Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും; ഇതിനൊപ്പം വോട്ടിങ് മെഷീനുകളിലെ ടേബിളുകളും സജീവമാകും; ഒരു നിയമസഭാ മണ്ഡലത്തിലുള്ളത് കുറഞ്ഞത് 14 കൗണ്ടിങ് സ്റ്റേഷനുകൾ; ഒൻപത് മണിയോടെ ആദ്യ ഫല സൂചന; പത്തരയ്ക്ക് ട്രെന്റ് വ്യക്തമാകും; ഫലം അനൗദ്യോഗികമായി 12 മണിയോടെ അറിയാം; വിവിപാറ്റുകൾ എണ്ണി അന്തിമ ഫലപ്രഖ്യാപനം വൈകിട്ട് അഞ്ച് മണിയോടെയും; 542 ലോക്സഭയിലേയും ഫലമറിയിക്കാൻ വിപുലമായ സൗകര്യങ്ങളുമായി മറുനാടനും; ഇന്ത്യയുടെ മനസ്സ് എങ്ങോട്ട്?

രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും; ഇതിനൊപ്പം വോട്ടിങ് മെഷീനുകളിലെ ടേബിളുകളും സജീവമാകും; ഒരു നിയമസഭാ മണ്ഡലത്തിലുള്ളത് കുറഞ്ഞത് 14 കൗണ്ടിങ് സ്റ്റേഷനുകൾ; ഒൻപത് മണിയോടെ ആദ്യ ഫല സൂചന; പത്തരയ്ക്ക് ട്രെന്റ് വ്യക്തമാകും; ഫലം അനൗദ്യോഗികമായി 12 മണിയോടെ അറിയാം; വിവിപാറ്റുകൾ എണ്ണി അന്തിമ ഫലപ്രഖ്യാപനം വൈകിട്ട് അഞ്ച് മണിയോടെയും; 542 ലോക്സഭയിലേയും ഫലമറിയിക്കാൻ വിപുലമായ സൗകര്യങ്ങളുമായി മറുനാടനും; ഇന്ത്യയുടെ മനസ്സ് എങ്ങോട്ട്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ 20 എണ്ണം ഉൾപ്പെടെ രാജ്യത്ത് തിരഞ്ഞെടുപ്പുനടന്ന 542 ലോക്സഭാമണ്ഡലങ്ങളിലെ വിജയികൾ ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ തുടങ്ങി അരമണിക്കൂറിനുള്ളിൽ ഫലസൂചനകളെത്തും. ഉച്ചയോടെ ഫലവും. എന്നാൽ വിവിപാറ്റുകൾ എണ്ണിയ ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനനം നടക്കൂ. ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റേയും തമിഴ്‌നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും നിർണ്ണായകമാണ്. തമിഴ്‌നാട്ടിൽ ഭരണമാറ്റത്തിന് പോലും സാധ്യതയൊരുക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ്. രാജ്യത്ത് 543 ലോക്‌സഭാ മണ്ഡലമാണുള്ളത്. ഇതിൽ തമിഴ്‌നാട്ടിലെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ബാക്കിയുള്ളിടത്താണ് വോട്ടെണ്ണുന്നത്.

കേരളത്തിൽ 29 കൗണ്ടിങ് സ്‌റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം പോലുള്ള ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എല്ലാം ഒരു സ്‌റ്റേഷനിലാണുള്ളത്. എന്നാൽ ഒന്നിലധികം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മണ്ഡലങ്ങളിൽ ഒന്നിലധികം കൗണ്ടിങ് സ്‌റ്റേഷനുകൾ ഉണ്ട്. അതുകൊണ്ടാണ് 20 ലോക്‌സഭാ മണ്ഡലമുള്ള കേരളത്തിൽ കൗണ്ടിങ് സ്‌റ്റേഷനുളുടെ എണ്ണം 29 ആയത്. ഓരോ നിയമസഭാമണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകൾ ഉണ്ടാകും. ആവശ്യമെങ്കിൽ കൂടുതലെണ്ണം സജ്ജീകരിക്കും. നാല് കൗണ്ടിങ് ടേബിളുകളിൽ തപാൽബാലറ്റ് എണ്ണും. ആവശ്യമെങ്കിൽ അധികം ടേബിളുകൾ ഒരുക്കും. രാവിലെ എട്ടുവരെ ലഭിക്കുന്ന തപാൽവോട്ട് പരിഗണിക്കും.

ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവറും കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും. ഓരോ നിയമസഭാമണ്ഡലത്തിലെയും അഞ്ചുബൂത്തിലെവീതം വിവി പാറ്റ് രസീതുകൾ എണ്ണും. വോട്ടിങ് യന്ത്രത്തിലെ ഫലവുമായി വ്യത്യാസമുണ്ടെങ്കിൽ അന്തിമമായി കണക്കിലെടുക്കുക വിവിപാറ്റ്. അതിനുശേഷമേ ഫലപ്രഖ്യാപനമുണ്ടാകൂ. വോട്ടിങ് യന്ത്രത്തിലെ ഫലം മുഴുവൻ വന്ന ശേഷമേ വിവിപാറ്റുകൾ എണ്ണൂ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാസംവിധാനമാണ് ഉള്ളത്. എക്‌സിറ്റ് പോളുകളുടെ ഫല സൂചനകൾ വീണ്ടും മോദി ഭരണമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ പ്രവചനങ്ങൾ തെറ്റുമെന്നും വിജയം നേടുമെന്നും കോൺഗ്രസും പറയുന്നു.

ഏഴ് ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നത്. ഇതിന് മുന്നോടിയായി വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ എല്ലാം എൻഡിഎ സർക്കാരിന്റെ തുടർഭരണമാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎയ്ക്ക് 300, യുപിഎയ്ക്ക് 122, മറ്റുള്ളവർക്ക് 114 എന്നിങ്ങനെയാണ് എക്സിറ്റ് പോളുകൾ പറഞ്ഞിരിക്കുന്നത്. സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ കേവല ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് പുറമേനിന്ന് വേറെ യന്ത്രങ്ങൾ എത്തിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ശ്രമങ്ങളെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വോട്ടെണ്ണൽ അതീവ സുരക്ഷയിലാകും നടക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ ഇന്നു രാവിലെ എട്ടരയോടെ ലഭിക്കും. ഒമ്പതോടെ ഓരോ മണ്ഡലത്തിലേയും ഏകദേശ ട്രെൻഡ് അറിയാം. ഉച്ചയോടെ മുഴുവൻ ഫലങ്ങളും അറിയാൻ കഴിയും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഒരു ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ തപാൽ വോട്ടുകളും ചേർത്ത് ഒരിടത്താണ് എണ്ണുക. തപാൽ വോട്ടുകൾ എണ്ണിത്തീർക്കാൻ കാത്തു നിൽക്കാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണും. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് ഒരു നിയമസഭാ മണ്ഡലത്തിനായി ക്രമീകരിച്ചിട്ടുള്ളത്. ഓരോ മെഷീൻ വീതമുള്ള 14 ടേബിളും എണ്ണുന്നതാണ് ഒരു റൗണ്ടായി കണക്കാക്കുന്നത്. ഓരോ റൗണ്ടും എണ്ണിത്തീരുന്‌പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (സുവിധ, ട്രെൻഡ്) എന്നിവയിൽ അപ്ലോഡ് ചെയ്യും. ഇതിനു ശേഷമേ അടുത്ത റൗണ്ടിലേക്കു കടക്കുകയുള്ളു. ഒരു റൗണ്ട് പൂർത്തിയാകാൻ 15 മുതൽ 30 മിനിറ്റുവരെ എടുക്കാമെന്നാണ് അധികൃതർ പറയുന്നത്. നേരിയ ഭൂരിപക്ഷത്തിന്റെയോ മറ്റോ പേരിൽ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ഫലം അനൗദ്യോഗികമായി നേരത്തെ അറിയാനാകും.

മെഷീനിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞശേഷമാണ് വിവി പാറ്റിലെ പേപ്പർ സ്ലിപ്പുകൾ എണ്ണിത്തുടങ്ങുക. മെഷീനിലെ ഫലവും പേപ്പർ സ്ലിപ്പിന്റെ എണ്ണവും തമ്മിൽ വ്യത്യാസം വന്നാൽ പേപ്പർ സ്ലിപ്പുകൾ വീണ്ടും എണ്ണും. പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമമായി കണക്കാക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് സ്ലിപ്പുകൾ ആണ് എണ്ണുക. വിവി പാറ്റുകൾകൂടി എണ്ണി ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കാൻ ഒൻപത്- പത്ത് മണിക്കൂർ വേണ്ടിവരും, കേരളത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ 69 ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പം വോട്ടെണ്ണൽ വേഗത്തിലാക്കാൻ 140 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരെ കൂടി നിയോഗിച്ചു. നാല് ടേബിളുകളാണ് തപാൽ വോട്ട് എണ്ണാൻ സജ്ജീകരിക്കുക. മൊത്തം ലഭിച്ച തപാൽ ബാലറ്റുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽ വോട്ടുകൾ വീണ്ടും എണ്ണും. അതു വീഡിയോയിൽ ചിത്രീകരിക്കും.

വോട്ടെണ്ണൽ കേന്ദ്രത്തിൽ കൂടുതൽ കൗണ്ടിങ് ടേബിളുകൾ വേണമെങ്കിൽ സജ്ജീകരിക്കാം. ഔദ്യോഗിക വീഡിയോ കാമറ മാത്രമേ ഹാളിൽ അനുവദിക്കു. കൗണ്ടിങ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്‌സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, ഇലക്ഷൻ ഏജന്റ്, കൗണ്ടിങ്് ഏജന്റ് എന്നിവർക്കു മാത്രമാണു ഹാളിൽ പ്രവേശനം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇന്നലെ മുതൽ സുരക്ഷ കർശനമാക്കി. 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസിനെയും കവാടത്തിൽ സായുധ പൊലീസിനെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ കേന്ദ്ര റിസർവ് പൊലീസിനെയും വിന്യസിച്ചു.

അതിനിടെ വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സംഘർഷങ്ങളുണ്ടായിരുന്നു. ബംഗാളിൽ നിരവധി തവണ അക്രമസംഭവങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലായം ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന നഗരങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അണികൾ എക്സിറ്റ് പോളുകളിൽ നിരാശരാകേണ്ടെന്ന ഉപദേശവുമായി രാഹുൽ ഗാന്ധി എത്തിയിരുന്നു. അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ ഭയരഹിതമായി ഇരിക്കാനാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ട്വീറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 'അടുത്ത 24 മണിക്കൂർ നിർണായകമാണ്. ജാഗ്രതയോടെ ഇരിക്കുക. ഭയപ്പെടരുത്. നിങ്ങൾ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്സിറ്റ് പോളുകളിൽ നിരാശരാകരുത്. ആത്മ വിശ്വാസവും കോൺഗ്രസിനോടുള്ള വിശ്വാസവും തുടരുക. നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോവില്ല, ജയ് ഹിന്ദ്'- രാഹുൽ ഗാന്ധി ട്വറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP