Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും സുരക്ഷയില്ലാതെ യുപിയിലും ബീഹാറിലുമെല്ലാം ഇവിഎമ്മുകൾ സ്ട്രോങ് റൂമിൽ എത്തിച്ചതായി റിപ്പോർട്ടുകൾ; പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ; ഉത്തർപ്രദേശിലെ ചന്ദൗളിയിൽ ഇവി എം നിറച്ച് വന്ന ട്രക്ക് പിടികൂടിയതും പ്രതിഷേധത്തിന് കാരണം; തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കണം എന്നാവശ്യപ്പെട്ട് ശശി തരൂർ; വോട്ടിങ് മെഷീനെയും വിവിപാറ്റിനെയും സംബന്ധിച്ച ആശങ്കകൾ അറിയിക്കാൻ 21 പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെ കാണും

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും സുരക്ഷയില്ലാതെ യുപിയിലും ബീഹാറിലുമെല്ലാം ഇവിഎമ്മുകൾ സ്ട്രോങ് റൂമിൽ എത്തിച്ചതായി റിപ്പോർട്ടുകൾ; പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ; ഉത്തർപ്രദേശിലെ ചന്ദൗളിയിൽ ഇവി എം നിറച്ച് വന്ന ട്രക്ക് പിടികൂടിയതും പ്രതിഷേധത്തിന് കാരണം; തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കണം എന്നാവശ്യപ്പെട്ട് ശശി തരൂർ; വോട്ടിങ് മെഷീനെയും വിവിപാറ്റിനെയും സംബന്ധിച്ച ആശങ്കകൾ അറിയിക്കാൻ 21 പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെ കാണും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് മെഷീനെ കുറ്റംപറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്. എക്‌സിറ്റ് പോളിലെ ബിജെപി വിജയം ഇവി എം അട്ടിമറി ലക്ഷ്യമിട്ടാണെന്ന വിധത്തിലാണ് മമത ബാനർജി അടക്കമുള്ളവർ പ്രതികരിച്ചത്. ഈ ആരോപണങ്ങൾ പുറത്തുവന്ന ശേഷം സൈബർ ലോകത്ത് ചില വീഡിയോകളും മറ്റും പുറത്തുവന്നിരിക്കയാണ്. അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകൾ സ്ട്രോങ് റൂമിൽ എത്തിച്ചതായി റിപ്പോർട്ടുകളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരൺ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങൾ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആർ.ജെ.ഡി-കോൺഗ്രസ് പ്രവർത്തകർ പിടികൂടി എന്നാണ് വാർത്ത. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകൾ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവർത്തകർ പറഞ്ഞതായാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശിലെ ചന്ദൗളിയിൽ ഇവി എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുറത്ത് വരുന്ന വീഡിയോകൾ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകൾ എത്തിക്കുന്നതായാണ് കാണിക്കുന്നത്. ഈ വീഡിയോയുടെ വാസ്തവം എത്രത്തോളമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും പക്ഷെ ഇന്നാണ് മെഷീനുകൾ കൊണ്ടു വരുന്നതെന്നും വീഡിയോ പകർത്തിയ ആൾ പറയുന്നതായി കേൾക്കാം. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം കോൺഗ്രസ്, എസ്‌പി-ബി.എസ്‌പി പ്രവർത്തകർ സ്വന്തം പ്രവർത്തകരെ ഞായറാഴ്ച മുതൽ തന്നെ ചന്ദൗളി മാർക്കറ്റിന് സമീപമുള്ള സ്ട്രോങ് റൂമിന് പുറത്ത് പ്രവർത്തകരെ കാവൽ നിർത്തുന്നുണ്ട്.

ഹരിയാനയിലെ ഫത്തേഹ്ബാദിൽ സ്ട്രോങ്റൂമുകളിലേക്ക് ഇ.വി എം നിറച്ച ട്രക്കുകൾ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് എംപി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദേശമാണ് തരൂർ മന്നോട്ടു വെക്കുന്നത്. ഉത്തർപ്രദേശിലെ ഗസ്സിപൂരിൽ എസ്‌പി-ബി.എസ്‌പി സംയുക്ത സ്ഥാനാർത്ഥിയായ അഫ്സൽ അൻസാരി സ്ട്രോങ് റൂമിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. വാഹനങ്ങളിൽ ഇ.വി എം പുറത്തേക്ക് കടത്തിയെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥി ധർണ്ണയിരുന്നത്.

ബിഹാറിലെ സാരൺ, മഹാരാജ് ഗഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ഥലത്തേക്ക് ബ്ലോക്ക് ഡവലപ്മന്റെ് ഓഫിസറുടെ സാന്നിധ്യത്തിലാണ് വോട്ടുയന്ത്രങ്ങൾ വാഹനത്തിൽ കൊണ്ടുവന്നതെന്ന് ആർ.ജെ.ഡി, കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഈ വോട്ടുയന്ത്രങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബി.ഡി.ഒക്ക് കഴിഞ്ഞില്ല.

സമാനമായ രീതിയിൽ ഈമാസം 15ന് ഹരിയാനയിലെ ഫത്തേഹ്ബാദ് കോളജിനടുത്തുനിന്ന് സംശയാസ്പദമായ രീതിയിൽ ഒരു ലോറി നിറയെ വോട്ടുയന്ത്രങ്ങൾ കോൺഗ്രസ് പ്രവർത്തകർ പിടികൂടിയിരുന്നു. തുടർന്ന് സിർസയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അശോക് തൻവർ സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി സ്‌ട്രോങ് റൂമുള്ള കോളജിലേക്ക് കയറ്റാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ വാഹനം പരിശോധിക്കാനോ കസ്റ്റഡിയിലെടുക്കാനോ ജില്ല പൊലീസ് കമീഷണർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. കമീഷന്റെ കണക്കിൽപെട്ട 20 ലക്ഷം വോട്ടുയന്ത്രങ്ങൾ കാണാനില്ല എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൊഴുക്കവേഇലക്‌ട്രോണിക് വോട്ടിങ് മെഷീനെയും വിവിപാറ്റിനെയും സംബന്ധിച്ച ആശങ്കകൾ അറിയിക്കാൻ കോൺഗ്രസ് അടക്കം 21 പ്രതിപക്ഷ പാർട്ടികൾ ഇന്ന് തെരഞ്ഞെടുപ്പ് കമീഷനെ കാണും. വോട്ടുയന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബിജെപിക്കും സഖ്യകക്ഷികൾക്കും അനായാസ വിജയം പ്രഖ്യാപിച്ച എക്‌സിറ്റ് പോളുകൾ പുറത്തു വന്നതിനു പിറകെയാണ് ഇത്തരമൊരു നീക്കത്തിന് പ്രതിപക്ഷ പാർട്ടികൾ തയാറായത്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച.

ബിഹാറിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ്‌റൂമിനു സമീപത്തു നിന്ന് ഒരു ലോറി ഇ.വി എം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചക്ക് പ്രതിപക്ഷം ശ്രമിക്കുന്നത്. എക്‌സിറ്റ് പോളുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നതിനു വേണ്ടി പുറത്തു വിടുന്ന കണക്കുകളാണെന്നാണ് പ്രതിപക്ഷ വിമർശനം. പ്രാദേശിക പാർട്ടികൾ മോശം പ്രകടനമാണ് കാഴ്ചവെക്കുക എന്നാണ് എക്‌സിറ്റ് പോൾ ഫലം പറയുന്നത്. ബിജെപിക്കെതിരായ മഹാ സഖ്യത്തിന് 122 ൽ കൂടുതൽ സീറ്റുകൾ നേടാൻ കഴിയില്ലെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം, പല നേതാക്കളും എക്‌സിറ്റ് പോളുകളെ തള്ളി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുന്നതിനുള്ള നീക്കമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിറകിലെന്ന് മമതാ ബാനർജി വിമർശിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP