Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിദ്ദിഖിന് വയനാട് സീറ്റ് കിട്ടിയേ തീരൂ; ഇല്ലാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ല; സിറ്റിങ് സീറ്റ് വിട്ടുതരില്ലെന്ന് ഐ ഗ്രൂപ്പ് ശഠിക്കുമ്പോൾ പ്രിയശിഷ്യന് വേണ്ടി കട്ടക്കലിപ്പിൽ ഉമ്മൻ ചാണ്ടി; സിദ്ദിഖിനെ ആലപ്പുഴയിലേക്ക് മാറ്റാമെന്നും വയനാട് ഷാനിമോൾക്ക് നൽകണമെന്നും പറഞ്ഞ് പുതു ഫോർമുലയുമായി ഐ ഗ്രൂപ്പ്; വടകരയിൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുയർന്നതോടെ വിദ്യാ ബാലകൃഷ്ണന്റെ സാധ്യത മങ്ങുന്നു; ഗ്രൂപ്പു വടംവലി തുടരുമ്പോൾ ഉമ്മൻ ചാണ്ടി ഡൽഹിക്ക്; നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ

സിദ്ദിഖിന് വയനാട് സീറ്റ് കിട്ടിയേ തീരൂ; ഇല്ലാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ല; സിറ്റിങ് സീറ്റ് വിട്ടുതരില്ലെന്ന് ഐ ഗ്രൂപ്പ് ശഠിക്കുമ്പോൾ പ്രിയശിഷ്യന് വേണ്ടി കട്ടക്കലിപ്പിൽ ഉമ്മൻ ചാണ്ടി; സിദ്ദിഖിനെ ആലപ്പുഴയിലേക്ക് മാറ്റാമെന്നും വയനാട് ഷാനിമോൾക്ക് നൽകണമെന്നും പറഞ്ഞ് പുതു ഫോർമുലയുമായി ഐ ഗ്രൂപ്പ്; വടകരയിൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുയർന്നതോടെ വിദ്യാ ബാലകൃഷ്ണന്റെ സാധ്യത മങ്ങുന്നു; ഗ്രൂപ്പു വടംവലി തുടരുമ്പോൾ ഉമ്മൻ ചാണ്ടി ഡൽഹിക്ക്; നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. വയനാട് സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പുകളുടെ വടംവലിയാണ് പ്രശ്‌നങ്ങൾക്ക് കാരണം. തന്റെ ഉത്തമശിഷ്യനായ ടി സിദ്ദിഖിന് വേണ്ടി യാതൊരു വിട്ടുവീഴ്‌ച്ചയും കൂടാതെ കടുത്ത നിലപാടിലാണ് ഉമ്മൻ ചാണ്ടി. ഐ ഗ്രൂപ്പിന്റെ കൈയിലാണ് വയനാട് സീറ്റെങ്കിലും സീറ്റ് കിട്ടിയേ തീരൂ എന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. വിട്ടുതരില്ലെന്ന നിലപാടിൽ മറ്റു പാർട്ടികളും തുടരുമ്പോൾ തർക്കം മുറുകുകയാണ്. ഇതോടെ ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോകാൻ ഒരുങ്ങുകയാണ്. ഇതോടെ ഉമ്മൻ ചാണ്ടിയുടെ നിലപാട് മനസിലാക്കിയ ശേഷമാകും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുക.

പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. നേതാക്കളോട് ഡൽഹിയിൽ തുടരാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി. ഉമ്മൻ ചാണ്ടി ഇന്ന് വൈകിട്ട് വീണ്ടും ഡൽഹിക്ക് പോകും. ഉമ്മൻ ചാണ്ടി കൂടി എത്തിയ ശേഷം നാലു സീറ്റിലെ സ്ഥാനാർത്ഥികളെ നാളെ തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സീറ്റിന്റെ കാര്യത്തിൽ തർക്കങ്ങളില്ലെന്നും ഉമ്മൻ ചാണ്ടിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിയാലോചന നടത്തും. നാല് മണ്ഡലങ്ങളിൽ മൂന്ന് സീറ്റുകളിൽ യുഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. ഇവിടെ സ്ഥാനാർത്ഥി നിർണയം മികച്ചതാകണം എന്നു മാത്രമാണ് വേണ്ടത്. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് നിശ്ചയിക്കാനുള്ളത്. വയനാട് മണ്ഡലത്തെച്ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തർക്കമാണ് നാല് സീറ്റിലേയും സ്ഥാനാർത്ഥിപ്രഖ്യാപനം വൈകിച്ചത്.

വയനാട് സീറ്റ് ടി.സിദ്ദിഖിന് നല്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ വിഭാഗം. വയനാടിന് പരിഹാരമായാൽ വടകരയിലും ആലപ്പുഴയിലും ആറ്റിങ്ങലിലും അനിശ്ചിതത്വം നീങ്ങും. ഇക്കാര്യത്തിൽ അവസാന വാക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെതാണ്. വയനാട് സീറ്റിനായുള്ള എ ഐ ഗ്രൂപ്പുകളുടെ പിടിവലിയാണ് നാല് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്.

ഷാനിമോൾ ഉസ്മാൻ, പി.എം.നിയാസ്, കെ.പി.അബ്ദുൾ മജീദ് എന്നിവരുടെ പേരുകൾ ഉയർത്തി രമേശ് ചെന്നിത്തല അവകാശവാദം ശക്തമാക്കി. അതേസമയം ടി.സിദ്ദിഖിന് സീറ്റ് നൽകണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടിയും തയ്യാറല്ല. ഇവർക്കെല്ലാം പുറമേ വയനാട്ടിൽ സമവായ സ്ഥാനാർത്ഥിയായി എ.കെ.ആന്റണിയുടെ പരോക്ഷ പിന്തുണയുള്ള വി.വി. പ്രകാശന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ജാതി സമവാക്യങ്ങൾ കൂടി വന്നാൽ വയനാട്ടിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി വന്നേക്കും.

അതിനിടെ പുതിയ ഫോർമുലയുമായി ഐ ഗ്രൂപ്പ് രംഗത്തുണ്ട്. ടി സിദ്ദിഖിനെ ആലപ്പുഴയിൽ മത്സരിപ്പിക്കാം എന്നതാണ് ഈ ഫോർമുല. പകരം ഷാനിമോളെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കണമെന്നും ഐ ഗ്രൂപ്പ് വാദിക്കുന്നു. എന്നാൽ, ഈ നീക്കം എ ഗ്രൂപ്പ് അംഗീകരിക്കാൻ സാധ്യതയില്ല. ഷാനിമോളിനെ ആലപ്പുഴയിൽ മൽസരിപ്പിക്കുന്നതിലും അഭിപ്രായഭിന്നതയുണ്ട്. വടകരയിൽ ടി.സിദ്ദിഖ് മൽസരിക്കണമെന്ന് നേതൃത്വത്തിന് താത്പര്യമുണ്ടെങ്കിലും സിദ്ദിഖ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. വടകരയിൽ മുല്ലപ്പള്ളിക്ക് പകരമെത്തുന്നത് മുതിർന്ന നേതാവാകണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്തുവരുന്ന സൂചന.

അഞ്ച് പേരുടെ പട്ടികയാണിപ്പോൾ വയനാടിന് വേണ്ടി നിലവിലുള്ളത്. ടി സിദ്ദിഖിന് വേണ്ടി ഉമ്മൻ ചാണ്ടി നിൽക്കുമ്പോൾ ഷാനിമോൾ ഉസ്മാൻ പി അബ്ദുൾ മജീദ്, വി വി പ്രകാശ്, കെ മുരളീധരൻ എന്നിവരെയും സജീവമായി പരിഗണിക്കുന്നുണ്ട്. വടകരയിലേക്ക് ടി സിദ്ദിഖിനെ മാറ്റാൻ നിർദ്ദേശമുണ്ടെങ്കിലും അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ല. ഇന്നലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം വടകരയിൽ ആർഎംപി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഒരുങ്ങുകയാണ്. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആരായിരുന്നാലും പിന്തുണയ്ക്കുമെന്ന് ആർ.എംപി സംസ്ഥാന സെക്രട്ടറി എൻ. വേണു അറിയിച്ചു. കെ.കെ രമയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. കോൺഗ്രസ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻ. വേണു പറഞ്ഞു. കൊലപാതക രാഷ്ട്രീയമാണ് ആർ.എംപി ചർച്ചയാക്കുന്നത്. അതിന്റെ ഫലം യു.ഡി.എഫിന് ലഭിക്കും. ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടൽ പാർട്ടി നടത്തുമെന്നും വേണു പറഞ്ഞു. നേരത്തെ വടകര, ആലത്തൂർ, കോഴിക്കോട്, തൃശൂർ മണ്ഡലങ്ങളിൽ ആർ.എംപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP