Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു ഘട്ടങ്ങളിൽ ഏറ്റവും അധികം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ന്; ഗുജറാത്തിലേയും കേരളത്തിലേയും മുഴുവൻ സീറ്റുകളിലും വോട്ടെടുപ്പ് തുടങ്ങി;വിധി നിർണ്ണയിക്കുന്ന 117 മണ്ഡലങ്ങളിൽ 63 സീറ്റുകൾ ബിജെപിയുടേയും 16 സീറ്റുകൾ കോൺഗ്രസിന്റേയും സിറ്റിങ് സീറ്റുകൾ; രാഹുൽ ഗാന്ധിയും അമിത് ഷായും ജനവിധി തേടുമ്പോൾ കോൺഗ്രസിനും ബിജെപിക്കും ആത്മവിശ്വാസം; കേരളത്തിൽ എട്ട് സീറ്റുകൾ എങ്കിലും നിലനിർത്താൻ എൽഡിഎഫ് രംഗത്തിറങ്ങുമ്പോൾ കൂടുതൽ പിടിക്കുമെന്ന വിശ്വാസത്തിൽ യുഡിഎഫ്

ഏഴു ഘട്ടങ്ങളിൽ ഏറ്റവും അധികം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ന്; ഗുജറാത്തിലേയും കേരളത്തിലേയും മുഴുവൻ സീറ്റുകളിലും വോട്ടെടുപ്പ് തുടങ്ങി;വിധി നിർണ്ണയിക്കുന്ന 117 മണ്ഡലങ്ങളിൽ 63 സീറ്റുകൾ ബിജെപിയുടേയും 16 സീറ്റുകൾ കോൺഗ്രസിന്റേയും സിറ്റിങ് സീറ്റുകൾ; രാഹുൽ ഗാന്ധിയും അമിത് ഷായും ജനവിധി തേടുമ്പോൾ കോൺഗ്രസിനും ബിജെപിക്കും ആത്മവിശ്വാസം; കേരളത്തിൽ എട്ട് സീറ്റുകൾ എങ്കിലും നിലനിർത്താൻ എൽഡിഎഫ് രംഗത്തിറങ്ങുമ്പോൾ കൂടുതൽ പിടിക്കുമെന്ന വിശ്വാസത്തിൽ യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഇന്നു തിരഞ്ഞെടുപ്പു നടക്കുന്ന 117 സീറ്റുകൾ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിൽ അതിനിർണ്ണായകം. വോട്ടെടുപ്പ് ഏഴ് മണിയോടെ തുടങ്ങി. ആറു മണി വരെയാണ് പോളിങ്. ബിജെപിക്കും കോൺഗ്രസിനും അധികാരത്തിലെത്താൻ ഈ ഘട്ടത്തിൽ മുന്നേറേണ്ടത് അനിവാര്യമാണ്. ഇതിൽ 63 സീറ്റുകൾ ബിജെപിയുടെയും 16 സീറ്റുകൾ കോൺഗ്രസിന്റെയും കൈവശമാണ്.

ഗുജറാത്തിലെയും (26) കേരളത്തിലെയും (20) എല്ലാ സീറ്റുകളിലേക്കും ഇന്നാണു വോട്ടെടുപ്പ്. ഗുജറാത്തിൽ ബിജെപിയും കേരളത്തിൽ കോൺഗ്രസും പരമാവധി സീറ്റുകൾ ലക്ഷ്യമിടുന്നു. കേരളത്തിൽ നില മെച്ചപ്പെടുത്തി ദേശീയ രാഷ്ട്രീയത്തിൽ നിറയാനാണ് സിപിഎമ്മിന്റേയും ശ്രമം. കഴിഞ്ഞ തവണ കേരളത്തിൽ എട്ട് സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. അത് നിലനിർത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. അങ്ങനെ മൂന്ന് കൂട്ടർക്കും നിർണ്ണായമാണ് ഈ തെരഞ്ഞെടുപ്പ്.

ഏഴു ഘട്ടങ്ങളിൽ ഏറ്റവും അധികം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്നാണ്. ഗുജറാത്തിലേയും കേരളത്തിലേയും മുഴുവൻ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ഇന്ന് വിധി നിർണ്ണയിക്കുന്ന 117 മണ്ഡലങ്ങളിൽ 63 സീറ്റുകൾ ബിജെപിയുടേയും 16 സീറ്റുകൾ കോൺഗ്രസിന്റേയും സിറ്റിങ് സീറ്റുകളാണ്. രാഹുൽ ഗാന്ധിയും അമിത് ഷായും ജനവിധി തേടുന്ന പോളിങ്ങിൽ കോൺഗ്രസിനും ബിജെപിക്കും തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളത്.

ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽ രണ്ടാം ഘട്ടത്തിൽ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പു കൂടി മൂന്നാം ഘട്ടത്തിലേക്കു മാറ്റിയതോടെയാണ് ആകെ സീറ്റുകൾ 117 ആയത്. കർണാടകയിൽ ബാക്കിയുള്ള 14 സീറ്റിലേക്കും മഹാരാഷ്ട്രയിൽ മൂന്നാംഘട്ടത്തിലെ 14 സീറ്റിലേക്കുമാണ് ഇന്ന് പോളിങ്.

കേരളത്തിൽ ജനവിധി കാത്തിരിക്കുന്നത് 227 സ്ഥാനാർത്ഥികൾ

2.61 കോടിയിലേറെ വോട്ടർമാർ കേരളത്തിൽ ജനവിധി കാത്തിരിക്കുന്നത് 227 സ്ഥാനാർത്ഥികൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ20 പേർ. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറിന് അവസാനിക്കുന്ന വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത് 24,970 പോളിങ് സ്റ്റേഷനുകൾ. 35,193 വോട്ടിങ് യന്ത്രങ്ങളും ഇത്തവണ ജനവിധിയുടെ വിരൽസ്പർശത്തിനായി കാത്തിരിക്കുന്നു.

വോട്ട് ആർക്കാണു ചെയ്തതെന്ന് വോട്ടർക്ക് അറിയാനുള്ള വിവിപാറ്റ് യന്ത്രങ്ങൾ എല്ലായിടത്തും ഉപയോഗിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പുമാണ് ഇത്തവണത്തേത്. വോട്ടർമാരെ സഹായിക്കാനായി രാഷ്ട്രീയ പാർട്ടികളുടെയല്ലാതെ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക വോട്ടർ അസിസ്റ്റന്റ് ബൂത്തുകളും ഇത്തവണ തയ്യാർ. അഞ്ചു ലക്ഷത്തിലേറെ കന്നിവോട്ടർമാരും ഇത്തവണ വോട്ടു ചെയ്യാനെത്തുന്നു. 2000ത്തിനു ശേഷം ജനിച്ച മില്ലെനിയൽസ് ആദ്യമായി വോട്ടു ചെയ്യുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.

അമിത് ഷായും രാഹുൽ ഗാന്ധിയും സ്ഥാനാർത്ഥികൾ

എൻസിപിയുടെ സ്വാധീന മേഖലയായ പശ്ചിമ മഹാരാഷ്ട്രയിലെ 9 മണ്ഡലങ്ങൾ ഇന്നു വിധിയെഴുതും. ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ (ബാരാമതി), കോൺഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് പാട്ടീൽ (അഹമ്മദ്‌നഗർ), ബിജെപി സംസ്ഥാന അധ്യക്ഷൻ റാവു സാഹെബ് ധൻവെ (ജൽന), കർഷക നേതാവ് രാജു ഷെട്ടി (ഹത്കണങ്കലെ) എന്നിവരാണ് പ്രമുഖർ. രാഹുൽ ഗാന്ധി വയനാട്ടിലും ഇന്ന് ജനവധി തേടുന്നു

കർണാടകയിൽ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ (കലബുറഗി), കേന്ദ്രമന്ത്രിമാരായ അനന്ത്കുമാർ ഹെഗ്‌ഡെ (ഉത്തര കന്നഡ), രമേഷ് ജിഗജിനഗി (വിജയപുര) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ. ശിവമൊഗ്ഗയിൽ മുൻ മുഖ്യമന്ത്രിമാരുടെ മക്കളുടെ ഗ്ലാമർ പോരാട്ടമാണ്. ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയും (ബിജെപി) അന്തരിച്ച എസ്. ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയും (ദൾ) ഏറ്റുമുട്ടുന്നു. 14ൽ പത്തും ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ഇതിൽ ബെള്ളാരി ഒരു കൊല്ലം മുൻപു നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസ് ബിജെപിയിൽ പിടിച്ചെടുത്തു. ദൾ ഇക്കുറി 2 സീറ്റിൽ മൽസരിക്കുന്നു.

ഗുജറാത്തിൽ 26 ലോക്‌സഭാ മണ്ഡലത്തിലും 4 നിയമസഭാ മണ്ഡലത്തിലുമാണ് ഇന്നു പോളിങ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറും കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭരത് സിങ് സോളങ്കി വീണ്ടും ജനവിധി തേടുന്ന ആനന്ദും അടക്കം ഇരുപതോളം സീറ്റുകളിൽ ഇരു പാർട്ടികളും തമ്മിൽ കടുത്ത മത്സരത്തിലാണ്. സുരേന്ദ്ര നഗർ, ആനന്ദ്, പഠാൻ, ബനാസ്‌കാംഠ, സാബർകാംഠ, മഹേസാണ, അമ്‌റേലി, ജുനഗഢ്, ജാംനഗർ എന്നീ മണ്ഡലങ്ങൾ ഉൾപ്പെടെ പതിമൂന്നോളം ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസ് പ്രതീക്ഷയിലാണ്.

കേരളത്തിൽ മൂന്ന് മുന്നണികൾക്കും പ്രതീക്ഷ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 12-8 ലീഡ് വർധിക്കുമെന്നുറപ്പിക്കുകയാണു യുഡിഎഫ്. രാഹുൽ ഗാന്ധി തരംഗത്തിലാണ് പ്രതീക്ഷ. നരേന്ദ്ര മോദിക്കെതിരെ ന്യൂനപക്ഷ വോട്ടും പിണറായി വിജയനെതിരെ ഭൂരിപക്ഷ വോട്ടും കോൺഗ്രസ് ലക്ഷ്യമിടുന്നത്.16 സീറ്റിൽ വരെ യുഡിഎഫ് വിജയസാധ്യതയെണ്ണുന്നു. രാഹുൽ തരംഗം ആഞ്ഞടിച്ചാൽ കേരളം തൂത്തൂവാരുമെന്നും കോൺഗ്രസ് പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ 91 സീറ്റും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ നിലനിർത്തിയ ആധിപത്യവും ഇടത് മുന്നണിക്കും പ്രതീക്ഷയാണ്.

കേരളത്തിൽ മുന്നേറ്റവും വിജയവുമാണ് എൻഡിഎ കണക്കുകൂട്ടുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് സീറ്റുകളിൽ കടുത്ത ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ ജയമാണ് ബിജെപിയുടെ ലക്ഷ്യം. ഭരണപക്ഷത്തുനിന്ന് ആറും പ്രതിപക്ഷത്തുനിന്നു മൂന്നും ഉൾപ്പെടെ ഒമ്പത് എംഎൽഎമാർ മത്സരരംഗത്തുണ്ട്.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും സുരേഷ് ഗോപിയും മത്സരരംഗത്തുള്ള രാജ്യസഭാംഗങ്ങളാണ്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവച്ചാണു തിരുവനന്തപുരത്തു മത്സരത്തിനിറങ്ങിയത്.

പോളിങ്ങിന് ഭീഷണി വേനൽ മഴ

ഇരുപതു ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ 2.61 കോടി സമ്മതിദായകരാണുള്ളത്. കടുത്ത മത്സരം അരങ്ങേറുന്ന സാഹചര്യത്തിൽ മികച്ച പോളിങ് ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ.പ്രധാനമന്ത്രിസ്ഥാനാർത്ഥി കേരളത്തിൽ മത്സരിക്കുന്നു എന്ന നിലയിൽ ചരിത്രത്തിൽ ഇടംനേടുന്നതാണ് ഈ തെരഞ്ഞെടുപ്പ്.

ഉയർന്ന പോളിങ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയപാർട്ടികൾ കണക്കുകൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 73.79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ 77.35 ശതമാനമായിരുന്നു പോളിങ്. വേനൽമഴ മാത്രമാണു വോട്ടിംഗിനു ഭീഷണി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം വോട്ടർപട്ടികയിൽ ഇടം നേടിയ 18 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഈ യുവവോട്ടർമാരുടെ താത്പര്യങ്ങൾ മുന്നണികൾക്കു നിർണായകമാണ്. ഇവരെ ആകർഷിക്കാൻ മൂന്നു മുന്നണികളും പ്രത്യേക തന്ത്രങ്ങൾ തന്നെ രൂപപ്പെടുത്തിയിരുന്നു.

തിരിച്ചറിയൽ രേഖകൾ

സമ്മതിദായകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണം. തെരഞ്ഞെടുപ്പു കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണ്.

പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ- പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു നൽകിയിട്ടുള്ള ഫോട്ടോപതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെ ഫോട്ടോപതിച്ച പാസ്ബുക്ക്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രകാരം നൽകിയിട്ടുള്ള സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോപതിച്ച പെൻഷൻ രേഖകൾ, എംപി- എംഎൽഎ- എംഎൽസിമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും രേഖ കൈവശമുണ്ടെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP