Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജനകീയതകൊണ്ട് രാഘവേട്ടനായി മാറിയ എം പിയെ വെല്ലാൻ എൽഡിഎഫ് രംഗത്തിറക്കുന്നത് ജനപ്രിയ എംഎൽഎയെ; നോർത്ത് എംഎൽഎ എ പ്രദീപ്കുമാർ ഇടതു സ്ഥാനാർത്ഥിയായി എത്തുന്നതോടെ കോഴിക്കോട്ടെ മൽസര ചിത്രം മാറുന്നു; എഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളും കൈയിലുള്ള പാർലമെന്റ് സീറ്റിലെ തുടർച്ചയായ തോൽവി ഒഴിവാക്കാൻ അരയും തലയും മുറുക്കി സിപിഎം; ലീഗിന്റെ ശക്തമായ പിന്തുണയോടെ രാഘവന്റെ ഇമേജ് വോട്ടാക്കാൻ യുഡിഎഫും; കോഴിക്കോട് ഇക്കുറി മത്സരം തീ പാറും

ജനകീയതകൊണ്ട് രാഘവേട്ടനായി മാറിയ എം പിയെ വെല്ലാൻ എൽഡിഎഫ് രംഗത്തിറക്കുന്നത് ജനപ്രിയ എംഎൽഎയെ; നോർത്ത് എംഎൽഎ എ പ്രദീപ്കുമാർ ഇടതു സ്ഥാനാർത്ഥിയായി എത്തുന്നതോടെ കോഴിക്കോട്ടെ മൽസര ചിത്രം മാറുന്നു; എഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളും കൈയിലുള്ള പാർലമെന്റ് സീറ്റിലെ തുടർച്ചയായ തോൽവി ഒഴിവാക്കാൻ അരയും തലയും മുറുക്കി സിപിഎം; ലീഗിന്റെ ശക്തമായ പിന്തുണയോടെ രാഘവന്റെ ഇമേജ് വോട്ടാക്കാൻ യുഡിഎഫും; കോഴിക്കോട് ഇക്കുറി മത്സരം തീ പാറും

കെ എം സന്തോഷ്

കോഴിക്കോട്: ഇടതുമുന്നണിക്കും സിപിഎമ്മിനും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. എം കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഒഴിച്ചാൽ ഇവിടുത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന് ഒപ്പമാണ്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഎമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും ഇവിടെ തന്നെ. പക്ഷേ നിയമസഭയിലെ കണക്ക് വെച്ച് നോക്കിയാൽ കിട്ടുന്ന ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം, ലോക്സഭയിലേക്ക് ആവിയാവുകയം യുഡിഎഫ് ജയിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കഴിഞ്ഞ രണ്ടു തവണയും ആവർത്തിച്ചത്. എന്നാൽ ഇത്തവണ കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ്കുമാറിനെ സ്ഥാനാർത്ഥിയാക്കിക്കൊണ്ട് മണ്ഡലം പിടിക്കാനായി കച്ചമുറക്കുകയാണ് ഇടതുക്യാമ്പ്. സിറ്റിങ്ങ് എം പി യുഡിഎഫിലെ എം കെ രാഘവന്റെ ജനകീയ പരിവേഷം മറികടക്കാൻ അതുപോലെ ജനപ്രിയനായ ഒരു വ്യക്തിക്കേ കഴിയൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇതോടെ കോഴിക്കോട് മണ്ഡലത്തിൽ ഇക്കുറി മത്സരം തീപാറുമെന്ന് ഉറപ്പായി.എം ടി. രമേശാണ് ബിജെപി സ്ഥാനാർത്ഥിയെന്നാണ് അറിയുന്നത്.

അതിഥിയായി എത്തിയ എം.കെ. രാഘവനെ രണ്ടു തവണ തുടർച്ചയായി ലോക്‌സഭയിലെത്തിച്ചു കോഴിക്കോട് മണ്ഡലം. മൂന്നാം തവണയും രാഘവൻ അങ്കം കുറിക്കുമ്പോൾ എതിരാളിയും ശക്തനാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് മത്സരിപ്പിക്കാനായിരുന്നു സിപിഎം തീരുമാനം. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യം ഒടുവിൽ നേതൃത്വം പരിഗണിക്കുകയും റിയാസിനെ മാറ്റി പ്രദീപ് കുമാറിനെ തീരുമാനിക്കുകയുമായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് തന്നെ മത്സരിക്കുന്നതാണ് നല്ലതെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഈ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. എന്നാൽ റിയാസിന് വ്യക്തിപ്രഭാവം പോരെന്നും മണ്ഡലത്തിൽ ജനസമ്മതനായ ഒരാൾ മത്സരിച്ചാൽ മാത്രമേ എം.കെ. രാഘവനിൽ നിന്ന് കോഴിക്കോട് പിടിച്ചെടുക്കാനാവൂ എന്നും സിപിഎം പ്രാദേശിക നേതൃത്വം ശക്തമായി വാദിച്ചു.

ഇടുതു കോട്ടയായിരുന്ന കോഴിക്കോട് മണ്ഡലം രണ്ടു തവണ കോൺഗ്രസിലെ എം.കെ. രാഘവന് നേടാനായത് സപിഎം മണ്ഡലത്തിൽ ജനസമ്മതിയില്ലാത്ത നേതാക്കളെ സ്ഥാനാർത്ഥികളാക്കിയതുകൊണ്ടാണ് എന്നായിരുന്നു ഘടക കക്ഷികളുടെയും അഭിപ്രായം. ഇത്തവണയെങ്കിലും മണ്ഡലത്തിൽ സ്വാധീനമുള്ള സ്ഥാനാർത്ഥികളെ നിർത്തി പിടിച്ചെടുത്തില്ലെങ്കിൽ ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം മണ്ഡലം കൈവിട്ടു പോകുമെന്ന് സിപിഎം പ്രാദേശിക നേതാക്കളും പാർട്ടിക്ക് മുന്നറിയിപ്പു നൽകി. ഇതെല്ലാം പരിഗണിച്ചാണ് ഒടുവിൽ പദീപ് കുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

2009ലാണ് പയ്യന്നൂർക്കാരനായ എം.കെ. രാഘവൻ കോഴിക്കോട് അങ്കം കുറിക്കാനെത്തുന്നത്. ഇപ്പോഴത്തെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസായിരുന്നു അന്ന് ഇടത് സ്ഥാനാർത്ഥി. വെറും 838 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ം.കെ. രാഘവൻ വിജയിച്ചത്. 2014ൽ സിപിഎം കേന്ദ്ര കമ്മറ്റിയംഗം എ. വിജയരാഘവനാണ് മത്സരിച്ചത്. രണ്ടാം അങ്കത്തിൽ രാഘവൻ തന്റെ ഭൂരിപക്ഷം കുത്തനെ ഉയർത്തി.16045 വോട്ട്.ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന എം.കെ. രാഘവൻ ഇന്ന് മണ്ഡലത്തിൽ ഏറെ സമ്മതനാണ്. 2009ൽ കോഴിക്കോട്ടേക്ക് അതിഥിയായി എത്തിയ രാഘവനല്ല ഇന്ന്. കോഴിക്കോട്ടുകാരുടെ രാഘവേട്ടനാണ്.മുസ്ലീലീഗിന്റെ ഉറച്ച പിന്തുണയാണ് രാഘവന്റെ തുറപ്പു ചീട്ട്. ലീഗിന് സ്വാധീനമുള്ള കോഴിക്കോട് സൗത്ത്, കൊടുവള്ളി എന്നിവടങ്ങളിൽനിന്ന് കിട്ടുന്ന വൻ ലീഡിലുടെയും വിജയിക്കാൻ ആവുമെന്നാണ് യുഡിഎഫിന്റെ കണക്കൂകൂട്ടൽ.

എന്നാൽ ഇതുപോലെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ സാമാജികനാണ് പ്രദീപ്കുമാറും.പ്രിസം പദ്ധതിയിലൂടെ നടക്കാവ്, ഗേൾസ് ഹൈസ്‌കൂളിനെയും കാരപ്പറമ്പ് സ്‌കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, സ്വപ്ന നഗരി യാഥാർഥ്യമാക്കൽ, കോഴിക്കോട് മെഡിക്കൽ കോളജിന്റെ വികസനം തുടങ്ങി കോഴിക്കോട്ട് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ എംഎൽഎ എന്ന നിലക്ക് പ്രദീപ് കുമാർ ചെയ്തിട്ടുണ്ട്. അതിനു പുറമെ നാട്ടുകാരൻ എന്നതും കോഴിക്കോട കേന്ദ്രമാക്കി ഡിവൈഎഫ്ഐയിലടക്കം ദീർഘകാലം പ്രവർത്തിച്ചതും പ്രദീപിന് ഗുണം ചെയ്യുമെന്ന് പാർട്ടി കരുതുന്നു. ബിജെപിക്ക് നല്ല വേരുള്ള ഇവിടെ എം ടി രമേശിനെയാണ് പാർട്ടി പരിഗണിക്കുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ഗുണം ചെയ്യുമെന്നതും കണ്ടറിയേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP