Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പത്തെണ്ണം എൽഡിഎഫിനും ഏഴെണ്ണം യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും; കാസർകോട്ട് സീറ്റില്ലെന്ന നാണക്കേട് മാറ്റി കോൺഗ്രസും മാറനല്ലൂരിൽ ഭരണം പിടിച്ച് ബിജെപിയും; മലപ്പുറത്തെ ലീഗ് കോട്ടയിൽ രണ്ടു സീറ്റുകൾ നേടി സി.പി.എം

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പത്തെണ്ണം എൽഡിഎഫിനും ഏഴെണ്ണം യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും; കാസർകോട്ട് സീറ്റില്ലെന്ന നാണക്കേട് മാറ്റി കോൺഗ്രസും മാറനല്ലൂരിൽ ഭരണം പിടിച്ച് ബിജെപിയും; മലപ്പുറത്തെ ലീഗ് കോട്ടയിൽ രണ്ടു സീറ്റുകൾ നേടി സി.പി.എം

തിരുവനന്തപുരം: സംസ്ഥാനത്തെ 18 തദ്ദേശ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മുന്നേറ്റം. 12 ജില്ലകളിലെ മൂന്ന് നഗരസഭ ഡിവിഷിനിലേക്കും, ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാർഡിലേക്കും 14 പഞ്ചായത്ത് വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലമറിഞ്ഞ 18 വാർഡുകളിൽ പത്തെണ്ണം എൽഡിഎഫ് നേടി. യുഡിഎഫ് 7ഉം ബിജെപി ഒരു സീറ്റും നേടിയിട്ടുണ്ട്.

മലപ്പുറത്ത് രണ്ട് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. തലക്കാട് കാരയിൽ പഞ്ചായത്ത് വാർഡ്, എടക്കര പഞ്ചായത്ത് പള്ളിപ്പടി വാർഡ് എന്നിവയാണ് ലീഗിൽ നിന്ന് പിടിച്ചെടുത്തത്. കോട്ടയം പാമ്പാടി നൊങ്ങൽ വാർഡും യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി റൂബി തോമസ് ആണ് വിജയിച്ചത്. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴാം വാർഡും യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ മല്ലപ്പള്ളി ബ്‌ളോക്ക് കമ്മിറ്റിയംഗം എബിൻ ബാബു ആണ് വിജയിച്ചത്. ചൊവ്വാഴ്ച ആറ് മണിക്ക് അവസാനിച്ച തെരഞ്ഞെടുപ്പിൽ 76.71 ശതമാനം പോളിങ് രേഖപെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന ജില്ല, പഞ്ചായത്ത്, വാർഡ്,എന്ന ക്രമത്തിൽ;

മലപ്പുറം തലക്കാട് കാരയിൽ വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്‌ളിം ലീഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. രൂപീകൃത കാലം മുതൽ ലീഗ് വിജയിക്കുന്ന വാർഡാണത്. എൽഡഎഫ് സ്ഥാനാർത്ഥി കെ നൂർജഹനാണ് ഇവിടെ വിജയിച്ചത്. മുസ്‌ളിം ലീഗിലെ കെ ഹസീന രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. മുസ്‌ളിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ സുഹറ, ലീഗ് വിമത-സുമയ്യ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ.

മലപ്പുറം എടക്കര പഞ്ചായത്തിലെ പള്ളിപ്പടി വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ചന്ദ്രനാണ് ഇവിടെ വിജയിച്ചത്. 6 വോട്ട്.
നിലവിലെ കോൺഗ്രസ് അംഗം എ മനുവിന് സർക്കാർ ജോലി കിട്ടയതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എം കെ ധനജ്ഞയൻ(യുഡിഎഫ്),എൻ ആർ സുകുമാരൻ(ബിജെപി), എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ.

മലപ്പുറം മൂർക്കനാട്- കൊളത്തൂർ പലകപ്പറമ്പ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ്ങ് സീറ്റ് നിലനിർത്തി. നിലവിലെ മുസ്‌ളിം ലീഗ് അംഗം പുലാക്കൽ ബഷീർ വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ്. മുസ്‌ളിം ലീഗ് സ്ഥാനാർത്ഥി കെ പി ഹംസയാണ് വിജയിച്ചത്. കഴിഞ്ഞതവണ 450 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഇത്തവണ 132 വോട്ടുകൾക്കായിരുന്നു വിജയം. കെ മുസ്തഫ(എൽഡിഎഫ്), പി സി വേലായുധൻ-ബിജെപി എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.

മലപ്പുറം കോട്ടയ്ക്കൽ- ചീനം പുത്തൂർ വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ഗിരിജ വിജയിച്ചു. ലീഗ് അംഗം ടി വി മുംതാസ് രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. എം ദീപ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

കണ്ണൂർ തലശേരി ബ്‌ളോക്ക് പഞ്ചായത്തിലെ ധർമടം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്സ്ഥാനാർത്ഥി പി സീമ വിജയിച്ചു. സിപിഐ എമ്മിലെ പ്രൊഫ. കെ രവീന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ധർമടം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ്്. എൽഡിഎഫ് സ്ഥാനാർത്ഥി പി സീമ 2249 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പഞ്ചായത്തിലെ അഞ്ച് മുതൽ 11 വരെയും പതിനഞ്ചാം വാർഡും ഉൾപ്പെടെ എട്ട് വാർഡുകൾ ചേർന്നതാണ് ഡിവിഷൻ. 15 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. യുഡിഎഫിലെ വിനീഷ് കെയും ബിജെപിയിലെ ശ്രീജ എമ്മുമായിരുന്നു മറ്റു സ്ഥാനാർത്ഥികൾ.

മലപ്പുറം കോട്ടയ്ക്കൽ- ചീനം പുത്തൂർ വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ഗിരിജ വിജയിച്ചു. ലീഗ് അംഗം ടി വി മുംതാസ് രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
പാലക്കാട് കൊടുവായൂർ പഞ്ചായത്തിലെ ചാന്തിരുത്തി മൂന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.എം പത്മ കൃഷ്ണൻ വിജയിച്ചു. നിലവിലെ പഞ്ചായത്തംഗമായിരുന്ന സി കെ മോഹൻദാസിന്റെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എബിൻ ബാബു വിജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റ്് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

കാസർകോട് നഗരസഭയിലെ വനിതാസംവരണ വാർഡായ കടപ്പുറം സൗത്തിലേക്ക് നടത്തിയ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി. കോൺഗ്രസാണ് ഇവിടെ വിജയിച്ചത്. എസ് രഹ്നയാണ് വിജയിച്ചത്. ബിജെപി കൗൺസിലർ മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തൃശൂർ മാള- പതിയാരി വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ കെ സി രഘുനാഥ് വിജയിച്ചു. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ വാഴമന വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ആർ രശ്മി വിജയിച്ചു. കോട്ടയം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ കല്ലറ പഴയപള്ളി വാർഡിൽ എൽഡിഎഫിലെ അർച്ചന രവീന്ദ്രൻ വിജയിച്ചു.

വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡായ കല്ലുമുക്കിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷീന വിജയിച്ചു. എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗം ശാന്തിനി മത്തായി സർക്കാർ ജോലി ലഭിച്ചതിനാൽ അംഗത്വം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം മാറനല്ലൂർ-ഊരുട്ടമ്പലം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ശ്രീമിഥുൻ വിജയിച്ചു. 26 വോട്ടുകൾക്കാണ് വിജയം. എൽഡിഎഫിന്റെ പഞ്ചായത്തംഗമായിരുന്ന അഡ്വ. ദീപുവിന് സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഈ വിജയത്തോടെ മറനല്ലൂർ പഞ്ചായത്തു ഭരണം ബിജെപിക്ക് ലഭിക്കും.

അമ്പൂരി- അമ്പൂരി വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി എസ് നൈനാൻ വിജയിച്ചു. കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി ആയി മത്സരിച്ച് ജയിച്ച ജോർജ്കുട്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം ഏഴാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി ഇ കെ താഹിറ (മുസ്‌ളിം ലീഗ്) 156 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 136 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ലീഗിലെ പി കെ സബീനയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്് വേണ്ടിവന്നത്.

പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയൻ മല്ലിശേരി വിജയിച്ചു. പയ്യാവൂരിൽ പഞ്ചായത്തംഗമായിരുന്ന യുഡിഎഫിലെ പൊക്കിളി കുഞ്ഞിരാമന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്്.

ആലപ്പുഴ-ഹരിപ്പാട് തൃക്കുന്നപ്പുഴ ബ്‌ളോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീകലയാണ് വിജയിച്ചത്. 192 വോട്ടുകളാണ് ഭൂരിപക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP