Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ബിജെപി സർക്കാരിന് രാജ്യം നാളെ മുതൽ മാർക്കിടും; വ്യാഴാഴ്ച പുലരുമ്പോൾ വോട്ടർമാരുടെ വിരലിൽ മഷിയെഴുതാൻ തയ്യാറെടുത്ത് 91 മണ്ഡലങ്ങൾ; 18 സംസ്ഥാനങ്ങളിലും രണ്ടുകേന്ദ്രഭരണപ്രദേശങ്ങളിലുമായി ആദ്യഘട്ട ലോക്‌സഭാതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ആന്ധ്ര-സിക്കിം-അരുണാചൽ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നാളെ; ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് നിധിൻ ഗഡ്കരി അടക്കമുള്ള പ്രമുഖർ; പോളിങ് മേഖലകളിൽ അതീവസുരക്ഷ

മോദിയുടെ ബിജെപി സർക്കാരിന് രാജ്യം നാളെ മുതൽ മാർക്കിടും; വ്യാഴാഴ്ച പുലരുമ്പോൾ വോട്ടർമാരുടെ വിരലിൽ മഷിയെഴുതാൻ തയ്യാറെടുത്ത് 91 മണ്ഡലങ്ങൾ; 18 സംസ്ഥാനങ്ങളിലും രണ്ടുകേന്ദ്രഭരണപ്രദേശങ്ങളിലുമായി ആദ്യഘട്ട  ലോക്‌സഭാതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ആന്ധ്ര-സിക്കിം-അരുണാചൽ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നാളെ; ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് നിധിൻ ഗഡ്കരി അടക്കമുള്ള പ്രമുഖർ; പോളിങ് മേഖലകളിൽ അതീവസുരക്ഷ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാത്തിരിപ്പിന് വിരാമമായി. നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ വോട്ടെടുപ്പ് നാളെ. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിൽ വോട്ടർമാർ വിധിയെഴുതും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ആൻഡമാൻ, ലക്ഷദ്വീപ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പൂർണമായും നാളെ പോളിങ് ബൂത്തിലേക്ക് പോകും. അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ജമ്മുകശ്മീർ, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡീഷ, ത്രിപുര, യുപി, ബംഗാൾ എന്നിവിടങ്ങളിലെ ചില മണ്ഡലങ്ങളും ആദ്യഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്നുണ്ട്.

മെയ് 19ന് ഏഴാമത്തേയും അവസാനത്തേയും ഘട്ടവും പൂർത്തിയാകുമ്പോൾ 543 ലോക്സഭ മണ്ഡലങ്ങളിലേയും വോട്ടർമാർ വിധിയെഴുതും 23നാണ് വിധി. ആദ്യ ഘട്ടത്തിൽ 187 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് തെരഞ്ഞെടുപ്പ്. ഇതിൽ പത്ത് സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പൂർത്തിയാകും.

ആന്ധ്ര, സിക്കിം, അരുണാചൽ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും. ഒഡീഷയിലെ 147 നിയമസഭാ മണ്ഡലങ്ങളിൽ 28 ഇടത്തെ വോട്ടെടുപ്പും 11ന് നടക്കുന്നുണ്ട്. മിക്ക പാർലമെന്ററി മണ്ഡലങ്ങളിലും വോട്ടിങ് സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്്ഥാനങ്ങളിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും സമയത്തിൽ ചെറിയ മാറ്റമുണ്ട്. രാവിലെ എഴുമുതൽ വൈകിട്ട് 5 വരെയും നാലുവരെയുമൊക്കെ സമയം നിശ്ചയിച്ചിട്ടുണ്ട്.

പ്രമുഖ കേന്ദ്രമന്ത്രിമാരിൽ, മഹാരാഷ്ട്രയിലെ നാഗ്പുരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ബിജെപി. സ്ഥാനാർത്ഥി. കോൺഗ്രസ് രംഗത്തിറക്കിയ ബിജെപി. മുൻനേതാവ് നാനാ പട്ടോലെയാണ് എതിരാളി. നാഗ്പൂരടക്കം മഹാരാഷ്ട്രയിലെ ഏഴു മണ്ഡലങ്ങളിൽ വ്യാഴാഴ്ച വിധിയെഴുതും. മഹാരാഷ്ട്രയിൽ മാത്രമാണ് ബിജെപിയും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടുന്നത് എന്നതാണ് പ്രത്യേകത. പ്രാദേശിക കക്ഷികൾ ആണ് മറ്റ് സംസ്ഥാനങ്ങളിൽ ഏറ്റുമുട്ടുന്നത്. മറുവശത്ത് കോൺഗ്രസോ ബിജെപിയോ ഉണ്ട്.

പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇങ്ങനെ

1. ആന്ധ്ര പ്രദേശ്

25 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയിൽ ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസും തമ്മിലാണ് പോരാട്ടം. ദേശീയ വിഷയങ്ങൾക്കൊപ്പം തന്നെ പ്രാദേശിക വിഷയങ്ങളാണ് ഇവിടെ കൂടുതൽ ചർച്ചയാവുക. ക്ഷേമ പദ്ധതികളും വികസനങ്ങളും എണ്ണിപ്പറഞ്ഞ് ടിഡിപി വോട്ട് തേടുമ്പോൾ ഗ്രാമങ്ങളിൽ അലയടിക്കുന്ന കർഷകരോഷവും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് തുണയാകും എന്നാണ് വൈഎസ്ആർ കോൺഗ്രസ് വിശ്വസിക്കുന്നത്. ഇവിടെ നിയയമസഭ തെരഞ്ഞെടുപ്പും ഒപ്പം തന്നെ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് പാർട്ടിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുന്നോ അവർക്ക് തന്നെ ലോക്സഭയിലും മേൽകൊയ്മ ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് ഇരുപക്ഷവും. 25 ലോക്സഭ സീറ്റുകളിലും 175 നിയമസഭ സീറ്റുകളിലേക്കും കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, എന്നിവരോട് മുട്ടി നിൽക്കുക എളുപ്പമല്ല,

2. തെലങ്കാന

ക്ഷേമപ്രവർത്തനങ്ങളും കർഷകരുടെ വോട്ട്ബാങ്കും തന്നെയാണ് തെലങ്കാനയിലും പ്രധാനമായും ചർച്ചയാവുക. കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ന്യായ് ചന്ദ്രശേഖർ റാവു കഴിഞ്ഞ മെയ് മാസത്തിൽ കർഷകർക്കായി പുറത്തിറക്കിയ ഋിതു ബന്ധു എന്നിവ തമ്മിലാണ് പോരാട്ടം. കോൺഗ്രസിന്റെ ന്യായ് പ്രതിവർഷം 72,000 രൂപ ഓരോരുത്തർക്കും ലഭിക്കുമെന്ന് പദ്ധതിയാണെങ്കിൽ തെലങ്കാനയിൽ കസിആർ കൊണ്ട് വന്ന പദ്ധതി പ്രകാരം കർഷകർക്ക് ഓരോ ഏക്കറിനും 8000 രൂപ വീതവും ഒരോ വിളയ്ക്കും 4000 രൂപ വീതവുമാണ് ലഭിക്കുക. അറുപത് ലക്ഷം കർഷകർക്ക് കഴിഞ്ഞ വർഷം ഇതിന്റെ ഗുണം ലഭിച്ചുവെന്നാണ് ടിആർഎസ് നിരത്തുന്ന കണക്കുകൾ. ഇത് അവർക്ക് തെരഞ്ഞെടുപ്പിൽ ഗുണമാകുമെന്നും കഴിഞ്ഞ ഡിസംബറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടതിന്റെ ആവർത്തനമായിരിക്കും ലോക്സഭയിലും കാണുക എന്നാണ് ടിആർഎസ് അവകാശവാദം. ന്യായ് പദ്ധതിയിലൂടെ ടിആർഎസ് അനുകൂല വികാരം മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

3. ഉത്തർപ്രദേശ്

80 ലോക്സഭ മണ്ഡലങ്ങളുള്ള രാജ്യത്തെ ഏറ്റവും അധികം മണ്ഡലങ്ങളുള്ള യുപിയിലെ 8 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്ക് വലിയ നേട്ടം സമ്മാനിച്ച യുപിയിൽ പക്ഷേ ഇത്തവണ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. കഴിഞ്ഞ തവണ എസ്‌പി ബിഎസ്‌പി വോട്ടുകൾ ഭിന്നിച്ചത് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം സമ്മാനിച്ചെങ്കിലും നിയമസഭയിലും തോൽവി ആവർത്തിച്ചതോടെ പാഠം പടിക്കുകയും ഒരുമിച്ച് മത്സരിക്കാനും ബദ്ധവൈരികളായ എസ്‌പി ബിഎസ്‌പി സഖ്യം തീരുമാനിച്ചതും ബിജെപിക്ക് തിരിച്ചടിയായി. കോൺഗ്രസ് ഇവർക്കൊപ്പം സഖ്യത്തിലില്ല എങ്കിലും ബിജെപി വിജയിക്കുന്നത് സ്വാഭാവികമായും കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. പ്രിയങ്കത ഗാന്ധി കൂടി എത്തിയതോടെ വലിയ പ്രതീക്ഷയാണ് കോൺഗ്രസിന് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത് പ്രിയങ്കയ്ക്ക് ചുമതലയുള്ള പ്രദേശങ്ങളിൽ അല്ല എങ്കില പോലും പ്രിയങ്ക എത്തിയത് എത്രത്തോളം ഗുണമാകും എന്നും വിലയിരുത്തലാകും.

4. മഹാരാഷ്ട്ര

7 മണ്ഡലങ്ങളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ശിവസേന സഖ്യം മത്സരിക്കുന്ന മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻസിപി സഖ്യത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്താൻ കഴിയില്ല എന്നും സംസ്ഥാനം 2014 പോലെ ബിജെപിക്ക് ഒപ്പം നിൽക്കും എന്നുമാണ് പ്രതീക്ഷ. കർഷകരുടെ പ്രതിഷേധവും അമർഷവും റൂറൽ മണ്ഡലങ്ങളിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്താനും സാധ്യതയുണ്ട്.മഹാരാഷ്ട്രയിൽ മൊത്തം 48 സീറ്റുകളിൽ സഖ്യമായി മത്സരിക്കുന്ന ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഇതിൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി ആണ് മത്സരിക്കുന്നതിലെ പ്രമുഖൻ.

അതീവജാഗ്രതാ മണ്ഡലങ്ങൾ

സത്യവാങമൂലത്തിൽ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയ മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളാണ് അതീവജാഗ്രതാ മണ്ഡലങ്ങൾ. 91 മണ്ഡലങ്ങളിൽ 37 എണ്ണമാണ് ഇത്തവണ അതീവ ജാഗ്രത മണ്ഡലങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടുന്നില്ല

കശ്മീരിൽ ഹർത്താൽ പ്രഖ്യാപിച്ച് വിഘടനവാദികൾ

ഹൂറിയത്ത് കോൺഫറൻസ് നേതാക്കൾക്കും ബന്ധുക്കൾക്കും എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് വിഘടനവാദികൾ നാളെ കശ്മീർ താഴ് വരയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ജമ്മു, ബാരാമുള്ള ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിൽ നിന്നുവിട്ടുനിൽക്കാനും ആഹ്വാനമുണ്ട്. ജെകെഎൽഎഫ് ചെയർമാൻ മുഹമ്മദ് യാസിൻ മാലിക്കിനെതിരെയുള്ള നടപടി, മിർവായിസ് ഒമർ പറൂഖിനെ നിരന്തരമായി ചോദ്യം ചെയ്യൽ, സയിദ് അലി ഷാ ഗിലാനിയുടെ പുത്രന്മാരെ ഡൽഹിയിൽ ആവർത്തിച്ച് ചോദ്യം ചെയ്യാൻ എൻഐഎ വിളിച്ചുവരുത്തിയത് തുടങ്ങിയ കാര്യങ്ങളാണ് വിഘടനവാദികൾ ഉന്നയിക്കുന്നത്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് താഴ് വരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് തലേന്ന് 'റഫാൽ' കേന്ദ്രസർക്കാരിന് തിരിച്ചടി

ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുതലേന്ന് റഫാൽ ഇടപാടിൽ വന്ന സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയായി. കേസിൽ കേന്ദ്രസർക്കാർ വാദങ്ങൾ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാൽ രേഖകൾക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹർജികളിൽ വാദം കേൾക്കുമ്പോൾ പരിഗണിക്കരുതെന്നുമുള്ള കേന്ദ്രസർക്കാർ വാദത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

റഫാൽ രേഖകൾ പുനപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹർജിക്കാർ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP