Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയം വോട്ടായി പ്രതിഫലിപ്പിച്ച് മമ്മൂട്ടി; ബിജെപി പ്രതീക്ഷകൾ പങ്കുവച്ച് സുരേഷ് ഗോപി; അഴിമതിയുടെ ഭീകരത ചൂണ്ടി ശ്രീനിവാസൻ; നാടിന്റെ നന്മയ്ക്ക് വോട്ട് നൽകി ദിലീപും കാവ്യയും; വോട്ടിംഗിൽ സൂപ്പർ താരങ്ങൾ ആവേശം നിറച്ചത് ഇങ്ങനെ

രാഷ്ട്രീയം വോട്ടായി പ്രതിഫലിപ്പിച്ച് മമ്മൂട്ടി; ബിജെപി പ്രതീക്ഷകൾ പങ്കുവച്ച് സുരേഷ് ഗോപി; അഴിമതിയുടെ ഭീകരത ചൂണ്ടി ശ്രീനിവാസൻ; നാടിന്റെ നന്മയ്ക്ക് വോട്ട് നൽകി ദിലീപും കാവ്യയും; വോട്ടിംഗിൽ സൂപ്പർ താരങ്ങൾ ആവേശം നിറച്ചത് ഇങ്ങനെ

കൊച്ചി: കേരള രാഷ്ട്രീയത്തിൽ സിനിമാക്കർക്ക് ശോഭിക്കാനാകില്ലെന്നായിരുന്നു മുൻധാരണകൾ. അതെല്ലാം തിരുത്തപ്പെടുകയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരു താരമെങ്കിലും നിയമസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പ്. കാരണം പത്തനാപുരത്തെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും അറിയപ്പെടുന്ന സിനിമാക്കാരാണ്. പാർലമെന്റിലും ഉണ്ട് മലയാളിയായി സിനിമാക്കാരൻ സുരേഷ് ഗോപി. അങ്ങനെ ജനാധിപത്യത്തിൽ സിനിമാ താരങ്ങൾക്ക് പ്രസക്തി കൂടുമ്പോൾ വോട്ടെടുപ്പിലും അതിന്റെ സജീവത വ്യക്തം.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുമായി മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് കേരളത്തിന്റെ പുതിയ വിധി തീരുമാനിക്കാൻ പോളിങ് സ്‌റ്റേഷനിൽ വെള്ളിത്തിരയിലെ താരങ്ങളെത്തി. കന്നിക്കാരിൽ നടൻ ദുൽഖർ സൽമാൻ മുതൽ ഭിന്നലിംഗ വിഭാഗത്തിൽ നിന്നും സുചിയും സൂര്യയും വരെ വോട്ടിട്ട് താരങ്ങളായി. ദുൽഖർ കേരളത്തിലെ ആദ്യ കന്നിവോട്ട് കുറിച്ചപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുചി കന്നിവോട്ട് കുറിച്ചത് 49ാം വയസ്സിൽ. മമ്മൂട്ടിയും സുരേഷ് ഗോപിയും ദിപീപും ശ്രീനിവാസനും ഫഹദ് ഫാസിലും കാവ്യാമാധവനും സുരാജ് വെഞ്ഞാറമൂടും സലിം കുമാറുമെല്ലാം ക്യൂവിൽ കാത്തുനിന്ന് വോട്ട് ചെയ്തു.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണു വോട്ടു രേഖപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പാർട്ടി പ്രവർത്തനം മാത്രമല്ല, രാഷ്ട്രീയം. രാഷ്ട്രീയം ഒരോരുത്തരുടെയും അഭിപ്രായമാണ്. അതു പ്രകടിപ്പിക്കാനുള്ള അവസരമാണു തിരഞ്ഞെടുപ്പ്'. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ മമ്മൂട്ടി പനമ്പിള്ളി നഗർ ജിഎച്ച്എസിലെ ബൂത്തിൽ രാവിലെ 9.45 നാണു വോട്ടു മമ്മൂട്ടി വോട്ട് ചെയ്തത്. രാഷ്ട്രീയം തുറന്നു പറഞ്ഞാണ് രാജ്യസഭാ അംഗമായ സുരേഷ് ഗോപിയുടെ വോട്ട്. എൻഡിഎയ്ക്കും ബിജെപിക്കും വാനോളം പ്രതീക്ഷകളാണ് ഉള്ളതെന്നു നടൻ സുരേഷ് ഗോപി എംപി. തിരഞ്ഞെടുപ്പിൽ പല തരത്തിലുള്ള കളികളാണു നടക്കുന്നത്. അതു ജനങ്ങൾ മനസ്സിലാക്കണം. സർക്കസ് കാട്ടാൻ വരുന്നവർക്കു ജനങ്ങൾ ചെവി കൊടുക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭാര്യ രാധികയോടൊപ്പമെത്തിയ സുരേഷ്‌ഗോപി ശാസ്തമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ടു രേഖപ്പെടുത്തി.

അഴിമതിയുടെ ദുരന്തം ഓർമിപ്പിച്ച് ശ്രീനിവാസനും എത്തി. ജനാധിപത്യം നേരിടുന്ന വലിയ പ്രശ്‌നം മുന്നണി വ്യത്യാസമില്ലാത്ത അഴിമതിയാണ്. തെളിവില്ലാതെ എങ്ങനെ അഴിമതി നടത്താമെന്ന ഹൈടെക് രീതികളാണ് രാഷ്ട്രീയക്കാർ പരീക്ഷിക്കുന്നത്. പദ്ധതികൾ ആദ്യമറിയുന്ന രാഷ്ട്രീയക്കാർ ഭൂമി വാങ്ങി മറിച്ചു വിറ്റു കോടികൾ സമ്പാദിക്കുകയാണ്. കേരളം ഏതാനും വ്യക്തികളുടെ കൈകളിലായി. ഇതിനെല്ലാമെതിരെയാണ് വോട്ടവകാശം' കണ്ടനാട്ട് താമസമാക്കിയതോടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടറായി മാറിയ ശ്രീനിവാസൻ ഭാര്യ വിമലയോടൊപ്പം രാവിലെ എട്ടോടെ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലാണ് വോട്ടു രേഖപ്പെടുത്തിയത്.

'നാടിന് നന്മ ചെയ്യാൻ മനസുള്ള സ്ഥാനാർത്ഥിക്കാണ് വോട്ടെന്ന് ദിലീപ് പറയുന്നു. നാടിന്റെ പുരോഗതിക്കായുള്ള നമ്മുടെ കടമയാണത്. സിനിമാ രംഗത്തുള്ളവർ രാഷ്ട്രീയത്തിൽ വരുന്നതിൽ തെറ്റില്ല' നടൻ ദിലീപ്. അമ്മ സരോജം സഹോദരങ്ങളായ അനൂപ്, സബിത, അനൂപിന്റെ ഭാര്യ പ്രിയ എന്നിവർക്കൊപ്പം ആലുവ പാലസിനു സമീപത്തെ ദേശീയപാത ഓഫിസിലാണ് വോട്ട് ചെയ്തത്. 'നാടിന്റെ നന്മയ്ക്കു വേണ്ടി വോട്ടു ചെയ്യണമെന്നായിരുന്ന കാവ്യാ മാധവന്റെ ആഹ്വാനം. സിനിമാക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതു നല്ലതാണ്. പത്താനാപുരത്ത് ആരു ജയിക്കുമെന്നു പറയാൻ പറ്റില്ല. മൂന്നു പേരും നമ്മുടെ കുടുംബക്കാർ അല്ലേ' തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല ഗവ. ഹൈസ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ നടി കാവ്യാ മാധവൻ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമെത്തിയ കാവ്യ 20 മിനിറ്റോളം ക്യൂവിൽ നിന്ന ശേഷമാണു വോട്ടു ചെയ്തത്.

കൊച്ചിയിൽ പനമ്പള്ളിനഗറിലെ ബൂത്തിൽ രാവിലെ തന്നെ ദുൽഖർ കേരളത്തിലെ കന്നിവോട്ട് വിനിയോഗിച്ചു. ഇതുവരെ ചെന്നെയിൽ വോട്ട് ചെയ്തിരുന്ന ദുൽഖർ ഇതാദ്യമായിരുന്നു കേരളത്തിലെ വിധിയിൽ പങ്കാളിയായത്. ചെന്നൈയിൽ കന്നിവോട്ട് ചെയ്ത സെലിബ്രിട്ടികളിൽ നടൻ ജയറാമിന്റെയും പാർവ്വതിയുടേയും മകൾ മാളവികയുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ നായികയായ ലിജോമോൾക്കും കന്നിവോട്ടായിരുന്നു. ഇടുക്കിയിലെ വെള്ളിലാംകണ്ടത്തിലായിരുന്നു ലിജിമോളുടെ വോട്ട്.

സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇതാദ്യമായി മൂന്നാംലിംഗക്കാരുടെ ആദ്യവോട്ട് വിനിയോഗിച്ചത് തൃശൂർ നാട്ടിക മണ്ഡലത്തിൽ സുജിയായിരുന്നു. പുതിയ ചരിത്രം കുറിച്ചതിൽ സന്തോഷം ഉണ്ടെന്നായിരുന്നു പ്രതികരണം. ഈ വിഭാഗത്തിൽ നിന്നും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ സൂര്യയും വോട്ട് രേഖപ്പെടുത്തി. വട്ടിയൂർകാവിലായിരുന്നു സൂര്യയുടെ വോട്ട്. പാറ്റൂർ വാട്ടർ അഥോറിറ്റി ഓഫീസിലെ ബൂത്തിലായിരുന്നു സൂര്യ വോട്ട് ചെയ്തത്. ഭർത്താവ് അഭിലാഷിനൊപ്പമായിരുന്നു സൂര്യ വോട്ട് ചെയ്യാനെത്തിയത്. മൂന്നാം ലിംഗക്കാരെ മനുഷ്യരായി കാണുന്നവർ ഭരണത്തിൽ എത്തണമെന്ന് സൂര്യ പ്രതികരിച്ചു.

കന്നിവോട്ട് രേഖപ്പെടുത്തിയവരിൽ നവവധുക്കളായ കോട്ടയംകാരി അനുവും എറണാകുളംകാരി ക്രിസ്റ്റിയും ഉണ്ടായിരുന്നു. രണ്ടിടത്ത് വിവാഹവേദിയിൽ എത്തേണ്ട ഇരുവരും വിവാഹവസ്ത്രങ്ങളും ആഭരണവും ധരിച്ചാണ് അവരവരുടെ പോളിങ് ബൂത്തിലെത്തിയത്. അനു കോട്ടയത്തും ക്രിസ്റ്റി തെക്കൻ പറവൂർ എൽഎഫ് യുപി സ്‌കൂളിലും വോട്ട് രേഖപ്പെടുത്ത കതിർമണ്ഡപത്തിലേക്ക് പോയി. പഞ്ചരത്‌നങ്ങൾ എന്ന് പ്രസിദ്ധരായ ഉത്ര, ഉത്രജ, ഉത്രജൻ, ഉത്തര, ഉത്തമ എന്നിവർ അമ്മ രമയ്‌ക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്്. നെടുമങ്ങാട്ട് കൊഞ്ചിറ യുപിഎസിൽ കന്നിവോട്ട് ചെയ്തു.

എല്ലാവരും ഒരാൾക്കാണ് വോട്ട് ചെയ്തത്. വീട്ടിൽ ആലോചിച്ച ശേഷം അമ്മയുടെ നിർദേശപ്രകാരം ഒരാൾക്ക് സമ്മതിദാനം വിനിയോഗിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എല്ലാവരും പലയിടങ്ങളിൽ ആയിരുന്നതിനാൽ ആദ്യവോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 1995 ൽ ജനിച്ച അഞ്ചു പേരും പഠിച്ചതും വളർന്നതും ഒരുമിച്ചായിരുന്നു. ഉപരിപഠനത്തോടെയാണ് പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP