Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റം തുടരുമ്പോഴും നില മെച്ചപ്പെടുത്തി ബിജെപി; ആം ആദ്മി ലീഡ് ചെയ്യുന്നത് 50 സീറ്റുകളിൽ; ബിജെപി 20 സീറ്റുകളിലും; ഒരിടത്തും ലീഡില്ലാതെ കോൺഗ്രസ്; മുഖ്യമന്ത്രി കെജ്രിവാൾ ന്യൂഡൽഹിയിൽ മുന്നിൽ; അരവിന്ദ് കെജ്രിവാളിന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ആം ആദ്മി ആസ്ഥാനത്ത് സ്റ്റേജ് വരെ തയ്യാറാക്കി ആപ്പ് പ്രവർത്തകർ; തെരഞ്ഞെടുപ്പു കമ്മീഷൻ വെബ്സൈറ്റിലെ ഫലങ്ങൾ പ്രകാരം നടക്കുന്നത് ശക്തമായ പോരാട്ടം

ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റം തുടരുമ്പോഴും നില മെച്ചപ്പെടുത്തി ബിജെപി; ആം ആദ്മി ലീഡ് ചെയ്യുന്നത് 50 സീറ്റുകളിൽ; ബിജെപി 20 സീറ്റുകളിലും; ഒരിടത്തും ലീഡില്ലാതെ കോൺഗ്രസ്; മുഖ്യമന്ത്രി കെജ്രിവാൾ ന്യൂഡൽഹിയിൽ മുന്നിൽ; അരവിന്ദ് കെജ്രിവാളിന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ആം ആദ്മി ആസ്ഥാനത്ത് സ്റ്റേജ് വരെ തയ്യാറാക്കി ആപ്പ് പ്രവർത്തകർ; തെരഞ്ഞെടുപ്പു കമ്മീഷൻ വെബ്സൈറ്റിലെ ഫലങ്ങൾ പ്രകാരം നടക്കുന്നത് ശക്തമായ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലീഡെടുത്ത ആം ആദ്മി പ്രവർത്തകർ വോട്ടിങ് മെഷീൻ എണ്ണുമ്പോഴും കുതിപ്പു തുടരുകയാണ്. എക്‌സിറ്റ് പോളുകളെ ശരിവെക്കുന്ന വിധത്തിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം പോകുന്നത്. ആം ആദ്മിക്ക് വമ്പൻ വിജയമാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ മികച്ച മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചപ്പോൾ കോൺഗ്രസിൻെ കാര്യം പരിതാപകരമാണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്തിരുന്നു. ബല്ലിമാരനിൽ ഹാരൂൺ യൂസഫാണ് കോൺഗ്രസിന് വേണ്ടി ലീഡു ചെയ്തിരുന്നത്. എന്നാൽ, അദ്ദേഹം പിന്നീട് പിന്നോക്കം പോയി.

അതേസമയം വിജയം ഉറപ്പിച്ചെന്ന വിധത്തിൽ കെജ്രിവാളിന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ആം ആദ്മി ആസ്ഥാനത്ത് സ്‌റ്റേജ് വരെ തയ്യാറാക്കിയിട്ടുണ്ട്. വമ്പൻ ലീഡിലേക്കാണ് ആം ആദ്മി മുന്നേറുന്നത്. ന്യൂഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പട്പട്ഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ലീഡു ചെയ്യുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്ന സൂചനയാണ് ഫലം പുറത്തുവരുമ്പോൾ ബിജെപിക്കുള്ളത്. ആം ആദ്മി ആസ്ഥാനത്തേക്ക് കെജ്രിവാൾ എത്തിയിട്ടുണ്ട്. ശഹീൻബാഗും ജാമിയ മില്ലിയയും ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ ആം ആദ്മി ലീഡു ചെയ്യുകയാണ്. എല്ലാ സീറ്റുകളിലെയും ലീഡ് നില ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഫലസൂചനകൾ പുറത്തുവന്നതോടെ ആം ആദ്മി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റിലെ ഫലം പുറത്തുവരുമ്പോൾ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന സൂചനയാണുള്ളത്. എഴുപതിൽ 29 സീറ്റിലെ ഫല സൂചനകൾ പുറത്തുവരുമ്പോൾ 18 ഇടങ്ങളിൽ ആം ആദ്മി പാർട്ടിയും 11 ഇടത്ത് ബിജെപിയും മുന്നിൽ നിൽക്കുകയാണ്. വോട്ടിങ് ശതമാനത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആം ആദ്മിക്ക് 49.9 ശതമാനം വോട്ടു നേടിയപ്പോൾ ബിജെപി നേടിയത് 43 ശതമാനം വോട്ടാണ്. 

ലീഡ് നില ഇങ്ങനെ:

ആം ആദ്മി പാർട്ടി: 50

ബിജെപി: 20

കോൺഗ്രസ്: 0

11 ജില്ലാ കേന്ദ്രങ്ങളിലായി 27 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആംആദ്മി പാർട്ടി (എഎപി) ഉജ്വലവിജയം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ഇത് വിശ്വസിക്കുന്നില്ലെന്നും അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു. 70 അംഗ നിയമസഭയിൽ 55 സീറ്റുകൾ വരെ നേടിയ പാർട്ടി അധികാരത്തിലെത്തുമെന്ന് ബിജെപിയുടെ ഡൽഹി തലവൻ മനോജ് തിവാരി പറഞ്ഞു. തെരഞ്ഞെടുപ്പ ഫലം സംബന്ധിച്ച് ഭയമില്ലെന്നും ഇത് ബിജെപിയുടെ വിജയ ദിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ നിരസിച്ചായിരുന്നു തിവാരിയുടെപ്രതികരണം. ഫലം എന്തായിരുന്നാലും അതിനെ എല്ലാവരും അംഗീകരിക്കണമെന്നും അതിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. 55 സീറ്റുകൾ വരെ നേടി ബിജെപി വിജയിക്കും അതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എക്സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാർട്ടിയുടെ ഭരണതുടർച്ചയാണ് പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ആംആദ്മി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില.

ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്. 62.59 % പോളിംഗാണ് ഡൽഹിയിൽ രേഖപെടുത്തിയത്. കേന്ദ്ര സേനയുടെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തിന്റെ പോളിങ് കുറവാണ് ഡൽഹിയിൽ ഇക്കുറി രേഖപ്പെടുത്തിയതെങ്കിലും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം പോളിങ് അധികമായി രേഖപ്പെടുത്തിക്കാൻ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കഴിഞ്ഞു.അതേസമയം ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP