Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലങ്ങളായി തങ്ങൾ കാത്തിരുന്ന റോഡ് യാഥാർത്ഥ്യമാക്കിയ എംപി യെ കാണാൻ അടിച്ചിൽതൊട്ടി ഊരിലെ ആദിവാസികൾ കാടിറങ്ങി; മലയ്ക്കപ്പാറയിൽ തോട്ടം തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത് ആരതി ഉഴിഞ്ഞും ചുവന്ന മാലയണിയിച്ചും; ആദിവാസി മേഖലകളിലെ വോട്ടർമാരുടെ മനസ് കീഴടക്കി ഇന്നസെന്റിന്റെ പടയോട്ടം

കാലങ്ങളായി തങ്ങൾ കാത്തിരുന്ന റോഡ് യാഥാർത്ഥ്യമാക്കിയ എംപി യെ കാണാൻ അടിച്ചിൽതൊട്ടി ഊരിലെ ആദിവാസികൾ കാടിറങ്ങി; മലയ്ക്കപ്പാറയിൽ തോട്ടം തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത് ആരതി ഉഴിഞ്ഞും ചുവന്ന മാലയണിയിച്ചും; ആദിവാസി മേഖലകളിലെ വോട്ടർമാരുടെ മനസ് കീഴടക്കി ഇന്നസെന്റിന്റെ പടയോട്ടം

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി:ആദിവാസി മേഖലകളുടെ മനസ്സ് കീഴടക്കാൻ കളിപറഞ്ഞും ചിരിയുയർത്തിയും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ഇന്നസെന്റിന്റെ പടയോട്ടം.അതിരപ്പിള്ളി പഞ്ചായത്തിലെ അടിച്ചിൽ തൊട്ടി റോഡിലായിരുന്നു ഇന്നസെന്റിന് ഇന്ന് ലഭിച്ച ആദ്യസ്വീകരണം. കാലങ്ങളായി തങ്ങൾ കാത്തിരുന്ന റോഡ് യാഥാർത്ഥ്യമാക്കിയ എംപി യെ കാണാൻ അടിച്ചിൽ തൊട്ടി ഊരിലെ ആദിവാസികൾ കാടിറങ്ങിയെത്തിയിരുന്നു. ഇതുപോലുള്ള അഞ്ച് പ്രധാന റോഡുകളാണ് എംപി ഫണ്ടുപയോഗിച്ച് ഇന്നസെന്റ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അതിരപ്പിള്ളി പഞ്ചായത്തിൽ നിർമ്മിച്ചത്.

ഇന്ന് ചാലക്കുടിയുടെ കിഴക്കൻ മലയോരങ്ങളിളായ മലക്കപ്പാറ, അതിരപ്പിള്ളി മേഖലകളിലായിരുന്നു ഇന്നസെന്റിന്റെ പര്യടനം. സാധാരണ പൊതുപ്രചാരണത്തിനുപയോഗിച്ചിരുന്ന തുറന്ന വാഹനം കടന്നുചെല്ലാത്ത ചെങ്കുത്തും ഇടുങ്ങിയതുമായ വഴികളിലൂടെയായിരുന്നു ഇവിടങ്ങളിലേയ്ക്ക് എത്തേണ്ടിയിരുന്നത്. മലക്കപ്പാറയിലെ നട്ടുപരട്ടിൽ ആരതി ഉഴിഞ്ഞും ചുവന്ന മാലയണിച്ചുമാണ് തോട്ടം തൊഴിലാളികൾ ഇന്നസെന്റിനെ സ്വീകരിച്ചത്.

കടമറ്റം ഭാഗത്ത് മുൻകൂട്ടി സ്വീകരണം നിശ്ചയിച്ചിരുന്നെങ്കിലും ജോലിത്തിരക്കിനിടയിലും കാണാൻ ഓടിയെത്തിയ തോട്ടം തൊഴിലാളികളെ സ്ഥാനാർത്ഥി നിരാശരാക്കിയില്ല. വഴിവക്കിൽ നിറപുഞ്ചിരിയോടെ കാത്തുനിന്നവരുടെ അടുത്തെത്തി കുശലം പറഞ്ഞ് സന്തോഷം പങ്കിട്ടാണ് ഇന്നസെന്റ് വാഹനത്തിലേയ്ക്ക് മടങ്ങിയത്.അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വന്ന മറുനാട്ടുകാർ സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയത് കൗതുക കാഴ്ചയായി. തുടർന്ന് കണ്ണൻകുഴി വഴി വൈകീട്ട് ചിക്ലായിയിലെത്തി സ്വീകരണയാത്ര സമാപിച്ചു.

ബി.ഡി ദേവസി എംഎൽഎ, സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. ഗിരിജാവല്ലഭൻ, സിപിഐ മണ്ഡലം സെക്രട്ടറി പി.എം വിജയൻ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് ജോസ് പൈനാടത്ത്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് എന്നിവർ ഇന്നസെന്റിനോടൊപ്പം ഉണ്ടായിരുന്നു. നാളെ രാവിലെ ആലുവയിലേയും ഉച്ചയ്ക്കു ശേഷം പെരുമ്പാവൂരിലേയും വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിക്കാനാണ് ഇന്നസെന്റിന്റെ പരിപാടിയിട്ടുള്ളത്.

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവർ നാളെ (ഏപ്രിൽ 17) പ്രസംഗിക്കും. വൈകീട്ട് 4ന് അങ്കമാലിയിലും 5 മണിക്ക് ചാലക്കുടിയിലുമാണ് യച്ചൂരിയുടെ പരിപാടികൾ. പ്രകാശ്കാരാട്ട് വൈകീട്ട് 6 മണിക്ക് ആലുവ നിയോജകമണ്ഡലത്തിലെ കാഞ്ഞൂരിൽ പ്രസംഗിക്കും. കയ്പംമംഗലം മണ്ഡലത്തിലെ മതിലകം സെന്ററിൽ വൈകീട്ട് 4ന് മണിക്കാണ് സുഭാഷിണി അലിയുടെ പരിപാടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP