Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്തെ ഫുട്ബോൾ ജ്വരമറിയുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ വോട്ടഭ്യർഥിക്കാൻ മൈതാനങ്ങളിൽ സജീവം; ഫുട്ബോൾ തട്ടിയും, കളിക്കാരെ പരിചയപ്പെട്ടും മത്സരം ഉദ്ഘാടനം ചെയ്തും വോട്ടഭ്യർഥനകൾ നടത്തി ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും; ദേശീയ രാഷ്ട്രീയമും മോദിയും മുഖ്യ പ്രചരണവിഷയം

മലപ്പുറത്തെ ഫുട്ബോൾ ജ്വരമറിയുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ വോട്ടഭ്യർഥിക്കാൻ മൈതാനങ്ങളിൽ സജീവം; ഫുട്ബോൾ തട്ടിയും, കളിക്കാരെ പരിചയപ്പെട്ടും മത്സരം ഉദ്ഘാടനം ചെയ്തും വോട്ടഭ്യർഥനകൾ നടത്തി ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും; ദേശീയ രാഷ്ട്രീയമും മോദിയും മുഖ്യ പ്രചരണവിഷയം

ജംഷാദ് മലപ്പുറം

മലപ്പുറം: കാൽപന്തുകളി എന്ന വികാരത്തെ നെഞ്ചേറ്റുന്ന മലപ്പുറത്തുകാരോട് വോട്ടഭ്യർഥിക്കാൻ മൈതാനങ്ങളിൽ സജീവമായി മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ. മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി മുസ്ലിംലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയും, പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറുമാണ് ഫുട്ബോൾ ഗ്രൗണ്ടുകളിലെത്തി പന്തുതട്ടിയും കളിക്കാരെ പരിചയപ്പെട്ടും വോട്ടഭ്യർഥന നടത്തുന്നത്. മലപ്പുറം കോട്ടപ്പടി വലിയവരമ്പിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിനെത്തിയ കുഞ്ഞാലിക്കുട്ടി ഗൗണ്ടിലെത്തി കളിക്കാരെ മുഴൂവൻ പരിചയപ്പെട്ടാണ് വോട്ടഭ്യർഥന നടത്തിയത്. സ്ഥാനാർത്ഥി വന്നതറിഞ്ഞതോടെ പ്രദേശത്ത് ആളുകൾ വീണ്ടും കൂടി, ശേഷം മത്സരത്തിന്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കളി തുടങ്ങുന്നതിന് മുമ്പ് മൈതാനിയിൽ അണി നിരന്ന കളിക്കാരെ സംഘാടകംരോടൊപ്പം എത്തി കുഞ്ഞാലിക്കുട്ടി പരിചയപ്പെട്ടു. ശേഷം കളികാണാൻ തിങ്ങിക്കൂടിയ ഫുട്ബോൾ ആരാധകരോടും വോട്ടഭ്യർഥന നടത്തിയ ശേഷമാണ് കുഞ്ഞാലിക്കുട്ടി അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടത്.

തിരൂർ വെട്ടം ആലിൻചുവടിൽനടക്കുന്ന ഫുട്ബാൾ ടൂർണ്ണമെന്റിലേക്കാണ് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ എത്തിയത്. തുടർന്ന് കളിക്കാരുമായും, കാണികളുമായും സൗഹൃദം പങ്കിടുകയും വോട്ടഭ്യർഥിക്കുകയും ചെയ്തു. കാണികളെ കയ്യിലെടുക്കാൻ ഇ.ടി ഫുട്ബോളെത്ത് തട്ടുകയുംചെയ്തു. മത്സരംകാണാൻ ചുറ്റുംകൂടിയവരാണ് സ്ഥാനാർത്ഥിയോട് പന്തുതട്ടാൻ ആവശ്യപ്പെട്ടത്. ഇതോടെ കരഘോഷങ്ങളും ഉയർന്നതോടെ ഇ.ടി പന്തുപോസ്റ്റിലേക്ക് അടിച്ചു. ഇത്ഫോട്ടോയെടുക്കാനും ആളുകൾഓടിക്കൂടി. ഇത്തരത്തിൽ വിവിധ ടൂർണമെതന്റുകളിൽ മുഖ്യാതിഥിയായും, ഉദ്ഘാടക വേഷത്തിലും ഇനിയും സ്്ഥാനാർഥികൾ എത്തും.

മുസ്ലിംലീഗിന്റെ ആകെയുള്ള രണ്ട് ലോകസഭാ സീറ്റുകളാണ് മലപ്പുറവും, പൊന്നാനിയും, ഇരുമണ്ഡലങ്ങളും കുത്തക സീറ്റാണെങ്കിലും ഇത്തവണ പൊന്നാനിയിൽ മത്സരം കടുക്കുന്ന പ്രതീതിയാണ്. ഇതിനാൽ തന്നെ ഇ.ടിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചരണങ്ങളാണ് പൊന്നാനിയിൽ നടക്കുന്നത്. ഇ. ടി മുഹമ്മദ് ബഷീർ പ്രചാരണം നിലവിൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. രണ്ടാംഘട്ടത്തിൽ ദേശീയ രാഷ്ട്രീയമാണ് ഇ.ടി മുഖ്യ പ്രചരണായുധമാക്കുന്നത്.

ദേശീയതലത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നി നിന്നുള്ള പ്രചരണമാണിപ്പോൾ നടത്തുന്നത്. മുൻവിദ്യാഭ്യാസ മന്ത്രികൂടിയായ ഇ.ടി വിവിധ കോളജുകൾ ഇതിനോടകം സന്ദർശിച്ചു. വിദ്യാർത്ഥികളോടൊപ്പം ചേരുമ്പോൾ കാഴ്ചപ്പാടുകൾ പങ്ക് വെക്കുന്ന അദ്ധ്യാപകനായി മാറിയാണ് ഇ.ടി കുട്ടികളെ കയ്യിലെടുക്കുന്നത്. ഇത് തൊഴിലാളി കേന്ദ്രങ്ങളിലെത്തുമ്പോൾ മാവൂർ ഗ്വാളിയോർ റയോസിലെ പഴയ തൊഴിലാളി നേതാവിന്റെ പരിചിതഭാവവും ഇ.ടിയിലുണ്ട്, മനുഷ്യാവകാശ ധ്വംസനങ്ങളും, ന്യൂനപക്ഷാവകാശ ലംഘനങ്ങളും ഉണ്ടാകുമ്പോൾ വർധിത വീര്യത്തോടെ ലോക്‌സഭയിൽ ഉന്നയിക്കുന്ന നേതാവിനോട് രാഷ്ട്രീയം ചർച്ച ചെയ്യാനും, സെൽഫിയെടുക്കാനും കുട്ടികളുടെ തിരക്കാണ്. ഇന്നലെ തിരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇ. ടി മുഹമ്മദ് ബഷീർ പര്യടനം നടത്തി.

ആതവനാട് ശിഹാബ് തങ്ങൾ മെമോറിയൽ വനിതാ കോളെജ്, കാട്ടിലങ്ങാടി യതീംഖാന, മലബാർ കോപ്പറേറ്റിവ് ടെക്സ്റ്റയിൽ ലിമിറ്റഡ്, ബാഫഖി യതീംഖാന, വളാഞ്ചേരി മർക്കസ്, ബി എഡ് കോളെജ്, വളവന്നൂർ അൻസാർ അറബിക് കോളെജ്, ആമിന ഐ ടി സി, പുത്തനത്താണി സി പി എ കോളെജ് എന്നിവ സന്ദർശിച്ചു. വെട്ടം ആലിൻചുവടിൽ ഫുട്ബാൾ ടൂർണ്ണമെന്റിലെത്തിയ ഇ. ടി കളിക്കാരുമായും, കാണികളുമായും സൗഹൃദം പങ്കിട്ടു. തുടർന്ന് തലക്കാട് പുളിയങ്ങാടിയിൽ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷനിലും പങ്കെടുത്തു. വൈകീട്ട് കടുങ്ങാത്ത്കുണ്ടിൽ മണ്ഡലം യു ഡി എഫ് കൺവെൻഷനിൽ പങ്കെടുത്തു.
ഇന്ന് കോട്ടക്കൽ മണ്ഡലത്തിലാണ് പര്യടനം നടക്കുന്നത്.

മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പര്യടനം ഇന്നും പുരോഗമിക്കയാണ്. വിവിദ ഇടങങളിൽ സന്ദർശനം നടത്തിയ ശേഷം രാത്രി ഏഴിന് പാണ്ടിക്കാട് ടൗണിൽ നിന്ന് തുടങ്ങി മാറാട്ടപ്പടി, പയ്യപ്പറമ്പ് എന്നിവിടങ്ങൾ സന്ദർശിച്ച് വെള്ളുവങ്ങാടിൽ സമാപിക്കും.

കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭ, പൂക്കോട്ടൂർ, മൊറയൂർ, പുൽപറ്റ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. ഞായറാഴ്ച ദിവസങ്ങളിൽ വിശ്വാസികളെയും ക്രിസ്ത്യൻപള്ളികളും സന്ദർശിക്കലാണ് ലക്ഷ്യം. കഴിഞ്ഞ ഞായറാഴ്‌ച്ച ഇതിന്റെ ഭാഗമായി രാവിലെ ഒമ്പതിന് മലപ്പുറം സെന്റ് ജോസഫ് ചർച്ചിലെത്തി. ഫെറോന വികാരി റവ.ഫാ. ജോസഫ് വർഗ്ഗീസ്, അസി. വികാരി ഫാ. ലിന്റോ എന്നിവരുമായി കൂടി കാഴ്ച നടത്തി.

വിശ്വാസികളെ കണ്ട് പ്രാർത്ഥനയും പിന്തുണയും തേടി. ശേഷം മലപ്പുറം ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ശ്രീ തൃപുരാന്തക ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രം ഭാരവാഹികൾ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്കായി നൽകിയത്. പ്രാർത്ഥനക്കെത്തിയ വിശ്വാസികളെ കണ്ട് വോട്ടഭ്യാർത്ഥിച്ചു. 9.30ന് കാളമ്പാടി കോട്ടുമല ഇസ്്‌ലാമിക കോംപ്ലക്‌സിലെത്തി. വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രിയനേതാവിനൊപ്പം ദീർഘനേരം ചെലവഴിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP