണ്ടി നിയമിച്ച സന്തോഷ് കേരളവുമായി അടുത്ത ബന്ധമുള്ള നേതാവാണ്. ആർഎസ്എസിനെ ചലപ്പിച്ച് കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള ചുമതലയും അദ്ദേഹത്തിന് ലഭിച്ചേക്കും. ഇതെല്ലാം കേരളത്തിലെ പതിവ് മുന്നണി സംവിധാനത്തിന് വെല്ലുവിളി ഉയർത്താൻ പോന്നതാണ്. പിടിച്ചുനിൽക്കാൻ ഇടതുമുന്നണിയും വിജയം ലക്ഷ്യമിട്ട് ബിജെപിയും കോൺഗ്രസും രംഗത്തിറങ്ങുമ്പോൾ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പൊടിപാറുമെന്ന് ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP