Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേഖിയെ ക്ലീൻ ബൗൾഡാക്കാൻ ബിജെപി; മോദിക്ക് വേണ്ടി ഡൽഹിയിൽ രാഷ്ട്രീയ ഇന്നിങ് ഓപ്പൺ ചെയ്യാൻ ഗംഭീറിന് പൂർണ്ണ സന്നദ്ധത; ഝാർഖണ്ഡിലെ വിക്കറ്റിന് പിന്നിൽ ധോനിയെ നിർത്താൻ ചർച്ചകൾ സജീവം; മുൻ ഇന്ത്യൻ ക്യാപ്ടനിലൂടെ ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നേട്ടം കൊയ്യാൻ; എംപിയാകാൻ തൽകാലം ഗാംഗുലിയെ കിട്ടില്ല; 2019ൽ അധികാരം നിലനിർത്താൻ മോദി കാണുന്ന ക്രിക്കറ്റ് വഴികൾ ഇങ്ങനെ

ലേഖിയെ ക്ലീൻ ബൗൾഡാക്കാൻ ബിജെപി; മോദിക്ക് വേണ്ടി ഡൽഹിയിൽ രാഷ്ട്രീയ ഇന്നിങ് ഓപ്പൺ ചെയ്യാൻ ഗംഭീറിന് പൂർണ്ണ സന്നദ്ധത; ഝാർഖണ്ഡിലെ വിക്കറ്റിന് പിന്നിൽ ധോനിയെ നിർത്താൻ ചർച്ചകൾ സജീവം; മുൻ ഇന്ത്യൻ ക്യാപ്ടനിലൂടെ ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നേട്ടം കൊയ്യാൻ; എംപിയാകാൻ തൽകാലം ഗാംഗുലിയെ കിട്ടില്ല; 2019ൽ അധികാരം നിലനിർത്താൻ മോദി കാണുന്ന ക്രിക്കറ്റ് വഴികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളായ എം.എസ് ധോനിയും ഗൗതം ഗംഭീറും ബിജെപിയിൽ ചേരുമെന്ന് സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവരും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ധോനി ഝാർഖണ്ഡിൽ നിന്നും ഗംഭീർ ഡൽഹിയിൽ നിന്നുമാണ് മത്സരിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ധോനി ഇക്കാര്യത്തിൽ മനസ്സ് തുറന്നിട്ടില്ല. ഡൽഹിയിൽ നിന്ന് ഗംഭീർ ഉറപ്പായും മത്സരിക്കുമെന്നാണ് സൂചന. ജനകീയ മുഖമുള്ളവരെ ബിജെപിയുടെ ഭാഗമാക്കി നേട്ടമുണ്ടാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് താരങ്ങളെ മത്സരത്തിന് ഇറക്കുന്നത്.

സിനിമാതാരങ്ങളേയും ബിജെപി പാളയത്തിലെത്തിക്കാൻ നീക്കം സജീവമാണ്. കേരളത്തിൽ മോഹൻലാലിനെ നോട്ടമിട്ടതു പോലെ ബോളിവുഡിൽ നിന്ന് അക്ഷയ് കുമാർ അടക്കമുള്ളവരെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നുണ്ട്. ജനസമ്മതിയുള്ളവർ ബിജെപിയുമായി അടുക്കുന്നുവെന്ന സന്ദേശം പാർട്ടിക്ക് വോട്ടായി മാറുമെന്നാണ് ബിജെപി വിലയിരുത്തൽ. ധോനിയയും ഗംഭീറും മത്സരിച്ചാൽ ഉത്തരേന്ത്യയിൽ വീണ്ടും മോദി മാജിക് പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ഗംഭീറും ധോനിയും ചർച്ചകളിലെത്തുന്നത് അതുകൊണ്ട് കൂടിയാണ്.

ഇരുവരുമായി ബിജെപി നേതൃത്വം അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായും ഇന്ധനവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും മൂലം നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്തവരാണ് ഗംഭീറും ധോനിയും. 2019 ലോകകപ്പ് വരെ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ധോനി തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ ധോനി മത്സരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഈയിടെ ധോനിയെ നേരിൽ കണ്ട് ബിജെപി അധ്യക്ഷൻ അമിത് ഷാ ചർച്ച നടത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത്.

ഗംഭീറാകട്ടെ, 2016 നവംബറിനു ശേഷം ദേശീയ ടീമിന് കളിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ സജീവമാണ്. കഴിഞ്ഞ ദിവസം സമാപിച്ച വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീറിന്റെ നേതൃത്വത്തിൽ ഡൽഹി ഫൈനലിലെത്തിയിരുന്നു. സൺഡേ ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം മീനാക്ഷി ലേഖി പ്രതിനിധാനം ചെയ്യുന്ന ന്യൂഡൽഹി മണ്ഡലത്തിലാവും ഗംഭീർ മത്സരിക്കുക. മണ്ഡലത്തിലെ രജീന്ദർ നഗർ സ്വദേശിയാണ് ഗംഭീർ. മീനാക്ഷി ലേഖിയുടെ പ്രവർത്തനങ്ങളിൽ പാർട്ടി സംതൃപ്തരല്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഗംഭീറിനെ അടുപ്പിക്കാനുള്ള നീക്കം. കളി മതിയാക്കി രാഷ്ട്രീയത്തിൽ ഇങ്ങാൻ ഗംഭീർ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.

ഗംഭീറിന്റെ സാമൂഹ്യസേവനങ്ങൾക്ക് മികച്ച ജനപിന്തുണയുണ്ടെന്നും ബിജെപിയുടെ കണക്കുകൂട്ടുന്നു. ഡൽഹിയിൽ പാർട്ടിയുടെ മൊത്തം സാധ്യതകളും ഗംഭീറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഉയരും. ആം ആദ്മി വെല്ലുവിളിയെ നേരിടാനാണ് ഈ നീക്കം. 7 സീറ്റിലും ഗംഭീറിന്റെ ബിജെപിയിലേക്കുള്ള വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ധോനിയുടെ കാര്യത്തിൽ അവ്യക്തതകൾ ഏറെയുണ്ട്. ബിജെപിയുടെ ഭാവി നേതാവായി ധോനിയെ ഉയർത്തിക്കാട്ടാനാണ് നീക്കം. ഇതിനൊപ്പം ബംഗാളിൽ സൗരവ് ഗാംഗുലിയെ അടുപ്പിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്. എന്നാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ഗാംഗുലി എടുക്കുന്നതായാണ് സൂചന. ബിസിസിഐയുടെ തലപ്പത്ത് എത്തുന്നതിനാണ് ഗാംഗുലിക്ക് കൂടുതൽ താൽപ്പര്യം.

ഝാർഖണ്ഡിലാവും ധോനി മത്സരിക്കുകയെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോനി പാർട്ടിയിൽ ചേർന്നാൽ ദക്ഷിണേന്ത്യയിലും ബിജെപിക്കു ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തമിഴ്‌നാട്ടിൽ ഏറെ ആരാധകരുള്ള താരമാണ് ധോനി. കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശ്രീശാന്തിനെ വീണ്ടും മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. എറണാകുളത്തേക്കാണ് ശ്രീയെ കൂടുതലായി പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP