Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കസ്തൂരി രംഗന്റെ പേരിൽ എംപിയായ ജോയ്‌സ് ജോർജിനെതിരെ കസ്തൂരി രംഗൻ തിരിഞ്ഞു കൊത്തുമെന്ന ഭയം; ഭൂമി തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ ഇടത് എംപിക്ക് സീറ്റ് കൊടുക്കുന്നതിനോട് വിയോജിപ്പ് ശക്തം; ഇടത് മുന്നണി പ്രവേശനം കിട്ടിയതോടെ ജനാധിപത്യ കേരളാ കോൺഗ്രസിന് വീണ്ടും പ്രതീക്ഷ; ഫ്രാൻസിസ് ജോർജിന് ഇടുക്കി സീറ്റ് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ കരുക്കൾ നീക്കി അനുയായികൾ

കസ്തൂരി രംഗന്റെ പേരിൽ എംപിയായ ജോയ്‌സ് ജോർജിനെതിരെ കസ്തൂരി രംഗൻ തിരിഞ്ഞു കൊത്തുമെന്ന ഭയം; ഭൂമി തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ ഇടത് എംപിക്ക് സീറ്റ് കൊടുക്കുന്നതിനോട് വിയോജിപ്പ് ശക്തം; ഇടത് മുന്നണി പ്രവേശനം കിട്ടിയതോടെ ജനാധിപത്യ കേരളാ കോൺഗ്രസിന് വീണ്ടും പ്രതീക്ഷ; ഫ്രാൻസിസ് ജോർജിന് ഇടുക്കി സീറ്റ് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ കരുക്കൾ നീക്കി അനുയായികൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടതുമുന്നണിയുടെ വിപുലീകരണത്തോടെ ഇടുക്കിയിൽ ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്. ഇടത് സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോർജിന് മുന്നണി ഇനി സീറ്റ് നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ജനാധിപത്യ കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുത്തതാണ് ചർച്ചകൾക്ക് പുതുമാനം നൽകുന്നത്. ഇടുക്കിയുടെ മുൻ എംപിയാണ് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ നേതാവ് ഫ്രാൻസിസ് ജോർജ്. ഈ മേഖലയിൽ ഏറെ ബന്ധങ്ങളുള്ള വ്യക്തി. ഇടതുപക്ഷത്ത് നിന്ന് കേരളാ കോൺഗ്രസ് ജോസഫിന്റെ പ്രതിനിധിയായാണ് ഫ്രാൻസിസ് ജോർജ് ഇതിന് മുമ്പ് ലോക്‌സഭയിലെത്തിച്ചത്. കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവായ കെഎം ജോർജിന്റെ മകന് ഇപ്പോഴും ഇടുക്കിയിൽ വ്യക്തിബന്ധങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിൽ ഇടുക്കി സീറ്റ് ഇടതുപക്ഷം ഫ്രാൻസിസ് ജോർജിന് നൽകുമെന്നാണ് വിലയിരുത്തൽ.

കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഇടുക്കിയിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ്‌സ് ജോർജിനെ സഭകളുടെ പിന്തുണയോടെ മത്സരിപ്പിക്കാൻ ഇടതുപക്ഷം തീരുമാനിച്ചത്. ഇത് വിജയിക്കുകയും ചെയ്തു. ജോയ്‌സ് ജോർജ് എംപിയുമായി. തുടർന്ന് അങ്ങോട്ട് ഇടുക്കി ചർച്ച ചെയ്ത ആരോപണങ്ങളിൽ പലതും ജോയ്‌സ് ജോർജിന്റെ ഭൂമി കൈയേറ്റമായിരുന്നു. സ്വാധീനത്തിന്റെ കരുത്തിൽ എല്ലാം ജോയ്‌സ് ജോർജ് ഒതുക്കി തീർത്തു. അപ്പോഴും ജനങ്ങൾക്കിടയിൽ പഴയ മതിപ്പ് ജോയ്‌സ് ജോർജിനെ കുറിച്ചില്ല. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് ജോർജിന്റെ സാധ്യതകൾ ഇടതുപക്ഷം തേടുന്നത്. അതിശക്തനായ സ്ഥാനാർത്ഥി കോൺഗ്രസിനായി എത്തുമെന്നും സിപിഎം തിരിച്ചറിയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോലും കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്താൻ സാധ്യത ഏറെയാണ്. ഇതെല്ലാം മനസിൽ കണ്ടാണ് ജനാധിപത്യ കേരളാ കോൺഗ്രസിനെ മുന്നണിയിലേക്ക് എടുത്തത്.

അവകാശവാദങ്ങളൊന്നുമില്ലാതെയാണ് തങ്ങൾ എൽഡിഎഫ് ഘടകകക്ഷിയായിരിക്കുന്നതെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ കൂടിയായ ഫ്രാൻസിസ് ജോർജ് പറയുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുന്നണി ശക്തിപ്പെടുത്തുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളേപ്പോലും വെല്ലുവിളിക്കുന്ന സാഹചര്യമാണ്. ഈ ഘട്ടത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ എൽഡിഎഫിന് നിർണ്ണായക പങ്കുവഹിക്കേണ്ടതുണ്ട്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് നേരിടാൻ വിശാലമായ ഐക്യനിരയുണ്ടാകണം. എൽഡിഎഫ് മുന്നണി വിപുലീകരണം ഐക്യനീക്കത്തിന് സഹായകരമാകും. ജനാധിപത്യ കേരളാ കോൺഗ്രസ് പാർലമെന്റ് മണ്ഡലം കൺവൻഷനുകൾ അടുത്തയാഴ്ച തുടങ്ങി ഫെബ്രുവരി അവസാനത്തോടെ സമാപിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറയുന്നു. ഈ കൺവെൻഷനുകളെല്ലാം പ്രധാനമായും കേന്ദ്രീകരിക്കുക ഇടുക്കിയിൽ ആകും.

20 വർഷത്തോളം എൽഡിഎഫിന്റെ ഭാഗമായിരുന്നു താൻ. ജനാധിപത്യ കേരളാ കോൺഗ്രസിനെ ഘടകകക്ഷിയാക്കിയതിൽ എൽഡിഎഫ് നേതൃത്വത്തോട് പ്രത്യേകം നന്ദിയുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഇടുക്കി സീറ്റ് ആവശ്യപ്പെടുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജോയ്സ് ജോർജ് നല്ല എം പിയാണെന്ന് അദ്ദേഹം മറുപടി നൽകി. സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും പറയേണ്ട സമയത്ത് തങ്ങളുടെ അഭിപ്രായം പറയുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇടുക്കിയിൽ സിപിഎമ്മിന്റെ മനസ്സ് ഫ്രാൻസിസ് ജോർജിന് നന്നായി അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ മറുപടി പറയുന്നത്. അതിനിടെ സഭാ നേതൃത്വത്തിൽ ഇടപെടൽ നടത്തി സീറ്റുറപ്പിക്കാൻ ജോയ്‌സ് ജോർജും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ ജോയ്‌സ് ജോർജിന് ജയസാധ്യത കുറവാണെന്നാണ് സിപിഎം ഇടുക്കി ഘടകത്തിന്റേയും വിലയിരുത്തൽ. ലോക്‌സഭ-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കത്തി നിന്ന കസ്തൂരിരംഗൻ- പട്ടയ പ്രശ്നങ്ങൾ ഇപ്പോഴും സജീവമാണെങ്കിലും സഭയും സമിതിയും ഇപ്പോൾ നിലപാട് വിശദീകരിച്ചിട്ടില്ല. 2014ൽ 50,542 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോയ്‌സ് ജോർജ്ജിന് ലഭിച്ചത്.

ആന്റണി രാജു, ഫ്രാൻസിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കേരള കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി. തുടക്കംമുതൽ ഇടതുമുന്നണിയുമായി സഹകരിച്ച ജനാധിപത്യ കേരളകോൺഗ്രസ് ഘടകകക്ഷിയാകുന്നിതിലെ വെല്ലുവിളി ജോയ്‌സ് ജോർജിനും അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP