Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി പാറി; ഇടതു തരംഗത്തിൽ സജി ചെറിയാന് പടുകൂറ്റൻ വിജയം; മണ്ഡലം കൈപ്പിടിയിൽ ഒതുക്കിയത് 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ; യുഡിഎഫും ബിജെപിയും തകർന്നടിഞ്ഞപ്പോൾ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് പിണറായിയും കൂട്ടരും; യുഡിഎഫ് - ബിജെപി ശക്തി കേന്ദ്രങ്ങളിലും ചെമ്പടയുടെ തേരോട്ടം; എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടരുന്നതിനിടെ തകർന്നടിഞ്ഞ കോൺഗ്രസിൽ പഴിചാരലിന്റെ പൂരം

ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി പാറി; ഇടതു തരംഗത്തിൽ സജി ചെറിയാന് പടുകൂറ്റൻ വിജയം; മണ്ഡലം കൈപ്പിടിയിൽ ഒതുക്കിയത് 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ; യുഡിഎഫും ബിജെപിയും തകർന്നടിഞ്ഞപ്പോൾ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് പിണറായിയും കൂട്ടരും; യുഡിഎഫ് - ബിജെപി ശക്തി കേന്ദ്രങ്ങളിലും ചെമ്പടയുടെ തേരോട്ടം; എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടരുന്നതിനിടെ തകർന്നടിഞ്ഞ കോൺഗ്രസിൽ പഴിചാരലിന്റെ പൂരം

മറുനാടൻ ഡെസ്‌ക്ക്

ചെങ്ങന്നൂർ: ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് പടുകൂറ്റൻ വിജയം. മണ്ഡലത്തിലെ വോട്ടുചരിത്രം തിരുത്തി എഴുതി കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയത്. 20525 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാൻ വിജയത്. എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫിന്റെ തേരോട്ടത്തിൽ യുഡിഎഫ് കേന്ദ്രങ്ങൾ തർന്നടിഞ്ഞു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിവും വോട്ടുചോർച്ചയുണ്ടായി. സജി ചെറിയാൻ 67303 വോട്ടുകൾ നേടിയപ്പോൾ ഡി വിജയകുമാർ 46347 വോട്ടുകൾ നേടി. 35270 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളക്ക് ലഭിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും ഒരുപോലെ മുന്നേറുകയായിരുന്നു സജി ചെറിയാൻ. ആദ്യ റൗണ്ട് മുതൽ തുടങ്ങിയ മുന്നേറ്റം അവസാന റൗണ്ട് വരെ നിലനിർത്താൻ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡു നേടാൻ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സാധിക്കാതിരുന്നതോടെ വൻ തോൽവിയാണ് നേരിടേണ്ടി വന്നത്.

കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചത്. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ആ റെക്കോർഡാണ് 20525 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സജി ചെറിയാൻ നേടിയത്. മണ്ഡലത്തിൽ വോട്ടു വിഹിതം പരിശോധിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും വോട്ടു ശതമാനം വർദ്ധിപ്പിച്ചപ്പോൾ ബിജെപിക്ക് വോട്ടു കുറഞ്ഞു.

സജി ചെറിയാൻ- 67303
ഡി വിജയകുമാർ-46347
പിഎസ് ശ്രീധരൻ പിള്ള-35270

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നിൽ പോകാതെയാണ് സിപിഎം വിജയം നേടിയത്. മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. യുഡിഎഫിന് ഏറെ പ്രതീക്ഷയുള്ള പഞ്ചായത്താണ് മാന്നാർ. ഇവിടെ 1379 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. തുടർന്നങ്ങോട്ട് തുടർച്ചയായി ലീഡെടുക്കുകയായിരുന്നു സജി ചെറിയാൻ. ബിജെപി, യുഡിഎഫ് ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. രണ്ടാം റൗണ്ടിലും സജി ചെറിയാന്റെ മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. പിന്നീട് അവസാന ഘട്ടത്തിൽ പോലും വലിയ മുന്നേറ്റമാണ് സജി ചെറിയാൻ നടത്തിയത്.

രണ്ടാം റൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രമായ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെയും വലിയ ലീഡ് എടുത്തതോടെ വൻ വിജയത്തിലേക്കാണ് സജി ചെറിയാൻ നീങ്ങുന്നതെന്ന് ഉറപ്പായിരുന്നു. ഇവിടെയും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റമാണ് ഇവിടെ അഞ്ചു ബൂത്തുകളിലും സജി ചെറിയാൻ മുന്നിൽ നിൽക്കുന്ന അവസ്ഥയാണ്. എല്ലാ പഞ്ചയത്തിലും വലിയ മുന്നേറ്റമാണ് സജി ചെറിയാൻ നടത്തിയത്.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.

മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർത്ഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.

മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്. മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉം ചെന്നിത്തലയിൽ 2353 ഉം ചെറിയനാട് 2485 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.

പ്രതീക്ഷകൾക്ക് അപ്പുറമുള്ള വിജയമെന്ന് സജി ചെറിയാൻ, തോൽവി അംഗീകരിച്ച് വിജയകുമാർ

തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെയും ബിജെപിയടെയും വോട്ടുകൾ കിട്ടിയതായി ഇടതു സ്ഥാനാർത്ഥി സജി ചെറിയാൻ വ്യക്തമാക്കി. ആ ആത്മവിശ്വാസത്തെ ശരിവെക്കുന്ന വിധത്തിലുള്ള കുതിപ്പാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങൾ.

ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗം അലയടിക്കുന്നുവെന്ന വസ്തുത അംഗീകരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാർ. പരാജയം സമ്മതിച്ച് ചെങ്ങന്നൂരിൽ ചെങ്കൊടി തന്നെയെന്ന് അംഗീകരിക്കുകകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. നിലവിൽ ചെങ്ങന്നൂരിൽ എൽഡിഎഫിന് അനുകൂലമായ ട്രെൻഡാണ് കാണുന്നതെന്നും ഈ ട്രെൻഡ് ഇതേപടി അംഗീകരിക്കുകയാണെങ്കിൽ ജനവിധി അംഗീകരിക്കുക മാത്രമേ വഴിയുള്ളൂവെന്നും വിജയകുമാർ പ്രതികരിച്ചു. അതേസമയം, ബിജെപിയും സിപിഎമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ചെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടിൽ പ്രതിരോധിക്കാൻ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാർട്ടി നേതൃത്വം ആലോചിക്കണമെന്നും തോൽവി സമ്മതിച്ച് വിജയകുമാർ പറഞ്ഞു.

കോൺഗ്രസ് വോട്ടു മറിച്ചെന്ന് ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയും ആരോപിച്ചു. മാന്നാർ അതിന്റെ സൂചനയാണ്. വോട്ട് പർച്ചേസ് ചെയ്തു. ധനധാരാളിത്തം എൽഡിഎഫിന്റെ മുഖമുദ്രയെന്നും പിള്ള കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ എംഎൽയായിരുന്ന കെ കെ രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മണ്ഡലത്തിൽ ജനകീയനായിരുന്ന രാമചന്ദ്രൻ നായർക്കുള്ള അംഗീകാരം കൂടിയായി സജി ചെറിയാന്റെ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP