Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലി മടയിൽ ചെന്നാണ്; രാഹുലിനെ കളിയാക്കാൻ ഇടത് സ്ഥാനാർത്ഥിയെ വെറും എലിയാക്കിയ മന്ത്രി കെടി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നിരാശപ്പെടുത്തുന്നത് വയനാട്ടിലെ എൽഡിഎഫ് പ്രവർത്തകരെ; രാഹുൽ ചർച്ചകളിൽ മുഴുവൻ ഇടതുപക്ഷവും പറയുന്നത് യുഡിഎഫ് വിജയത്തെ കുറിച്ച്; എന്തിന് വേണ്ടി പ്രവർത്തിക്കണം എന്ന് ചോദിച്ച് പിന്നോട്ട് വലിഞ്ഞ് പ്രവർത്തകർ; എലിയെന്ന് വിളിച്ചത് ബിജെപിയെ എന്ന് വിശദീകരിച്ച് തലയൂരാൻ ജലീലും

പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലി മടയിൽ ചെന്നാണ്; രാഹുലിനെ കളിയാക്കാൻ ഇടത് സ്ഥാനാർത്ഥിയെ വെറും എലിയാക്കിയ മന്ത്രി കെടി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നിരാശപ്പെടുത്തുന്നത് വയനാട്ടിലെ എൽഡിഎഫ് പ്രവർത്തകരെ; രാഹുൽ ചർച്ചകളിൽ മുഴുവൻ ഇടതുപക്ഷവും പറയുന്നത് യുഡിഎഫ് വിജയത്തെ കുറിച്ച്; എന്തിന് വേണ്ടി പ്രവർത്തിക്കണം എന്ന് ചോദിച്ച് പിന്നോട്ട് വലിഞ്ഞ് പ്രവർത്തകർ; എലിയെന്ന് വിളിച്ചത് ബിജെപിയെ എന്ന് വിശദീകരിച്ച് തലയൂരാൻ ജലീലും

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: 2004ലെ ലോക്‌സഭയിൽ സിപിഎമ്മിനുണ്ടായിരുന്നത് 43 അംഗങ്ങൾ. 2009ൽ അത് 16 ആയി. ബംഗാൾ പൂർണ്ണമായും പോയതോടെ 2014ൽ എണ്ണം 9 ആയി. ഇപ്പോൾ ത്രിപുരയിലും സിപിഎം ഇല്ല. അതുകൊണ്ട് തന്നെ കേരളത്തിൽ മാത്രമാണ് പ്രതീക്ഷ. ഇതിനിടെയാണ് കോൺഗ്രസ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നത്. രാഹുൽ വയനാട് മത്സരിച്ചാൽ കേരളത്തിലാകെ രാഹുൽ തരംഗം അലയടിക്കും. ഇത് കേരളത്തിലും സിപിഎമ്മിന് തിരിച്ചടിയാകും. ഇത് മനസ്സിലാക്കിയ സിപിഎം ആകെ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് വയനാട്ടിലെ അണികളെ നിരാശരാക്കി മന്ത്രി കെടി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എത്തിയത്. രാഹുലിനെ മത്സരത്തിൽ നിന്ന് പിന്മാറ്റിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജലീൽ പോസ്റ്റിട്ടത്. എന്നാൽ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ് എന്ന ജലീലിന്റെ പോസ്റ്റ് കൊണ്ടത് സിപിഐയ്ക്കാണ്. വയനാട്ടിലെ സിപിഐ സ്ഥാനാർത്ഥി വെറുമൊരു എലിയാണെന്ന് പറയുകയായിരുന്നു ഇടത് മന്ത്രിസഭയിലെ പ്രമുഖൻ.

'പുലിയെ പിടിക്കാൻ എലിമാളത്തിലെത്തിയ രാഹുൽജി' എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്' എന്നാണ് ജലീൽ കുറിച്ചത്. വയനാട്ടിലെ എൽഡിഎഫ് സീറ്റിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥിയെ വിലകുറച്ചു കാണുന്നതാണ് പോസ്റ്റെന്നു വിമർശനമുയർന്നു. 'പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ' എന്ന ട്രോളും അതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു വംശീയാധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടി ഏറെപ്പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. രാഹുലിനെ ഉത്തരേന്ത്യൻ തൊഴിലാളിയായി ചിത്രീകരിക്കുന്ന തരത്തിലാണ് ജലീലിന്റെ പോസ്റ്റിനെ സോഷ്യൽ മീഡിയ കാണുന്നത്. ഏതായാലും സിപിഐ സ്ഥാനാർത്ഥി സുനീർ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്. ഇനി എന്തിനാണ് താൻ മത്സരിക്കുന്നതെന്നാണ് സുനീർ ചോദിക്കുന്നത്. വയനാട്ടിൽ സിപിഐയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ജലീൽ തന്നെ സമ്മതിക്കുമ്പോൾ മത്സരത്തിന്റെ പ്രസക്തി തന്നെ പോയെന്ന് സുനീർ പറയുന്നു. ഇനി എന്തിനാണ് വയനാട്ടിൽ പ്രവർത്തിക്കേണ്ടതെന്ന ചോദ്യമാണ് ഇടത് പ്രവർത്തകരും ഉയർത്തുന്നത്. സിപിഐ നേതാക്കളും പ്രവർത്തകരും പോലും നിരാശരാണ്.

സംഭവം വിവാദമായതോടെ പുതിയ വിശദീകരണവുമായി ജലീലും രംഗത്ത് വന്നു. ജലീലിന്റെ പുതിയ പോസ്റ്റ് ചുവടെ

പ്രിയ രാഹുൽജി, പുലിയെ നേരിടേണ്ടത് പുലിമടയിൽ ചെന്നാണ്, അല്ലാതെ എലിയുടെ മാളത്തൽ ചെന്നല്ല. രാഷ്ട്രീയ ശക്തി കൊണ്ട് ബിജെപി ഉത്തേരേന്ത്യയിൽ ഒരു പുലിയാണെങ്കിൽ മലയാളക്കരയിൽ വെറുമൊരു എലിയാണ്. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടു കൂടിയാണ് കോൺഗ്രസ് മത്സരിക്കുന്നത് എന്ന കാര്യം താങ്കൾക്ക് അറിയാമെന്ന് കരുതുന്നു. പൈശചികമായ പുൽവാമ ഭീകരാക്രമണത്തിനു ശേഷം റെയ്ഡ് ചെയ്യപ്പെട്ട ഒരേയൊരു മത സംഘടനാ ഓഫീസ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെതാണ്.

ഈ സംഘടനയുടെ പേരിലുള്ള 'കാശ്മീർ' എന്ന പദം ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം വ്യഞ്ജിപ്പിക്കുന്നുണ്ടെന്ന് പറയട്ടെ. അവരുടെ യഥാർഥ മുഖം കാശ്മീരൊഴികെയുള്ള ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ മറച്ചു പിടിച്ചിരിക്കുകയാണെന്ന ആരോപണം കാലാകാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഇത്തരമൊരാക്ഷേപം നിലനിൽക്കെ കേരളത്തിൽ അവരുടെ പിന്തുണയോടെ അങ്ങയെപ്പോലുള്ള ഒരാൾ മത്സരിക്കുന്നത് രാഷ്ട്രത്തിന് തെറ്റായ സന്ദേശമാണ് നൽകുക എന്ന് സൂചിപ്പിക്കട്ടെ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊതുവേ യു.ഡി.എഫ് അനുകൂല മണ്ഡലമായാണ് വയനാടിനെ വിലയിരുത്തുന്നത്. 2009-ലും 2014-ലും എം.ഐ ഷാനവാസിനായിരുന്നു ഇവിടെ വിജയം നേടാനായത്. ഇത്തവണ യു.ഡി.എഫ് ടി. സിദ്ദീഖിനെ മത്സരരംഗത്തിറക്കുമ്പോൾ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പി.പി സുനീറാണ്. എട്ട് വർഷത്തോളം സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സുനീർ നിലവിൽ പാർട്ടിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്. സ്‌കൂൾ പഠനകാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പാർട്ടി പ്രവർത്തനങ്ങൾ ആരംഭിച്ച സുനീർ പിന്നീട് തൃശൂർ കേരള വർമ്മ കോളേജിലും പഠന കാലത്ത് എ.ഐ.എസ്.എഫിന്റെ സജീവ പ്രവർത്തകനായിരുന്നു. നേരത്തെ 1999-ലും 2004-ലും പാർട്ടിയുടെ സ്ഥാനാർത്ഥിയായി പൊന്നാനിയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. വയനാട്ടിലും പ്രതീക്ഷകളുമായാണ് സുനീർ എത്തിയത്. എന്നാൽ രാഹുൽ എത്തുന്നതോടെ വയനാട് കോൺഗ്രസിന്റെ കോട്ടയായി തുടരനാണ് സാധ്യത. ഈ വിലയിരുത്തലുകൾ ശരിവയ്ക്കും വിധമായിരുന്നു ജലീലിന്റെ പോസ്റ്റ്.

അതിനിടെ രാഹുൽ ഗാന്ധിയെ കളിയാക്കിയ ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഫിറോസും വിടി ബൽറാം എംഎൽഎയും രംഗത്ത് എത്തി. ജലീലിന്റെ വിവാദ പോസ്റ്റിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. 'പുലിയെ നേരിടാൻ രാഹുൽ ഗാന്ധിക്കു മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നുപറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്' ഫിറോസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ജലീലിന്റെ പോസ്റ്റിനെ വിമർശിച്ച് വി.ടി.ബൽറാം എംഎൽഎയും. 'ഉത്തരേന്ത്യക്കാരെ അപമാനിക്കും വിധം കേരള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ വംശീയ പരാമർശം. എത്ര വിവേകശൂന്യനാണ് ഈ അൽപ്പബുദ്ധി! അപലപിക്കുന്നു' ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. ഈ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ജലീലിനെതിരായ വികാരമായി വൈറലാവുകയാണ്.

ദേശീയ രാഷ്ടീയത്തിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിക്കേണ്ടതുണ്ട്. ആദ്യഘട്ട പ്രചാരണം പിന്നിട്ടപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു വയനാട്ടിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും. കോൺഗ്രസിലെ ഗ്രൂപ്പ് പോരെല്ലാം വോട്ടായി മാറുമെന്ന് കരുതി. ആദ്യ ബിജെപി. സർക്കാരിനെ പുറത്താക്കി അധികാരം തിരിച്ചുപിടിച്ചതിൽ ഇടത് എംപി.മാർക്ക് വലിയ പങ്കുണ്ടായിരുന്നു. അന്ന് 62 ഇടത് എംപി.മാർ പാർലമെന്റിലെത്തി. രണ്ടാം ബിജെപി. സർക്കാരിനെ താഴെയിറക്കാനും എൽ.ഡി.എഫിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിൽ മതനിരപേക്ഷത നിലനിർത്താനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ ഭരണത്തുടർച്ചയിലേക്കും ഈ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വഴിതെളിയുമെന്നായിരുന്നു സുനീർ മുന്നോട്ട് വച്ച ചർച്ച. ഇതെല്ലാം അട്ടിമറിക്കുന്ന തരത്തിലാണ് ജലീലിന്റെ പോസ്റ്റ് എത്തിയത്.

കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ ജനങ്ങൾക്കിടയിൽ പൊതുവികാരം വളർന്നിട്ടുണ്ട്. അദൃശ്യനായ എംപി.യാണ് വയനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുകയല്ല. ജനപ്രതിനിധി തെറ്റായവഴിയാണ് പോകുന്നതെങ്കിൽ തിരുത്താൻ പാർട്ടിക്ക് അധികാരമുണ്ട്. എന്നാൽ യു.ഡി.എഫ്. നേതൃത്വം വീഴ്ചകളെ തിരുത്താൻ തയ്യാറായില്ല. വയനാടിനെക്കുറിച്ച് കോൺഗ്രസ് വക്താക്കളുടെ അഭിപ്രായങ്ങൾ ജനങ്ങൾ കേട്ടതാണ്. പിന്തള്ളപ്പെട്ട പ്രദേശമായാണ് വയനാടിനെ കാണുന്നതെന്ന് ഒരാൾ പറഞ്ഞപ്പോൾ, ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും വിജയം ഉറപ്പാണെന്നാണ് മറ്റൊരാൾ പറഞ്ഞത്. വോട്ടർമാർ തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം മറുപടി കൊടുക്കുമെന്നും സുനീർ പ്രചരണത്തിൽ ആഞ്ഞടിച്ചിരുന്നു. എന്നാൽ സുനീറിനെ എലിയാക്കുക വഴി ഇടത് മന്ത്രിയും കോൺഗ്രസ് നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്.

2014-ലെ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേത്. അന്ന് ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫ്. എംഎ‍ൽഎ.മാരാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് മന്ത്രിമാരുമുണ്ട്. ഇന്ന് മണ്ഡലത്തിൽ നാല് എൽ.ഡി.എഫ്. എംഎ‍ൽഎ.മാരുണ്ട്. അഞ്ചിൽ നാല് നഗരസഭകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. എൽ.ജെ.ഡി., ഐ.എൻ.എൽ. പോലുള്ള ഘടകകക്ഷികളുടെ വരവും ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വയനാട്ടിൽ അട്ടിമറിക്കായിരുന്നു സുനീറിന്റെ ശ്രമം. എന്നാൽ ജലീലിന്റെ കളിയാക്കലോടെ രാഹുലിന് പകരം ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയായാലും സുനീർ വിജയിക്കില്ലെന്ന് ഉറപ്പായെന്ന് ഇടത് പ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP