Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് സിപിഐ സാധ്യതാ ലിസ്റ്റിൽ ഏറ്റവും മുമ്പിൽ ആനിരാജ; തമിഴ്‌നാട്ടിൽ നിന്നുള്ള സിപിഐ സെക്രട്ടറിയുടെ ഭാര്യയും കണ്ണൂരൂകാരിയുമായ ആനിയുടെ പേരിനോട് യോജിച്ച് നേതൃത്വം; ഡബ്ബിങ് ആർട്ടിസ്റ്റും പൊതുപ്രവർത്തകയുമായി ഭാഗ്യലക്ഷ്മി അവസാന നിമിഷം സ്ഥാനാർത്ഥിയാകുമെന്ന് വിശ്വസിക്കുന്നവരും ഏറെ; ശശി തരൂരിനെ നേരിടാൻ സ്ഥാനാർത്ഥി ആരെന്ന് ഉറപ്പിക്കാതെ ബിജെപി വലയുമ്പോൾ സീറ്റ് നിർണ്ണയത്തിൽ ഏകദേശ ധാരണയുമായി എൽഡിഎഫ്

തിരുവനന്തപുരത്ത് സിപിഐ സാധ്യതാ ലിസ്റ്റിൽ ഏറ്റവും മുമ്പിൽ ആനിരാജ; തമിഴ്‌നാട്ടിൽ നിന്നുള്ള സിപിഐ സെക്രട്ടറിയുടെ ഭാര്യയും കണ്ണൂരൂകാരിയുമായ ആനിയുടെ പേരിനോട് യോജിച്ച് നേതൃത്വം; ഡബ്ബിങ് ആർട്ടിസ്റ്റും പൊതുപ്രവർത്തകയുമായി ഭാഗ്യലക്ഷ്മി അവസാന നിമിഷം സ്ഥാനാർത്ഥിയാകുമെന്ന് വിശ്വസിക്കുന്നവരും ഏറെ; ശശി തരൂരിനെ നേരിടാൻ സ്ഥാനാർത്ഥി ആരെന്ന് ഉറപ്പിക്കാതെ ബിജെപി വലയുമ്പോൾ സീറ്റ് നിർണ്ണയത്തിൽ ഏകദേശ ധാരണയുമായി എൽഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇത്തവണ ഇടതു പക്ഷത്തിനായി മത്സരിക്കുക സിപിഐ തന്നെയാണ്. മുമ്പെല്ലാം സിപിഎം ഈ സീറ്റിനായി അവകാശ വാദം ഉന്നയിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ സിപഐയ്ക്ക് സീറ്റ് വിട്ടുകൊടുക്കാനാണ് സിപിഎമ്മിന്റേയും ധാരണ. ഇവിടെ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള സിപിഐ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സിപിഐയുടെ ദേശീയ തലത്തിലെ തിളങ്ങുന്ന മുഖമായ വനിതാ നേതാവ് ആനി രാജയാണ് സ്ഥാനാർത്ഥിയാകാൻ കൂടുതൽ സാധ്യത. ആനി രാജയ്ക്ക് പൊതു സമൂഹത്തിലുള്ള അംഗീകാരം വോട്ടായി മാറുമെന്നാണ് സിപിഐയുടെ പ്രതീക്ഷ. ആനി രാജയ്ക്കൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റും പൊതുപ്രവർത്തകയുമായി ഭാഗ്യലക്ഷ്മിയും പരിഗണനയിലാണ്.

തിരുവനന്തപുരത്ത് കോൺഗ്രസിനായി സിറ്റിങ് എംപി ശശി തരൂർ തന്നെ മത്സരിക്കും. ബിജെപിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനും ആയിട്ടില്ല. പല പേരുകളും ചർച്ചയാണെങ്കിലും ആശയ വ്യക്തത ബിജെപിയിൽ വന്നിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് ആനിരാജയെ ഉടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനാണ് സിപിഐ ആലോചന. തിരുവനന്തപുരം മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരുടെ

ആനിരാജ മത്സരിക്കുന്നതിനോടാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന് കൂടുതൽ താൽപ്പര്യം. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള സിപിഐയുടെ ദേശീയ നേതാവ് കൂടിയായ ഡി രാജയുടെ ഭാര്യയാണ് ആനി രാജ. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വത്തിൽ ആനി രാജയുടെ താൽപ്പര്യം കൂടി പരിഗണിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആനി രാജയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ അവർ സ്ഥാനാർത്ഥിയാകുമെന്നാണ് ലഭിക്കുന്ന സൂചന. കണ്ണൂർ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകൾ ആനി തോമസ് സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ തന്നെ സജീവ രാഷ്ട്രീയ പ്രവർത്തകയാണ്. സിപിഐ.യുടെ ദേശീയ മഹിളാ ഫെഡറേഷന്റെ അഖിലേന്ത്യ സെക്രട്ടറി ആനിരാജയാണ്. സിപിഐ.യുടെ അഖിലേന്ത്യാ നേതാവും എംപി.യുമായ ഡി.രാജയുടെ ഭാര്യ. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ എ.ഐ.എസ്.എഫ്. നേതാവും വിദ്യാർത്ഥിപോരാളിയുമായ അപരാജിതയുടെ അമ്മ.

1970 കാലഘട്ടത്തിൽ മലയോരമേഖലയിലെ ദരിദ്രമായ ചുറ്റുപാടിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കൊടിയേന്തി സമരം നയിച്ച ഇത്തിരി കറുത്തുകൊലുന്നനെയുള്ള പെൺകുട്ടി പ്രതിസന്ധികളെ അവഗണിച്ചാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. സ്ത്രീകൾ വെല്ലുവിളി നേരിടുന്ന വിഷയങ്ങളിൽ എല്ലാം ആനിരാജ അതിശക്തമായ ഇടപെടലാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ശശി തരൂരിനെ നേരിടാൻ ആനി രാജയാണ് മികച്ച സ്ഥാനാർത്ഥിയെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനൊപ്പമാണ് ഭാഗ്യലക്ഷ്മിയുടെ പേരും ചർച്ചയാകുന്നത്. ഈയിടെയാണ് ഭാഗ്യലക്ഷ്മി സിപിഐയിൽ അംഗമായത്. വളരെ സജീവമായി തന്നെ പാർട്ടിയിലുടെ പരിപാടികളുമായി അവർ സഹകരിക്കുന്നുമുണ്ട്. സ്ത്രീപക്ഷ പൊതുപ്രവർത്തകയെന്ന നിലയിൽ ഏറെ അംഗീകരാം ഭാഗ്യലക്ഷ്മി നേടിയിട്ടുണ്ട്. ഈ സാമൂഹിക ഇടപെടലുകൾ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം സിനിമാ സംവിധായകനായ വിനയന്റെ പേരും സിപിഐ ചർച്ച ചെയ്യുന്നുണ്ട്. ഏതായാലും പാർട്ടി അംഗം തന്നെയാകും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെന്നാണ് സൂചന.

തിരുവനന്തപുരത്തിന് പുറമേ വയനാട്ടിലും മാവേലിക്കരയിലും തൃശൂരിലുമാണ് സിപിഐ മത്സരിക്കുക. വയനാട് ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി. സുനീറിനെ പരിഗണിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ പാർട്ടി സംഘടനാ ചുമതല വഹിക്കുന്നത് സുനീറാണ്. സിപി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ വയനാട് ലോക്സഭാ മണ്ഡലത്തിലാണ്. മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ളവയാണ് ഈ മണ്ഡലങ്ങൾ. അതുകൊണ്ട് തന്നെ യുഡിഎഫിന് വലിയ മുൻതൂക്കം വയനാട് മണ്ഡലത്തിൽ ഉണ്ട്. ഈ സാഹചര്യത്തിൽ ചിട്ടയായ പ്രചരണങ്ങൾ സുനീറിന് വേണ്ടി സിപിഐ നടത്തും. പരമാവധി വോട്ട് നേടിയുള്ള അട്ടമിറിയാണ് ആഗ്രഹിക്കുന്നത്.

സംവരണ മണ്ഡലമായ മാവേലിക്കരയിൽ കെ.പി.എം.എസ്. ജനറൽ സെക്രട്ടറിയും നവോത്ഥാന സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാറിന്റെ പേരും പരിഗണയിലുണ്ട്. നേരത്തേ സിപിഐ. പത്തനാപുരം മണ്ഡലം കമ്മിറ്റിയംഗമായ ഇദ്ദേഹം സജീവരാഷ്ട്രീയം ഉപേക്ഷിച്ച് സാമുദായിക സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പുന്നലയെ മത്സരിപ്പിക്കാൻ സിപിഎമ്മിനും ആഗ്രഹമുണ്ട്. ഇത് സിപിഐയോട് പങ്കുവയ്ക്കുകയും ചെയ്തു. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും പാർലമെന്ററി പ്രവർത്തന രംഗത്തോട് പ്രത്യേക താത്പര്യമില്ലെന്നും പുന്നല പറഞ്ഞു.

കഴിഞ്ഞതവണ സിപിഐ. ജയിച്ച ഏകസീറ്റാണ് തൃശ്ശൂർ. ഇവിടെ സി.എൻ. ജയദേവന് പകരം കെ.പി. രാജേന്ദ്രന്റെ പേര് ഉയർന്നിട്ടുണ്ട്. ത്രികോണമത്സരം നടക്കാനിടയുള്ള തിരുവനന്തപുരത്ത് അനുയോജ്യ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഐ. നേതൃത്വം. നമ്പി നാരായണന്റെ പേരാണ് ആദ്യം സിപിഐ പരിഗണിച്ചത്. എന്നാൽ നമ്പി നാരായണന് മത്സരിക്കാൻ താൽപ്പര്യക്കുറവുണ്ടെന്ന് വ്യക്തമായതോടെയാണ് മറ്റ് പേരുകളിലേക്ക് സിപിഐ കടന്നത്. ഈ സാഹചര്യത്തിലാണ് ആനിരാജയുടെ പേരിന് മുൻഗണന ലഭിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP