Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാന്തപുരത്തിന്റെ സമയമാണ് സമയം; സഹായമഭ്യർഥിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ മർകസിൽ; രാത്രി വിരുന്നുകാരനായി രമേശ് ചെന്നിത്തലയും; ബാലുശ്ശേരിയിലെ വോട്ടറായ കാന്തപുരത്തിന്റെ വോട്ട് തനിക്കെന്ന് പുരുഷൻ കടലുണ്ടി

കാന്തപുരത്തിന്റെ സമയമാണ് സമയം; സഹായമഭ്യർഥിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ മർകസിൽ; രാത്രി വിരുന്നുകാരനായി രമേശ് ചെന്നിത്തലയും; ബാലുശ്ശേരിയിലെ വോട്ടറായ കാന്തപുരത്തിന്റെ വോട്ട് തനിക്കെന്ന് പുരുഷൻ കടലുണ്ടി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കാതെ സമുദായനേതാവായി മാത്രം തുടരുന്നതിന്റെ ഗുണം കാന്തപുരം എ.പി അബുബൂക്കർ മുസ്ലിയാർ അനുഭവിക്കുന്നത് ഇപ്പോഴായിരിക്കും. പിന്തുണ അഭ്യർത്ഥിച്ച് കാന്തപുരത്തെ കാണാനായി ഇപ്പോൾ രാഷ്ട്രീയനേതാക്കൾ കൂട്ടത്തോടെ കാരന്തൂർ മർക്കസിലേക്ക ഒഴുകുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടുദിവസംമുമ്പ് കാന്തപുരത്തെ സന്ദർശിച്ചതിനുപിന്നാലെ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉസ്താദിനെ സന്ദർശിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്നലെ കൂട്ടമയാണ് മർക്കസിലത്തെിയത്.പുരുഷൻ കടലുണ്ടി (ബാലുശ്ശേരി), വി.കെ.സി. മമ്മദ്‌കോയ (ബേപ്പൂർ), പി.ടി.എ. റഹീം (കുന്ദമംഗലം), എ.കെ. ശശീന്ദ്രൻ (എലത്തൂർ), പ്രഫ. എ.പി. അബ്ദുൽ വഹാബ് (കോഴിക്കോട് സൗത്), കാരാട്ട് റസാഖ് (കൊടുവള്ളി), ജോർജ് എം. തോമസ് (തിരുവമ്പാടി), പി.പി. ബഷീർ (വേങ്ങര), കെ.പി. ബീരാൻകുട്ടി (കൊണ്ടോട്ടി), വി. ശശികുമാർ (പെരിന്തൽമണ്ണ), അഡ്വ. ഒ.കെ. തങ്ങൾ (വള്ളികുന്ന്), നിയാസ് പുളിക്കലകത്ത് (തിരൂരങ്ങാടി) തുടങ്ങിയവരാണ് മർകസിലത്തെി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ നേരിൽകണ്ട് സഹായമഭ്യർഥിച്ചത്.

ഇപ്പോൾ ഭരിക്കുന്ന സർക്കാറിൽനിന്ന് തങ്ങൾക്ക് നീതി ലഭിച്ചിട്ടില്‌ളെന്നും ഇടതുമുന്നണി അധികാരത്തിൽ വന്നാൽ നീതിയുടെ പക്ഷത്തുനിൽക്കണമെന്നും കാന്തപുരം പറഞ്ഞതായി സ്ഥാനാർത്ഥികൾ പറഞ്ഞു. തന്റെ മണ്ഡലമായ ബാലുശ്ശേരിയിലെ വോട്ടറാണ് ഉസ്താദ് എന്നും അദ്ദേഹത്തിന്റെ വോട്ട് തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

വഖഫ് ബോർഡ് തങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരെ സുന്നി കാന്തപുരം വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത് പ്രക്ഷോഭം നടത്തിവരുകയാണ്. ശനിയാഴ്ച കോഴിക്കോട് ഡിവിഷനൽ ഓഫിസിലേക്ക് സുന്നി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാസം 28ന് മലപ്പുറം വഖഫ് ബോർഡ് ഓഫിസിലേക്കും മാർച്ച് തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ കൂട്ടമായി വോട്ടഭ്യർഥിച്ച് കാരന്തൂർ മർകസിലത്തെിയത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ചൊവ്വാഴ്ച മർകസിലത്തെി കാന്തപുരവുമായി സംഭാഷണം നടത്തിയിരുന്നു. കുന്ദമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിലെങ്കിലും സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നതായി അറിയുന്നു. ഇതിനുശേഷം കാന്തപുരം വിഭാഗത്തിൽപെട്ട ചില ഉന്നതരുടെ ഇടപെടലിനത്തെുടർന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മർകസിലത്തെിയത്. ഇന്നലെ രാത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരും കൂടിക്കാഴ്ച നടത്തി.

കണ്ണൂരിൽ രണ്ട് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ ആരോപണ മുന്നയിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സൂഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു ഇതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം. കാന്തപുരം വിഭാഗം ഇടതുപക്ഷത്തിന് പിന്തുണ നൽകുന്നത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ അങ്ങനെ കരുതുന്നില്ല എന്നായിരുന്നു മറുപടി. രാത്രി ഒമ്പതോടെ കാരന്തൂർ മർകസിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP