Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണിച്ചുകുളങ്ങരയിലെത്തി സഹായം ചോദിച്ചപ്പോഴും പെരുന്നയിൽ പോയി സഹായം തേടാൻ ഉദ്ദേശമില്ലെന്ന് ഇന്നസെന്റ്; ചെന്നാൽ പടിയടച്ച് പിണ്ഡം വയ്ക്കുമെന്ന് പേടിച്ചല്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സുകുമാരൻ നായരെ വേണ്ടാത്തവർ ഇങ്ങോട്ടും വരരുതെന്ന് ചാലക്കുടിയിലെ നായന്മാർ; വെള്ളാപ്പള്ളിയോട് വോട്ട് ചോദിച്ചെത്തിയപ്പോൾ സുകുമാരൻ നായരെ തള്ളി തള്ളി പറഞ്ഞ നടൻ ഇന്നസെന്റ് പിടിച്ചത് പുലിവാല്

കണിച്ചുകുളങ്ങരയിലെത്തി സഹായം ചോദിച്ചപ്പോഴും പെരുന്നയിൽ പോയി സഹായം തേടാൻ ഉദ്ദേശമില്ലെന്ന് ഇന്നസെന്റ്; ചെന്നാൽ പടിയടച്ച് പിണ്ഡം വയ്ക്കുമെന്ന് പേടിച്ചല്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സുകുമാരൻ നായരെ വേണ്ടാത്തവർ ഇങ്ങോട്ടും വരരുതെന്ന് ചാലക്കുടിയിലെ നായന്മാർ; വെള്ളാപ്പള്ളിയോട് വോട്ട് ചോദിച്ചെത്തിയപ്പോൾ സുകുമാരൻ നായരെ തള്ളി തള്ളി പറഞ്ഞ നടൻ ഇന്നസെന്റ് പിടിച്ചത് പുലിവാല്

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി; നായർ വോട്ടുകൾ ചാലക്കുടിയിൽ നിർണ്ണായക ഘടകമല്ല. ക്രൈസ്തവ-ഈഴവ വോട്ടുകളാണ് പ്രധാനം. ഇതിനൊപ്പം ശബരിമല വിഷയത്തിൽ ജി സുകുമാരൻ നായർ ഇടതു പക്ഷത്തിന് എതിരുമാണ്. ഈ സാഹചര്യത്തിലാണ് എൻ എസ് എസ് ആസ്ഥാനമായ പെരുന്നയിലേക്ക് പോവേണ്ടതില്ലെന്ന് ഇന്നസെന്റ് തീരുമാനിച്ചത്. ഇക്കാര്യം എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിലാണ് ഇന്നസെന്റ് തുറന്നു പറഞ്ഞതും. ഇതോടെ ഇതിന് പുതിയ വ്യാഖ്യാനങ്ങളെത്തി. എൻ എസ് എസിനെ ഇന്നസെന്റ് തഴഞ്ഞുവെന്നായി പ്രചരണം. ഇതോടെ മണ്ഡലത്തിലുള്ള എല്ലാ നായർവോട്ടുകളും ഇന്നസെന്റിന് എതിരാക്കാനാണ് നീക്കം. സുകുമാരൻ നായരെ അപമാനിച്ച ഇന്നസെന്റിന് വോട്ട് ചെയ്യരുതെന്നാണ് എൻഎസ്എസ് പ്രാദേശിക നേതൃത്വത്തിന്റെ അഭ്യർത്ഥന.

സഹായം തേടി എൻഎസ്എസ് ആസ്ഥാനത്തു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസന്റ പറഞ്ഞത്്. എന്നാൽ, ചാലക്കുടിയിലെ എൻഎസ്എസ് ഭാരവാഹികളോടു സഹായം അഭ്യർത്ഥിക്കും. പിന്തുണ തേടി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാനെത്തിയതായിരുന്നു ഇന്നസന്റ്. ഇതോടെ ചാലക്കുടിയിലെ എൻ എസ് എസ് നേതൃത്വവും എതിരായി. സുകുമാരൻ നായരെ അപമാനിച്ചവർക്ക് ചാലക്കുടിയിൽ വോട്ടില്ലെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. ഇതിനൊപ്പം പെരുന്നയിൽ ചെന്നാൽ പടിയടച്ച് പിണ്ഡം വയ്ക്കുമെന്നതിനാൽ അല്ലേ പോവാത്തതെന്ന വിമർശനം സോഷ്യൽ മീഡിയയിൽ സജീവമാണ്. ശബരിമല വിഷയത്തോടെ ഇടതുപക്ഷവുമായി എൻ എസ് എസ് അകന്നിരുന്നു. അതുകൊണ്ട് തന്നെ സിപിഎം നേതാക്കളെല്ലാം പെരുന്നയിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഇത്തവണ അയ്യപ്പ വിശ്വാസ സംരക്ഷണത്തിന് നിന്നവരെയാകും സഹായിക്കുകയെന്ന് എൻ എസ് എസ് വ്യക്തമാക്കയിട്ടുണ്ട്.

''അനുഗ്രഹം വാങ്ങാനാണ് എത്തിയത്. ചാലക്കുടിയിൽ ജയം അനായാസമല്ല. മണ്ഡലത്തിൽ രാഷ്ട്രീയവും വികസനവും കുറേശ്ശെ പറയുന്നുണ്ട്. കൂടുതൽ പറഞ്ഞാൽ അപകടമാകില്ലേ ? എതിർസ്ഥാനാർത്ഥിക്കെതിരെ കൂടുതൽ പറഞ്ഞാൽ ജനം എന്നെക്കൂടി അളക്കും'' അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനിടെ കുഞ്ഞുങ്ങളെ എടുക്കുക, ആളുകളെ കെട്ടിപ്പിടിക്കുക തുടങ്ങിയ അഭിനയങ്ങളൊന്നും തനിക്കില്ലെന്നും ഇന്നസന്റ് സംഭാഷണത്തിൽ വെള്ളാപ്പള്ളിയോടു പറഞ്ഞു. പിന്നെ എന്തിനാണ് വെള്ളാപ്പള്ളിയെ കാണാനെത്തി അഭിനയിച്ചതെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചാലക്കുടിയിൽ ബെന്നി ബെഹന്നാനാണ് സ്ഥാനാർത്ഥി. ഇവിടെ മത്സരത്തിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പമാണ് എൻ എസ് എസ് വോട്ടുകളെ ഇന്നസെന്റ് പ്രത്യക്ഷത്തിൽ തന്നെ പിണക്കിയത്. ഇതോടെ ബെന്നിയുടെ സാധ്യത കൂടുകയാണ്. മണ്ഡലത്തിലെ മുഴുവൻ നായന്മാരെ കൊണ്ടും ഇന്നസെന്റിന് എതിരായി വോട്ട് ചെയ്യിക്കാനാണ് നീക്കം.

അതിനിടെ എൻഎസ്എസ് നേതൃത്വത്തെ അംഗീകരിക്കാത്ത ചാലക്കുടി മണ്ഡലം സിപിഎം സ്ഥാനാർത്ഥി ഇന്നസന്റിനെ കീഴ്ഘടകങ്ങൾ പിന്തുണയ്ക്കില്ലെന്നു മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ഡി.ശങ്കരൻകുട്ടി വ്യക്തമാക്കി. 'എൻഎസ്എസ് അച്ചടക്കമുള്ള സംഘടനയാണ്. നേതൃത്വത്തെ തള്ളിയൊരു തീരുമാനം അംഗങ്ങൾ എടുക്കില്ല. പല വിഷയങ്ങളിലും എൻഎസ്എസ് എടുത്ത നിലപാടും തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടും അംഗങ്ങൾക്കറിയാം. സമദൂരം പാലിക്കുന്ന സംഘടന എന്ന നിലയിൽ ചില അംഗങ്ങൾക്കു രാഷ്ട്രീയ ചുമതലകൾ ഉണ്ടാകും. എന്നാൽ സംഘടനയുടെ പൊതു നിലപാട് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ശങ്കരൻകുട്ടി പറഞ്ഞു.

ശബരിമലയിൽ ആരുമായും ചർച്ചയ്ക്കില്ലെന്നറിയിച്ച എൻഎസ്എസിനെനെതിരെ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്ത് വന്നിരുന്നു. എൻഎസ്എസ് മാടമ്പിത്തരം കാണിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ചർച്ചയ്ക്ക് തയ്യാറാകാതെ എൻഎസ്എസ് തമ്പ്രാക്കന്മാരെ പോലെ പ്രവർത്തിക്കുകയാണെന്നും മാടമ്പികളുടെ പിന്നാലെ സിപിഎം പോകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എൻഎസ്എസ് അംഗീകാരമുള്ള സംഘടനയാണെന്നും എൻഎസ്എസുമായി ചർച്ച നടത്താൻ സിപിഎം തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും എൻഎസ്എസ് ഈ ആവശ്യം തള്ളുകയായിരുന്നു. ഇതോടെ ഇടതുപക്ഷവുമായി എൻ എസ് എസ് പൂർണ്ണമായും തെറ്റി. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് പെരുന്നയിലേക്ക് പോകാത്തത്. പെരുന്നയിൽ പോയാലും വേണ്ട സ്വീകരണം കിട്ടില്ലെന്ന തിരിച്ചറിവിലാണ് ഇത്.

മന്നത്ത് പത്മനാഭന്റെ പാതയാണോ എൻഎസ്എസ്സ് പിന്തുടരുന്നതെന്ന് ആലോചിക്കണം. വിശ്വാസികൾക്കൊപ്പമല്ല ഇടതുപക്ഷമെന്ന പ്രചാരണം വിലപ്പോവില്ല. ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. ശബരിമലയിൽ പോയപ്പോൾ കേട്ട ലാൽ സലാം വിളി ചങ്ങനാശേരിയിൽ നിന്നല്ലെന്നും കോടിയേരി പെരുന്നയിൽ കേരള സംരക്ഷണയാത്രയിൽ പറഞ്ഞിരുന്നു. ശബരിമലയിൽ പോയിട്ടുണ്ടെന്നും അവിടെ നിന്ന് ലാൽ സലാം വിളി കേട്ടിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ. ലാൽ സലാം വിളി ചങ്ങനാശേരിയിൽ നിന്നല്ലായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഇങ്ങനെ പ്രസ്താവനകളിലൂടെ സിപിഎം എൻഎസ്എസിനെ പരമാവധി പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം സ്ഥാനാർത്ഥികൾ എൻ എസ് എസ് ആസ്ഥാനത്തിലേക്ക് പോകാത്തത്.

സവർണരെന്നും അവർണരെന്നും പറഞ്ഞ് സംസ്ഥാനത്ത് വിഭാഗീയത വളർത്താൻ ചിലർ ശ്രമിക്കുകയാണെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാട്. .ഒരു രാഷ്ട്രീയത്തിനും സമുദായത്തിനുമെതിരെ പ്രകോപനപരമായ യാതൊരു പ്രവൃത്തിയും നായർ സമുദായം ചെയ്യരുതെന്നാണ് മന്നത്ത് പത്മനാഭൻ പഠിപ്പിച്ചത്. ഇന്ന് സമുദായത്തിന് പുറത്ത് നിന്നുകൊണ്ട് നമ്മെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന് വേണ്ടി ഒറ്റക്കെട്ടായി നീങ്ങണം.

ഒരു രാഷ്ട്രീയ പ്രസ്ഥാനവും നമുക്ക് ഒരു ഗുണവും ചെയ്തിട്ടില്ല. അകാരണമായി കടന്നാക്രമിക്കാൻ വരുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടണം. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിറുത്തുക എന്നുള്ളതാണ് എൻ.എസ്.എസിന്റെ അടിത്തറയെന്നും അതിൽ ഉറച്ചു നിൽക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP