Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിമിനൽ കുറ്റങ്ങളുടെ പട്ടിക മൂന്ന് തവണ വീതം ടിവിയിലും പത്രങ്ങളിലും പരസ്യം നൽകണം; സ്ഥാനാർത്ഥികളും ആശ്രിതരും അഞ്ച് വർഷം ആദായ നികുതി അടച്ചതിന്റെ രേഖകൾ സമർപ്പിക്കണം; ഓൺലൈനിലൂടെ തോന്നിയ പോലെ പരസ്യം ചെയ്താൽ പണി ഉറപ്പ്; തിരിച്ചറിയൽ കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ ചെന്നാൽ വോട്ടർമാരെ മടക്കി അയയ്ക്കും; ഇക്കുറി സ്ഥാനാർത്ഥികൾക്ക് നിയന്ത്രണങ്ങൾ ഏറെ നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരേയും വെറുതെ വിടില്ല; പണിയേറെയും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് തന്നെ

ക്രിമിനൽ കുറ്റങ്ങളുടെ പട്ടിക മൂന്ന് തവണ വീതം ടിവിയിലും പത്രങ്ങളിലും പരസ്യം നൽകണം; സ്ഥാനാർത്ഥികളും ആശ്രിതരും അഞ്ച് വർഷം ആദായ നികുതി അടച്ചതിന്റെ രേഖകൾ സമർപ്പിക്കണം; ഓൺലൈനിലൂടെ തോന്നിയ പോലെ പരസ്യം ചെയ്താൽ പണി ഉറപ്പ്; തിരിച്ചറിയൽ കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ ചെന്നാൽ വോട്ടർമാരെ മടക്കി അയയ്ക്കും; ഇക്കുറി സ്ഥാനാർത്ഥികൾക്ക് നിയന്ത്രണങ്ങൾ ഏറെ നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരേയും വെറുതെ വിടില്ല; പണിയേറെയും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കും വോട്ടർമാർക്കും കമ്മീഷൻ ഏർപ്പെടുത്തുന്നത് അതിശക്തമായ പെരുമാറ്റ ചട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണം. ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തുകയും വേണം. ഇതിലൂടെ ക്രിമിനലുകളെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ് ഇത്. കേസും വിവരങ്ങളും വോട്ടർമാരിൽ എത്തുമ്പോൾ അവർക്ക് കാര്യങ്ങൾ കൂടുതൽ സുതാര്യതയോടെ മനസ്സിലാകും.

പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ തോന്നിയതുപോലെ ഉപയോഗിക്കാനാവില്ല. നിയന്ത്രണമുണ്ടാകും. സ്ഥാനാർത്ഥികൾ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ (ഫേസ്‌ബുക്ക്, ട്വിറ്റർ) ഏതെല്ലാമെന്ന് അറിയിക്കണം. ഓൺലൈനിൽ പരസ്യം നൽകുന്നതിന് പി. സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. സാമൂഹികമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയപരസ്യങ്ങൾമാത്രമേ നൽകൂവെന്ന് ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ, യൂട്യൂബ് എന്നിവ ഉറപ്പുനൽകിയിട്ടുണ്ട്. ഇത് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും പ്രചരണങ്ങളെ നിരീക്ഷിക്കുകയാണ് കമ്മീഷൻ. ഇതിനൊപ്പമാണ് സ്ഥാനാർത്ഥികളുട ക്രിമിനൽ പശ്ചാത്തലം ചർച്ചയാക്കാനുള്ള നടപടികൾ. ഒാരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുണ്ടെന്ന വിവരം അതത് രാഷ്ട്രീയപ്പാർട്ടികൾ സമർപ്പിക്കുകയും വേണം. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിൽ നിന്ന് പാർട്ടികളെ പിന്തിരിപ്പിക്കുകയാണ് ഇതുവഴി തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

മുഖ്യധാരാപത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന് വ്യത്യസ്ത തീയതികളിലാണ് സ്ഥാനാർത്ഥികളും പാർട്ടികളും പരസ്യം നൽകേണ്ടത്. ക്രിമിനൽ പശ്ചാത്തലമില്ലെങ്കിൽ അതും പ്രത്യേകം വ്യക്തമാക്കണം. പത്രങ്ങളിൽ നൽകിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകൾ സ്ഥാനാർത്ഥികൾ സമർപ്പിക്കണം. ഓരോ സംസ്ഥാനത്തും എത്രത്തോളം ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുണ്ടെന്ന വിവരം അതത് രാഷ്ട്രീയപ്പാർട്ടികൾ സമർപ്പിക്കുകയും വേണം. കഴിഞ്ഞ ഒക്ടോബറിൽ ഇതുസംബന്ധിച്ച നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിരുന്നെങ്കിലും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ നിർബന്ധമാക്കുന്നത്. ഇതിനൊപ്പം സ്ഥാനാർത്ഥികൾക്കും വോട്ടർമാർക്കും ശ്രദ്ധിക്കാൻ ഒട്ടേറെ പുതിയ കാര്യങ്ങളുണ്ട് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡില്ലാതെ, വോട്ടർ സ്ലിപ്പ് മാത്രം കൊണ്ടുവരുന്നവർക്ക് വോട്ടുചെയ്യാനാകില്ല. അങ്ങനെ സ്ഥാനാർത്ഥികളെ മാത്രമല്ല വോട്ടർമാരേയും വെറുതെ വിടാതെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുങ്ങുന്നത്.

സ്ഥാനാർത്ഥികൾ അഞ്ചുവർഷത്തെ ആദായനികുതി വിവരങ്ങൾ നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിക്കണമെന്നതും. സ്ഥാനാർത്ഥികൾ വിദേശനിക്ഷേപത്തിന്റെ വിവരംകൂടി വെളിപ്പെടുത്തണമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. സ്ഥാനാർത്ഥികൾ അവരുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ആദായനികുതി റിട്ടേൺ വിവരം നൽകണം. മുമ്പ് അവസാന ഒരുവർഷത്തേത് നൽകിയാൽ മതിയായിരുന്നു. സ്ഥാനാർത്ഥിയുടെയും ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും അഞ്ചുവർഷത്തെ ആദായനികുതി വിവരം സമർപ്പിക്കണം. മാത്രവുമല്ല, വിദേശബാങ്കുകളിലും വിദേശ സ്ഥാപനങ്ങളിലുമുള്ള നിക്ഷേപത്തിന്റെയും ബാധ്യതകളുടെയും വിവരവും ഫോം 26-ൽ ഉൾപ്പെടുത്തണം. സ്ഥാനാർത്ഥിയുടെ ആസ്തികൾ, ബാധ്യതകൾ, വിദ്യാഭ്യാസയോഗ്യത, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഫോം 26-ൽ അപൂർണമായ വിവരങ്ങളാണ് നൽകിയതെങ്കിൽ നാമനിർദ്ദേശപത്രിക തള്ളും. ജയിച്ച സ്ഥാനാർത്ഥി തെറ്റായ വിവരം നൽകിയതായി കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് റദ്ദാക്കാം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഫോട്ടോ പതിച്ച വോട്ടർസ്ലിപ്പുമാത്രം പോരാ എന്നത് വോട്ടർമാരേയും വെട്ടിലാക്കും. വോട്ട് ചെയ്യാൻ പോകുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് വേണം. അതില്ലാത്തവർക്ക് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റോഫീസ് പാസ്ബുക്ക്, രജിസ്ട്രാർ ജനറൽ നൽകുന്ന സ്മാർട്ട് കാർഡ് തുടങ്ങിയ 11 രേഖകൾ ഉപയോഗിക്കാം. മറ്റൊരു മണ്ഡലത്തിലെ വിലാസമുള്ള തിരിച്ചറിയൽ കാർഡ് കൊണ്ടും വോട്ട് ചെയ്യാവുന്നതാണ്. എന്നാൽ, വോട്ടുചെയ്യാൻ പോകുന്ന പോളിങ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകണം.

പ്രവാസികൾ ഇനിയും കാത്തിരിക്കണം വിവിധ രാജ്യങ്ങളിലായി 3.10 കോടി പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. പ്രവാസികൾക്ക് ഓൺലൈനായി വോട്ട് ചെയ്യാൻ ഇത്തവണയും അവസരമില്ല. ജനപ്രാതിനിധ്യനിയമത്തിൽ ഭേദഗതി വരുത്തിയാലേ അത് സാധ്യമാകൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിദഗ്ധസമിതി ഇ-വോട്ടിനെ അംഗീകരിച്ചില്ല. പകരം മുക്ത്യാർ വോട്ട് (പകരക്കാരനെവെച്ച് വോട്ട് ചെയ്യിക്കുന്നത്) അംഗീകരിച്ചിരുന്നു. എന്നാൽ, മുക്ത്യാർ വോട്ടിനുള്ള ബില്ല് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ പാസാക്കിയിട്ടില്ല.

ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാർക്ക് ഇത് കടുത്ത തിരിച്ചടിയാകും. നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളിൽ ഉൾപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP