Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനത്തിന് ശേഷം ജോലി തേടി നടക്കവേ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിത്വം; 17ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 25കാരി ചന്ദ്രാനി മുർമു; ഒഡീഷയിലെ കിയോജ്ഞറിൽ നിന്നും വിജയിച്ച ചന്ദ്രാനിയുടെ ലക്ഷ്യം തൊഴിലില്ലായ്മ തുടച്ചു നീക്കാൻ; വാഗ്ദാനങ്ങളിലല്ല നടപ്പാക്കുന്ന പദ്ധതികളിലാണ് ശ്രദ്ധയെന്നും ചന്ദ്രാനി

മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനത്തിന് ശേഷം ജോലി തേടി നടക്കവേ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിത്വം; 17ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 25കാരി ചന്ദ്രാനി മുർമു; ഒഡീഷയിലെ കിയോജ്ഞറിൽ നിന്നും വിജയിച്ച ചന്ദ്രാനിയുടെ ലക്ഷ്യം തൊഴിലില്ലായ്മ തുടച്ചു നീക്കാൻ; വാഗ്ദാനങ്ങളിലല്ല നടപ്പാക്കുന്ന പദ്ധതികളിലാണ് ശ്രദ്ധയെന്നും ചന്ദ്രാനി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പിന്നാലെ കാവി തരംഗം സൃഷ്ടിച്ച അലയൊലിയിലാണ് രാജ്യമിപ്പോൾ. രണ്ടാം മോദി സർക്കാർ രൂപീകരണത്തിനായി രാഷ്ട്രപതി അനുമതി നൽകിയതിന് പിന്നാലെ ക്യാബിനറ്റ് രൂപീകരണം എപ്രകാരമായിരുക്കുമെന്ന ചിന്തയിലാണ് ഇപ്പോൾ ഏവരും. ഈ അവസരത്തിലാണ് പതിനേഴാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ചന്ദ്രാനി മുർമു ശ്രദ്ധ നേടുന്നത്. വെറും 25 വയസിൽ ലോക്‌സഭാംഗമായ ചന്ദ്രാനി സ്ഥാനാരർത്ഥിത്വത്തിലേക്ക് വന്ന വഴി കേട്ടാൽ ഏവരും അമ്പരക്കും. മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനത്തിന് ശേഷം ജോലി തേടി നടക്കുകയായിരുന്നു ചന്ദ്രാനി.

ഈ സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെയാണ് ചന്ദ്രാനിയെ സ്ഥാനാർത്ഥിത്വം തേടിയെത്തിയത്. ഒഡീഷയിലെ കിയോജ്ഞരിൽ നിന്നുള്ള ബിജെഡി എംപിയാണ്. ആദിവാസി ഭൂരിപക്ഷ പ്രദേശമായ കിയോജ്ഞരിൽ അവരുടേത് കൂടാതെ സ്ത്രീകളും യുവാക്കളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾകൂടി ലോക്‌സഭയിൽ ഉയർത്തിക്കാട്ടാനാണ് ചന്ദ്രാനിയുടെ തീരുമാനം. വാഗ്ദാനങ്ങൾക്കല്ല, പകരം നടപ്പാകുന്ന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ദൃഢനിശ്ചയത്തിലാണ് ചന്ദ്രാനി.

കിയോഞ്ജർ പോലെ ഒരു ധാതു സമ്പന്ന ജില്ലയിൽ തൊഴിൽ പ്രതിസന്ധി ഉയർന്നുവരുന്നത് നിർഭാഗ്യകരമാണെന്നാണ് ചന്ദ്രനിയുടെ പക്ഷം. അതുകൊണ്ടു തന്നെ അതിനുള്ള പരിഹാരം തേടലായിരിക്കും ആദ്യ ദൗത്യം. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബിജെപി സ്ഥാനാർത്ഥി അനന്ത നായിക്കിനെ 66,203 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ചന്ദ്രാനി മുർമു ലോക്‌സഭയിലേക്ക് എത്തുന്നത്. ആറു തവണ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചിട്ടുള്ള മണ്ഡലത്തിൽ 1998 മുതൽ 2004 വരെ ബിജെപിക്കായിരുന്നു ജയം. 2009ലും 2014ലും ബിജെഡി സ്ഥാനാർത്ഥി വിജയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ഒഡിഷയിൽ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാർ വീണ്ടും അധികാരത്തിലെത്തിയിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ പാർലമെന്ററി പാർട്ടി നേതാവ് നരേന്ദ്ര മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം ക്ഷണിച്ചു. അമിത്ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണിത്. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ജെ ഡി യു നേതാവ് നിതീഷ് കുമാർ, എൽ ജെ പി നേതാവ് രാം വിലാസ് പാസ്വാൻ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറേ, ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവരും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയത്. സത്യപ്രതിജ്ഞയുടെ തീയതിയും സമയവും, മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുവിവരങ്ങളും അറിയിക്കാൻ രാംനാഥ് കോവിന്ദ് മോദിയോട് നിർദ്ദേശിച്ചു. കാവൽ പ്രധാനമന്ത്രിയായി തുടർന്ന് സർക്കാർ രൂപീകരിക്കാൻ രാംനാഥ് കോവിന്ദ് തന്നോട് ആവശ്യപ്പെട്ടതായി മോദി അറിയിച്ചു. ഈ മാസം 30 ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന. ശനിയാഴ്ച വൈകിട്ട് ചേർന്ന എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. നിധിൻ ഗഡ്കരി, രാജ്‌നാഥ്‌സിങ് എന്നിവർ മോദിയെ പിന്താങ്ങി. എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്.

എൻഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആർജെഡി നേതാവ് നിതീഷ് കുമാർ, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവർ എൻഡിഎ ലോക്‌സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മറ്റ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തന്നെ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് മോദി നന്ദി പറഞ്ഞു. ഭരണഘടനയിൽ തലതൊട്ടുവന്ദിച്ച ശേഷമാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് മോദി പ്രത്യേകം ആശംസകൾ നേർന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP