സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ച് ചുവരെഴുത്ത് നടത്തി; ബൂത്ത് കൺവൻഷനുകൾ മിക്കയിടത്തും ഒരു റൗണ്ട് പൂർത്തിയാക്കി; തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകവെ ഇടിത്തീ പോലെ ആ വാർത്തയെത്തി; 'തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥി'; വാർത്ത കേട്ട ബിജെപി പ്രവർത്തകർ പ്രചാരണം നിർത്തിവെച്ച് മടങ്ങി; കെ.സുരേന്ദ്രനെ വെട്ടി തുഷാറിന് സീറ്റ് നൽകിയതോടെ തൃശൂരിലെ ബിജെപിയിൽ കലഹം
March 18, 2019 | 10:22 PM IST | Permalink

കെ.എം. അക്ബർ
തൃശൂർ: പാർട്ടി സ്ഥാനാർത്ഥിയെ വെട്ടി ബിഡിജെഎസിന് സീറ്റ് നൽകിയതോടെ തൃശൂരിലെ ബിജെപിയിൽ കലഹം. താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപി പ്രചാരണം ശക്തമാക്കുന്നതിനിടേയാണ് തൃശൂരിൽ എൻഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മൽസരിച്ചേക്കുമെന്ന വാർത്ത വന്നത്. ഇതോടെ പ്രവർത്തകർ പ്രചാരണം നിർത്തിവെച്ച് മടങ്ങി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും തൃശൂരിൽ ബിജെപി പ്രവർത്തകർ പ്രചാരണം ശക്തമാക്കിയിരുന്നു. പലയിടത്തും സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ച് ചുവരെഴുത്ത് നടത്തി വോട്ടഭ്യാർഥിച്ചു. ബൂത്ത് കൺവൻഷനുകൾ ഒരു റൗണ്ട് മിക്കയിടത്തും പൂർത്തിയായി. 700-800 ആളുകൾ വരെ പങ്കെടുത്ത ബൂത്ത് കൺവൻഷനുകൾ വരെ നടത്തി.
എല്ലാ വോട്ടർമാരെയും ഫോണിൽ വിളിക്കുക എന്ന ലക്ഷ്യം വെച്ച് പാർട്ടി ഓഫിസിനോടു ചേർന്നു തന്നെ കോൾ സെന്ററും തുറന്നിരുന്നു. അങ്ങനെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കേയാണ് തൃശൂരിൽ തുഷാർ സ്ഥാനാർത്ഥിയാകുമെന്ന ആ വാർത്ത ഇടിത്തീ പോലെ വന്നത്. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ ഒരു പക്ഷേ വിജയമോ അതുമല്ലെങ്കിൽ രണ്ടാം സ്ഥാനമോ ലഭിക്കുമെന്നായിരുന്നു കണക്കൂട്ടലുകൾ നടത്തിയ ജില്ലാ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. അത് തെളിയിക്കുന്ന കൃത്യമായ കണക്കുകളും അവർ പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 1.2 ലക്ഷം വോട്ടുകളായിരുന്നു താമര ചിഹ്നത്തിന് ലഭിച്ചിരുന്നത്. അതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ പരിധിയലെ നിയോജക മണ്ഡലങ്ങളിൽ നിന്നും 2.5 ലക്ഷം വോട്ടുകൾ ലഭിച്ചു.
കൃത്യമായി പറഞ്ഞാൽ ഇരട്ടി വോട്ടുകളുടെ വർധന. ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങൾ കാരണം ഇത്തവണ അത് 3.75 ലക്ഷമായി മാറുമെന്ന കണക്കുകൂട്ടലിലായിരുന്നു നേതൃത്വം. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫിലെ സി എൻ ജയദേവന് 3.89 ലക്ഷം വോട്ടുകളും രണ്ടാം സ്തനത്തെത്തിയ യുഡിഎഫിലെ കെ പി ധനപാലന് 3.50 ലക്ഷം വോട്ടുകളുമായിരുന്നു ലഭിച്ചിരുന്നത്. കണക്കുകൂട്ടലുകൾ കൃത്യമാവണമെങ്കിൽ ഒരു കാര്യവും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ മാസങ്ങൾക്കു മുമ്പ് തന്നെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ വരികയും വേണം. ഇതോടെ സ്ഥാനാർത്ഥിയായി സുരേന്ദ്രൻ തന്നെ തൃശൂരിൽ മൽസരിക്കുമെന്ന് സംസ്ഥാന നേതാക്കൾ ഉറപ്പുനൽകുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടിരട്ടിയായതിന്റെ ആത്മവിശ്വാസത്തിൽ സുരേന്ദ്രൻ സമ്മതവും നൽകിയതോടെ ബിജെപി ജില്ലാ നേതൃത്വം സ്ഥാനാർത്ഥിയായി ഇന്നലെ വരെ സുരേന്ദ്രനെ തന്നേയാണ് കണ്ടിരുന്നത്. തൃശൂർ സീറ്റ് കിട്ടിയാൽ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് തുഷാർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ച വേളയിലും ബിജെപി പ്രവർത്തകരുടെ വിശ്വാസം സുരേന്ദ്രനിൽ തന്നേയായിരുന്നു. ഇതിനിടയിലാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വമെടുക്കുന്നതും തൃശൂരിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് പ്രചാരണം ശക്തമായതും. ഇതോടെ ടോം വടക്കൻ സ്ഥാനാർത്ഥിയാകുന്നതിനെതിരേ സുരേന്ദ്രൻ വിഭാഗം രംഗത്തെത്തി.
കോൺഗ്രസ് പ്രവർത്തകർക്ക് പോലും വേണ്ടാത്ത ടോം വടക്കനെ സ്ഥാനാർത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്ന് സുരേന്ദ്രൻ വിഭാഗം തന്നെ നേതൃത്വത്തെ അറിയിച്ചു. അതോടെ ആ പ്രചാരണം വേഗത്തിൽ കെട്ടടങ്ങി. പിന്നെ കാത്തു നിൽക്കാതെ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയുടെ പേരെഴുതാതെ താമര ചിഹ്നം വരച്ച് ചുവരെഴുത്തുകൾ നടത്താനാണ് സുരേന്ദ്രൻ വിഭാഗം ശ്രമിച്ചത്. തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ ബിജെപി-ബിഡിജെഎസ് ചർച്ച നടന്നുകൊണ്ടിരിക്കെയാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി ജില്ലാ സെക്രട്ടറി നാഗേഷിനോട് ഇതേ കുറിച്ച് അന്വേഷിച്ചതോടെ തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയല്ല എന്ന് ഇതുവരെ സംസ്ഥാന നേതൃത്വം പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരൻ പിള്ളയും സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയിരുന്നു. തലയെടുപ്പുള്ള നേതാക്കളിൽ ഒരാൾ തൃശൂരിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന. തങ്ങൾക്ക് സ്വാധീന കൂടുതലുണ്ടെന്ന് ബിഡിജെഎസ് അവകാശപ്പെടുന്ന തൃശൂർ സീറ്റിനെ ചൊല്ലി ചർച്ച നടന്നുകൊണ്ടിരിക്കെ താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപി പ്രചാരണം ആരംഭിച്ചതോടെ ബിഡിജെഎസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തത്തിയിരുന്നു. ബിജെപി പ്രവർത്തകർ താമര ചിഹ്നത്തിന് വോട്ടഭ്യർഥിച്ച് പ്രചാരണം ആരംഭിച്ചതോടെ തൃശൂരിൽ മൽസരിക്കേണ്ടെന്ന നിലപാട് തുഷാർ കടുപ്പിക്കുകയും ചെയ്തു. എന്നാൽ, തുഷാർ ഉറപ്പായി മത്സരത്തിനുണ്ടാകണമെന്നായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ആവശ്യം.
ഇതിനായി നിരവധി വാഗ്ദാനങ്ങളും ബിജെപി തുഷാറിന് മുന്നിൽ വെച്ചു. കൂടാതെ തുഷാർ സ്ഥാനാർത്ഥിയാകുന്നതിനെ എതിർത്തിരുന്ന വെള്ളാപ്പള്ളി നടേശനെ മയപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വം, ദേശീയ നേതാക്കളായ ഗുരുമൂർത്തിയേയും മുരളീധര റാവുവിനേയും ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുവരും വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി തുഷാർ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന് വെള്ളാപ്പള്ളിയെകൊണ്ട് ധാരണയിലെത്തിച്ചു. തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വം തുഷാറുമായി ചർച്ച നടത്തിയാണ് തൃശൂർ സീറ്റ് അടക്കം അഞ്ചു സീറ്റുകൾ ബിഡിജെഎസിനു വിട്ടു നൽകാൻ തീരുമാനിച്ചത്.
ലോകസഭയിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ മുമ്പ് വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭ സീറ്റ് തുഷാറിന് ലഭിക്കുമെന്ന ഉറപ്പും ബിജെപി കേന്ദ്ര നേതൃത്വം നൽകിയതായാണ് സൂചന. അതേ സമയം, തുഷാർ മത്സരിക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും എസ്എൻഡിപി ചുമതലകൾ രാജിവച്ച ശേഷമേ മത്സരിക്കാവൂ എന്ന നിലപാടിൽ ഉറച്ച് നൽക്കുകയാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതേസമയം, സുരേന്ദ്രൻ വിഭാഗത്തിന് ശക്തിയുള്ള തൃശൂരിൽ ഈ വിഭാഗത്തിന്റെ പിന്തുണയില്ലാതെ മൽസരിക്കേണ്ടി വരുമോയെന്ന ആശങ്ക ബിഡിജെഎസ് നേതൃത്വത്തിനുണ്ട്.
