Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ വോട്ടിന് ജയിക്കുമെന്ന് പ്രതീക്ഷയിൽ ഹൈബി ഈഡനും പ്രവർത്തകരും; രാഹുൽ പ്രഭാവവും സമുദായ സമവാക്യങ്ങളും ഗുണം ചെയ്യുമെന്ന് ഐക്യമുന്നണി; പി രാജീവിന്റെ ക്ലീൻ ഇമേജും സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും തുണയാവുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി; ഓടി നടന്ന് വോട്ടുയർത്താൻ കണ്ണന്താനവും; എറണാകുളും ഇത്തവണയും യുഡിഎഫ് കോട്ടയായി തുടരും; അവസാനവട്ടത്തിൽ ചർച്ച ഹൈബിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ വോട്ടിന് ജയിക്കുമെന്ന് പ്രതീക്ഷയിൽ ഹൈബി ഈഡനും പ്രവർത്തകരും; രാഹുൽ പ്രഭാവവും സമുദായ സമവാക്യങ്ങളും ഗുണം ചെയ്യുമെന്ന് ഐക്യമുന്നണി; പി രാജീവിന്റെ ക്ലീൻ ഇമേജും സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും തുണയാവുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി; ഓടി നടന്ന് വോട്ടുയർത്താൻ കണ്ണന്താനവും; എറണാകുളും ഇത്തവണയും യുഡിഎഫ് കോട്ടയായി തുടരും; അവസാനവട്ടത്തിൽ ചർച്ച ഹൈബിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

ആർ പീയൂഷ്

കൊച്ചി: ആവേശപ്പോരാട്ടം അന്തിമഘട്ടത്തിലേക്ക കടക്കുമ്പോൾ എറണാംകുളത്ത് യുഡിഎഫിന് വ്യക്തമായ മൂൻതൂക്കം. ഐക്യമുന്നണി സ്ഥാനാർത്ഥി ഹൈബി ഈഡൻ അരലക്ഷത്തിൽ കുറയാത്ത വോട്ടുകൾക്ക് ജയിച്ചുകയറുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. രാഹുൽ ഗാന്ധി തരംഗം ആഞ്ഞു വീശുകയാണെങ്കിൽ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്നും ഇവർ പ്രവചിക്കുന്നു. എല്ലാ തെരഞ്ഞെടുപ്പ് സർവേകളും ഒരുപോലൊയണ്് ഹൈബിയുടെ വിജയം പ്രവചിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലത്തിൽ കടുത്ത പ്രചാരണമാണ് ഇടതുമുന്നണി സ്ഥാനാർത്ഥി പി രാജീവ് നടത്തിയത്. രാജീവ് പതിനായിരം വോട്ടിനെങ്കിലും കടുന്നുകൂടുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എൻഡിഎ സ്ഥാനാർത്ഥിയായ അൽഫോൽസ് കണ്ണന്താനവും ഓടിനടന്ന് വോട്ട് പിടിക്കുന്നുണ്ട്. കണ്ണന്താനം ബിജെപിയുടെ വോട്ട ഉയർത്തുമെന്നും വ്യക്തമാണ്.

രാഹുൽഗാന്ധിയുടെ വരവോടെ രൂപപ്പെടുന്ന ക്രിസ്ത്യൻ - മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിലാണ് യുഡിഎഫ് നോട്ടം. ജാതി സമകാവ്യങ്ങളും ശബരിമലയും തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്. പി രാജീവിന്റെ ക്ലീൻ ഇമേജും, സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും തുണയാവുമെന്നാണ് ഇടതുമുന്നണി പറയുന്നത്.

2014 ലെ 87047 വോട്ട് ഭൂരിപക്ഷത്തിനപ്പുറത്തേക്കാണു യുഡിഎഫിന്റെ ചിന്ത. 2009 ൽ ഇത് 11790 മാത്രമായിരുന്നു. എൽഡിഎഫ് ഈ കണക്കേ എടുത്തിട്ടുള്ളു. പറവൂർ, കളമശേരി, വൈപ്പിൻ, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് എറണാകുളം മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ നിയമസഭയിൽ എൽഡിഎഫിന് ഒപ്പം. 4 യുഡിഎഫിന്. നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷക്കണക്കനുസരിച്ചാണെങ്കിൽപ്പോലും യുഡിഎഫിന് 41791 വോട്ട് അധികമുണ്ട്. യുഡിഎഫ് ഒരു മണ്ഡലവും വിട്ടുകളയുന്നില്ല. ഒരു ലക്ഷത്തിനപ്പുറമുള്ള ഭൂരിപക്ഷമാണു മനസിൽ.

പറവൂർ, തൃപ്പൂണിത്തുറ വൈപ്പിൻ, കളമശേരി മണ്ഡലങ്ങൾ ഭൂരിപക്ഷം തരുമെന്നും കൊച്ചി ഒപ്പം പിടിക്കുമെന്നും എൽഡിഎഫ് വിശ്വസിക്കുന്നു. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ ഭേദപ്പെട്ട പ്രകടനവുമായാൽ മണ്ഡലം പിടിക്കാമെന്നു പ്രതീക്ഷ. വികസന രാഷ്ട്രീയം ചർച്ച ചെയ്ത മണ്ഡലത്തിൽ പ്രളയവും ശബരിമല പ്രക്ഷോഭങ്ങളുമെല്ലാം ഇടവിളകളായുണ്ട്. ഇതിന്റെ വൈകാരിക പ്രതികരണങ്ങൾ ബാലറ്റ്് യൂണിറ്റിലേ അറിയൂ.

സിറ്റിങ്ങ് എം പിയെ മാറ്റിയിട്ടും പ്രതിഷേധം കാര്യമായില്ല

എറണാകുളം മണ്ഡലത്തിൽ സിറ്റിങ് എംപിയെ മാറ്റിയാണ് യുഡിഎഫ് ഇക്കൊല്ലം പടക്കളത്തിലേക്കിറങ്ങിയത്. കെ വി തോമസിന്റെ എതിപ്പുകൾ വളരെ പെട്ടെന്നുതന്നെ സമാധാനിപ്പിക്കാൻ കഴിഞ്ഞ് യുഡിഎഫിന് നേട്ടമായി. സ്വതന്ത്ര പരീക്ഷണം അവസാനിപ്പിച്ചാണ് എൽഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയെ തന്നെ രംഗത്തിറക്കി കലം പിടിക്കാനായി ബിജെപി ഇക്കുറി വേറിട്ട മൽസരത്തിലുമാണ്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ എറണാകുളത്ത് ഇതു വരെ 18 തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. അഞ്ചെണ്ണം ഒഴിച്ചു ബാക്കി 13 ലും യു.ഡി.എഫിനായിരുന്നു വിജയത്തിളക്കം. മണ്ഡലത്തിന്റെ കണക്കിലും കിടപ്പിലും യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എൽഡിഎഫിനാകട്ടെ അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് പി.രാജീവ്. സ്വന്തം നിലയിൽ പറയാൻ പി. രാജീവിന് ഏറെക്കാര്യങ്ങളുണ്ട്. യുഡിഎഫും അങ്ങനെതന്നെ, പരമ്പരാഗത കോൺഗ്രസ് മണ്ഡലമെന്നതിനു പുറമേ, ഹൈബി ഈഡനു സ്വന്തം നിലയിൽ വോട്ട് സ്വാധീനിക്കാനുള്ള ഘടകങ്ങളുണ്ട്. അൽഫോൻസ് കണ്ണന്താനത്തിനു പാർട്ടിവോട്ടും സ്വന്തം നിലയിൽ നേടിയെടുക്കാനാവുന്ന വോട്ടുംകൂട്ടി ലക്ഷത്തിനപ്പുറത്തേക്കു കടന്നാൽ അതു നേട്ടം. കഴിഞ്ഞവട്ടം ബിജെപി വോട്ട് ഒരു ലക്ഷത്തിനടുത്താണ്.

മണ്ഡലത്തിൽ വോട്ട് ചോദിച്ച് ആദ്യമെത്തിയത് ഇടത് സ്ഥാനാർത്ഥി പി. രാജീവാണ്. കഴിഞ്ഞ ഒരുമാസത്തോളം കൊടും ചൂടിന്റെ കാഠിന്യം നന്നായി അനുഭവിച്ച പി. രാജീവ് താൻ എറണാകുളത്തിന്റെ എംപിയായാൽ പ്രകൃതിക്ക് തണലൊരുക്കുമെന്നൊവാഗ്ദാനം കൂടി മുന്നോട്ട് വയ്ക്കുന്നു. കുറഞ്ഞ സമയം കൊണ്ട് പ്രചാരണത്തിൽ ഇടത് സ്ഥാനാർത്ഥിക്കൊപ്പം ഓടിയെത്തിയതാണ് യുഡിഎഫിന്റെ ഹൈബി ഈഡനും ആത്മവിശ്വാസത്തിൽ ഒട്ടും പിറകിലല്ല. പ്രചാരണം വൈകിയെങ്കിലും പരമ്പരാഗത കോൺഗ്രസ് മണ്ഡലമായ എറണാകുളം ഇക്കുറിയും വലതിനെ കൈവിടില്ലെന്നാണ് യുഡിഎഫ് ക്യാംപിലെ ഉറച്ച വിശ്വാസം. എംഎൽഎ എന്ന നിലയിലുള്ള തന്റെ പ്രകടനത്തിന്റെ വിലയിരുത്തൽ കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും ഹൈബി ആവർത്തിക്കുന്നു.

പ്രചാരണം കൊഴുപ്പിച്ച് പി.രാജീവ്

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപർ എന്നീ ചുമതലകൾ വഹിച്ചുവരികയാണ് അമ്പതുകാരനായ രാജീവ്.
ഏറെക്കാലം സിപിഎം ജില്ലാസെക്രട്ടറിയായിരുന്ന പി.രാജീവിന് എറണാകുളം മണ്ഡലത്തിലെ ഓരോ മുക്കും മൂലയും സുപരിചിതമാണ്. രാജ്യസഭാ എംപിയായിരിക്കെ എറണാകുളത്ത് നടത്തിയ പ്രവർത്തനങ്ങൾ സാമുദായിക പരിഗണനകൾക്കപ്പുറമുള്ള സ്വീകാര്യത രാജീവിന് നേടിക്കൊടുത്തുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലരായ പൊതുസ്വതന്ത്രരെ നിർത്തുന്നതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമെന്ന ആക്ഷേപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ രാജീവിനെ സിപിഎം കളത്തിലിറക്കിയത്. ചാലക്കുടി മണ്ഡലത്തിലേക്കും രാജീവിന്റെ പേര് ഉയർന്നെങ്കിലും എറണാകുളത്ത് പൊതുസ്വീകാര്യനായ മറ്റൊരു നേതാവിനെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരവും രാജീവിനു തുണയായി. രാജീവിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്.

'ഒരു മണ്ഡലവും ആരുടെയും കുത്തക അല്ല. അങ്ങനെ പറയുമ്പോൾ ജനങ്ങളെ നമ്മൾ വിലകുറച്ചു കാണുകയാണ്. ജനങ്ങൾ ഓരൊ ഘട്ടത്തിലും അവരുടെ മുൻപിൽ വരുന്ന സ്ഥാനാർത്ഥികൾ, മുൻപിൽ വരുന്ന പ്രശ്‌നങ്ങൾ. അതിനടിസ്ഥാനപ്പെടുത്തി കൊണ്ട് അവർ നിലപാടുകൾ സ്വീകരിക്കും. അപ്പോൾ ജനങ്ങളെ നമ്മൾ വിലകുറച്ചു കാണിക്കാൻ പാടില്ല. കാരണം ഏതെങ്കിലും ഒരു നിലപാട് എപ്പോഴും സ്വീകരിക്കുന്നവരല്ല ജനങ്ങൾ. അവർ നല്ല വിവേകമുള്ളവരാണ്, തിരിച്ചറിവുള്ളവരാണ്. ഓരോ ഘട്ടത്തിലും അവർ ഓരോ നിലപാട് സ്വീകരിക്കും. അവരുടെ പ്രതീക്ഷകൾക്ക് ഒത്ത് ഒരു നിലപാട് സ്വീകരിക്കുന്ന സ്ഥാനാർത്ഥിയായി എന്നെ കരുതുന്നുവെങ്കിൽ അവർ എന്നോടൊപ്പം നിലകൊള്ളും എന്നു തന്നെയാണ് ഞാൻ കരുതുന്നത്.'- രാജീവ് പറയുന്നു.

നിശ്ചയ ദാർഡ്യത്തോടെ ഹൈബി

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. പ്രചാരണത്തിൽ വളരെ പൊസീറ്റിവായിട്ടുള്ള പ്രതികരണമാണ് മണ്ഡലത്തിലെ എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നതെന്നും പ്രചാരണത്തിലുടനീളം നല്ല സ്വീകരണമാണ് ആളുകളിൽ നിന്നുമുണ്ടായതെന്നും അദ്ദേഹം പറയുന്നു. . എല്ലാ മേഖലയിൽ നിന്നുമുള്ള ജനങ്ങളിൽ നിന്നും പരിപൂർണ്ണ പിൻതുണയാണ് ലഭിക്കുന്നത്. എംഎൽഎ ആയി പ്രവർത്തിച്ച കഴിഞ്ഞ എട്ട് വർഷവും ജനങ്ങൾക്കിടയിൽ നിന്നാണ് ഞാൻ പ്രവർത്തിച്ചത്. എറണാകുളത്തിന്റെ വികസനം ഉറപ്പാക്കാൻ എല്ലാ തരത്തിലും ശ്രമിച്ചു. പ്രളയകാലത്തും ശേഷവും ദുരിതബാധിതർക്കൊപ്പം ഞാനുണ്ടായിരുന്നു എന്നും ഹൈബി പറഞ്ഞു.

ഹൈബിക്ക് വേണ്ടി വോട്ട് തേടി മകൾ ക്ലാരയും ഭാര്യ അന്നയും രംഗത്തിറങ്ങിയിരുന്നു. പിതാവിന് വേണ്ടി പാട്ടിലൂടെ വോട്ട് തേടുന്നത്. പാട്ടിനൊടുവിൽ വോട്ട് ഫോർ അപ്പ എന്ന് അഭ്യർത്ഥിക്കുന്നുണ്ട് ക്ലാര. ഹൈബിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായുള്ള ഫേസ്‌ബുക്ക് പേജിലാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. ഉള്ളം തൊടും ഹൈബി ഈഡൻ എന്ന ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഹൈബിയുടെ ഭാര്യ അന്നയുമുണ്ട്.ഹൈബിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പ് ക്ലാര പാടിയ 'പറയൂ പറയൂ തത്തമ്മേ' എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയുടെ കൈയടി നേടിരുന്നു. മെജോ ജോസഫ് അയച്ചു കൊടുത്ത മൂന്ന് ട്യൂണുകളിൽ ക്ലാര ഇഷ്ട്ടപ്പെട്ട ഈണം തിരഞ്ഞെടുക്കുകയായിരുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഈ ഗാനം ചിത്രീകരിക്കാൻ ഒന്നര മണിക്കൂറിൽ താഴെ മാത്രമാണ് വേണ്ടിവന്നത് എന്നും ഇത് മറക്കാനാവാത്ത അനുഭവമായിരുന്നു എന്നും മെജോ ജോസഫും സംഘവും പറയുന്നു. കുഞ്ഞു ക്ലാരയുടെ പാട്ടിലൂടെ വോട്ട് ഹൈബിയുടെ പെട്ടിയിൽ വീഴുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ.

പാർട്ടിയെ നയിക്കാൻ യുവതലമുറയെ കണ്ടെത്താനുള്ള രാഹുലിന്റെ വിജയിച്ച ശ്രമങ്ങളിൽ ഒന്നു തന്നെയായിരുന്നു ഹൈബി. കിച്ചൻ കാബിനറ്റുകാർക്ക് നിർബന്ധിത റിട്ടയർമെന്റ് വിധിച്ചു തുടങ്ങിയ രാഹുലിന്റെ ലക്ഷ്യബോധങ്ങളെ പ്രതിഫലിക്കുന്ന തീരുമാനമായിരുന്നു ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാതിലും ഉള്ളത്.

വോട്ടുയർത്താൻ കണ്ണന്താനം

വിജയിച്ചാൽ കൊച്ചിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന വാഗ്ദാനവുമായാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വോട്ടു പിടിക്കാനായി കളത്തിലിറങ്ങിയത്. കൊച്ചിയെ വലിയൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും എന്ന വാഗ്ദാനമാണ് മുന്നോട്ട് വയ്ക്കുന്നത്. ജാതിയുടേയോ മതത്തിന്റെയോ പേരിൽ വോട്ട് ചോദിക്കില്ലെന്നും തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയിൽ ചെയ്തു കാണിച്ചിട്ടുണ്ട്, ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറയുന്നു. വലിയ ആത്മ വിശ്വാസത്തിലാണ് കണ്ണന്താനം.

അതേ സമയം ഇന്നലെ കണ്ണന്താനത്തിന് ആശിർവാദവുമായി ശബരിമലയിലെ മുൻ മേൽശാന്തിമാർ രംഗത്ത് വന്നിരുന്നു. ഇടമന ദാമോദരൻ പോറ്റി, എഴിക്കോട് ശശി നമ്പൂതിരി എന്നിവർ അദ്ദേഹത്തെ ചന്ദനമാല അണിയിച്ചു. ശബരിമലയിലെ മുൻ മേൽശാന്തിമാരുടെ കൂട്ടായ്മയുടെ പ്രതിനിധികളായാണ് ഇരുവരുമെത്തിയത്. ഭാരത സംസ്‌കാരം സംരക്ഷിക്കുകയെന്ന കടമയാണു ബിജെപി ചെയ്യുന്നതെന്നു മുൻ മേൽശാന്തിമാർ പറഞ്ഞു. കണ്ണന്താനത്തിന്റെ ഇന്നലത്തെ പ്രചാരണം ഏലൂരിൽ ഫാക്ടിനു മുന്നിൽ നിന്നാരംഭിച്ചു. കേന്ദ്രമന്ത്രി മഹേഷ് ശർമ ഉദ്ഘാടനം ചെയ്തു. പൊതു തിരഞ്ഞെടുപ്പു കേവലം എംപിയെ നിശ്ചയിക്കാൻ വേണ്ടിയുള്ളതല്ല, മറിച്ചു രാജ്യരക്ഷയ്ക്കായി എൻഡിഎ ഭരണം തുടരുമെന്ന് ഉറപ്പാക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ ഹൈന്ദവ വിശ്വാസികളുടെ വോട്ട് കണ്ണന്താനത്തിന് പോക്കറ്റിലാക്കാൻ കഴിയുമെന്നാണ് വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP