Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളത്തും അരൂരിലും വോട്ടെണ്ണൽ കേന്ദ്രങ്ങൾ വെള്ളക്കെട്ടിൽ; കോന്നിയിലും വട്ടിയൂർക്കാവിലും പെയ്യുന്നത് അതിശക്തമായ മഴ; ആദ്യ മണിക്കൂറിൽ വോട്ടർമാരെ ബൂത്തിൽ നിന്ന് അകറ്റി നിർത്തി അതിശക്തമായ കാലവർഷം; മഴ പ്രതിസന്ധിയുണ്ടാക്കാത്തത് മഞ്ചേശ്വരത്ത് മാത്രം; തുലാമഴ പോളിങ് ശതമാനം കുറയ്ക്കുമെന്ന് ആശങ്ക; പരമാവധി വോട്ടർമാരെ എത്തിക്കാൻ മുന്നണികളും; അഞ്ചിൽ നാലിടത്തും അടിയൊഴുക്കുകൾക്കൊപ്പം മഴയും ഫലം നിർണ്ണയിക്കും: ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുമ്പോൾ

എറണാകുളത്തും അരൂരിലും വോട്ടെണ്ണൽ കേന്ദ്രങ്ങൾ വെള്ളക്കെട്ടിൽ; കോന്നിയിലും വട്ടിയൂർക്കാവിലും പെയ്യുന്നത് അതിശക്തമായ മഴ; ആദ്യ മണിക്കൂറിൽ വോട്ടർമാരെ ബൂത്തിൽ നിന്ന് അകറ്റി നിർത്തി അതിശക്തമായ കാലവർഷം; മഴ പ്രതിസന്ധിയുണ്ടാക്കാത്തത് മഞ്ചേശ്വരത്ത് മാത്രം; തുലാമഴ പോളിങ് ശതമാനം കുറയ്ക്കുമെന്ന് ആശങ്ക; പരമാവധി വോട്ടർമാരെ എത്തിക്കാൻ മുന്നണികളും; അഞ്ചിൽ നാലിടത്തും അടിയൊഴുക്കുകൾക്കൊപ്പം മഴയും ഫലം നിർണ്ണയിക്കും: ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മുതൽ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്റെ പ്രതീതി. പിഎസ്‌സി വിവാദം മുതൽ മാർക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതൽ എൻഎസ്എസിന്റെ ശരിദൂരം വരെയുമുള്ള വിഷയങ്ങൾ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണത്തിന് അവസാനമാണ് വോട്ടെടുപ്പ്. എന്നാൽ വോട്ടെടുപ്പ് ദിനത്തിൽ മഴ എത്തിയത് ആവേശം കുറിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഒഴികെയുള്ള എല്ലായിടത്തും കനത്ത മഴയാണ്. ഇത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. രാവിലെ വലിയ ജനക്കൂട്ടം പോളിങ് ബൂത്തിലെത്തിയിട്ടില്ല. ഇതിന് കാരണം മഴയാണ്. എന്നാൽ മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമാണ്. അവിടെ വോട്ട് ചെയ്യാൻ ആളുകൾ എത്തുന്നുമുണ്ട്.

പോളിങ് ശതമാനം കൂട്ടി വിജയം നേടാനായിരുന്നു മുന്നണികൾ ലക്ഷ്യമിട്ടത്. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും കോന്നിയിലും അതിശക്തമായ ത്രികോണ മത്സരമാണ്. ഇവിടെ എല്ലാം ഓരോ വോട്ടും നിർണ്ണായകമാണ്. എറണാകുളത്തും ആരൂരിലും മഴ പ്രതിസന്ധിയിലാക്കുന്നത് ഇടത് വലത് മുന്നണികളുടെ സാധ്യതകളെയാണ്. ഇന്ന് മുഴുവൻ അതിശക്തമായ മഴയെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകിയെത്തുമോ എന്ന സംശയം എല്ലാവർക്കുമുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാൻ രാഷ്ട്രീയ പാർട്ടികളും മറ്റും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക ശേഷം മഴയെന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പതിവ്. എന്നാൽ വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ വില്ലനായി മഴ എത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളിൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക്ക് പോളിങ് പൂർത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.ശങ്കർ റേ അങ്കടിമോഗറു സ്‌കൂളിലെ ബൂത്തിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. മറ്റിടങ്ങിൽ പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്കയുണ്ട്. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലും എറണാകുളത്തും മഴ ശക്തമാണ്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അരൂരിലെ നിരവധി ബൂത്തുകളിൽ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാൻ കാരണമായി. എറണാകുളത്ത് പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പൻകാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പർ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരി ബാഗിലും വെള്ളക്കെട്ടിനെ തുടർന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടർമാർക്ക് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ സൗകര്യമൊരുക്കും.

കേരളത്തിൽ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടർമാരാണുള്ളത്. ഇവർക്കായി 896 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്ു. 5225 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 12,780 വോട്ടർമാരാണ് ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി വർധിച്ചത്. മഞ്ചേശ്വരത്ത് 198 പോളിങ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിങ് സ്റ്റേഷനുകളുമാണുള്ളത്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് സുഷമ ഗോഡ്‌ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരിൽ ഡോ: അരുന്ധതി ചന്ദ്രശേഖർ, കോന്നിയിൽ ഡോ. പ്രസാദ് എൻ.വി, വട്ടിയൂർക്കാവിൽ ഗൗതം സിങ് എന്നിവരാണ് പൊതു നിരീക്ഷകർ. മഞ്ചേശ്വരത്ത് കമൽജീത്ത് കെ. കമൽ, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരിൽ മൈമും ആലം, കോന്നിയിൽ കെ. അരവിന്ദ്, വട്ടിയൂർക്കാവിൽ മൻസറുൾ ഹസൻ എന്നിവരാണ് ചെലവ് നിരീക്ഷകർ. മഞ്ചേശ്വരത്ത് 63 ഉം, അരൂരിൽ ആറും, കോന്നിയിൽ 48 ഉം, വട്ടിയൂർക്കാവിൽ 13 ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്‌സർവർമാർമാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്‌സർവർമാരില്ല. അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.

ഇതോടൊപ്പം 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കും 80 അംഗ ഹരിയാന നിയമസഭയിലേക്കും ഇന്നു തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. കേരളത്തിന് പുറമേ 17 സംസ്ഥാനങ്ങളിലെ 46 നിയമസഭാ സീറ്റുകളിലേക്കും രണ്ടു ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കുന്നുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡുൾപ്പെടെ 12 രേഖകൾ വോട്ടെടുപ്പിനു തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. എൻആർഐ വോട്ടർമാർ പാസ്‌പോർട്ട് കരുതണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽനിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്കും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. എന്നാൽ, സഹകരണ ബാങ്കുകളിലെ പാസ് ബുക്ക് അംഗീകരിക്കില്ല.

കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 35 സ്ഥാനാർത്ഥികളാണ് അങ്കം കുറിക്കുന്നത്. അരൂരിലും എറണാകുളത്തും യുഡിഎഫും എൽഡിഎഫും മുഖാമുഖം പൊരുതുമ്പോൾ വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ത്രികോണ പോരാട്ടമാണു നടക്കുന്നത്. വോട്ടെടുപ്പ് സുരക്ഷയ്ക്കായി 10 കമ്പനി കേന്ദ്രസേന കൂടാതെ സംസ്ഥാന പൊലീസിൽനിന്ന് 3696 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സിഐ.എസ്.എഫിന്റെ ആറ്് പ്ലാറ്റൂണിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെല്ലും സജ്ജമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP