Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയിൽ ഇത്തവണ ജോയ്സ് ജോർജിന് അടിതെറ്റും; കസ്തൂരിരംഗനും സഭയും തുണച്ച സാഹചര്യം ഇക്കുറിയില്ല; കർഷക ആത്മഹത്യകളും കാർഷിക വിലത്തകർച്ചയും ഭരണവിരുദ്ധ വികാരവും തുണയാവുന്നത് ഐക്യ മുന്നണിക്ക്; ഡീൻ ചുരുങ്ങിയത് അരലക്ഷത്തോളം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ; രാഹുൽ തരംഗം വന്നാൽ ലീഡ് ഒരുലക്ഷം കടക്കും; മിക്ക സർവേകളിലും വിജയം പ്രവചിക്കുന്നത് ഐക്യമുന്നണിയുടെ ആവേശം കൂട്ടുന്നു; യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം ഇത്തവണ ഡീൻ തിരിച്ചുപിടിക്കും

ഇടുക്കിയിൽ ഇത്തവണ ജോയ്സ് ജോർജിന് അടിതെറ്റും; കസ്തൂരിരംഗനും സഭയും തുണച്ച സാഹചര്യം ഇക്കുറിയില്ല; കർഷക ആത്മഹത്യകളും കാർഷിക വിലത്തകർച്ചയും ഭരണവിരുദ്ധ വികാരവും തുണയാവുന്നത് ഐക്യ മുന്നണിക്ക്; ഡീൻ ചുരുങ്ങിയത് അരലക്ഷത്തോളം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ; രാഹുൽ തരംഗം വന്നാൽ ലീഡ് ഒരുലക്ഷം കടക്കും; മിക്ക സർവേകളിലും വിജയം പ്രവചിക്കുന്നത് ഐക്യമുന്നണിയുടെ ആവേശം കൂട്ടുന്നു; യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം ഇത്തവണ ഡീൻ തിരിച്ചുപിടിക്കും

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: മലയോര ജില്ലായായ ഇടുക്കിയിൽ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യക്കോസിന് വ്യക്തമായ ആധിപത്യം. സഭയുടെ പിന്തുണ അടക്കമുള്ള കഴിഞ്ഞ വർഷത്തെ അനുകൂല ഘടകങ്ങൾ ഒന്നുമില്ലാത്ത എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്ജ്‌ വീഴാനാണ് ഇത്തവണ സാധ്യതകൾ ഏറെയുള്ളത്. യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമായ ഇടുക്കിയിൽ കഴിഞ്ഞ തവണ, കസ്തുരിരംഗൻ റിപ്പോർട്ട് അടക്കമുള്ള വൈകാരിക പ്രശ്നങ്ങൾ കത്തിച്ചായിരുന്നു എൽഡിഎഫിന്റെ ജയം. എന്നാൽ ഇത്തവണ കർഷക ആത്മഹത്യയടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഇടതുമുന്നണിക്ക് വിനയാവുകയാണ്.

കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഈ ഇരട്ട വിരുന്ധ വികാരത്തിന്റെ ആനുകൂല്യം ശരിക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അരലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് ഡീൻ പുഷ്പംപോലെ ജയിച്ചുകയറുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. രാഹുൽ തരംഗം ആഞ്ഞുവീശിയാൽ ഒരു ലക്ഷത്തിന് പുറത്തുള്ള ലീഡും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാണ്ട് എല്ലാ സർവേകളും പ്രവചിക്കുന്നതും യുഡിഎഫിന്റെ മുന്നേറ്റം തന്നെയാണ്.

ബി ഡി ജെ എസിൽ നിന്നുള്ള ബിജു കൃഷ്ണനാണ് ഇടുക്കിയിലെ എൻ ഡി എ സ്ഥാനാർത്ഥി.തന്റെ സ്ഥാർത്ഥിത്വം ഇരുമുന്നണികൾക്കും ശക്തമായ ഭീഷിണിയാണെന്നാണ് ബിജു കൃഷ്ണന്റെ വാദം.പ്രചാരണ രംഗത്ത് എൻ ഡി എ നല്ലരീതിയിൽ മുന്നേറുന്നുണ്ട്.മുൻ തിരഞ്ഞെടുപ്പുകളേക്കാൾ ഇക്കുറി നില മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ഇക്കുറി മണ്ഡലം യൂഡിഎഫിനൊപ്പം

കഴിഞ്ഞ തവണ തന്റെ എതിരാളി അഡ്വ.ജോയിസ് ജോർജ്ജ് വിജയം നേടിയത് ജനങ്ങളെ കബളിപ്പിച്ചാണെന്ന വാദമുയർത്തിയാണ് ഡീൻ കുര്യക്കോസ് പ്രധാനമായും വോട്ട് തേടുന്നത്.കസ്തൂരിരംഗൻ ,മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകളെ കുറിച്ച് ജനങ്ങളിൽ തെറ്റായ ധാരണ സൃഷ്ടിക്കാനായതാണ് ജോയിസിന്റെ വിജയത്തിന് വഴിയൊരുക്കിയത്. ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പിറവിയെടുത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻതുണയും അനുകൂല ഘടകമായി. ഇടുക്കിയെ ദോഷകരമായി ബാധിക്കുന്ന കസ്തൂരി രംഗൻ ,മാധവ് ഗാഡ്കിൽ റിപ്പോർട്ടുകളിൽ നിലവിലെ എംപിക്ക് ഒന്നും ചെയ്യാനായിട്ടില്ലന്ന് ഇവിടുത്തെ പ്രധാന പ്രചാരണം.

ഇവിടെ പ്രളയാനന്തര ദുരിതാശ്വപ്രവർത്തനങ്ങൾ പേരിനുപോലുമെത്താ പ്രദേശങ്ങൾ നിരവധിയാണ്. വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികളിൽ മിക്കവയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപിത നയ -പരിപാടികളുടെ ഭാഗമായി നടന്നതാണ്. ഇതിന്റെ പേരിൽ വോട്ടർമാരെ ഇനിയും കബളിപ്പിക്കാമെന്നത് വ്യാമോഹമാണെന്നാണ് കോൺഗ്രസ് നേതാക്കൾ എല്ലാ പ്രചാരണ യോഗങ്ങളിലും പറയുന്നത്. പ്രചാരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ ഹൈറേഞ്ചിൽ ഡീൻ കുര്യക്കോസ്സിന് സ്വീകാര്യത വർധിച്ചുവരുന്നുണ്ട്.

സഭയുടെ നിലപാട് നിർണ്ണായകം

ഇടുക്കി മണ്ഡലത്തിൽ സഭയുടെ നിലപാട് ഇരുമുന്നണികൾക്കും നിർണ്ണായകമാണ്. ഇലക്ഷൻ പ്രഖ്യാപിച്ച് താമസിയാതെ തന്നെ ഇടുക്കി രൂപത നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു സ്ഥാനാർത്ഥിക്കുവേണ്ടിയും പരസ്യപ്രചാരണത്തിനിറങ്ങരുതെന്ന് വൈദീകരോട് രൂപത നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ മുഖ്യചുമതലക്കാരായ വൈദികരോട് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് യൂ ഡി എഫിന് ഗുണം ചെയ്യുമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്ന് കാണിച്ച് ഫാ.സെബാസ്റ്റ്യാൻ കൊച്ചുപുരയ്ക്കൽ നൽകിയ പരാതിയിൽ കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇത് തിരഞ്ഞെടുപ്പിൽ എത്രത്തോളം പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ബാനറിൽ ജോയിസ് ജോർജ്ജ് മത്സര രംഗത്തിറങ്ങുകയും ഇടതുമുന്നണി ആവശ്യപ്പെടാതെ തന്നെ പിൻതുണയുമായി എത്തുകയുമായിരുന്നു. ഇക്കുറി ജോയിസ് ജോർജ്ജ് രംഗപ്രവേശം ചെയ്തത് തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിട്ടാണ്.ഇത് രൂപതയിലെ ഒരു വിഭാഗം വിശ്വാസികളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.വോട്ടെടുപ്പിൽ ഇക്കൂട്ടരുടെ മനസ്സ് തങ്ങളോടൊപ്പമായിരിക്കുമെന്നാണ് യൂ ഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സഭ ആർക്കൊപ്പമെന്ന കാര്യത്തിൽ ഇപ്പോഴും പരസ്യനിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും പിന്തുണ യുഡിഎഫിനാണെന്നത് വ്യക്തമാണ്. എന്നാൽ മനസാക്ഷി വോട്ട് എന്നതിനാണ് ഇക്കുറി സഭ പ്രാമുഖ്യം നൽകുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജോയിസ് ജോർജ്ജ്

ഇടുക്കിയെ ദോഷകരമായി ബാധിക്കുന്ന കസ്തൂരിരംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിനെതിയുള്ള നീക്കം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിന് നടത്തിയ ഇടപെടലുകൾ, കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യപിച്ച സർക്കാർ നടപടി,റോഡുകള്ൾ, പാലങ്ങൾ ,കുടിവെള്ള പദ്ധിതികൾ എന്നു തുടങ്ങി വിവിധ വികസനപ്രവർത്തനങ്ങളുടെ ആവിഷ്‌കകരണവും നടപ്പാക്കലും തുടങ്ങി ഒട്ടനവിധി വിഷയങ്ങളുന്നയിച്ചാണ് അഡ്വ.ജോയിസ് ജോർജ്ജ് വോട്ടർമാരെ സമീപിക്കുന്നത്.തുടക്കം മുതൽ പരസ്യ പ്രചാരണ രംഗത്ത് ഇടതുമുന്നണിയാണ് മുന്നിട്ടുനിന്നിരുന്നത്. പ്രചാരണത്തിൽ അവസാന ഘട്ടത്തിലും ഇക്കാര്യത്തിൽ എൽ ഡി എഫിന് തന്നെയാണ് മുൻ തൂക്കം.മണ്ഡലത്തെയാകെ ഇളക്കി മറിച്ചും വിജയ തരംഗം സൃഷ്ടിച്ചുമാണ് കഴിഞ്ഞ ദിവസം ജോയ്‌സ് ജോർജിന്റെ പൊതു പര്യടനത്തിന് സമാപനമായത്..

4750 കോടിയുടെ വികസനം മണ്ഡലത്തിലെ ഓരോ വീടുകളിലും ചർച്ചയാക്കുന്നതിനായിരുന്നു നേതൃത്വത്തിന്റെ പരിശ്രമം.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട ദേശീയ -സംസ്ഥാന രാഷ്ട്രീയവും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും ഉപേക്ഷിച്ച് പകയുടെയും വ്യക്തിഹത്യയുടെയും രാഷ്ട്രീയമാണ് യു.ഡി.എഫ് ഉപയോഗിച്ചതെന്നാണ് എൽ ഡി എഫ് നേതൃത്വത്തിന്റെ പ്രധാന ആരോപണം.എൽ.ഡി.എഫ് സ്ഥാനാർത്ഥിയെയും കുടുംബാംഗങ്ങളെയും വരെ അപമാനിക്കുന്ന തരത്തിൽ വ്യക്തിഹത്യ ചെയ്യുകയും വിവരാവകാശ രേഖ എന്ന നിലയിൽ വ്യാജ രേഖകൾ ഉണ്ടാക്കി സമ്മദിദായകരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവും യു.ഡി.എഫ് നടത്തിയെന്നും ഇക്കൂട്ടർ പരാതിപ്പെടുന്നു.

പാർലമെന്റിനെ പോരാട്ട വേദിയാക്കുകയും കർഷകർക്കെതിരായി കൊണ്ടുവന്ന ആസിയാൻ കരാറും, സ്വതന്ത്ര വ്യാപാര കരാറുകളിലും ഭേദഗതി വരുത്തണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടുകയും ചെയ്തു. അഭിമാനകരമായ പാർലമെന്റി പ്രവർത്തനമാണ് ജോയ്‌സ് ജോർജ് നടത്തിയത്.അതുകൊണ്ട് തന്നെ ജോയ്‌സ് ജോർജിന്റെ വിജയം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നാണ് ഇടതു നേതാക്കൾ പറയുന്നത്.

പ്രചാരണം വൈകിയത് യുഡിഎഫിന് തിരിച്ചടി

സ്ഥാനാർത്ഥി നിർണ്ണയം വൈകിയതുമൂലം പ്രചാരണരംഗത്ത് വേണ്ട വണ്ണം ശോഭിക്കാനായില്ല എന്നതാണ് യൂ ഡി എഫ് മണ്ഡലത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി.എൽ ഡി എഫ് മണ്ഡലത്തിൽ പ്രചാരണ രംഗത്ത് സജീവമായി രണ്ടാഴ്ചയോളമെത്തുമ്പോഴാണ് ഇവിടെ യൂ ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് നേതൃത്വം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യക്കോസിന്റെ പേര് പ്രഖ്യാപിക്കുന്നത്.

ഉടൻ പ്രചാരണ രംഗത്ത് സജീവമായെങ്കിലും മണ്ഡലത്തിൽ ഓളം സൃഷ്ടിക്കാൻ ഇതുവരെയും യുഡി എഫിന് സാധിച്ചിട്ടില്ല.പ്രചാരണ സാമഗ്രികളുടെ കാര്യത്തിൽ ഇടതുമുന്നണിയുടെ നാലയലത്തുപോലും യൂ ഡി എഫിന് എത്താനായിട്ടില്ല.ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് ഫണ്ടൊപ്പിക്കാൻ തുടക്കം മുതൽ സ്ഥാർത്ഥിയും അടുത്ത പ്രവർത്തകരുമൊക്കെ നെട്ടോട്ടത്തിലായിരുന്നു. സ്വന്തം കീശയിൽ നിന്നും പണമിറക്കിയാണ് ഇപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന പ്രവർത്തകർ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് അറിയുന്നത്.

പ്രചാരണ രംഗത്ത് ശോഭിക്കാനാവാത്തതിന്റെ മുഖ്യകാരണം ഫണ്ടിന്റെ അപര്യാപ്തയാണെന്ന കാര്യം യൂ ഡി എഫ് നേതൃത്വവും രഹസ്യമായി സമ്മതിക്കുന്നുണ്ട്.പൊതുപര്യടന പരിപാടികളിൽ മിക്ക കേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകരും അനുഭാവികളുമടങ്ങുന്ന സംഘമായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്.ആളെക്കൂട്ടാനുള്ള കലാപരിപാടികളും ചിട്ടവട്ടങ്ങളും കാര്യമായി ഒരിടത്തും കണ്ടില്ല.ചിലയിടങ്ങളിൽ മാത്രം ചെണ്ടകൊട്ടും ബാന്റ് മേളവും ഒക്കെ ഒരുക്കിയിരുന്നതായിരുന്നു ആകെയുള്ള മേളക്കൊഴുപ്പ്. എന്നാൽ എൽഡിഎഫിന്റെ പരിപാടികളിൽ ആവട്ടെ പണക്കൊഴുപ്പ് പ്രകടവുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP